കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കാന്‍ കാര്‍ഷിക ലീഗല്‍ അതോറിറ്റി രൂപീകരിക്കണം
കര്‍ഷകന്റെ ജീവശ്വാസം കൃഷിയാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ കൃഷിയിടത്തില്‍ പണിയെടുക്കുന്ന കര്‍ഷകനെ തത്പ്പര കക്ഷികളും ഭൂമാഫിയയും ചേര്‍ന്ന് കോടതി കയറ്റുന്ന രീതി അവസാനിക്കേണ്ടതുണ്ട്. കര്‍ഷകനുവേണ്ടി, കോടതി നടപടികള്‍ സ്വീകരിക്കാന്‍ കൃഷി വകുപ്പിന് കീഴില്‍ ലീഗല്‍ അതോറിറ്റി ഉണ്ടാകേണ്ടത് അനിവാര്യമാകുന്നു.
ജീവിക്കുന്ന ഒരുദാഹരണത്തിലൂടെ ഇതിന്റെ ആവശ്യകത വെളിവാക്കാം. തൃശൂര്‍ ജില്ലയിലെ വേളൂക്കര പഞ്ചായത്തില്‍ കണ്ണുകെട്ടിച്ചിറ -വഴിക്കാളിച്ചിറ ഇരുപ്പൂ പാടശേഖരം 2005 മുതല്‍ തരിശായി കിടക്കുകയായിരുന്നു. 2015ലാണ് സര്‍ക്കാരിന്റെ ഹരിതകേരളം-തരിശുരഹിത തൃശൂര്‍ പദ്ധതിയുടെ ഭാഗമായി ഇവിടെ നെല്‍കൃഷി ആരംഭിച്ചത്. അവിടത്തെ കര്‍ഷകര്‍ പാടശേഖര സമിതി രൂപീകരിച്ച് ,കൂട്ടായ പരിശ്രമത്തിലൂടെ കൃഷി ഇറക്കി വലിയ വിജയം കൊയ്തപ്പോഴാണ് വയല്‍ നികത്തി വികസനം കൊണ്ടുവരുന്ന ഭൂമാഫിയ അവരുടെ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാന്‍ തുടങ്ങിയത്. നൂറ് ഏക്കറിലെ കൃഷിയിടത്തിലേക്ക് ജലം എത്തിക്കുന്ന ബണ്ടടച്ച് കുടിവെളള പദ്ധതിയാണ് ആദ്യം വിഭാവന ചെയ്തത്. ശാസ്ത്രീയ പഠനം നടത്തി ബദല്‍ പദ്ധതി കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ലോക്താന്ത്രിക് യുവ ജനതാദള്‍ ജില്ല സെക്രട്ടറി വാക്‌സറിന്‍ പെരപ്പാടന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. കുടിവെള്ള പദ്ധതി തണ്ണീര്‍തട നിയമത്തിന് വിരുദ്ധമാണെന്നും അഭിപ്രായം ഉയര്‍ന്നു.
പാടശേഖര സമിതിയുടെ കൃഷി ഇങ്ങിനെയായിരുന്നു. 15 ഏക്കറില്‍ സുഭാഷ് പലേക്കറുടെ പ്രകൃതി കൃഷി അടിസ്ഥാനമാക്കിയുള്ള കുറുവ കൃഷിയും 85 ഏക്കറില്‍ ഉമയും ജ്യോതിയും. വിളവെടുപ്പിന് മുന്‍പായിരുന്നു കുടിവെള്ള പദ്ധതി എന്ന ചതി പ്രയോഗം. മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നിവേദനം നല്‍കി അതിന് തടയിട്ടു. കൊയ്ത്തിന് ശേഷം ഇടമലയാര്‍ വലതുകര കൊറ്റനല്ലൂര്‍ ബ്രാഞ്ച് കനാല്‍ വഴി ജലം കനാലിന്റെ അവസാന ഭാഗമായ വഴിക്കിലി ചിറയില്‍ എത്തിക്കണമെന്ന് കര്‍ഷക സമിതി ആവശ്യപ്പെട്ടിരുന്നു. ഈ നീക്കത്തിലൂടെ ഇപ്പോഴും തരിശായി കിടക്കുന്ന അനേകമേക്കര്‍ പുഞ്ചപ്പാടം കൃഷിക്ക് ഉപയുക്തമാക്കാനും കഴിയും എന്ന് കര്‍ഷകര്‍ പറയുന്നു.
കൊയ്ത്ത് തടസപ്പെടുത്താനുളള കുത്സിതപ്രവര്‍ത്തനങ്ങള്‍ തത്പ്പര കക്ഷികള്‍ തുടരുകതന്നെ ചെയ്തു. കൊയ്ത്ത് യന്ത്രങ്ങള്‍ വയലില്‍ ഇറക്കാതിരിക്കാനായിരുന്നു പുതിയ നീക്കം. കൊയ്ത്ത് നടക്കാതിരിക്കുന്നതോടെ കൃഷി നഷ്ടമായ കര്‍ഷകരെ മാനസികമായി തളര്‍ത്തുകയായിരുന്നു ലക്ഷ്യം. പിഡബ്ലുഡി റോഡില്‍ നിന്നും പാടത്തേക്ക് കാര്‍ഷിക യന്ത്രങ്ങള്‍ ഇറക്കാനുളള റാമ്പിലേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാതിരിക്കാനുളള ഒരു ഉത്തരവ് ഇരിങ്ങാലക്കുട മുന്‍സിഫ് അനീഷ് ചാക്കോയില്‍ നിന്നും സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. വിശ്വംഭരന്‍ എന്നയാളിന് അയാളുടെ ഗാര്‍ഡന്‍ ലാന്‍ഡിന് ചുറ്റുമതില്‍ കെട്ടാന്‍ കഴിയുന്നില്ല എന്നു പറഞ്ഞായിരുന്നു ഈ വിധി. നാലടി നടക്കാനുളള അവകാശം മാത്രമുള്ള ഭൂമിയിലൂടെ ട്രാക്ടറും മറ്റും കൊണ്ടുപോകുന്നു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ വാഹനങ്ങള്‍ക്ക് പോകാന്‍ ബദല്‍ വഴിയുണ്ട് എന്ന പരാതിക്കാരന്റെ അവകാശവും കോടതി അംഗീകരിച്ചു. കര്‍ഷകരുടെ നെഞ്ചില്‍ തീകോരിയിടുന്ന വിധിയായിരുന്നു ഇത്.
എന്നാല്‍ വിഷയത്തിലെ യാഥാര്‍ത്ഥ്യം ഇങ്ങിനെ. മാളിയേക്കല്‍ നാരായണന്‍ തന്റെ കുടുംബസ്വത്തായ നെല്‍പ്പാടം മക്കളായ സുരേഷിനും സുഭാഷിനുമായി നല്‍കി. ഇവര്‍ നിലം നികത്താന്‍ ശ്രമം നടത്തുകയും മൂന്ന് ലോഡ് മണ്ണടിക്കുകയും ചെയ്തു. ഇതിനെതിരെ കര്‍ഷക സമിതി നല്‍കിയ പരാതി പരിശോധിച്ച ജില്ല കളക്ടര്‍ അനുപമ കേരള കണ്‍സര്‍വേഷന്‍ ഓഫ് പാഡി ഫീല്‍ഡ് ആന്റ് വെറ്റ് ലാന്‍ഡ് ആക്ട് 2008 ന് വിരുദ്ധമായ നടപടിയാണിതെന്നു കണ്ട് 2019 ജൂലൈ ഒന്നിന് 30 ദിവസത്തിനുള്ളില്‍ നിലം പൂര്‍വ്വസ്ഥിതിയിലാക്കണം എന്ന് നിര്‍ദ്ദേശിച്ച് ഉത്തരവിറക്കി. എന്നാല്‍ അത് പാലിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. ഇതിനിടെ സുരേഷ് തന്റെ ഭൂമി വിശ്വംഭരന് മറിച്ചു വിറ്റു. വിശ്വംഭരനാണ് ഭൂമി നെല്‍പ്പാടമാണ് എന്നത് മറച്ചുവച്ച് മുന്‍സിഫ് കോടതിയില്‍ നിന്നും അനുകൂലവിധി വാങ്ങിയത്. ഈ ഭൂമിയില്‍ കൊമേഴ്‌സ്യല്‍ ആക്ടിവിറ്റി തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം.
ഈ വിധിക്കെതിരെയാണ് പാടശേഖര സമിതിക്കുവേണ്ടി സെക്രട്ടറി ടോം കിരണ്‍ ഇരിഞ്ഞാലക്കുട അഡീഷണല്‍ സബ് ജഡ്ജ് ജോമോന്‍ ജോര്‍ജ്ജിന് മുന്നില്‍ സ്്‌റ്റേ വെക്കേറ്റു ചെയ്യാനായി അപേക്ഷ നല്‍കിയത്. പാടശേഖര സമിതിക്കുവേണ്ടി അഡ്വക്കേറ്റ് കെ.ജഗദീഷും എതിര്‍കക്ഷി വിശ്വംഭരനുവേണ്ടി അഡ്വക്കേറ്റ് വി.ജി.സുഭാഷ് ചന്ദ്രബാബുവും അഡ്വക്കേറ്റ് എം.പി.സൂരജും ഹാജരായി. കന്നുകെട്ടിച്ചിറ-വഴിക്കാളിചിറ ഇരുപ്പൂ നിലത്തിന്റെ ഭാഗമായിരുന്ന പ്രദേശം നികത്തിയാണ് മതില്‍കെട്ടാന്‍ എതിര്‍ഭാഗം ശ്രമം നടത്തിയതെന്ന് ജഡ്ജിന് ബോധ്യമാകുകയും എതിര്‍കക്ഷിയുടെ കുശാഗ്രബുദ്ധിയും തെറ്റിദ്ധരിപ്പിക്കല്‍ ശ്രമവും മനസിലാക്കുന്നതില്‍ മുന്‍സിഫ് പരാജയപ്പെട്ടുവെന്നും ജഡ്ജ് വിലയിരുത്തി. രേഖകള്‍ കൃത്യമായി പരിശോധിക്കാനുളള അവധാനതയും മുന്‍സിഫ് കാട്ടിയില്ല എന്നും പരാമര്‍ശമുണ്ടായി.
മതില്‍കെട്ടാനുള്ള നീക്കം അവസാനിപ്പിച്ച് എത്രയും വേഗം നിലം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും കേസ് നടത്തിപ്പിനുണ്ടായ നഷ്ടപരിഹാരം വിശ്വംഭരന്‍ പാടശേഖര സമിതിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. വിധിയെ തുടര്‍ന്ന് കൊയ്ത്ത് യന്ത്രമിറക്കി കര്‍ഷകര്‍ കുറുവ കൊയ്ത്ത് നടത്തി. വാക്‌സറിന്‍ പെരപ്പാടനും ടോം കിരണും ജൈവ കര്‍ഷകരായ കെ.വി.അരവിന്ദാക്ഷനും രാജേഷ് കുറുപ്പത്തുകാട്ടിലും ചടങ്ങില്‍ സംസാരിച്ചു. കര്‍ഷകരുടെ ഈ നിയമ യുദ്ധത്തിലും പെരപ്പാടനൊഴികെ ഒരു രാഷ്ട്രീയ നേതാവും കര്‍ഷകര്‍ക്കൊപ്പമുണ്ടായില്ല എന്നത് ഭൂമാഫിയയുടെ ശ്കതിയും സ്വാധീനവും വെളിവാക്കുന്നതാണ്.
ഇത് മറ്റൊന്നു കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ നിയമ വ്യവസ്ഥയില്‍ ഇനി ഒന്നുകൂടി ആവശ്യമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കക്ഷിയ്ക്ക് ജയില്‍ശിക്ഷ നല്‍കുന്നൊരു സംവിധാനം കൂടി അനിവാര്യമായിരിക്കുന്നു. പ്രകൃതിയും ഭൂമിയും നന്മയും നീതിയും ജയിക്കുന്ന ഇത്തരം നല്ല വിധികള്‍ക്കായി ഇനിയും നമുക്ക് കാത്തിരിക്കാം. വേളൂക്കരയിലെ കര്‍ഷകരുടെ വിളവെടപ്പുത്സവത്തിന് മനസുകൊണ്ടെങ്കിലും ഒപ്പം കൂടാം.
English Summary: farmers' legal cell is a must
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments