Features
കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)
കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)
മത്സ്യമേഖലയില്‍ കടലിലേയും ഉള്‍നാടന്‍ ജലാശയങ്ങളിലേയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും വികസനവും വിനിയോഗവും പരിസ്ഥിതി സൗഹൃദപരമായി നടപ്പിലാക്കി മത്സ്യോത്പ്പാദനം വര്‍ദ്ധിപ്പിക്കുക,മത്സ്യകൃഷിയില്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ഉത്പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക,മൂല്യവര്‍ദ്ധനവ് നടത്തി വിളവിന് പരമാവധി വില ലഭ്യമാക്കുക,മത്സ്യകര്‍ഷകരുടെ ആളോഹരി വരുമാനം ഇരട്ടിയാക്കുക, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാമൂഹ്യ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളാണ് കേരള ഫിഷറീസ് നയത്തിന്റെ കാതല്‍
കേരളത്തിന്റെ ജലസമ്പത്ത്
കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ മത്സ്യമേഖല വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും വൈവിധ്യമാര്‍ന്ന ജലസ്രോതസുകള്‍ കൊണ്ടും അനുഗ്രഹീതമാണ് കേരളം. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍തീരവും 39,139 ചതുരശ്രകിലോമീറ്റര്‍ വരുന്ന കോണ്ടിനെന്റല്‍ ഷെല്‍ഫും 2,18,536 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രത്യേക സാമ്പത്തിക മേഖലയും 53 കായലുകളും 44 നദികളും നിരവധി തണ്ണീര്‍തടങ്ങളും സംസ്ഥാനത്തിന് സ്വന്തമായുണ്ട്. നമ്മുടെ മത്സ്യബന്ധനത്തിന്റെ 72 ശതമാനവും ലഭിക്കുന്നത് സമുദ്രത്തില്‍ നിന്നാണ്.ദേശീയതലത്തില്‍ ഇത് 40 ശതമാനത്തില്‍ താഴെയാണ്
മലയാളിയും മത്സ്യവും
മാംസ്യപ്രധാനമായ ഭക്ഷണ സംസ്‌ക്കാരത്തിനുടമകളായ മലയാളികളുടെ രുചിപ്പെരുമകളില്‍ മത്സ്യത്തിന് ഒരു നിര്‍ണ്ണായക സ്ഥാനമാണുള്ളത്. മലയാളിക്ക് ആവശ്യമായ പോഷകം ലഭ്യമാക്കുന്നതിലും മത്സ്യങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് 70-75 ശതമാനം ജന്തുജന്യ പ്രോട്ടീനും ലഭിക്കുന്നത് മത്സ്യാഹാരത്തില്‍ നിന്നാണ്. കേരളത്തിലെ ഗ്രാമങ്ങളില്‍ ആയിരത്തില്‍ 829 കുടുംബങ്ങളും നഗരങ്ങളില്‍ 812 കുടുംബങ്ങളും മത്സ്യം ഭക്ഷിക്കുന്നവരാണ് എന്ന് ദേശീയ ഉപഭോക്തൃ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ വികസനം(Sustainable Development of fisheries Sector) ആരോഗ്യമുളള സമൂഹത്തെ നിലനിര്‍ത്താന്‍ അനിവാര്യമാണെന്നു കാണാം
മത്സ്യരംഗത്ത് കേരളം
പരമ്പരാഗതമായി കേരളം സമുദ്രമത്സ്യ(Sea fish) ഉപഭോഗ സംസ്ഥാനമാണ്. അടുത്തകാലം വരെ സമുദ്രമത്സ്യ രംഗത്ത് കേരളം ഒന്നാമതായിരുന്നു. എന്നാല്‍ ഇപ്പോള്‍ പശ്ചിമ ബംഗാള്‍,ആന്ധ്രാപ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് കേരളം. എന്നാല്‍ കേരളം തീരെ ശ്രദ്ധിക്കാതിരുന്ന ജലകൃഷി മേഖലയില്‍ നാമിപ്പോള്‍ ഏറെ മുന്നിലെത്തിയിട്ടുണ്ട്. കേരളത്തില്‍ 222 കടലോര മത്സ്യഗ്രാമങ്ങളും 113 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുമാണുള്ളത്. ഇവിടെ അധിവസിക്കുന്ന 10.29 ലക്ഷം ജനങ്ങളുടെ മുഖ്യ ഉപജീവന മാര്‍ഗ്ഗവും മത്സ്യബന്ധനമാണ് താനും. സംസ്ഥാന ജനസംഖ്യയുടെ 3.08 ശതമാനം വരും ഈ സമൂഹം എന്ന് കണക്കാക്കുന്നു. സംസ്ഥാനത്ത് 1.86 ലക്ഷം സജീവ മത്സ്യത്തൊഴിലാളികളുണ്ട്. കൂടാതെ 1.64 ലക്ഷം പേര്‍ അനുബന്ധ മേഖലകളായ മത്സ്യസംസ്‌ക്കരണം,വിപണനം,വിതരണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ഇവരുടെ സാമ്പത്തിക-സാമൂഹിക ഉന്നമനത്തിനായി 749 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
മത്സ്യകയറ്റുമതി
2006-07 കാലയളവില്‍ 5.98 ലക്ഷം ടണ്‍ ഉണ്ടായിരുന്ന മത്സ്യഉത്പ്പാദനം 2016-17 ല്‍ 5.23 ലക്ഷം ടണ്ണായി കുത്തനെ കുറഞ്ഞു. എങ്കിലും യന്ത്രവത്കൃത മത്സ്യബന്ധനം(Mechanised fishing) ,മത്സ്യസംസ്‌ക്കരണ(Fish processig) മേഖലയിലെ ആധുനിക വത്ക്കരണം എന്നിവ മത്സ്യമേഖലയെ കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഒരു വ്യവസായമായി വളരാന്‍ സഹായിച്ചിട്ടുണ്ട്. 2016-17 കാലത്ത് സംസ്ഥാനം 1591.41 മെട്രിക് ടണ്‍ സമുദ്രോത്പ്പന്നങ്ങള്‍ 90 രാജ്യങ്ങളിലേക്കായി കയറ്റുമതി ചെയ്തു. 5008.54 കോടി രൂപയാണ് വരുമാനം നേടിയത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പ്പാദനത്തില്‍ (GDP) മത്സ്യമേഖലയുടെ സംഭാവന 7086.32 കോടി രൂപയാണ്. ഇത് സംസ്ഥാന ആഭ്യന്തര ഉത്പ്പാദനത്തിന്റെ 1.36 ശതമാനവും (സ്ഥിരവില/Constant price) പ്രാഥമിക മേഖലയുടെ 11.39 ശതമാനവുമാണ്
കേരളത്തിന്റെ പരിമിതികള്‍(Kerala's constraints in fisheries sector )
യന്ത്രവത്ക്കരണത്തിലൂടെ മത്സ്യബന്ധന മേഖല വലിയ വളര്‍ച്ച കൈവരിച്ചെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിശീര്‍ഷ മത്സ്യലഭ്യത 1500 കിലോഗ്രാം മാത്രമാണ്. മത്സ്യസമ്പത്തിന്റെ അനിയന്ത്രിതമായ ചൂഷണത്തിന്റെ ഫലമായി മത്സ്യലഭ്യതയിലുണ്ടായ ശോഷണം മത്സ്യബന്ധനത്തില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറച്ചു. മത്സ്യലഭ്യതയിലെ കുറവും കുറഞ്ഞ തീരദേശ വിലയും ( Beach Price) തൊഴില്‍ ദിനങ്ങളിലെ കുറവും വര്‍ദ്ധിച്ച ഇന്ധനച്ചിലവും മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയെ പിറകോട്ടടിക്കുന്ന ഘടകങ്ങളാണ്. മൊത്തം മത്സ്യത്തൊഴിലാളികളില്‍ 20 ശതമാനത്തിന് മാത്രമാണ് സ്വന്തമായി മത്സ്യബന്ധന ഉപകരണങ്ങളുള്ളത്. മറ്റുള്ളവര്‍ ഉപകരണങ്ങള്‍ക്കായി ഇടനിലക്കാരെ ആശ്രയിക്കുന്നു. ഇതൊരു വലിയ പരിമിതിയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ചില പരിഷ്‌ക്കാരങ്ങളും മത്സ്യമേഖലയ്ക്ക് ദോഷകരമാണ്. സംസ്ഥാനത്തിന് അര്‍ഹമായ മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചതും ഇന്ധനവിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ദ്ധനവും ദോഷം ചെയ്യുന്നു. വിദേശ മത്സ്യബന്ധന കപ്പലുകള്‍ മത്സ്യസമ്പത്ത് അമിതമായി ചൂഷണം ചെയ്യുന്നതും മറ്റൊരു വെല്ലുവിളിയാണ്
പുത്തന്‍ വെല്ലുവിളികള്‍(New challenges in fisheries sector)
തീരപ്രദേശങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റം,തീരദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാസസ്ഥലങ്ങള്‍ക്കും ഏല്‍ക്കുന്ന ആഘാതങ്ങള്‍, കാലവസ്ഥ വ്യതിയാനം എന്നിവ പുത്തന്‍ വെല്ലുവിളികളാണ്. ഇതെല്ലാംതന്നെ മത്സ്യആവാസവ്യവസ്ഥയെയും അതിലെ ജൈവഭൗതിക ഘടകങ്ങളെയും ഗൗരവമായി സ്വാധീനിക്കുന്നുണ്ട്. ആഗോള താപനിലയിലെ വര്‍ദ്ധനവ് മൂലം സമുദ്രനിരപ്പിലുണ്ടാകുന്ന ഉയര്‍ച്ച,വേലിയേറ്റം,വേലിയിറക്കം,കാറ്റ്,ഭൂമിയുടെ ഉപരിതലം,ചരിവ് എന്നിവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഒക്കെയും മത്സ്യവ്യാപനത്തെയും അവയുടെ ദേശാന്തരഗമനത്തെയും(migration) വലിയതോതില്‍ സ്വാധീനിക്കുന്നു
ശാസ്ത്രീയമായ ഇടപെടലുകള്‍ (Scientific Approach)
ശാസ്ത്ര സാങ്കേതിക രംഗത്ത് ഉയര്‍ന്നു വരുന്ന കണ്ടുപിടുത്തങ്ങളെ വേണ്ടവിധം ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുകയാണ് ഏറ്റവും അനിവാര്യം. ഉത്പ്പാദനവും ഉത്പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാനും മൂല്യവര്‍ദ്ധനവ് വഴി വിളവിന് പരമാവധി വില ലഭ്യമാക്കുവാനും അതുവഴി വരുമാനം വര്‍ദ്ധിപ്പിക്കുവാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണ സ്ഥാപനങ്ങളുടെ(Research Institutes in Fisheries ) സഹായത്താലുള്ള പരിശീലന പരിപാടികളിലൂടെ ഉദ്യോഗസ്ഥരെയും മത്സ്യകൃഷിക്കാരെയും ശാക്തീകരിക്കുക, കടലുമായി ബന്ധപ്പെട്ട ദൈനംദിന പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മാസ്റ്റര്‍ കണ്‍ട്രോള്‍ സിസ്റ്റം (Master Control system) ഏര്‍പ്പെടുത്തുക, മത്സ്യവ്യവസായത്തില്‍ ആധുനിക പാക്കേജിംഗ്( Modern packaging) ഏര്‍പ്പെടുത്തുക എന്നിവയും ലക്ഷ്യങ്ങളാണ്
മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ( Protection of fisher folk)
മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ഉത്പ്പന്നത്തിന് വില നിശ്ചയിക്കാനും സ്വതന്ത്ര വില്‍പ്പന നടത്താനുമുളള അവകാശം ഉറപ്പുവരുത്തും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തും. തൊഴിലാളികളുടെ തൊഴില്‍ വേളയിലുണ്ടാകുന്ന അപകടം പരമാവധി കുറയ്ക്കാന്‍ ജീവന്‍ സുരക്ഷ ഏര്‍പ്പെടുത്തുക,ജീവനോപാധികള്‍ക്കും അടിസ്ഥാന സൗകര്യവികസനത്തിനും സഹായം നല്‍കുക, പ്രകൃതിക്ഷോഭം മൂലം മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുക,പ്രകൃതിക്ഷോഭം മൂലം മത്സ്യകൃഷിക്കുണ്ടാകുന്ന നഷ്ടം പരിഹരിച്ച് അവ പുനരുജ്ജീവിപ്പിക്കുക,മത്സ്യഭവനുകള്‍ വഴിയുള്ള മത്സ്യവിജ്ഞാന വ്യാപന സേവനങ്ങള്‍ ശക്തിപ്പെടുത്തി മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന്‍ ഇ-ഗവര്‍ണ്ന്‍സ്( e-governance), മൊബൈല്‍ ഗവര്‍ണ്ണന്‍സ് (m-governance )സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. മത്സ്യത്തൊഴിലാളികളെ കടബാധ്യതയില്‍ നിന്നും മോചിപ്പിക്കാന്‍ കടാശ്വാസ നടപടികള്‍ പൂര്‍ത്തീകരിക്കും. തൊഴില്‍ ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും,നിലവിലുളള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
English Summary: Kerala Government's Fisheries policy to protect the fishes in sea,promotion of Inland fisheries,limiting environment issues ,enhancing assisatance to fishermen
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments