Features

മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല... മസാല കോഫിയുടെ വിജയഗാഥക്കൊപ്പം കൃഷി ജാഗരൺ

masala coffee

ടീം മസാല കോഫി

മസാല കോഫി- വെറും പാട്ടല്ല ഇവരുടെ പാട്ട്. എട്ട് വർഷങ്ങളായി മലയാളിക്കൊപ്പം സഞ്ചരിച്ച് ദേശ- ഭാഷാന്തരങ്ങൾ കടന്ന് പാട്ടിലൂടെയും കാഴ്ചപ്പാടുകളിലൂടെയും ഒരു ആഗോള സംഗീത ബാൻഡായി വളരുകയാണ് ഇവർ.

പേര് പോലെ വ്യത്യസ്തതയാണ് ഇവരുടെ വിജയത്തിന്റെ ചേരുവയും. 2014ൽ കപ്പ ടിവിയിലെ മ്യൂസിക് മോജോയിലൂടെ അരങ്ങെത്തി, സിനിമയിലും ലൈവ് പെർഫോമൻസുകളിലും ആധിപത്യം ഉറപ്പിച്ചു.

ഒരു സംഗീതബാൻഡിന് കാര്യമായി സ്വീകാര്യത നൽകാത്ത നാടാണ് കേരളം. ഒരുപാട് മ്യൂസിക് ബാൻഡുകൾ വന്നുപോയിട്ടുണ്ടെങ്കിലും, പുതുപുത്തൻ പാട്ടുകളിലൂടെയും കവർ വേർഷനിലൂടെയും നീണ്ട വർഷങ്ങളായി ഇതുപോലെ സാന്നിധ്യം നിലനിർത്താനായി എന്നതാണ് മസാല കോഫിയുടെ ഏറ്റവും സുപ്രധാന വിജയവും.

മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല...

‘മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല. അത് തന്നെയാണ് ഞങ്ങളുടെ വിജയത്തിന് കാരണവും.’ അന്തർ ദേശീയ തലത്തിലേക്ക് വളരുന്ന മ്യൂസിക് ബാൻഡിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കുകയാണ് മസാല കോഫി.

 ‘എനിക്ക് അതിനുള്ള സ്റ്റഫ് ഉണ്ടെന്ന് അറിയാമായിരുന്നു. ഞാൻ മാത്രമല്ല നമ്മുടെ ടീമിലെ ഓരോ ടീം അംഗങ്ങൾക്കും അവരവരുടെ കഴിവിൽ ആത്മവിശ്വാസമുണ്ട്.

എല്ലാവർക്കും പ്രതിസന്ധികൾ ഉണ്ട്. അതുപോലെ ഞാൻ ലൈറ്റ് ബോയ് ആയി ജോലി ചെയ്തു, റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിയിട്ടുണ്ട്. അങ്ങനെ പല പണിയും ചെയ്തു. 2007 മുതൽ 2010 വരെയുള്ള സമയം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് ഓരോ പെർഫോമൻസിലൂടെയും ഞാൻ നേടിയെടുക്കുകയായിരുന്നു.

അ‌സ്‌‌ലമും കൃഷ്ണയും ബാൻഡിലേക്ക് വന്നതോടെ ഭാഷ ഒരു പ്രശ്നമല്ലാതെയായി. മുൻപ് ഭാഷയുടെ പരിമിതിയിൽ നഷ്ടപ്പെട്ട പല അവസരങ്ങളും വീണ്ടെടുക്കാൻ തുടങ്ങി,’ ബാൻഡിന്റെ സ്ഥാപകനും ഗായകനും വാദ്യോപകരണ വിദഗ്ധനുമായ വരുൺ സുനിൽ വിശദീകരിച്ചു.

വരുൺ സുനിലിനൊപ്പം ഗായകർ അ‌സ്‌‌ലം, കൃഷ്ണ ജെ.കെ, കീബോർഡ് പ്ലെയർ സ്റ്റീവ് കോട്ടുർ എന്നിവരും കൃഷി ജാഗരണുമായി സംവദിച്ചു. നാടൻപാട്ടുകളെ അവയുടെ സത്വം നഷ്ടപ്പെടാതെ പുതിയ ഭാവത്തിൽ അവതരിപ്പിച്ച മസാല കോഫിയുടെ അണിയറയിൽ ഒരുങ്ങുന്ന ‘ഏക്താര’ എന്ന മ്യൂസിക് ആൽബത്തിൽ പ്രകൃതിയും കടന്നുവരുന്നു. എപ്പോഴും സമകാലിക പ്രശ്നങ്ങളും സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങളും കലയിൽ ഉൾപ്പെടുത്തുന്ന അന്താരാഷ്ട്ര സംഗീത ട്രൂപ്പാണ് മസാല കോഫി.

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ കൃഷി ഒരു പ്രധാന പ്രമേയമായി കടന്നു വരികയാണ്. സംഗീത കലാകാരന്മാർ എന്ന നിലയിൽ മസാല കോഫിയുടെ അടുത്ത ഗാനം പ്രകൃതിയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഏക്താരയിലെ ഈ ഇംഗ്ലീഷ് ഗാനത്തിന് പുറമെ, ഈ മാസം 26ന് റിലീസ് ചെയ്യുന്ന ഒരു ഹിന്ദി ഗാനം ചർച്ച ചെയ്യുന്നത് പെൺ ഭ്രൂണഹത്യയാണ്.

ബ്രാൻഡ് ആയി വളർന്ന ബാൻഡ്

തൃശ്ശൂർ പൂരം ഒരു ഉത്സവമെന്നതിന് ഉപരി വികാരം കൂടിയാണ് മലയാളിക്ക്. യുവത്വം ഏറ്റെടുക്കുന്ന തരത്തിൽ ചേരുവ കലർത്തി പൂരം പാട്ടിന് ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് മസാല കോഫിയെ കേരളം കാര്യമായി ശ്രദ്ധിച്ചുതുടങ്ങിയത്.

പിന്നീട്, ആലായാൽ തറ വേണം, ആതിയില്ലല്ലോ അന്തമില്ലല്ലോ… തുടങ്ങി ഒരുപിടി നാടൻ പാട്ടുകളും… സംഗീതത്തിൽ ഏത് ശ്രേണിയും അനായാസമെന്ന് തെളിയിച്ച മസാല കോഫിയെ തേടി വന്നത് ഭാഷകൾ കടന്നും ഒരുപാട് സിനിമകൾ. ബാൻഡിന്റെ സിഗ്നേച്ചർ ഗാനം കൂടിയായ കാന്താ തമിഴ് ചലച്ചിത്രം 'ഉറിയടി'യിലും കയറിപ്പറ്റി. സിനിമയിലെ മാനേ മാനേ, അഗ്നിക്കുഞ്ചൊൻട്ര്… തുടങ്ങിയ ഗാനങ്ങളും സൂപ്പർ ഹിറ്റ്.

‘ഭാഷ വെറും ഭാഷയാണ്. സംഗീതത്തിന് അത് തടസ്സമാകുന്നില്ല. കേരളത്തിന് പുറത്ത് നിന്നുള്ള സിനിമകളിലേക്കും മസാല കോഫിയെ വിളിക്കുന്നത് അവർക്ക് ഞങ്ങളുടെ സംഗീതം അത്രയധികം ഇഷ്ടമുള്ളതിനാലാണ്.

ഞങ്ങളുടെ ഒരു എലമെന്റ് എപ്പോഴും അതിൽ വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അവർ ആവശ്യപ്പെടുന്ന പോലെ ഞങ്ങളുടെ സ്റ്റൈലിൽ അത് ചെയ്തുകൊടുക്കുന്നു. മസാല കോഫിയുടെ സിഗ്നേച്ചർ എന്നത് ഫോക്ക് അഥവാ നാടൻപാട്ടുകളാണ്. അതിനാൽ പാട്ടുകളിൽ അതുകൂടി കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.’

മലയാളത്തിലെ ‘സോളോ’ എന്ന ചിത്രത്തിലും കന്നഡയിലെ ‘മുന്തിന നിൽദാന’ ചിത്രങ്ങളിലും പാട്ടിനൊപ്പം സ്ക്രീനിലും മസാല കോഫി സാന്നിധ്യം അറിയിച്ചു. ഒരുപക്ഷേ ആദ്യമായി ഒരു കന്നഡ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മ്യൂസിക് ബാൻഡെന്ന വിശേഷണവും ഇവർ സമ്പാദിച്ചു.

ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ദ്വിഭാഷ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും മസാല കോഫിയാണ്. തമിഴിലും തെലുങ്കിലും വൻപ്രചാരം ലഭിച്ച ഗാനങ്ങളെ തേടി നോമിനേഷനും അവാർഡുകളുമെത്തി.

കാനഡ, യുഎസ്, അബുദാബി എന്നിങ്ങനെ വിദേശരാജ്യങ്ങളിലും മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മസാല കോഫി ഷോകൾക്കായി സംഗീതപ്രേമികൾ തടിച്ചുകൂടും.

ഭാഷ ആശയവിനിമയത്തിനുള്ള വെറും മാധ്യമം മാത്രമായതിനാൽ, തെലുങ്കിലെ രണ്ട് പ്രോജക്ടുകളാണ് നിലവിൽ മ്യൂസിക് ബാൻഡിന്റെ അക്കൗണ്ടിലുള്ളത്. അതിൽ തന്നെ സംഗീതസംവിധാനത്തിന് പുറമെ, സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയതും മലയാളിക്ക് അഭിമാനമായ ഈ സംഗീത കലാകാരന്മാരാണ്.

കൊവിഡിനും ലോക്ക്ഡൗണിനും ശേഷം കൈ നിറയെ അവസരങ്ങളുമായി മസാല കോഫി യാത്ര തുടരുകയാണ്. പാട്ടിൽ പരീക്ഷണങ്ങളും പര്യവേഷണങ്ങളുമായി സംഗീതത്തിലും സംസ്കാരത്തിലും, ദേശവും ഭാഷയും കടന്ന് വീണ്ടും വ്യത്യസ്തതയോടെ.


English Summary: Krishi Jagran's interaction with Popular music band Masala Coffee

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine