Features

സ്വതന്ത്രഭാരതത്തിലെ 'കാർഷിക ഇന്ത്യ'

india
സ്വതന്ത്ര ഇന്ത്യയിൽ വികസനത്തിന് വിത്ത് വിതച്ച് കൃഷിയും കർഷകനും

സ്വതന്ത്രഭാരതം ആത്മാഭിമാനത്തോടെ തലയുയർത്തുന്ന സുലഭനിമിഷമാണിത്. അഹിംസയിലൂടെയും ആദർശങ്ങളിലൂടെയും സൂര്യനസ്തമിക്കാത്ത സാമ്രാജിത്വത്തെ മുട്ടുകുത്തിച്ച ഏക രാജ്യം- ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നു. ട്രെയിൻ ബോഗികളിൽ തിക്കിഞെരിഞ്ഞും, ബ്രിട്ടീഷ് പട്ടാളത്തിന്റെ ഷൂസുകളിൽ ഞെരിഞ്ഞമർന്നും, പട്ടാള ബയണറ്റുകളുടെ കുന്ത മുനകളിലും, ജയിലറകളിലും, ഗില്ലറ്റുകളിലും,കോട്ടയ്ക്കുള്ളിലൂടെ ചീറിനീങ്ങിയ ബുള്ളറ്റുകളിലും, തൂക്കുകയറുകളിലുമായി ജീവത്യാഗം ചെയ്ത വീരാത്മക്കളെ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടാണ് ഓരോ ഭാരതീയനും ഓരോ സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനായി മുളപ്പിച്ച ഗോതമ്പ് കൊണ്ട് ജ്യൂസുണ്ടാക്കി കുടിയ്ക്കൂ

പാരതന്ത്ര്യത്തിന്റെ കൈവിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ ഭാരതം , പിന്നീട് നിരവധി മഹാത്മക്കളുടെ ദീർഘ വീക്ഷണത്തിന്റെയും പദ്ധതികളുടെയും ചിറകിലേറി പടിപടിയായി ഉയരങ്ങളിലേക്ക് ചേക്കേറി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ശ്രേഷ്ഠ ഭാരതം അങ്ങനെ ലോകത്തിലെ ഒരു സുപ്രധാന ശക്തിയായും വളർന്നു.

ഹരിത വിപ്ലവം

ജനസംഖ്യയിൽ 237 ശതമാനം വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ജനപ്പെരുപ്പമുണ്ടായിട്ടും കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിശീർഷ ഭക്ഷ്യോത്പാദനം ഇരട്ടിയിലധികം വർധിച്ചു. ഇതിന് കാരണമായത് ഹരിതവിപ്ലവ സാങ്കേതികവിദ്യയും കാർഷിക തന്ത്രനയങ്ങളുമാണ്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യത്തിൽ, അതായത് സ്വാതന്ത്ര്യത്തിന് നാല് വർഷം മുമ്പ് രാജ്യം നേരിട്ട ബംഗാൾ ക്ഷാമം ഇന്നും ചരിത്രത്തിന് അവഗണിക്കാനാവാത്തതാണ്. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി 75 വർഷം പൂർത്തിയാക്കുന്ന അവസരത്തിലാവട്ടെ, ഭക്ഷ്യക്ഷാമത്തെ നമ്മൾ എങ്ങനെ ഫലപ്രദമായി നേരിടുന്നു എന്നതിന് കൃഷിയിൽ ഉണ്ടായ പരിവർത്തനമാണ് പ്രധാന ഘടകമാകുന്നത്.

75ൽ- ഹർ ഘർ തിരംഗ; 25ൽ- ഗരീബി ഹഠാവോ

ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഇന്ത്യ 25-ാം സ്വാതന്ത്ര്യ വാർഷികത്തിൽ 'ദാരിദ്ര്യം തുടച്ചുനീക്കൂ' എന്ന ലക്ഷ്യത്തിലായിരുന്നു ശ്രദ്ധയൂന്നിയത്. സ്വതന്ത്രഭാരതത്തിന് 25 വയസ്സായപ്പോൾ, രാജ്യം ദാരിദ്ര്യത്തിന്റെ വക്കിലായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തിനെ വറുതിയിൽ നിന്ന് രക്ഷിക്കാനായി പ്രയത്നിച്ചു. എന്നാൽ, ഭാരതത്തെ ക്ഷാമത്തിൽ നിന്ന് മുക്തമാക്കുന്നതിനായി പല വിദേശരാജ്യങ്ങളുടെയും സഹായം അഭ്യർഥിക്കേണ്ടതായും വന്നു. എങ്കിലും, ശാസ്ത്ര- സാങ്കേതിക രംഗത്തെ മികവ് കൃഷിയിലേക്ക് വരുംതലമുറ പ്രയോഗിച്ചപ്പോൾ ദശകങ്ങൾക്കിപ്പുറം ഇന്ത്യ ഭക്ഷ്യോത്പാദനത്തിലും മുൻപന്തിയിലെത്തി.

കൃഷിയിലെ പ്രമുഖർ, കേരളത്തിന് അഭിമാനം

ഇന്ന് നമുക്കറിയാവുന്ന ഇന്ത്യ മഹത്തായ ആശയങ്ങളുടെയും വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും ഉൽപന്നമാണ്. അതിനാൽ ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തെ രൂപപ്പെടുത്തിയ സ്വാതന്ത്ര്യ സമര സേനാനികൾക്കും രക്ത സാക്ഷികൾക്കും രാഷ്ട്ര ശിൽപികൾക്കുമൊപ്പം ചില മഹനീയ വ്യക്തികളെയും ചേർക്കാം.

സ്വാതന്ത്ര്യാനന്തരം രാഷ്ട്രനിർമാണത്തിൽ സഹായിച്ച ആയിരക്കണക്കിന് ഭാരതീയരിൽ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ.വർഗീസ് കുര്യനും, ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവായ കൃഷിശാസ്ത്രജ്ഞൻ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥനും ഉൾപ്പെടുന്നു. ക്ഷീരമേഖലയെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വാശ്രയ വ്യവസായവും ഏറ്റവും വലിയ ഗ്രാമീണ തൊഴിൽ മേഖലയുമാക്കിയതിന് മുന്നിൽ ഡോ.വർഗീസ് കുര്യന്റെ പ്രയത്നമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി ഇന്ത്യ നിലകൊള്ളുന്നതിലും അദ്ദേഹത്തിന്റെ മികവുറ്റ പ്രവർത്തനമാണ് കാരണം.
ഇന്ത്യയെ പ്രമുഖ കാർഷികരാജ്യമാക്കി മാറ്റിയ ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് എം.എസ്.സ്വാമിനാഥനും ഒരു മലയാളിയാണ്. പുതിയ ഗോതമ്പ് ഇനം വികസിപ്പിച്ചെടുത്തും, ഉൽപ്പാദനക്ഷമതയുള്ള ഗോതമ്പ് കതിരുകൾ സൃഷ്ടിച്ചും ഭാരതത്തെ ഗോതമ്പ് ഉൽപാദനത്തിൽ പ്രധാനികളായി പടുത്തുയർത്തിയതിൽ എം.എസ്.സ്വാമിനാഥന്റെ പങ്ക് നിർണായകമാണ്.

കയറ്റുമതിയ്ക്കൊപ്പം വിദേശനാണ്യവും

കയറ്റുമതിയിലെ വർധനവിനൊപ്പം വിദേശ നിക്ഷേപത്തിലും രാജ്യം വലിയ നേട്ടം കൈവരിച്ചു. വിപണി സാധ്യതകൾ കടൽകടന്ന് കണ്ടെത്തിയപ്പോൾ, സാമ്പത്തിക പരിഷ്കാരങ്ങളും ഉദാരവൽക്കരണവും ഇന്ത്യയുടെ ക്ഷാമവും ദാരിദ്ര്യവും പരിമിതപ്പെടുത്തി. തൊഴിലവസരങ്ങൾ വർധിപ്പിച്ചും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് കരുത്ത് നൽകുന്നതിൽ കൃഷി സംബന്ധമായ വ്യവസായങ്ങൾക്ക് സാധിച്ചു.
രണ്ടരക്കൊല്ലം ലോകം മുഴുവൻ മഹാമാരിയിൽ കുടുങ്ങിയപ്പോഴും, ഇന്ത്യ പിടിച്ചുനിന്നത് കൃഷിയിലൂടെ തന്നെ. കൊവിഡ് വരിഞ്ഞുമുറുക്കിയ 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ പോലും ഇന്ത്യയിൽ നിന്നും ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ വലിയ വർധനവ് ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ.

മാത്രമല്ല, മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട പലരും മടങ്ങിയെത്തിയപ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളിൽ പാടങ്ങളും തരിശുഭൂമികളും കാത്തിരിക്കുന്നുണ്ടായിരുന്നു എന്നതും സ്വതന്ത്രഭാരതം കൃഷിയുമായി എത്രത്തോളം അഭേദ്യമായ ബന്ധം പുലർത്തുന്നു എന്നതിന്റെ തെളിവാണ്.
സ്വാതന്ത്ര്യം, വിജയത്തിന്റെ അഭിമാന നിമിഷമാണ്. വികസനം സുസ്ഥിരതയുടെ അടയാളവും. സുസ്ഥിരമായ വികസിത രാഷ്ട്രത്തിന്റെ വളർച്ചയിൽ കൃഷി അങ്ങേയറ്റം പ്രധാനപ്പെട്ടതാകുന്നു. അതിനാലാണ് ഓരോ ഭാരതീയന്റെയും സല്യൂട്ടിൽ ജയ് ഭാരത് , ജയ് കിസാൻ, ജയ് ജവാൻ ഉൾക്കൊള്ളുന്നത്.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.


English Summary: Agriculture sector in post-independent India

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds