മണൽത്തിട്ട വനമാക്കിയ 'ജാദവ് പായേങ്ങ്' എന്ന അത്ഭുത മനുഷ്യൻ
ചില കാഴ്ചകൾക്ക് മനുഷ്യരുടെ ജീവിതം തന്നെ മാറ്റാനുള്ള കഴിവുണ്ട്. ഒരു വലിയ മണൽത്തിട്ടയിൽ നൂറുകണക്കിന് പാമ്പുകൾ ചത്ത് കിടക്കുന്നത് കണ്ടതോടെയാണ് 'ജാദവ് പായേങ്ങ്' തന്റെ ജീവിതം പ്രകൃതിക്ക് വേണ്ടി മാറ്റിവയ്ക്കാൻ തീരുമാനിക്കുന്നത്. വെള്ളപ്പൊക്കത്തിൽ മണൽത്തിട്ടയിൽ അകപ്പെട്ട പാമ്പുകൾ മണൽത്തിട്ടയിൽ തണലും ഭക്ഷണവുമില്ലാതെ ചാവുകയായിരുന്നു. അവിടെ മരങ്ങളുണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്ന ചിന്തയിൽ നിന്നാണ് ജാദവ് എന്ന പ്രകൃതി സ്നേഹിയുടെ യാത്ര തുടരുന്നത്. പിന്നീട് വർഷങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ നിരവധി സ്ഥലങ്ങൾ വനമാക്കിയതോടെ അദ്ദേഹത്തെ രാജ്യം വനമനുഷ്യൻ എന്ന വിളിപ്പേര് നൽകി. കൂടാതെ ബ്രഹ്മപുത്ര നദിക്കരയിലെ ഒരു മണൽത്തിട്ട വലിയ വനമാക്കി മാറ്റിയതോടെ പത്മശ്രീ പുരസ്കാരവും ജാദവിനെ തേടിയെത്തി. തീർന്നില്ല അദ്ദേഹത്തിന്റെ ജീവിതം കടൽക്കടന്ന് അങ്ങ് അമേരിക്കയിലെ കണക്ടികറ്റിലുള്ള ഗ്രീൻ ഹിൽ സ്കൂളിലെ പുസ്തകങ്ങളിലുമെത്തി.
ജാദവിന്റെ ജീവിതം
അസമിലെ മജൂലി ദ്വീപിലുള്ള മിഷിങ് ഗോത്രത്തിലെ ലഖിറാമിന്റെയും അഫൂലിയുടെയും 13 മക്കളിൽ മൂന്നാമത്തെ കുട്ടിയായാണ് ജാദവിന്റെ ജനനം. 'മോലൈ' എന്നാണ് അദ്ദേഹത്തെ ഗോത്രവാസികൾ വിളിച്ചിരുന്നത്. പാമ്പുകൾ ചത്തുകിടക്കുന്ന കാഴ്ച ആ കൊച്ചുബാലനെ ചിന്തിപ്പിക്കാനും മരങ്ങൾ നടണമെന്ന ദൃഢപ്രതജ്ഞയെടുക്കാനും പ്രേരിപ്പിച്ചു. അങ്ങനെ 16-ാം വയസ്സിൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റലും വലിയ നദീ ദ്വീപായ 'മജൂലി' വനമാക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്തു. തുടക്കത്തിൽ വിരലിലെണ്ണാവുന്ന മുളച്ചെടികളുടെ തൈകളും കുറച്ചു വിത്തുകളും മണൽത്തിട്ടയിൽ നട്ടു. വളക്കൂറുളള മണ്ണിൽ അവ വളർന്നതോടെ കൗമാരക്കാരന് ഉത്സാഹമായി. ഒട്ടേറെ മരങ്ങളുടെ വിത്തുകളും തൈകളും അദ്ദേഹം ഇവിടെ നടാൻ തുടങ്ങി.
അതിരാവിലെ ഉണര്‍ന്ന് വഞ്ചിയുമായി നദി കടന്ന് മണൽത്തിട്ടയിലെത്തിയാണ് ജാദവ് വനപരിപാലനം നടത്തിയിരുന്നത്. പതിയെ പതിയെ മണൽത്തിട്ട വലിയൊരു കാടായി. വനത്തിൽ അഞ്ച് ബംഗാൾ കടുവകൾക്കും നൂറുകണക്കിന് മാനുകൾക്കും വിവിധ തരം പക്ഷികൾക്കും ചേക്കാറാനുള്ള വീടായി. ജാദവിനോടുള്ള ആദരസൂചകമായി ഈ വനത്തിനെ "മോലൈ വനം" എന്നാണ് നാട്ടുകാർ വിളിക്കുന്നത്. വനത്തിൽ നൂറോളം ആനകൾ വിരുന്നെത്തിയതോടെ ജാദവ് പ്രശ്തിയിലേക്ക് ഉയർന്നു. തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാല അദ്ദേഹത്തിന് "ഇന്ത്യയുടെ വനമനുഷ്യൻ" എന്ന ബഹുമതി നൽകി.
ഇന്ന് ഏകദേശം 2,500 ഏക്കർ വിസ്തീർണ്ണമുള്ള ഒരു സ്ഥലമാണ് മുളൈ റിസർവ്. എന്നാൽ എല്ലാ വർഷവും മഴക്കാലത്ത് നദിയുടെ സംഹാരം വനത്തെ സാരമായി ബാധിക്കുന്നുണ്ട്. തെങ്ങുകൾ നട്ടുപിടിപ്പിച്ച് ദ്വീപിനെ മണ്ണൊലിപ്പിൽ നിന്ന് രക്ഷിക്കുവാനും അടുത്തടുത്ത് ഒരുമിച്ച് മരങ്ങൾ നട്ട് മണ്ണിനെ സംരക്ഷിക്കുവാനും അദ്ദേഹത്തിന് പ്രായോഗിക ആശയങ്ങളുണ്ട്. വനം ഇടതൂർന്നപ്പോൾ നിവാസികളുടെ എണ്ണവും വർധിച്ചു. താമസിയാതെ, കാട്ടിൽ നൂറുകണക്കിന് ഇനം പക്ഷികൾ, മാൻ, കാണ്ടാമൃഗങ്ങൾ, കടുവകൾ എന്നിവയാൽ നിറഞ്ഞു.
കൂടാതെ വർഷത്തിൽ മൂന്ന് മാസം തന്റെ കാട്ടിലേക്ക് അലഞ്ഞുതിരിയുന്ന ആനക്കൂട്ടങ്ങളും എത്തി. 2007 ലാണ് ജാദവിന്റെ ജീവിതം പുറംലോകം അറിയുന്നത്. ഒരു ഫോട്ടോ ജേണലിസ്റ്റ് ജാദവിനെക്കുറിച്ച് ലേഖനം എഴുതിയതോടെ താമസിയാതെ അദ്ദേഹം ഇന്ത്യൻ സർക്കാരിന്റെയും പിന്നീട് ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റി.
ജാദവിന്റെ കഥ 'ജാദവ് ആൻഡ് ട്രീ പ്ലേസ്' എന്ന കുട്ടികളുടെ പുസ്തകത്തിനും പ്രചോദനമായി. ഈ പുസ്തകത്തിൽ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ ഒരു വനം എങ്ങനെ നിർമ്മിച്ചു എന്നതിന്റെ കഥ പറയുന്നു. അവാർഡ് നേടിയ ഡോക്യുമെന്ററികൾക്ക് അദ്ദേഹം വിഷയമായിട്ടുണ്ട്. ലോകത്ത് നിന്ന് നിരവധി പേരാണ് ജാദവിന്റെ വനം കാണാൻ വേണ്ടി എത്തുന്നത്.
ഫ്രാൻസിലെ എവിയനിൽ പരിസ്ഥിതി സംബന്ധിച്ച് നടന്ന രാജ്യാന്തര ഉച്ചകോടിയിലും ജാദവ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഈ പ്രകൃതി സ്നേഹിയെ അലട്ടുന്ന പ്രധാന പ്രശ്നം മനുഷ്യന്റെ അത്യാർത്ഥിയാണ്. സാമ്പത്തിക നേട്ടത്തിനായി സസ്യജന്തുജാലങ്ങളെ മനുഷ്യൻ അത്യാഗ്രഹത്തിന് ഇരയാക്കുന്നു. പ്രകൃതിയെ ബഹുമാനിക്കുകായാണ് നമ്മുടെ നിലനിൽപ്പിന് പ്രധാനമെന്ന് മനുഷ്യർ മനസ്സിലാക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിഷമം.
English Summary: Jadav Payeng, a wonderful man who made a forest of sand dunes
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments