ഹരിത വിപ്ലവത്തിൻ്റെ പിതാവ് എം.എസ് സ്വാമിനാഥൻ. ഇന്ത്യൻ കാർഷിക രംഗത്ത് അഭേദ്യമായ സ്ഥാനം അലങ്കരിക്കുന്ന മങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ എന്ന മലയാളിയെ അറിയാത്തവർ ചുരുക്കം. ലോകത്തിലെ ക്ഷാമവും അറുതിയും തുടച്ചുനീക്കുക എന്ന് ഒരു ജനിതക ശാസ്ത്രജ്ഞൻ സ്വപ്നം കണ്ടാൽ എന്ത് സംഭവിക്കും?
ഉറക്കത്തിൽ കാണുന്നതല്ല സ്പ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർഥ സ്വപ്നമെന്ന് ഇന്ത്യയുടെ മിസൈൽ മാൻ കലാം പറഞ്ഞതുപോലെ, എം.എസ് സ്വാമിനാഥൻ കണ്ട സ്വപ്നം ലോകത്തിനെ ഹരിതാഭമാക്കുകയായിരുന്നു. അതിനാലാണ് ജൈവ വൈവിധ്യത്തിന്റെ സുസ്ഥിര വികസനത്തിന്റെയും സംരക്ഷണത്തിന്റെയും വക്താവായ അദ്ദേഹത്തെ ഒരിക്കൽ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ "സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്
ഹരിത വിപ്ലവത്തിൻ്റെ പിതാവായ എം.എസ് സ്വാമിനാഥൻ്റെ 97-ാം ജന്മദിനം കഴിഞ്ഞ ദിവസം വിപുലമായി ആഘോഷിച്ചു. Sustainable Development in Hill and Coastal Ecosystems എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചായിരുന്നു ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ആരായിരുന്നു എം.എസ് സ്വാമിനാഥൻ?
1925 ഓഗസ്റ്റ് 7ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ഒരു നൂറ്റാണ്ട് മുൻപ് കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബമായിരുന്നു 2000 ഏക്കറിലധികം ഭൂസ്വത്ത് ഉണ്ടായിരുന്ന മങ്കൊമ്പ് കുടുംബം. ബ്രിട്ടീഷ് സർക്കാരിൻ്റെ കീഴിൽ ഡോക്റ്റർ ആയിരുന്നു അച്ഛൻ സാമ്പശിവൻ. കുംഭകോണത്ത് തന്നെയാണ് അദ്ദേഹം സ്കൂൾ പഠനം പൂർത്തിയാക്കിയതും.
പിന്നീട് അദ്ദേഹത്തിന്റെ 11-ാം വയസ്സിൽ അച്ഛൻ മരിച്ചു.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബിഎസ്സി, മദ്രാസ് അഗ്രികൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദവും നേടിയ ശേഷം ദില്ലിയിൽ ഇന്ത്യൻ അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഐപിഎസ് ലഭിച്ചെങ്കിലും യുനെസ്കോ സ്കോളർഷിപ്പിൽ നെതർ ലൻഡ്‌സിൽ ഉപരിപഠനം നടത്താനാണ് ആ യുവാവ് തീരുമാനിച്ചത്.
പിന്നീട് കേംബ്രിഡ്ജിൽ നിന്ന് പി എച്ച് ഡി നേടിയ ശേഷം വിസ്കോൺസിൻ യൂനിവേഴ്സിറ്റിയിൽ ഉപരി ഗവേഷണം കഴിഞ്ഞ് 1954 ൽ ഇന്ത്യയിൽ തിരിച്ചെത്തി കട്ടാക്കിലെ സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
അടുത്ത വർഷം ദില്ലിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. നോബൽ സമ്മാന ജേതാവ് നോർമൻ ബോർലോഗുമായി ചേർന്ന് പുതിയ ഗോതമ്പ് വിത്തിനങ്ങൾ വികസിപ്പിച്ച് ഗോതമ്പ് ഉത്പാദനം 12 ടണ്ണിൽ നിന്ന് 17 ടണ്ണായി ഉയർത്തി. ലോകമെങ്ങും ഹരിത വിപ്ലവം കൊണ്ടുവരുന്നതിൽ സ്വാമിനാഥൻ വഹിച്ച പങ്ക് ബോർലോഗ് തൻ്റെ നോബൽ സമ്മാന പ്രസംഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1972ൽ ICARൻ്റെ ഡയറക്ടർ ജനറൽ ആയ സ്വാമിനാഥൻ 1979ൽ കേന്ദ്ര സർക്കാരിൻ്റെ മുഖ്യ സെക്രട്ടറിയും ആസൂത്രണ കമ്മീഷൻ അംഗവുമായി. 1982ൽ ഫിലിപ്പൈൻസിലെ ഇൻ്റർനാഷണൽ റയ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഏഷ്യക്കാരനായ ആദ്യത്തെ ഡയറക്ടർ ആയി. 2007 മുതൽ 6 വർഷം രാജ്യസഭാ എംപിയായി സേവനം ചെയ്തു. 1987ൽ കാർഷികരംഗത്തെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വേൾഡ് ഫുഡ് പ്രൈസ് നേടി. സമ്മാനത്തുക സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാനായി ദാനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി മുളപ്പിച്ച ഗോതമ്പ് കൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ
IUCN, WWF തുടങ്ങി നിരവധി അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്വാമിനാഥൻ IARI, ICRISAT തുടങ്ങിയവയുടെ സ്ഥാപകനാണ്. കേംബ്രിഡ്ജിൽ സഹപാഠിയായിരുന്ന മീനയാണ് ഭാര്യ. മൂന്നു പെൺമക്കളിൽ മൂത്തവളായ ഡോക്ടർ സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആണ്. ഗാന്ധിജി, ടാഗോർ, മാവോ, ദലെയ് ലാമ… ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യക്കാരിൽ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്ത വ്യക്തിത്വങ്ങളിൽ എം.എസ് സ്വാമിനാഥനുമുണ്ടെന്നതിൽ കൂടുതൽ മലയാളിയ്ക്ക് എന്ത് അഭിമാനമാണുള്ളത്.
കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments