പ്രളയത്തില്‍ ഏറെ കണ്ണീരണിഞ്ഞ കര്‍ഷകന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് നെല്‍പ്പാടത്ത് മുളച്ചുപൊന്തിയിരിക്കുന്ന കളകള്‍. കാലവര്‍ഷത്തില്‍ രണ്ട് തവണയായാണ് വ്യാപക കൃഷിനാശം ഉണ്ടായത്.നിലം ഉഴുത് മറിച്ച് അതിജീവനത്തിനായി കൃഷി ഇറക്കിയ കര്‍ഷകന് താത്ക്കാലിക ആശ്വാസമെന്ന രീതിയിലാണ് കൃഷിവകുപ്പ് സൗജന്യമായി ഉമ നെല്‍വിത്തുകള്‍ നല്‍കിയത്. ഈ നെല്‍വിത്തുകള്‍ ഉപയോഗിച്ച് മാനന്തവാടി വേമോം പാടത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.
നെല്‍ക്കതിരുകള്‍ക്ക് പകരമായി വലിയ ഉയരത്തിലാണ് കളകള്‍ മുളച്ച് പൊന്തിയിരിക്കുന്നത്. പാടം മറക്കുന്ന രീതിയിലാണ് പുല്ല് നിറഞ്ഞിരിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരമായ വേമോം പാടത്തിന്റെ ഭൂരിഭാഗവും കളകളാല്‍ നിറഞ്ഞിരിക്കുകയാണ്. കതിര് പാകമായി വരാന്‍ തുടങ്ങുന്ന സമയത്ത് കളകള്‍ ഉയര്‍ന്ന് വന്നത് കര്‍ഷകന് താങ്ങാവുന്നതിലപ്പുറമാണ്. സ്വന്തമായി ശേഖരിച്ചിരുന്ന കാഞ്ചന, ജ്യോതി നെല്‍വിത്തുകളാണ് ഇവര്‍ മുമ്പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിനച്ചിരിക്കാതെയെത്തിയ കാലവര്‍ഷം ഇവരുടെ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു. കൃഷിനാശം പൂര്‍ണ്ണമായും തിട്ടപ്പെടുത്താത്തതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരവും ലഭിച്ചിരുന്നില്ല.
എങ്കിലും കൃഷിയെ കൈവിടാനുള്ള മടിയും വര്‍ഷങ്ങളായി ചെയത് വരുന്ന തൊഴില്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതും കാരണം കര്‍ഷകര്‍ നഷ്ടം സഹിച്ചും കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.എന്നാല്‍ കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് കൊണ്ടാണ് കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന വയലില്‍ കളകള്‍ നിറഞ്ഞിരിക്കുന്നത്. പാടങ്ങളില്‍ അവശേഷിക്കുന്ന നെല്ലെങ്കിലും സംരക്ഷിക്കാനായി കളകള്‍ കൊയ്ത് റോഡരികില്‍ കുട്ടിയിട്ടിരിക്കുകയാണ്. പശുക്കള്‍ക്ക് തീറ്റയായി നല്‍കിയിട്ടും പശുക്കള്‍ക്ക് വേണ്ടാത്ത കളകളാണ് വയലില്‍ മുളച്ച് പൊങ്ങിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. ആവശ്യമായ കിടനാശിനികളും വളവുമെല്ലാം ഉപയോഗിച്ച് കൃഷി ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ചതാകട്ടെ കളയും.
പാട്ടത്തിനെടുത്ത വയലില്‍ ബാങ്ക് വായപയും മറ്റും എടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷി ഇറക്കിയത്. ഒരു ഏക്കറിന് 30 കിലോ വീതം നെല്‍വിത്താണ് കൃഷി വകുപ്പ് നല്‍കിയത്. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുടെ തിരിച്ച് വരവിന് വലിയ ആഘാതമായിരിക്കുകയാണ് 500 ഏക്കറോളം വരുന്ന വേമോം പാടത്തെ നെല്‍കൃഷി. കളകള്‍ നിറഞ്ഞ പാടങ്ങളിലെയെല്ലാം കൃഷി പൂര്‍ണ്ണമായി നശിച്ച് കഴിഞ്ഞു .ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തിരമായി നഷ്ട്പരിഹാരം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.
Share your comments