Features

'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു'... ഡോ.വർഗീസ് കുര്യന്റെ ജീവിതയാത്ര

varghese

ഡോ.വർഗീസ് കുര്യന്റെ ജീവിതയാത്ര

1921 നവംബർ 26ന് കോഴിക്കോട് ഒരു സിറിയൻ ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ചു. 1936ല്‍ എസ്എസ്എല്‍സി പാസ്സായി. ലയോള കോളജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ എഴാം റാങ്കോടെ ബിരുദം നേടി. ഫിസിക്സും ന്യൂക്ലിയർ സയൻസുമായിരുന്നു വർഗീസ് കുര്യന്റെ ഇഷ്ട വിഷയം.

പശുക്കളെ പറ്റി കാര്യമായി അറിയില്ലാത്ത വർഗീസ് കുര്യന് ലഭിച്ചത് ഡെയറി സയൻസ്. പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം ഗുജറാത്തിലെ കെയ്റ ജില്ലയിലുള്ള ഒരു കുഗ്രാമത്തിൽ നിയമിച്ചു. കാലി മേയ്ക്കുന്നവരുടെ ആനന്ദ് എന്ന ഗ്രാമത്തിലേക്ക് അദ്ദേഹം നിർബന്ധിതനായി എത്തിപ്പെടുകയായിരുന്നു.

ഉപരിപഠനത്തിനായി സർക്കാർ നൽകിയ പണം തിരിച്ചടയ്ക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് സർക്കാർ ചുമതല ഏറ്റെടുത്ത് അവിടേക്ക് വർഗീസ് കുര്യൻ എത്തിപ്പെട്ടത്. പരിമിതമായ സൗകര്യങ്ങളിൽ അസഹനീയനായി, ആനന്ദിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം നിരന്തരം രാജിക്കത്തുകൾ അയച്ചുകൊണ്ടേയിരുന്നു.

എട്ട് മാസത്തിന് ശേഷം അദ്ദേഹത്തിന്റെ രാജിക്കത്ത് ഒടുവിൽ സർക്കാർ സ്വീകരിക്കുമ്പോഴാണ്, ചരിത്രത്തിലേക്ക് നടന്നുനീങ്ങിയ വർഗീസ് കുര്യന്റെ പ്രയത്നങ്ങൾക്കും വഴി ഒരുങ്ങുന്നത്.

ബോംബെ നഗരങ്ങളിൽ നിന്ന് ലഭിക്കുന്ന പാലിന് യാതൊരു ഗുണവുമില്ലെന്ന ആരോപണത്തിൽ നിന്ന്, മികച്ച പാലിനായുള്ള അന്വേഷണത്തിലേക്ക് ബ്രിട്ടീഷ് സർക്കാർ എത്തി.  അത് ചെന്നെത്തിയത് ഗുജറാത്തിലെ ആനന്ദ് എന്ന ഗ്രാമത്തിലും.

ബ്രിട്ടീഷ് സർക്കാരിൽ നിന്ന് മുംബൈയിലെ പാൽ വിതരണത്തിനുള്ള അവകാശം പോൾസൺ ഡെയറി സ്വന്തമാക്കിയത് അക്ഷരാർഥ്വത്തിൽ ഗ്രാമത്തിലെ കർഷകരെ ദുരിതത്തിലാക്കി. തങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടും സമ്മർദവും സർദാർ വല്ലഭായി പട്ടേലിനെ കണ്ട് കർഷകർ അറിയിച്ചു. എല്ലാ ക്ഷീര കർഷകരും ചേർന്ന് ഇതിനെതിരെ സംഘടിക്കാനും പാൽ സഹകരണസംഘം രൂപീകരിക്കാനും അദ്ദേഹം നിർദേശിച്ചു. മൊറാർജി ദേശായി ഇതിന്റെ ചുമതലയിലേക്ക് എത്തി.

അങ്ങനെ, ആനന്ദിൽ കെയ്റ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്ന സഹകരണ സംഘം ആരംഭിച്ചു. ത്രിഭുവൻ ദാസ് പട്ടേൽ എന്ന സ്വാതന്ത്രസമര നേതാവായിരുന്നു ഇതിന്റെ നേതാവ്. സമീപദേശങ്ങളിലും ഇങ്ങനെ സഹകരണസംഘങ്ങൾ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു.

മിതമായ പാൽവില ലഭിക്കാതെ വന്നപ്പോൾ പോൾസൺ ഡെയറിയ്ക്ക് കർഷകർ പാൽ നൽകാതെയായി.

മുംബൈ പട്ടണം ക്രമേണ ക്ഷീരക്ഷാമത്തിലേക്ക്. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ദിവസങ്ങൾ നീണ്ട സമരം കൂടിയായതോടെ പോൾസൺ ഡെയറിയ്ക്ക് മിൽക് യൂണിറ്റിൽ നിന്ന് പാൽ വാങ്ങേണ്ടി വന്നു. പിന്നീട്, ത്രിഭുവൻ ദാസ് പട്ടേൽ പ്രസിഡന്റായ കെയ്റ ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ പാൽ വിപണിയായി മാറി.

മിൽക് യൂണിയന്റെ പാസ്ച്വറൈസിങ് പ്ലാന്റിന്റെ യന്ത്രത്തകരാർ നിത്യവും തലവേദനയായി മാറി. ഇത് പരിഹരിക്കാൻ പലപ്പോഴായി ത്രിഭുവൻ ദാസ് പട്ടേൽ സമീപിച്ചിരുന്നത് വർഗീസ് കുര്യനെയായിരുന്നു.

ജോലി രാജി വച്ച് മടങ്ങാനിരുന്ന കുര്യനോട് മറ്റൊരു ജോലി ലഭിക്കും വരെ തങ്ങളോടൊപ്പം തുടരാൻ അദ്ദേഹം നിർദേശിച്ചു.

സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിച്ച ത്രിഭുവൻ ദാസ് പട്ടേലിന്റെ അപേക്ഷ തള്ളിക്കളയാത്ത കുര്യൻ 1950ൽ കെയ്റോ യൂണിയന്റെ ജനറൽ മാനേജറായി സ്ഥാനമേറ്റു. വർഗീസ് കുര്യന്റെ കഠിനാധ്വാനവും ദീർഘവീക്ഷണവും പട്ടേലിന്റെ അസാമാന്യമായ നേതൃത്വപാടവും കൂടി ചേർന്നപ്പോൾ അത് കാലിവളർത്തൽ കർഷകർക്ക് പ്രചോദനവും ഉണർവുമായി.

ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും ഡെയറിങ്ങിൽ  വിദേശ പഠനം കഴിഞ്ഞെത്തിയ കുര്യൻ പിന്നീട് ചെറുകിട ക്ഷീര കർഷകരുടെ ഉന്നമനത്തെ ലക്ഷ്യം വച്ച് പ്രവർത്തനങ്ങൾ തുടങ്ങി.

പാലുൽപാദനത്തിൽ ലോകത്തിന്റെ മുൻനിരയിലേക്ക് കടന്നുവരുന്നത് ഇന്ത്യയ്ക്ക് അസാധ്യമെന്ന് വിശ്വസിച്ചിരുന്ന  ബഹുരാഷ്ട്ര പ്രസ്ഥാനങ്ങളുടെയും വിദേശ കമ്പനികളുടെയും ധാരണയെ തിരുത്തിക്കുറിച്ച്, ക്ഷീരമേഖലയിലെ വ്യത്യസ്ത സാധ്യതകളെ അദ്ദേഹം പ്രയോജനപ്പെടുത്തി.

എരുമപ്പാൽ പാൽപ്പൊടിയാക്കാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തെ തിരുത്തി, 1955ൽ എരുമപ്പാലിനെ പാൽപ്പൊടിയാക്കുന്ന വിദ്യ വികസിപ്പിച്ച്, പാൽപ്പൊടി ഫാക്ടറി തുടങ്ങി. കർഷക കൂട്ടായ്മയുടെ പാൽ ഉൽപന്നത്തെ ഒരു ആഗോള ബ്രാൻഡാക്കി വളർത്തുന്നതിനുള്ള വിപണി തന്ത്രവും അദ്ദേഹം മെനഞ്ഞു. വില നിർണയിക്കാനാവാത്തത് എന്നർഥമുള്ള 'അമൂല്യ' എന്ന സംസ്കൃത വാക്കിൽ നിന്നും, അമുൽ എന്ന പേരു പിറന്നു. കൂടാതെ, ആനന്ദ് മിൽക് യൂണിയൻ ലിമിറ്റഡിന്റെ ചുരുക്ക രൂപവും അമുൽ എന്ന പേരുതന്നെയാണ്. 1957ൽ ഇത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു. പാൽപ്പൊടിയും കണ്ടൻസ്ഡ് മിൽകും നിർമിച്ച് വ്യാപകമായി വിപണികളിൽ എത്തിച്ച് വിദേശ കുത്തകകൾക്കും ഇന്ത്യയുടെ തദ്ദേശിയ പ്രസ്ഥാനം തിരിച്ചടിയായി.

വീടുകളിൽ നിന്നും വിപണിയിലേക്ക് മുന്നേറിയ അമുൽ

വിപണിയിൽ പേരെടുക്കുന്നതിന് ഒരുപാട് മുൻപ് ലക്ഷക്കണക്കിന് കുടുംബങ്ങളിൽ അമുൽ സ്ഥാനം പിടിച്ചു. അമുലിന്റെ വിജയകഥ  ഇന്ത്യയിലാകമാനം ആവര്‍ത്തിക്കണമെന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ ഫ്ലെഡ് എന്ന പേരിൽ ഭാരതസര്‍ക്കാര്‍ ഒരു പദ്ധതിക്ക് രൂപം നല്‍കി. ഇതിന് നേതൃത്വം നൽകാൻ കുര്യന് ചുമതല നൽകി. കൂടാതെ, കർഷകരുടെ ഉടമസ്ഥതയിൽ അദ്ദേഹം തുടങ്ങിവച്ച മുപ്പതോളം സ്ഥാപനങ്ങളും വർഗീസ് കുര്യൻ ആരംഭിച്ചു.

1973ല്‍ ഗുജറാത്ത് കോപ്പറേറ്റിവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന് രൂപം നല്‍കി. വർഗീസ് കുര്യന്റെ നേതൃത്വത്തില്‍ ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കി. ഗുജറാത്ത് കോപ്പറേറ്റിവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ചെയര്‍മാനായി 34 വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചു. 2006ലാണ് ഈ സ്ഥാനത്ത് നിന്നും കുര്യൻ വിരമിച്ചത്.

1965ൽ മിഷിഗൺ യൂണിവേഴ്സിറ്റി വർഗീസ് കുര്യന് ഡോക്ടറേറ് നൽകി ആദരിച്ചു. കൂടാതെ,  1965ല്‍ പത്മശ്രീ, 1966ല്‍ പത്മഭൂഷണ്‍, 1999ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയ പരമോന്നത ബഹുമതികൾ നൽകി വർഗീസ് കുര്യന്റെ നിസ്വാർഥസേവനങ്ങളെ രാജ്യം ആദരിച്ചു. 1963ൽ  മാഗ്‌സസെ അവാര്‍ഡ്, 1989ൽ വേള്‍ഡ് ഫുഡ് പ്രൈസ് തുടങ്ങിയ അംഗീകാരങ്ങളും ധവള വിപ്ലവത്തിന്റെ നായകന് ലഭിച്ചു. 

പാലുൽപാദനത്തിലും വിപണിയിലും രാജ്യം നേടിയെടുത്ത സ്വയംപര്യാപ്തതയുടെ വിജയശിൽപി 2012 സെപ്തംബർ 9ന് വിടപറഞ്ഞു. എണ്ണമറ്റ ക്ഷീര കർഷകരെ കൈപിടിച്ചുയർത്തി, ഇന്നും കോടിക്കണക്കിന് ആളുകൾക്ക് ഉപജീവന ഉപാധി സംഭാവന ചെയ്ത ഡോ.വർഗീസ് കുര്യന്റെ പാത ഒരു നിമിത്തമോ നിയോഗമോ ആയി തോന്നിയേക്കാം.

എന്നാൽ, പരിശ്രമവും ആത്മവിശ്വാസവുമാണ് സംഭവഹുലവും വെല്ലുവിളിയും നിറഞ്ഞ ജീവിതയാത്രയ്ക്ക് ആകെ കൈമുതലായി ഉണ്ടായിരുന്നതെന്ന് അദ്ദേഹം എഴുതിയ 'എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു' എന്ന പുസ്തകത്തിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.


English Summary: I too had a dream; Through the lifeline of Dr. Varghese Kurian

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine