<
Features

ആനന്ദൻ ചേട്ടന്റെ കൃഷി പാഠം.

വർഷകാലവിളക്കൃഷിയിൽ ചേർത്തല കഞ്ഞിക്കുഴിപ്പഞ്ചായത്തിലെ എഴാം വാർഡിലെ അഞ്ചാം തറയിൽ ആനന്ദ നെ കഴിഞ്ഞേ ആരും ഉള്ളൂ. അത്രയ്ക്ക് കണിശമാണ് ആനന്ദൻ എന്ന കർഷകന്റെ കണക്ക് കൂട്ടലുകൾ. പച്ചക്കറി കൃഷിക്ക് മഴ ഒരു തടസമേയല്ല എന്നാണ് മാനത്ത് കാർമേഘം ഉരുണ്ടു കൂടുമ്പോഴും തെല്ലും ശങ്കയില്ലാതെ ആനന്ദൻ ചേട്ടൻ പറയുന്നത്.

 വെള്ളം നിറഞ്ഞ വയലിൽ തലയെടുപ്പോടെ വിളഞ്ഞു നിൽക്കുന്ന വെണ്ടയും പയറുമെല്ലാം  ഈ കർഷകന്റെ വാക്കുകൾ ശരിവയ്ക്കും.. കപ്പ കൃഷിയുടെ രീതിയിൽ പ്രത്യേകം വരമ്പൊരുക്കുക മാത്രമാണ്  മഴയെ പ്രതിരോധിക്കാനായി ചെയ്യുന്നത്. മഴ വെള്ളം കെട്ടി നിൽക്കുമ്പോഴും വിള തല ഉയർത്തി നിൽക്കും. വൈജയന്തിയും കഞ്ഞിക്കുഴി പയറുമെല്ലാം ഇവിടെ നിറയെ ഉണ്ട്.

കൃഷി രീതി.

1996 മുതൽ വർഷക്കാല കൃഷി യിൽ സജീവമാണ് ഈ ജൈവ കർഷകൻ. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന കൃഷി രീതിയിൽ വർഷാരംഭത്തിൽ മണ്ണു പരിശോധനയോടെ തുടങ്ങും. ആദ്യം ചീരകൃഷി. തുടർന്ന് പയർ, വെണ്ട തുടങ്ങിയ വിളകൾ.

അരുണ യിനം ചീരയാണ് പ്രധാനം. ബംഗാളിൽ വർഷകാല കൃഷിക്കുപയോഗിക്കുന്ന നാംധാരി ഗ്രീൻ ഗോൾഡ് വെണ്ടയും ഇവിടെ വിളയുന്നുണ്ട്. പാലാ സ്വദേശി വിൻസെന്റിൽ നിന്നാണ് ഇവയുടെ വിത്ത് ശേഖരിച്ചത്. വയൽ വരമ്പിൽ പൂക്കൃഷിയുണ്ട്. വെള്ളാനിക്കര കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രഫസർ ശ്രീലതയുടെ നിർദ്ദേശപ്രകാരമാണ് പൂ കൃഷി.

പന്തൽ കൃഷി കാഴ്ചക്കാർക്ക് കൗതുകം.

കൃഷിയിടത്തിലെ പടവലപ്പന്തൽ കാണാൻ മറ്റു ജില്ലകളിൽ നിന്നും ആളുകൾ ഇവിടെ എത്താറുണ്ട്. കോൺക്രീറ്റ് തൂൺ സ്ഥാപിച്ച് വല വിരിച്ചാണ് പന്തൽ ഒരുക്കിയിരിക്കുന്നത്. വിളവെടുപ്പിലുമുണ്ട് പ്രത്യേകത. 80 ശതമാനത്തോളം വിളവ് ഉറപ്പാകുന്നതോടെ ആ കൃഷി അവസാനിപ്പിച്ച്  അടുത്തതിനുള്ള ഒരുക്കം തുടങ്ങും. ഫീഡമോൺ , മത്തി ശർക്കര ലായനി എന്നിവ വളമായി ഉപയോഗിക്കും. പഞ്ചായത്ത് വിപണന കേന്ദ്രം വഴിയാണ് വില്പന.

മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.പി സ്വാതന്ത്ര്യത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് കൃഷി ഗൗരവമാക്കിയത് എന്ന് ആനന്ദൻ പറഞ്ഞു. കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക ഓപ്പൺ സ്കൂളിലൂടെ ആനന്ദൻ ചേട്ടന്റെ കൃഷി രീതി മറ്റ് കർഷകർക്കും പറഞ്ഞ് കൊടുക്കാറുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ പറഞ്ഞു.

പി.പി. സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏർപ്പെടുത്തിയ കർഷക പുരസ്കാരം ആദ്യം ലഭിച്ചതും ആനന്ദൻ അഞ്ചാംതറയ്ക്കാണ്. കർഷക കൂടിയായ ഭാര്യ ഓമനയും മക്കളായ അജീഷും അഭിലാഷും ഒഴിവുള്ളപ്പോഴൊക്കെ കൃഷിയിൽ കൂടെ ചേരാറുണ്ട്.


English Summary: Farming lesson of Anandan Chettan.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds