Features

ജേക്കബിന്റെ ജൈവക്യഷിത്തോട്ടം

Jacob caring his coffee plants
Jacob caring his coffee plants

ജേക്കബിന്റെ ജൈവക്യഷിത്തോട്ടം

തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍, ക്യഷി അസ്സിസ്റ്റന്റ്, ക്യഷിഭവന്‍ കൂടരഞ്ഞി, കോഴിക്കോട്
9946892064 (വാട്ട്‌സ്ആപ്പ്)
കാറ്ററിംഗ് ഇവന്റ് മനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോട് കൂടരഞ്ഞി മംഗലത്തില്‍ ജേക്കബ് മാത്യു ഇന്ന് പുതിയൊരു ദൗത്യത്തിലാണ്. പുതിയ തലമുറ താല്പര്യം കാണിക്കാത്തതും എന്നാല്‍ നമ്മുടെ ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതുമായ ക്യഷിയിലേക്ക് അതും മണ്ണിന് ദോഷകരമാകാത്തതും മണ്ണിന് പുതുജീവന്‍ നല്‍കുന്നതുമായ ജൈവക്യഷിയിലേക്ക് നിലവിലുള്ള കര്‍ഷകരേയും പുതുതലമുറ കര്‍ഷകരേയും ആക്യഷ്ടരാക്കുക എന്ന ദൗത്യമാണ് സ്വയം ഏറ്റെടുത്തിരിക്കുന്നത്. അതിനായി കൂടരഞ്ഞിയില്‍ വീടിനോട് ചേര്‍ന്ന സ്വന്തം ക്യഷിയിടം ജൈവ ക്യഷിത്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് ഈ യുവ കര്‍ഷകന്‍. ജൈവ ക്യഷിയില്‍ മാത്യക തീര്‍ക്കുക എന്ന ദൗത്യവും അതോടൊപ്പം ജൈവ ക്യഷി വിജയിപ്പിക്കുക എന്ന പരീക്ഷണവും അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇവന്റ് മാനെജ്‌മെന്റ് രംഗത്തുള്ള ജേക്കബ് അതിനും എത്രയൊ വര്‍ഷം മുന്‍പ് ആരംഭിച്ച ക്യഷിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ജൈവ ക്യഷി രീതികള്‍ പ്രയോഗിക്കുകയാണ്. വര്‍ഷങ്ങളായുള്ള ക്യഷിയില്‍ വിളകള്‍ക്ക് വിളവ് കുറഞ്ഞത് ക്യഷിരീതിയില്‍ മാറ്റം വരുത്തുന്നതിന് പ്രേരിപ്പിച്ചു. അമിതമായ രാസവളപ്രയോഗവും രാസ കീടനാശിനി പ്രയോഗവും മണ്ണിന്റെ ജീവന്‍ നഷ്ടപ്പെടുത്തി എന്ന തിരിച്ചറിവ് ഈ യുവാവിനുണ്ടായി. അവിടെത്തുടങ്ങി മണ്ണിന് ജീവന്‍ നല്‍കുന്ന ക്യഷിയ്ക്കായുളള അന്വേഷണം.
പലേക്കറിന്റെ ചെലവില്ലാക്ക്യഷി മുതല്‍ ഫുക്കുവോക്കയുടെ ക്യഷിരീതികളടക്കം നിരവധി ജൈവക്യഷിരീതികള്‍ പഠിക്കുന്നതിന് പരിശ്രമിച്ചു. ഇതിനായി വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുത്തു. മികച്ച ജൈവക്യഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. ഇതോടൊപ്പം തന്നെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയുടെ ജൈവക്യഷിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്ത് അതിന്റെ ശാസ്ത്രീയ വശങ്ങളുടെ പഠനവും നടത്തുന്നു.
ആരുടേയും കീഴിലല്ലാതെ നേരായമാര്‍ഗ്ഗത്തില്‍ ഉപജീവനം നടത്തുന്നതിനുള്ള വക നല്‍കുന്ന ഒന്നാണ് ക്യഷി എന്ന ബോധ്യവും ക്യഷിയിലേക്ക് ശ്രദ്ധപതിപ്പിക്കുന്നതിന് കാരണമായി കരുതുന്ന ജേക്കബ് ഇന്ന് തന്റെ ക്യഷിയിടത്തില്‍ രാസവളപ്രയോഗം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. പൂര്‍ണമായും ഒരു ജൈവ ക്യഷിരീതി മാത്രം പിന്തുടരാതെ വിവിധ ക്യഷിരീതികള്‍ സംയോജിപ്പിച്ചാണ് ഇദ്ദേഹംക്യഷി ചെയ്യുന്നത്. അഞ്ചേക്കര്‍ പുരയിടം ഇന്ന് തികച്ചും ഒരു മികച്ച ജൈവക്യഷിത്തോട്ടമാണെന്ന് പറയാം.
jacob near robusta plantain
jacob near robusta plantain
സരോര്‍ജ്ജമാണ് മണ്ണിന്റെ വളക്കൂറ്
അഞ്ചേക്കറിനടുത്ത് വരുന്ന ക്യഷിയിടത്തില്‍ വീടിന് താഴ്ഭാഗത്തുള്ള ഒന്നരയേക്കര്‍ ക്യഷിയിടം ജൈവക്യഷി പരീക്ഷണശാലയാണെന്ന് പറയാം. ഇവിടെ നേരത്തെ തന്നെ ക്യഷി ചെയ്തു വന്നിരുന്ന തെങ്ങ്, രോഗബാധയില്ലാത്ത കവുങ്ങ്, ജാതി എന്നിവ നില നിര്‍ത്തി. പുതുതായി കുരുമുളക് കൊടികള്‍, ഇന്റര്‍സെ മംഗള കവുങ്ങുകള്‍, കാപ്പി എന്നിവ ക്യഷി ചെയ്തു തുടങ്ങി. വിളകളുടെ ഈ തെരഞ്ഞെടുപ്പ് സൗരോര്‍ജ്ജമാണ് മണ്ണിന്റെ വളക്കൂറ് എന്ന സത്യം മനസ്സിലാക്കിയാണ്. സൂര്യപ്രകാശം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ പലതട്ടില്‍ വിളകള്‍ വരുന്ന രീതിയില്‍ ക്രമപ്പെടുത്തിയാണ് ഇവിടെ ക്യഷി ചെയ്യുന്നതിനായി ഈ വിളകള്‍ തെരഞ്ഞെടുത്തത്.
Jacob in his polyhouse
Jacob in his polyhouse
വിളകളുടെ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍
മംഗലാപുരത്ത് മികച്ച തോട്ടത്തില്‍ നിന്നുള്ള അടയ്ക്കയാണ് തൈകളുണ്ടാക്കുന്നതിനായി കൊണ്ടു വന്നത്. അഞ്ഞൂറിനടുത്ത് കവുങ്ങുകള്‍ ഇപ്പോഴിവിടെ ഉണ്ട്. റ്റി ഇന്റു ആര്‍ കാപ്പി തമിഴ്‌നാട്ടില്‍ നിന്നും തൈകളായി വാങ്ങി നട്ടു. അഞ്ഞൂറ് കാപ്പി തൈകള്‍ ഇപ്പോഴുണ്ട്. എഴുന്നൂറോളം കുരുമുളക് കൊടികളാണ് ഇവിടെ ഇപ്പോള്‍ ക്യഷി ചെയ്യുന്നത്. കിളിഞ്ഞില്‍ മരം താങ്ങുമരമായുള്ള ഈ ക്യഷിയില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള പൗര്‍ണമി, പഞ്ചമി, ശ്രീകര, ശുഭകര, തേവം മുതലായവയും കോഴിക്കോട് അടയ്ക്ക സുഗന്ധ വിള ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭിച്ച വിജയ് ഇനവുമാണ് ക്യഷി ചെയ്തിരിക്കുന്നത്.
Jacob and his wife Reeja  at their pepper plantation
Jacob and his wife Reeja at their pepper plantation
ശാസ്ത്രീയമായ രീതിയില്‍ വിളകളുടെ വിന്യാസം
സൗരോര്‍ജ്ജം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ പലതട്ടുകളായുള്ള ക്യഷിക്ക് പുറമേ വിളകളുടെ അകലത്തിലും ശാസ്ത്രീയമായ രീതി സ്വീകരിക്കുന്നുണ്ട്. ഒരേ വിളകള്‍ തമ്മില്‍ പത്തടി അകലവും വിളകള്‍ തമ്മില്‍ അഞ്ചടി അകലവും പാലിച്ചാണ് ക്യഷി.
Coffee
Coffee
പുതയിടീല്‍ പ്രധാനം
ജൈവക്യഷിയില്‍ പുതയിടീലിന് പ്രാധാന്യമുണ്ട് .വിളകളുടെ അവശിഷ്ടങ്ങള്‍ ,ചകിരി മുതലായവയാണ് പുതയിടീലിന് ഉപയോഗിക്കുക. തെങ്ങിന്‍ ചുവട്ടില്‍ ചകിരിയും മടല്‍ പോലെയുള്ള അവശിഷ്ടങ്ങളും പുതയായി ഇടുന്നു .ഇതിലൂടെ തെങ്ങിന്‍ തടം ജൈവസമ്പുഷ്ടമായി മാറുന്നു. കൊടിക്ക് താങ്ങുമരമായുള്ള കിളിഞ്ഞില്‍ മരത്തിന്റെ ചവറാണ് വെട്ടിയിടുന്നത്. വളരെ പെട്ടെന്ന് തന്നെ കിളിര്‍ത്തു വരുന്നതിനാല്‍ കിളിഞ്ഞില്‍ മരത്തിന്റെ ചവര്‍ യഥേഷ്ടം ചെടിക്ക് വളമായി മാറുന്നു. മ്യഗങ്ങളുടെ കാഷ്ഠങ്ങള്‍ വളമായി ഉപയോഗിക്കുന്നു. വിളകളുടെ ചുവട്ടില്‍ കോഴിക്കാഷ്ഠം ആട്ടിന്‍ കാഷ്ഠം എന്നിവയാണ് വളമായി പ്രയോഗിക്കുന്നത്.
ജീവാമ്യതം മണ്ണിന് ജീവന്‍ നല്‍കുന്നു
മൂന്ന് കാസര്‍കോടന്‍ കുളളന്‍ പശുക്കളേയും ഒരു കിടാവിനേയും ഇവിടെ വളര്‍ത്തുന്നുണ്ട്. നാടന്‍ പശുക്കളാണ് ജൈവക്യഷിയ്ക്ക് ഏറ്റവും അനുയോജ്യം എന്നു മനസ്സിലാക്കി വടകരയില്‍ നിന്ന് ഈ പശുക്കളെ വാങ്ങുകയായിരുന്നു. ഇവയുടെ ചാണകം ജീവാമ്യതം തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നു.
Jeevamrutham preparation
Jeevamrutham preparation
ജീവാമ്യതം തയ്യാറാക്കുന്ന വിധം
ആവശ്യമായ സാധനങ്ങള്‍
200 ലിറ്ററിന് മുകളില്‍ കൊള്ളുന്ന ബാരല്‍
നാടന്‍ പശുവിന്റെ പച്ചചാണകം - 10 കിലോ
നാടന്‍ പശുവിന്റെ ഗോമൂത്രം - 10 ലിറ്റര്‍
ശര്‍ക്കര/പഴം - 1 കിലോ
പയറുപൊടി (രണ്ട് പരിപ്പ് വരുന്ന പയര്‍ വര്‍ഗ്ഗ വിളയുടെ) - 1 കിലോ
വിവിധയിനം പിണ്ണാക്ക് (ഏതെങ്കിലും അല്ലെങ്കില്‍ മിശ്രിതമായോ) - 1കിലോ
1 പിടി മണ്ണ് (രാസവളമിടാത്ത ജൈവ സമ്പുഷ്ടമായ മണ്ണ്)
ഉണ്ടാക്കുന്ന വിധം
മുകളില്‍ പറഞ്ഞ സാധങ്ങള്‍ ബാരലിലേക്ക് ഇട്ട് അതിലേക്ക് 200 ലിറ്റര്‍ വെള്ളം ഒഴിക്കുക. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും 2 മിനിട്ട് ഇളക്കുക. 4 ദിവസം ഇങ്ങനെ ചെയ്യുക .പുളിപ്പ് മാറുന്നതിനനുസരിച്ച് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.
ഇങ്ങനെ നേര്‍പ്പിച്ച ജീവാമ്യതം ചെടിയുടെ ചുവട്ടില്‍ നേരിട്ടും സ്പ്രിംഗ്ലര്‍ മുഖേനയും പ്രയോഗിക്കുന്നു. ജീവാമ്യതം പ്രയോഗിച്ച വിളകളില്‍ വേനല്‍ക്കാലത്ത് ക്ഷീണം നേരിട്ടിട്ടില്ല എന്നത് സാക്ഷ്യപ്പെടുത്തുന്ന ഇദ്ദേഹം ഈ വളപ്രയോഗം വിളകളെ രോഗ ബാധകളില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും അനുഭവത്തിലൂടെ പറയുന്നു.
സംയോജിതക്ക്യഷിയിടം
സമ്മിശ്ര ക്യഷിരീതികള്‍ പിന്തുടരുന്ന ഈ കര്‍ഷകന്‍ കുള്ളന്‍ പശുക്കള്‍ക്ക് പുറമേ നാടന്‍ കോഴികള്‍, കരിങ്കോഴികള്‍, മുയല്‍, തേനീച്ചക്ക്യഷി, മത്സ്യക്ക്യഷി എന്നിവ ചെയ്യുന്നുണ്ട്. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും അനുവദിച്ച മഴമറയില്‍ പന്ത്രണ്ട് മാസവും പച്ചക്കറിക്യഷിയുണ്ട്. അതോടൊപ്പം ഇടവിളയായി വാഴ, ഇഞ്ചി, മഞ്ഞള്‍, ചേന മുതലായവയും ഫലവര്‍ഗ്ഗങ്ങളും വീടിനു മുകള്‍ ഭാഗത്ത് ഒരേക്കര്‍ സ്ഥലത്ത് കൊക്കോക്ക്യഷിയും ചെയ്തു വരുന്നു. ഈ ക്യഷിയിടത്തില്‍ സംയോജിത ക്യഷിരീതികള്‍ പിന്തുടരുന്നതിനാല്‍ 'ആത്മ' പദ്ധതിയില്‍ സംയോജിതക്യഷിത്തോട്ടമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പിന്തുണയുമായി കുടുംബം
കര്‍ഷക കുടുംബത്തില്‍ ജനിച്ച സഹധര്‍മ്മിണി റീജ ക്യഷിയില്‍ എല്ലാ ഘട്ടത്തിലും സഹായത്തിനുളളത് ഇദ്ദേഹത്തിന് താന്‍ തെരഞ്ഞെടുത്ത വഴിയില്‍ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മെല്‍വില്‍, ഹാലില്‍, ഇവ്‌ലില്‍ എന്നിവരാണ് ഇവരുടെ മക്കള്‍. ക്യഷിയില്‍ ഇങ്ങനെ തുടരുന്നതിന് ഏറ്റവും മാത്യകയും പ്രചോദനവുമായി ജേക്കബ് കാണുന്നത് കായികാധ്യപകനായി റിട്ടയര്‍ ചെയ്ത മികച്ച ക്യഷി മാത്യക കാണിച്ചു തരുന്ന പിതാവ് മാത്യു മംഗലത്തിനെയാണ് . മാതാവായ റോസമ്മയും സഹോദരന്‍ ജോഷിയും പ്രോത്സാഹനം നല്‍കുന്നു.
ജേക്കബ് മാത്യു മംഗലത്തില്‍: 9656041090

English Summary: Jacob's Organic farm

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds