<
Features

കടല്‍ കടന്ന രുചിവിശേഷങ്ങളിലേക്ക്

മലബാര്‍ ബിരിയാണിയ്ക്ക് ആരാധകരേറെയാണ്‌
മലബാര്‍ ബിരിയാണിയ്ക്ക് ആരാധകരേറെയാണ്‌

കാലമെത്ര കടന്നുപോയാലും ചില രുചികള്‍ നമ്മുടെ നാവില്‍ നിന്ന് മാഞ്ഞുപോകാറില്ല. അവ ചിലപ്പോള്‍ പ്രിയപ്പെട്ട സ്ഥലങ്ങളെയും ഭക്ഷണത്തെയും വ്യക്തികളെയുമൊക്കെ ഓര്‍മ്മിപ്പിച്ചേക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീണ്ടുകിടക്കുന്ന രുചിവൈവിധ്യങ്ങള്‍ നമ്മുടെ കേരളത്തിനുണ്ട്. സ്ഥലങ്ങളുടെ പേരില്‍ ആഗോളപ്രശസ്തി നേടിയ രുചികളുടെ വലിയൊരു നിര തന്നെ നമുക്കുണ്ട്. അത്തരം ചില വിഭവങ്ങളിലേക്ക്..

രാമശ്ശേരി ഇഡ്ഡലി

പാലക്കാടിന്റെ രുചിപ്പെരുമയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാമശ്ശേരി ഇഡ്ഡലിയാണെന്ന് പറയാം. പാലക്കാട്-വാളയാര്‍ വഴിയില്‍ പുതുശ്ശേരിക്കടുത്തുളള എലപ്പുളളി പഞ്ചായത്തിലാണ് രാമശ്ശേരി എ്ന്ന ഗ്രാമം. രാമശ്ശേരിയിലുളള മുതലിയാര്‍ കുടുംബങ്ങളാണ് രാമശ്ശേരി ഇഡ്ഡലിയുടെ പെരുമയ്ക്ക് പിന്നില്‍. കാലങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍.

ഉപജീവനത്തിനായി തുടങ്ങിയ ഇഡ്ഡലി വില്പനയാണ് പിന്നീട് സ്വാദ് കൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയത്. രുചിയിലും കൂട്ടിലും മാത്രമല്ല രൂപത്തിലും വ്യത്യസ്ഥതകള്‍ നിറഞ്ഞതാണിത്. ഒറ്റ നോട്ടത്തില്‍ തട്ടുദോശ പോലെ തോന്നിക്കും. എന്നാല്‍ ഒരിക്കല്‍ രുചിച്ചാല്‍ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല.

മലബാര്‍ ബിരിയാണി

ദക്ഷിണേന്ത്യയിലെ മികച്ച രുചികളിലൊന്നായാണ് ബിരിയാണിയെ കണക്കാക്കുന്നത്. ബിരിയാണിയെന്നാല്‍ ഭക്ഷണപ്രിയരെ സംബന്ധിച്ചെടുത്തോളം മലബാര്‍ ബിരിയാണിയായിരിക്കും ആദ്യം മനസ്സിലെത്തുക. അതില്‍ത്തന്നെ തലശ്ശേരി ബിരിയാണിയ്ക്കും കോഴിക്കോടന്‍ ബിരിയാണിയ്ക്കുമാണ് ആരാധര്‍ കൂടുതല്‍. ബിരിയാണി വില്പനയിലെ ബ്രാന്‍ഡ് എന്ന നിലയിലേക്കുളള ഇവയുടെ വളര്‍ച്ചയ്ക്ക് പിന്നിലുളള രഹസ്യവും ഇതിന്റെ രുചിപ്പെരുമ തന്നെയാണ്. രുചിയും മണവും നിറഞ്ഞുനില്‍ക്കുന്ന ചിക്കന്‍, മീന്‍, മട്ടണ്‍ ബിരിയാണികള്‍ അതിര്‍ത്തി കടന്നുപോയ ചില മലബാര്‍ രുചികളാണ്.

മാഞ്ഞാലി ബിരിയാണി

എറണാകുളത്തെ മാഞ്ഞാലി ഗ്രാമത്തെ ഭക്ഷണപ്രേമികള്‍ക്കിടയില്‍ പ്രശസ്തമാക്കിയതിന് പിന്നില്‍ മാഞ്ഞാലി ബിരിയാണിയും ഹല്‍വയുമാണ്. അത്യാവശ്യ ചേരുകള്‍ ഉപയോഗിച്ച് എളുപ്പം തയ്യാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ലോക്ഡൗണ്‍ നാളുകളിലാണ് സോഷ്യമീഡിയയില്‍ മാഞ്ഞാലി ബിരിയാണി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. പതിവ് ബിരിയാണി പാചകത്തില്‍ നിന്ന് സ്വല്പം വ്യത്യസ്ഥമാണ് മാഞ്ഞാലി ബിരിയാണിയുടെ പാചകരീതി. ഇറച്ചി, നെയ്‌ച്ചോറ് എന്നിവ വെവ്വേറെ പാചകം ചെയ്‌തെടുത്ത് വെവ്വേറെ വിളമ്പുന്നതാണ് മാഞ്ഞാലിയിലെ രീതി.

കോഴിക്കോടന്‍ ഹല്‍വ

ഭക്ഷണപ്രിയരുടെ മധുരവിഭവങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലാണ് കോഴിക്കോടന്‍ ഹല്‍വയുടെ സ്ഥാനം. നാട്ടിലും മറുനാട്ടിലുമെല്ലാം ഈ വിഭവത്തിന് ആരാധകരേറെയാണ്. ഹല്‍വയെന്നാല്‍ കോഴിക്കോടന്‍ ഹല്‍വയെന്ന് പലരും പറഞ്ഞുകേള്‍ക്കുന്ന ഒന്നാണ്. അത്രയ്ക്കുണ്ട് കോഴിക്കോടും ഹല്‍വയും തമ്മിലുളള ഇഴപിരിയാനാകാത്ത അടുപ്പം. വ്യാപാരാവശ്യങ്ങള്‍ക്കായി കോഴിക്കോട്ടെത്തിയ അറബികള്‍ ബേപ്പൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് ഹല്‍വയുമായാണ് മടങ്ങിയിരുന്നത്.


English Summary: few tastes that named after their place of origin in kerala

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds