<
Features

107 വയസിലും ആരോഗ്യത്തോടെ ത്രേസ്യാച്ചേട്ടത്തി

''ത്രേസ്യാച്ചേട്ടത്തിക്ക് വയസ് 107 ആയെങ്കിലും കണ്ണിന് ഇന്നും നല്ല കാഴ്ചയാ. ഇന്നും കണ്ണടയില്ലാതെ വായിക്കും''. കൂടെ ഉള്ളവർ പറഞ്ഞത് ഉള്ളതാണോയെന്നറിയാൻ  കൗതുകത്തിന് കൈയിൽ ഇരുന്ന കൃഷി ജാഗരൺ അമ്മച്ചിക്ക് നേരെ നീട്ടി. തല ഉയർത്തി എന്നെ ഒന്ന് നോക്കിയിട്ട് പുറംചട്ട വിശദമായി പരിശോധിച്ചു. പിന്നെ ഒന്ന് മറിച്ചു നോക്കി. നീണ്ട മൗനം. കാഴ്ചയില്ലായെന്ന് ഉറപ്പിച്ചു. എന്താണ് എഴുതിയിരിക്കുന്നതെന്ന ചോദ്യത്തിന്റെ മറുപടി 'കൃഷി ജാഗരൺ'.

ചുറ്റുമുള്ളവർ പറഞ്ഞത് ശരിയാണ് നാട്ടുകാരുടെ ത്രേസ്യച്ചേട്ടത്തിയുടെ കണ്ണ് 100 % ഓകെ. ഈ അമ്മച്ചിക്ക് പ്രമേഹമോ രക്തസമ്മർദ്ദമോ ഇല്ല. അല്പം കേൾവിക്കുറവുള്ളതൊഴിച്ചാൽ കാര്യമായ യാതൊരു പ്രശ്നങ്ങളുമില്ല. അമ്മച്ചിയുടെ ഈ ആരോഗ്യത്തിന്റെ കാരണക്കാരൻ 'നല്ല നാടൻഭക്ഷണ'മാണ്. കപ്പയും കാച്ചിലും ചേനയും ചക്കയും മാങ്ങയും ഒക്കെയായിരുന്നു ഭക്ഷണം. രാസവളങ്ങളും കീടനാശിനികളും ഇല്ലാത്ത ഭക്ഷണം. അതും സ്വന്തമായി കൃഷി ചെയ്തതും. ഈ അമ്മച്ചി മികച്ച ഒരുകർഷക കൂടിയായിരുന്നു എന്നു കേൾക്കുമ്പോൾ അത്ഭുതം ഇരട്ടിക്കും. ഫാസ്റ്റ്ഫുഡിനും നിറം ചേർത്ത ഭക്ഷണത്തിനും പുറകെ പോകുന്ന പുതുതലമുറ ഈ അമ്മച്ചിയെ കണ്ട് പഠിക്കണം.

കോട്ടയം ജില്ലയിലെ മാന്നാനം ജനസഭ പ്രതിഭനഗർ റസിഡന്റ്സ് അസോസിയേഷന്റെ ആദരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു ജനസഭയിലെ ഏറ്റവും പ്രായമുള്ള അമ്മയായ ത്രേസ്യാച്ചേടത്തി എന്ന ത്രേസ്യാമ്മ മത്തായി പടിഞ്ഞാറെക്കുറ്റ്. ഈ അമ്മച്ചിയുടെ കാലത്തെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനാണ് ഈ കൂട്ടായ്മയുടെ ആദ്യം ശ്രമം. അതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കൂട്ടായ്മയിലെ അംഗങ്ങൾക്ക് പച്ചക്കറിതൈ വിതരണം ചെയ്തത് ഏറെ ശ്രദ്ധേയമായി.

കൃഷി ജാഗരണിനും ഈ കൂട്ടായ്മയിൽ ഭാഗമാകാൻ കഴിഞ്ഞു. കൃഷി ജാഗരൺ പരിചയപ്പെടുത്തുവാനും ജൈവ കൃഷിയെക്കുറിച്ച് സംസാരിക്കാനും എനിക്ക് അവസരം ലഭിച്ചു.

ജാതി, മത, വർഗ്ഗ, വർണ്ണ, രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി ഏവരേയും സമഭാവനയോടെ കണ്ട് ജനങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയായിരിക്കും കൂട്ടായ്മ പ്രവർത്തിക്കുക.  

അസാേസിയേഷന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ. നിർവ്വഹിച്ചു. പ്രതിഭനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് ടി. ഫ്രാൻസിസ് അധ്യക്ഷനായി. ജോസഫ് പടിഞ്ഞാറെക്കുറ്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പ്രതിഭകളെ ആദരിച്ചു.

മാന്നാനം ജനസഭ രക്ഷാധികാരി റവ.ഫാ. ജയിംസ് മുല്ലശ്ശേരി CMI മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ മഹേഷ് ചന്ദ്രൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. മൈക്കിൾ, മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺ വൈറ്റ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ മേരിക്കുട്ടി സെബാസ്റ്റ്യൻ, അച്ചാമ്മ ജോർജ്, റിട്ട. ജോ. ലേബർ കമ്മീഷണർ വിൻസന്റ് അലക്സ്, ഡോ.അനിൽ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പി.എം. ജോസഫ് സ്വാഗതവും വി.കെ.സുകുമാരൻ നന്ദിയും പറഞ്ഞ.


English Summary: Healthy at 107 years of age

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds