Features

പാൽത്തുള്ളിയെ 'അമൂല്യ'മാക്കിയ 'ഇന്ത്യയുടെ പാൽക്കാരൻ'

milkman
'ഇന്ത്യയുടെ പാൽക്കാരൻ- ഡോ. വർഗീസ് കുര്യൻ

പിറന്നുവീണ കുഞ്ഞിന്റെ ആദ്യ രുചിയിൽ തുടങ്ങി നിത്യജീവിതത്തിലും സവിശേഷ ദിവസങ്ങളിലും സുപ്രധാനമായ പാൽ. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ വളർന്ന ചരിത്രത്തിൽ, നവംബർ 26 എന്ന ദിവസവും വലിയ പ്രാധാന്യം അർഹിക്കുന്നു.

'ഇന്ത്യയുടെ പാൽക്കാരൻ' എന്ന് അറിയപ്പെടുന്ന ഡോ.വർഗീസ് കുര്യന്റെ ജന്മദിനം കഴിഞ്ഞ ഏഴ് വർഷം മുതൽ രാഷ്ട്രത്തിന് ദേശീയ ക്ഷീരദിനമാണ്.

2021 നവംബറിലെ അവസാനത്തെ വെള്ളിയാഴ്ച കൂടുതൽ സവിശേഷമാകുന്നത് ഈ ദിവസം അദ്ദേഹത്തിന്റെ ജന്മദിന ശതാബ്ദി കൂടിയാണെന്നതിനാലാണ്.

ഇന്ത്യ ഇന്ന് പാൽ ഉൽപാദനത്തിൽ ഒരുപാട് മുന്നിലെത്തി കഴിഞ്ഞു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥിതി സമാനമായിരുന്നില്ല. നൂറ്റാണ്ടിനിപ്പുറം ക്ഷീരമേഖലയിൽ സ്വയം പര്യാപ്തത കൈവരിച്ച രാജ്യമായി ഇന്ത്യ തലയുയർത്തി നിൽക്കുന്നതിൽ വർഗീസ് കുര്യൻ വഹിച്ച പങ്കിനുള്ള ആദരമായാണ് വർഷം തോറും നവംബർ 26 ദേശീയ ക്ഷീരദിനമായി ആചരിച്ചുപോരുന്നത്.

ഒരിക്കലും ഇന്ത്യ പാലുൽപാദനത്തിൽ ഒരു ശക്തിയാവില്ലെന്ന് കരുതിയ വിദേശ കമ്പനികളുടെ ആത്മവിശ്വാസത്തെ പൊളിച്ചെഴുതിയ ഡോ.വർഗീസ് കുര്യൻ, ഒന്നരക്കോടിയിലധികം ക്ഷീരകർഷകരുടെ ജീവിതത്തെ പട്ടിണിയുടെ ദുർവിധിയിൽ നിന്നും കരകയറ്റി വിപ്ലവം സൃഷ്ടിക്കുകയായിരുന്നു.

പട്ടിണി മാറ്റുക മാത്രമായിരുന്നില്ല, അപ്രാപ്യമെന്ന് കരുതിയ ധാരണകളെ സാധ്യതകളാക്കി, ലോകത്തിന് മാതൃകയാവുന്ന വലിയൊരു പ്രസ്ഥാനവും സമൂഹവും കെട്ടിപ്പെടുക്കാൻ അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു. അമൂലിലൂടെ ദാരിദ്ര്യത്തിനെ തുടച്ചുനീക്കി കുര്യൻ സൃഷ്ടിച്ച മാതൃക ഉത്തമവും ഫലപ്രദവുമാണെന്ന് ഐക്യരാഷ്ട്ര സഭയും ലോകബാങ്കും വരെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എരുമപ്പാലിൽ നിന്നും പാൽപ്പൊടിയാക്കുന്ന വിദ്യ വികസിപ്പിച്ചെടുത്ത് വിജയിച്ച കുര്യൻ കർഷക കൂട്ടായ്മയിൽ നിന്നുള്ള പാൽ ഉൽപന്നത്തെ ആഗോള ബ്രാൻഡാക്കുന്നതിനായി 'അമുൽ' പാൽപ്പൊടി മാത്രമല്ല, കണ്ടൻസ്ഡ് മിൽക് നിർമിക്കുന്നതിലും മികവ് തെളിയിച്ചു.

കർഷകരുടെ ഉടമസ്ഥതയിൽ അദ്ദേഹം തുടങ്ങിവച്ച മുപ്പതോളം സ്ഥാപനങ്ങളും ഒപ്പം രാജ്യാതിർത്തി കടന്ന് വളർന്ന അമുലിന്റെ നേട്ടങ്ങളും ലക്ഷക്കണക്കിന് കുടുംബാംഗങ്ങൾക്ക് അറുതിയിൽ നിന്നുള്ള അഭയമായിരുന്നു.

മിൽമയുടെ വളർച്ചയിൽ കുര്യന്റെ സാന്നിധ്യം

ഇന്നും കോടിക്കണക്കിന് ക്ഷീരകർഷകർക്കുള്ള ഉപജീവനമാർഗമാണ് അമുൽ. ആനന്ദ് മിൽക് യൂണിയന്റെ വിജയവും ബഹുരാഷ്ട്ര കമ്പനികളെ അതിജീവിച്ച് ക്ഷീരമേഖലയിലെ അമുലിന്റെ വളർച്ചയും, മലയാളം കണികണ്ടുണരുന്ന മിൽമ പോലുള്ള പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് പ്രചോദനമായി. മിൽമയുടെ പ്രാരംഭഘട്ടത്തിൽ വർഗീസ് കുര്യനിൽ നിന്ന് സഹായവും മേൽനോട്ടവും വിദഗ്ധ നിർദേശങ്ങളും ലഭിച്ചിരുന്നു.

പത്മവിഭൂഷൺ, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ പരമോന്നതി പുരസ്കാരങ്ങളിലൂടെയും അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. വേൾഡ് ഫുഡ് പ്രൈസ്, മാഗ്സസെ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളിലൂടെ യശസ്വനീയനായ വർഗീസ് കുര്യൻ 2012 സെപ്തംബർ ഒൻപതിന് വിടപറഞ്ഞു.


English Summary: Remembering the Milkman of India, who made India as largest producer of milk

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds