<
Features

ഓണം ഒന്നാണ്, എന്നാല്‍ സദ്യയിലുണ്ട് വകഭേദങ്ങള്‍

ചില ഓണസദ്യ വിശേഷങ്ങളിലേക്ക്
ചില ഓണസദ്യ വിശേഷങ്ങളിലേക്ക്

സദ്യയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ഓണം മലയാളിയ്ക്ക് സങ്കല്പിക്കാന്‍ പോലുമാവില്ല. ഓണത്തെക്കുറിച്ച് പറയുമ്പോള്‍ ഭക്ഷണപ്രിയരെ സംബന്ധിച്ചെടുത്തോളം ആദ്യം മനസ്സിലെത്തുന്നതും സദ്യ തന്നെയാകും.

എന്നാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഈ സദ്യയില്‍ത്തന്നെ പലതരം വകഭേദങ്ങളുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമെല്ലാം വിഭവങ്ങളിലും രുചിയിലുമെല്ലാം പ്രകടമായ വ്യത്യാസങ്ങളാണുളളത്.  തെക്കന്‍കേരളത്തില്‍ സദ്യ പൂര്‍ണമായും വെജിറ്റേറിയനാണെങ്കില്‍ മലബാറില്‍ നേരെ തിരിച്ചാണ്. ചില ഓണസദ്യ വിശേഷങ്ങളിലേക്ക്.

തെക്കന്‍ കേരളത്തിലേക്ക് പോകാം

തിരുവോണദിവസം തൂശനിലയില്‍ വിളമ്പുന്ന തുമ്പപ്പൂച്ചോറില്‍ അല്പം നെയ്യ്. പിന്നെ ഉപ്പേരിയും പപ്പടവും സാമ്പാറും ഒപ്പം അച്ചാറോ പുളിയിഞ്ചിയോ തൊട്ടുകൂട്ടി സദ്യ ആരംഭിക്കും. പിന്നെ കറികളുടെ നീണ്ട നിരതന്നെ ഉണ്ടാകും.  പിന്നാലെ പപ്പടവും പഴവുമെല്ലാം ചേര്‍ത്ത് പായസം. ശേഷം പച്ചമോരും കൂട്ടി ഓണസദ്യ. ഇതാണ് തെക്കന്‍കേരളത്തിന്റെ ഓണസദ്യയുടെ രീതി. പരമ്പരാഗതമായ രീതിയിലുളള ഓണസദ്യയില്‍ ഇരുപത്തിയഞ്ചിലധികം വിഭവങ്ങളെങ്കിലുമുണ്ടാകും.

ഓണസദ്യ വിളമ്പുന്നതിനുമുണ്ട്  കുറെയധികം ചിട്ടവട്ടങ്ങള്‍. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് സദ്യ വിളമ്പുക. കഴിയ്ക്കുന്ന ആളിന്റെ ഇടത് വശത്ത് ഇലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കുക. അച്ചാറുകള്‍, പച്ചടി, തോരന്‍, കാളന്‍, അവിയല്‍, കൂട്ടുകറി എന്നിങ്ങനെ ഇടത്ത് നിന്നും വലത്തോട്ടാണ് സദ്യ വിളമ്പുക. ഇടതുവശത്ത് ഉപ്പേരി, ശര്‍ക്കര ഉപ്പേരി എന്നിവയുമുണ്ടാകും.

സാമ്പാറില്ലാതെ എന്തോണം

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമെല്ലാം ഒരുപോലെ ചില വിഭവങ്ങളുണ്ട്. അതിലൊന്നാണ് സാമ്പാര്‍. അതുപോലെ അവിയല്‍, കൂട്ടുകറി, കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവ എല്ലായിടത്തെയും പ്രധാന വിഭവങ്ങള്‍ തന്നെ. അതില്‍ത്തന്നെ കാളനും ഓലനുമില്ലാതെ എവിടെയും ഓണസദ്യ പൂര്‍ണ്ണമാവില്ല. എന്നാല്‍ ഇവ തയ്യാറാക്കുന്നതില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ കാണും.

മലബാറില്‍ സദ്യയ്ക്ക് മത്സ്യവും

തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ഓണസദ്യയില്‍ മത്സ്യമോ ചിക്കനോ ഒരു വിഭവമേയല്ല. എന്നാല്‍ മലബാറിലെത്തുമ്പോള്‍ ഇലയുടെ ഒരു ഭാഗത്ത് മീനോ ചിക്കനോ എന്തായാലും കാണും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ പ്രത്യേകിച്ചും. ഓണസദ്യയുടെ വിഭവങ്ങളില്‍ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും സദ്യയുടെ ഫലം പൊതുവെ ഒന്നുതന്നെയെന്ന് പറയാം


English Summary: few things about variety onam sadya in different parts of kerala

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds