ചക്ക മരുന്നാണ്
കേരളം പ്രമേഹരോഗികളുടെ സ്വന്തം നാടാണ്. 55 ശതമാനം ജനങ്ങളും പ്രമേഹബാധിതരാകാന്‍ സാധ്യതയുള്ളവരാണത്രെ. പ്രമേഹചികിത്സക്കായി കേരളീയര്‍ വര്‍ഷംതോറും 600 കോടിരൂപ ചെലവു ചെയ്യുന്നു. പരമ്പരാഗത ഭക്ഷണരീതി കേരളീയര്‍ കൈവെടിഞ്ഞതാണ് പ്രമേഹം ഇത്രകണ്ട് കൂടാന്‍ കാരണമായതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചക്കപ്പുഴുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ഇന്‍സുലിന്റെയും മരുന്നിന്റെയും ഡോസ് പാതിയായി കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് ഗവേഷണഫലം. പഴുത്ത ചക്കയില്‍ മധുരത്തിന്റെ അളവ് കൂടുതലാണെങ്കിലും പച്ചച്ചക്കയില്‍ അഞ്ചിലൊന്നുമാത്രമാണുള്ളത്. പച്ചച്ചക്കയോ അതുകൊണ്ടുണ്ടാക്കുന്ന പുഴുക്കോ കഴിച്ചാലാണ് പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തിയത്. ചക്ക വ്യാപകമായി ആഹാരമാക്കുന്ന ശ്രീലങ്കയിലെ മെഡിക്കല്‍ ജേണലിലാണ് ഇതുസംബന്ധിച്ച ഗവേഷണഫലം ആദ്യമായി പുറത്തുവന്നത്. കേരളത്തില്‍ പ്രമേഹം കൂടാനുള്ള കാരണം അനാരോഗ്യകരമായ ഭക്ഷണരീതിയാണ്. അരിയാഹാരം കൂടുതല്‍ കഴിക്കുന്ന മലയാളിയുടെ ഭക്ഷണശീലത്തില്‍ പഴം, പച്ചക്കറി എന്നിവയ്ക്ക് സ്ഥാനം കുറവാണ്.
പഴുക്കാത്ത ചക്കയില്‍ നാരുകള്‍ എറെയുണ്ട്. ചോറിനു പകരമായി ചക്കപ്പുഴുക്ക് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള മൂത്തചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ പറ്റിയത്. ജീവകങ്ങളും മൂലകങ്ങളും നാരുകളും കൊണ്ടു സമ്പന്നമായ ചക്കയെ മറന്ന് ഇറക്കുമതി ചെയ്യുന്ന ഓട്‌സിനു പിന്നാലെയാണ് ഇന്നു മലയാളി. അതിലധികം ഗുണം തരുന്ന നാടന്‍ വിഭവമായ ചക്കയുളളപ്പോള്‍ ഓട്‌സ് കഴിക്കുന്നത് നല്ലതാണോ. ദിവസവും ഒരുനേരമെങ്കിലും ചക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ കുറയുമെന്ന് മലയാളി തിരിച്ചറിയണം. ഇത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് ആരോഗ്യവകുപ്പാണ്. ആരോഗ്യവകുപ്പും കൃഷിവകുപ്പും അതിന് മുന്നിട്ടിറങ്ങണം. സര്‍ക്കാരിന്റെ തന്നെ മേല്‍നോട്ടത്തില്‍ 'ഒരുനേരം ചക്ക' ക്യാമ്പയില്‍ നടപ്പാക്കണം. ചക്ക വിറ്റും കാശുണ്ടാക്കാമെന്നും ജീവിക്കാമെന്നുമുളള ആത്മവിശ്വാസം കര്‍ഷകരില്‍ ഉണ്ടാക്കിയെടുക്കണം.
പ്രമേഹത്തെ തടയുവാന്‍ കഴിയുന്ന, നാരുകള്‍ സുലഭമായ ചക്കയെ കേരളീയര്‍ അവഗണിച്ചു. ചക്കയുടെ കാലമായാല്‍ അത് വീണു ചീഞ്ഞുപോകുകയാണ്. 600 കോടി രൂപയ്ക്കുള്ള ചക്ക പാഴായിപ്പോകുന്നുണ്ട്. ചക്കച്ചുളയും ചക്കക്കുരുവും മടലും കൂഞ്ഞും മനുഷ്യന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന കാലമുണ്ടായിരുന്നു. ചക്കക്കുരു അന്നജ സമൃദ്ധമാണ്. ധാരാളം അന്നജമുള്ള ചക്ക പ്രമേഹക്കാര്‍ ഒഴിവാക്കണമെന്നായിരുന്നു ഇതുവരെ കരുതിപ്പോന്നത്. ചക്ക പ്രമേഹത്തിന് നല്ലതാണെന്ന് മലയാളി വിശ്വസിച്ചിട്ട് ഏകദേശം രണ്ടുവര്‍ഷമേ ആയിട്ടുളളൂ. ചക്ക പഴുക്കുമ്പോള്‍ മാത്രമേ പ്രമേഹരോഗികള്‍ക്ക് ദോഷകരമായ മധുരമാകുന്നുളളൂ. പച്ചച്ചക്ക പ്രമേഹത്തിന് ഉത്തമമാണ്. പച്ചച്ചക്ക പച്ചക്കറിയാണ്. ഭക്ഷണത്തില്‍ ചക്കയുടെ അളവ് കൂടുമ്പോള്‍ ചോറിന്റെ അളവ് കുറയുന്നു. അതുകൊണ്ടാണ് പ്രമേഹം കുറയുന്നത്.
ചക്ക എന്തിന് വാങ്ങണം എന്ന ജനങ്ങളുടെ കാഴ്ചപ്പാട് മാറണം. പണ്ട് ഭക്ഷണം ഒരു പ്ലേറ്റിന്റെ പകുതി ചക്കപ്പുഴുക്കും കാല്‍ഭാഗം കറിയും കാല്‍ഭാഗം കഞ്ഞിയുമായിരുന്നു. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ പറയുന്ന ഭക്ഷണക്രമവും ഇതുതന്നെയാണ്; ഒരു പ്ലേറ്റിന്റെ പകുതി പച്ചക്കറി, കാല്‍ഭാഗം മാംസ്യം, കാല്‍ഭാഗം അന്നജം. വളരെ ആരോഗ്യകരമായ ഈ ഭക്ഷണശീലത്തിന് മാറ്റം വന്നിരിക്കുന്നു. ഇന്ന് പ്ലേറ്റിന്റെ പകുതി അരിയാഹാരവും കാല്‍ഭാഗം കറിയും കാല്‍ഭാഗം മാംസ്യവുമായി മാറി. പ്രമേഹമടക്കമുളള പല രോഗങ്ങള്‍ക്കും മാറിയ ഈ ഭക്ഷണശീലം കാരണമായി.
ചക്കയുടെ ന്യൂട്രിഷന്‍ വാല്യു ചോറിനേക്കാള്‍ മികച്ചതാണ്. 60 ശതമാനം കാര്‍ബോഹൈഡ്രേറ്റ് കുറവാണ്. കാലറിയും കുറവാണ്, ചോറിനേക്കാളും നാര് കൂടുതലുളള ഭക്ഷണവുമാണ്. പ്രമേഹരോഗികളോട് ഡോക്ടര്‍മാര്‍ പറയുന്നത് കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക, നാര് കലര്‍ന്ന ഭക്ഷണം കൂടുതല്‍ കഴിക്കുക എന്നതാണ്. ഇതിന് അനുയോജ്യമായ വിഭവമാണ് ചക്ക. ഒരുകപ്പ് ചോറില്‍ 185 കാലറിയാണുളളത്. ഒരുകപ്പ് ചക്കയില്‍ 110 കാലറിയും. വയര്‍ നിറയാനും ചക്ക, ഷുഗര്‍ കുറയാനും ചക്ക എന്നതാണ് ശരി. നാര് കൂടുതലുളള ഭക്ഷണം വേഗം വയര്‍ നിറയ്ക്കും. മാത്രമല്ല, ചക്കയില്‍ 82 ശതമാനവും വെളളമാണ്. ചോറിനേക്കാളും പകുതി മധുരമേ ചക്കയില്‍ അടങ്ങിയിട്ടുളളൂ. പ്രമേഹത്തിന് ചക്ക നല്ലതാണെങ്കില്‍ ചക്ക മരുന്നാണ്.
ചക്കപ്പുഴുക്ക് പ്രധാനഭക്ഷണമായി കഴിക്കുന്ന രണ്ട് രാജ്യങ്ങളാണ് ശ്രീലങ്കയും ഇന്ത്യയും. കേരളത്തിനു വെളിയില്‍ ചക്കപ്പുഴുക്ക് അത്ര പ്രിയമില്ല. അവരെക്കൊണ്ട് എങ്ങനെ ചക്ക കഴിപ്പിക്കാം എന്നാണ് പരീക്ഷിക്കേണ്ടതെന്ന് ഒരിക്കല്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞിട്ടുണ്ട്. രുചിയിലോ ടെക്‌സ്ചറിലോ മാറ്റമില്ലാതെ ചക്ക എങ്ങനെ ഭക്ഷണമാക്കാം എന്നതായിരുന്നു പിന്നത്തെ പരീക്ഷണം. തൈറോയ്ഡ് കൂടിയപ്പോള്‍ അയഡിന്‍ ഉപ്പില്‍ ചേര്‍ത്ത് രുചിക്കോ ടെക്‌സ്ചറിനോ മാറ്റം വരുത്താതെ വിപണിയില്‍ ഇറക്കി. ആരും എതിര്‍ത്തില്ലെന്നു മാത്രമല്ല പരക്കെ സ്വീകരിക്കുകയും ചെയ്തു. ഇത്തരമൊരു പരീക്ഷണവും സമീപനവുമാണ് ചക്കയില്‍ വേണ്ടത്. അതനുസരിച്ച്, ഇഡ്ഡലിയില്‍ ചക്ക ചേര്‍ക്കാമോ എന്ന് ഒരു ഷെഫിനോട് ചോദിച്ചു. ഷെഫ് ഉണക്കിയ ചക്ക പൊടിച്ചെടുത്തു. ഇഡ്ഡലി മാവിന്റെ മൂന്നിലൊന്ന് ചക്കപ്പൊടി ചേര്‍ത്ത് പാചകം ചെയ്തു. രുചിക്ക് വ്യത്യാസം ഉണ്ടായില്ല. ദോശ, ചപ്പാത്തി, പുട്ട്, അപ്പം തുടങ്ങി 30 ലധികം വിഭവങ്ങള്‍ ഈ രീതിയില്‍ പാകം ചെയ്തു. പിന്നീട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ചായി ചിന്ത. ഇന്ത്യയിലെയും വിദേശത്തെയും പാചകവിദഗ്ധരുമായി സഹകരിച്ച് ജാക്ക്ഫ്രൂട്ട് ഇഡിലി, ദോശ, പത്തിരി, പുട്ട്, ഉപ്പ്മാവ്, പൂരി, പൊറോട്ട, സമോസ, കട്‌ലറ്റ്, വട. തുടങ്ങി ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങളുടെ ഒരു വലിയ നിരയും തയ്യാറാക്കിയിട്ടുണ്ട്. ഇവയുടെ റെസിപ്പി ജാക്കഫ്രൂട്ട് 365 ന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആയുര്‍വേദം പറയുന്നത് 'മധ്യപക്വം ലവണാദിയുക്തം' എന്നാണ്. ഇടിച്ചക്കപ്രായം കഴിഞ്ഞ ചക്കയാണ് കൂടുതല്‍ കഴിക്കാവുന്നത്. വയറ് നിറയും വയറ് കുറയുകയും ചെയ്യും.
പച്ചച്ചക്കയില്‍ പഞ്ചസാരയുടെ അളവ് തീരെ കുറവായതും ശരീരം ആഗിരണംചെയ്യാത്ത നാര് അടങ്ങിയിട്ടുള്ളതുമാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. പക്ഷേ, ചക്കപ്പുഴുക്ക് ചപ്പാത്തിയോ ചോറോ കഴിക്കുന്നതിനു പകരം പ്രധാനഭക്ഷണമായി തന്നെയാണു കഴിക്കേണ്ടത്. നാരുകള്‍ അടങ്ങിയ ഭക്ഷണമാകയാല്‍ വയര്‍ നിറയും. ശോധന എളുപ്പമാകും. കുടല്‍ കഴുകി വൃത്തിയാക്കിയപോലാവും. അതോടൊപ്പം പഞ്ചസാരയിലും കുറവു വരും. പഴുത്ത ചക്കമാത്രമേ പ്രമേഹരോഗികള്‍ക്ക് വര്‍ജ്യമായിട്ടുള്ളൂവെന്ന് ആയുര്‍വേദ ഡോക്ടര്‍മാരും പറയുന്നു. ചക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ ഉപയോഗം കുറക്കാനാകുമെന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങളും പഠനങ്ങളും നിലവിലുണ്ട്. മാത്രമല്ല ഭാരം കുറക്കാനും ഇതു സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ ആയുസ്സ് പത്തു വര്‍ഷം കൂടുമെന്നു ചൊല്ലുണ്ട്. കാരണം, പ്ലാവുണ്ടെങ്കില്‍ വര്‍ഷത്തില്‍ രണ്ടുമാസം ചക്ക സുലഭം. ചക്കയും ചക്കകൊണ്ടുള്ള വിഭവങ്ങളും നിറയെ കഴിക്കുന്നു. നാരുകള്‍ മാത്രമല്ല ചക്കയിലുള്ളത്. പൊട്ടാസ്യം ഏറെയുണ്ട്-രക്താതിസമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ആഘാതങ്ങളില്‍ നിന്നും ചക്ക ശരീരത്തെ സംരക്ഷിക്കുന്നു.
നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന സമ്പൂര്‍ണ ഇനമാണ് ചക്ക. പ്രകൃതിയില്‍നിന്ന്് ചെലവില്ലാതെ ലഭിക്കുന്ന ഏക വിളയാണിത്. വാണിജ്യാടിസ്ഥാനത്തില്‍ത്തന്നെ പ്ലാവിന്‍തോട്ടങ്ങള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചു. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍നിന്ന് വിദേശത്തേക്ക് ചക്ക കയറ്റുമതി തുടങ്ങും. അതിനുമുമ്പ് നമ്മള്‍ ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകണം. ഇത്രയേറെ ചെലവില്ലാത്ത ഭക്ഷണം നമുക്ക് കഴിക്കാന്‍ കിട്ടുമ്പോഴാണ് ഭക്ഷണത്തിനായി വന്‍ തുക ചെലവഴിക്കുന്നത്.
കേരളത്തില്‍ ചക്ക കൃഷിചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കര്‍ഷകര്‍ക്ക് ചക്ക വളരെ വേഗത്തില്‍ തന്നെ വിപണിയില്‍ എത്തിക്കാനുളള സൗകര്യം ചെയ്തുകൊടുക്കണം. ചക്ക പറിക്കാനും അരിഞ്ഞ് വിപണിയില്‍ എത്തിക്കാനും ടെക്‌നിക്കല്‍ സംവിധാനം ഉണ്ടാക്കണം. അരിഞ്ഞ ചക്ക ഫ്രീസ് ചെയ്ത് ഫ്രോസന്‍ ആക്കിയാല്‍ രണ്ടുവര്‍ഷംവരെ കേടാകാതെ ഇരിക്കും. ഇതിന്റെ ന്യൂട്രീഷന്‍ വാല്യുവിലും മാറ്റം വരില്ല. ഒരുകിലോ ചക്കച്ചുള കിട്ടണമെങ്കില്‍ അഞ്ച് കിലോ ചക്ക വേണം. ചുള എടുത്തുകഴിഞ്ഞാല്‍ ബാക്കിഭാഗം പാഴാക്കിക്കളയുകയാണ് പതിവ്. ഇത് തെറ്റാണ്.
ചക്കയുടെ മേല്‍ഭാഗത്തെ മുളള് മാറ്റിയാല്‍ ബാക്കി ഭാഗം മുഴുവനും ഉപയോഗിക്കാവുന്നതാണ്. വിവിധതരത്തിലുളള ഉല്പന്നങ്ങളാക്കി ഇവ മാറ്റാം. ചക്കമടല്‍ ബയോഗ്യാസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം. അങ്ങനെവന്നാല്‍ ചക്കയില്‍ പാഴ്‌വസ്തുവായി ഒന്നും അവശേഷിക്കുന്നില്ല. ഇന്ന് ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ചക്കയ്ക്ക് ഇന്ന് ആവശ്യക്കാര്‍ കൂടിവരുകയാണ്. ചക്കയുടെ വിപണിമൂല്യം കൂടിവരുന്നു. ദരിദ്രരുടെയും താഴെത്തട്ടിലുളളവരുടെയും ഭക്ഷണമാണ് ചക്ക എന്ന അന്ധമായ ചിന്താഗതി മലയാളിയില്‍ ഉണ്ടായതാണ് ചക്കയുടെ വിലയിടിച്ചത്.
ജയിംസ് ജോസഫ്
ജാക്ക്ഫ്രൂട്ട് 365 സ്ഥാപകന്‍
English Summary: jackfruit medicine and benefits for health
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments