Features

കൊച്ചേട്ടന്‍ കയ്യാലകളുടെ കാരണവരായ കഥ

ശാസ്ത്രീയമായ മണ്ണ് സംരക്ഷണ മാര്‍ഗങ്ങള്‍  കൃഷിഭൂമിയില്‍ പ്രയോഗിച്ച  കൊച്ചേട്ടന്‍ അങ്ങനെ കയ്യാലകളുടെ കാരണവരായി
ശാസ്ത്രീയമായ മണ്ണ് സംരക്ഷണ മാര്‍ഗങ്ങള്‍ കൃഷിഭൂമിയില്‍ പ്രയോഗിച്ച കൊച്ചേട്ടന്‍ അങ്ങനെ കയ്യാലകളുടെ കാരണവരായി

നാട്ടിന്‍പുറത്തിന്റെ നന്മയും സമൃദ്ധിയും മാത്രം നിറഞ്ഞുനില്‍ക്കുന്ന കണ്ണൂരിലെ ഒരു മലയോരഗ്രാമം. പയ്യാവൂര്‍ ചന്ദനക്കാംപാറയിലേക്കുളള ബസ്സ് മാവുന്തോട് സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങി. 

കൊച്ചേട്ടന്റെ വീടെന്നു പറഞ്ഞതും മറുചോദ്യങ്ങളൊന്നുമില്ലാതെ ഡ്രൈവര്‍ ഓട്ടോ വിട്ടു. കരിങ്കല്ലു പാകിയ നടപ്പാത തുടങ്ങുന്നേടത്ത് ഓട്ടോയാത്ര അവസാനിച്ചു .മഴ കനത്ത സമയമായതിനാല്‍ വീടുവരെ ഓട്ടോ പോകില്ല.  മഴ കഴുകിയെടുത്ത തിളക്കമാര്‍ന്ന കരിങ്കല്‍പാതയിലൂടെ  മുന്നോട്ടേക്ക് നടന്നു.  വഴിയരികില്‍ രണ്ടോ മൂന്നോ വീടുകള്‍ മാത്രം. മുന്നൂറ് മീറ്ററിലധികം നീളമുളള കരിങ്കല്‍പാതയിലൂടെയുളള നടത്തം അവസാനിച്ചത് കോലക്കുന്നേല്‍ വര്‍ഗീസ് എന്ന കൊച്ചേട്ടന്റെ വീട്ടുമുറ്റത്താണ്. ചുറ്റും കരിങ്കല്ലുകള്‍ കൊണ്ട് പണിത കയ്യാലകള്‍ കണ്ടതും ഒന്നുറപ്പായി. വീട് തെറ്റിയിട്ടില്ല.

കണ്ണൂരിലെ മലയോരമേഖലയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളാണ് കോലക്കുന്നേല്‍ വര്‍ഗീസ് എന്ന  കൊച്ചേട്ടന്‍. പാറക്കെട്ടുകള്‍ നിറഞ്ഞ ചെങ്കുത്തായ മലയെ കൃഷിയിടമാക്കിയ കര്‍ഷകന്‍. പാറ പൊട്ടിച്ച് അയ്യായിരം ചതുരശ്രമീറ്ററോളം കരിങ്കല്‍ കയ്യാലകളാണ് കൊച്ചേട്ടന്‍ സ്വയം കെട്ടിയുണ്ടാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ തന്റെ മൂന്നരയേക്കര്‍ പറമ്പ് മുഴുവനായും കരിങ്കല്ലുകള്‍ കൊണ്ടു കയ്യാലകള്‍ കെട്ടിയുണ്ടാക്കി. എഞ്ചിനീയറിങ് ഒന്നും പഠിച്ചില്ലെങ്കിലും ശാസ്ത്രീയമായ മണ്ണ് സംരക്ഷണ മാര്‍ഗങ്ങള്‍ പ്രൊഫഷണല്‍ മികവോടെ സ്വന്തം കൃഷിഭൂമിയില്‍ പ്രയോഗിച്ച ഇദ്ദേഹം അങ്ങനെ കയ്യാലകളുടെ കാരണവരായി.  

കല്ലിടം പൊന്നിടം എന്ന വിശ്വാസത്തിലാണ്  കല്ലിനോട് മല്ലിട്ട് കൃഷി തുടങ്ങിയത്. നല്ല വിളവൊക്കെ കിട്ടിയെങ്കിലും ഒരു മഴപെയ്തുകഴിഞ്ഞാല്‍  മുകളിലെ പറമ്പില്‍ നിന്ന് വെളളം താഴോട്ടേക്ക് ഒലിച്ചിറങ്ങും. അതോടെ കൃഷി ചെയ്തതെല്ലാം വേരോടെ പുഴയിലെത്തുന്ന സ്ഥിതി. ജീവിതം വഴിമുട്ടിയ ആ സമയത്താണ് കയ്യാലയെപ്പറ്റി ചിന്തിക്കുന്നത്.

കയ്യാലകെട്ടിയുളള കൃഷിയെക്കുറിച്ച് അറിയാമെങ്കിലും മലബാറില്‍ ഈ രീതി  കുറവായിരുന്നു. കൂടുതല്‍ സ്ഥലമുളളതിനാല്‍ ബുദ്ധിമുട്ടും.   പറമ്പ് തട്ടുകളായി തിരിച്ച് കയ്യാല കെട്ടുന്നത് മണ്ണ് സംരക്ഷിക്കുമെന്നും പറമ്പില്‍ വെളളം താഴാനിടയാക്കുമെന്നുമുളള അറിവുണ്ടായിരുന്നു.

മണ്ണ് സംരക്ഷണവകുപ്പില്‍നിന്നും  കോണ്ടൂര്‍ ലൈനില്‍ക്കൂടി ശാസ്ത്രീയമായി ചരടുവലിക്കാനും കുറ്റിയടിക്കാനും കൊച്ചേട്ടന്‍ പഠിച്ചു.  ഈ രീതി   കൃഷിയിടത്തിലും പ്രയോഗിച്ചു. ആദ്യം ഭൂമി കിളച്ചപ്പോള്‍ കിട്ടിയ കല്ലുകളെല്ലാം ഇതിനായി ഉപയോഗപ്പെടുത്തി. കരിങ്കല്ലുകള്‍ പൊട്ടിച്ച് പ്രത്യേക ഉളിയില്‍ ചെത്തിയെടുത്ത് കയ്യാല കെട്ടിത്തുടങ്ങി.  വലിപ്പമുളള കല്ലുകള്‍ ഉരുട്ടിയിറക്കി കയ്യാലയില്‍ ഉറപ്പിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കുളളില്‍ മൂന്നരയേക്കര്‍ ഭൂമിയും കയ്യാലകെട്ടി തട്ടുകളാക്കി തിരിച്ചെടുത്തു. നാല്‍പ്പതുവര്‍ഷം കൊണ്ട് 25 തട്ടുകളിലായി 5000 മീറ്റര്‍ കയ്യാലകള്‍ ഉണ്ടാക്കി. 

നാല്‍പ്പതുവര്‍ഷം കൊണ്ട്  25 തട്ടുകളിലായി 5000 മീറ്റര്‍ കയ്യാലകള്‍ ഉണ്ടാക്കി
നാല്‍പ്പതുവര്‍ഷം കൊണ്ട് 25 തട്ടുകളിലായി 5000 മീറ്റര്‍ കയ്യാലകള്‍ ഉണ്ടാക്കി

ഈ കയ്യാലകള്‍ക്കെല്ലാം ഒന്നരമീറ്ററില്‍ താഴെയാണ് പൊക്കമുളളത്. ഓരോ കയ്യാലയിലും കല്ലുകള്‍ വച്ചുതന്നെ പടികളും കുത്തുകല്ലുകളുമുണ്ട്. കയ്യാലകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ മണ്ണ് നിരത്തിയാണ് പ്ലാറ്റ്‌ഫോമുകളോരോന്നും ഒരുക്കിയിരിക്കുന്നത്. മിക്കവാറും ഒറ്റയ്ക്കായിരുന്നു കയ്യാല നിര്‍മ്മാണം.  അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ മൂന്നരയേക്കര്‍ സ്ഥലത്ത് പൂര്‍ണമായും കയ്യാലകള്‍ ഉണ്ടാക്കിയെടുത്തു.

കൃഷി ചെയ്തുണ്ടാക്കുന്ന സാധനങ്ങളില്‍ വീട്ടാവശ്യത്തിനുളളതിലും കൂടുതലുളളത് കടകളില്‍ കൊടുക്കാനും അല്ലാത്തവ വാങ്ങാനുമെല്ലാം ചെങ്ങളായി ടൗണ്‍വരെ പോകണം. അപ്പോള്‍ സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകണമായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി കൊച്ചേട്ടന്‍ തന്നെ വീട്ടിലേക്കുളള വഴിയിലാകെ കരിങ്കല്ല് പാകി നല്ലൊരു നടപ്പാതയും നിര്‍മ്മിച്ചു. ഇതോടെ വീടിന്റെ മുറ്റംവരെ വാഹനങ്ങള്‍ കടന്നുവരുമെന്നായി.

 

ഹ്രസ്വകാലവിളകളായ ചേമ്പ്, ചേന, നെല്ല് തുടങ്ങിയവ തുടക്കത്തില്‍ കൃഷി ചെയ്തു. ഇവയില്‍ നിന്ന് മികച്ച വിളവ് കിട്ടിത്തുടങ്ങിയതോടെ പതിയെ കശുമാവ്, കുരുമുളക്, കവുങ്, റബ്ബര്‍ , കൊക്കോ എന്നിവയും നടാന്‍ തുടങ്ങി. രാസവളങ്ങളോ മറ്റു കീടനാശിനികളോ ഇല്ലാതെ പൂര്‍ണമായും ജൈവരീതിയിലായിരുന്നു എല്ലാ കൃഷിയും. 

ഫലപുഷ്ടി ഏറെയുളളതിനാല്‍ അതിന്റെ ആവശ്യവും ഈ മണ്ണിനില്ല.മഴവെളളത്തെ കൃഷിഭൂമിയില്‍ത്തന്നെ ശേഖരിച്ചു നിര്‍ത്താനാകുന്ന തരത്തില്‍ ഒരു പ്രദേശം മുഴുവന്‍ കയ്യാലകള്‍ നിര്‍മ്മിച്ചതിന്റെ ഗുണം താഴ്‌വാരത്തുളള മറ്റ് കൃഷിയിടങ്ങളിലും കിണറുകളിലും കൂടിയുണ്ട്. ഏതു കടുത്ത വേനലിലും ഇവിടെ വെളളമുണ്ടാകും. തട്ടുതട്ടായി കയ്യാലകളുളളതിനാല്‍ മറ്റു സ്ഥലങ്ങളിലെ പോലെ വന്യമൃഗങ്ങളുടെ ശല്യവും ഇവിടെ കുറവാണ്.  കയ്യാലകള്‍ ശാസ്ത്രീയമായ രീതിയില്‍ അളവെടുത്ത് ഒരുക്കിയതിനാല്‍ ഒരിക്കലും ഇടിഞ്ഞുവീണിട്ടുമില്ല. 

കൊച്ചേട്ടന്റെ വീട്ടിലേക്കുളള വഴി
കൊച്ചേട്ടന്റെ വീട്ടിലേക്കുളള വഴി

കുഞ്ഞു കാന്താരി മുതല്‍ ചേന, കപ്പ, ചേമ്പ്, കാച്ചില്‍, കാപ്പി, കൊക്കോ, വാഴ, റബ്ബര്‍, കുരുമുളക്, തേങ്ങ, അടയ്ക്ക, മഞ്ഞള്‍  അങ്ങനെ പോകുന്നു ഇവിടത്തെ വിളകള്‍. കയ്യാല കെട്ടുന്നതിലും കൃഷി ചെയ്യുന്നതിലുമുളള കൊച്ചേട്ടന്റെ അടുക്കുംചിട്ടയും ഇവിടത്തെ കൃഷിരീതികളിലുണ്ട്. തട്ടുകളായി തിരിച്ച കൃഷിയിടത്തിന്റെ ഓരോ ഭാഗത്തായാണ് വിവിധയിനം വിളകള്‍ നട്ടുപിടിപ്പിച്ചിട്ടുളളത്.

രണ്ടേക്കര്‍ പറമ്പില്‍ റബ്ബറാണെങ്കില്‍ അരയേക്കറില്‍ കിഴങ്ങുവര്‍ഗങ്ങളാണ്. ബാക്കി സ്ഥലത്ത് തെങ്ങ്, കുരുമുളക്, കൊക്കോ, കവുങ്ങ് എന്നിങ്ങനെയാണ്. ഒരു കയ്യാലയില്‍ നിന്ന് മറ്റൊന്നിലേക്ക് കയറിപ്പോകാനുളള സൗകര്യമുണ്ട്.  നേരത്തെ പുഴയ്ക്ക് അക്കരെയുളള വയലില്‍ നെല്‍ക്കൃഷി ഉണ്ടായിരുന്നു. ആ സമയത്ത്  കാളപൂട്ട്  ഉണ്ടായിരുന്നു. പശുക്കളെയും വളര്‍ത്തിയിരുന്നു. ഇപ്പോള്‍ കുറച്ചുവര്‍ഷമായി ഇതില്ല. ഇപ്പോള്‍ മുയലുകളെയും ആടുകളെയും വളര്‍ത്തുന്നുണ്ട്.

മകന്‍  ബേബിയും ഭാര്യ റോസമ്മയുമാണ് ഇപ്പോള്‍ കൊച്ചേട്ടനൊപ്പം താമസിക്കുന്നത്. പറമ്പും കൃഷിയുമെല്ലാം നോക്കിനടത്തുന്നതും ഇവരാണ്.  ജോസ് , ജോര്‍ജ്, ജോയ്, കൊച്ചുത്രേസ്യ, ആന്‍സി എന്നിവരാണ് മറ്റുമക്കള്‍. ജോസ് കുറച്ചുവര്‍ഷം മുമ്പ് മരിച്ചു. കൊച്ചേട്ടന്റെ പാത പിന്തുടര്‍ന്ന മക്കളെല്ലാം തന്നെ നല്ല കൃഷിക്കാരുമാണ്.  

അധ്വാനമികവിന്റെ ആദരമായി മണ്ണ് സംരക്ഷണത്തിന് 2012 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷോണിമിത്ര പുരസ്‌ക്കാരം കൊച്ചേട്ടനെ തേടിയെത്തി.  പയ്യാവൂരില്‍ കൃഷി ഓഫീസറായിരുന്ന ജോര്‍ജ് കുട്ടി മാത്യുവാണ് അവാര്‍ഡിനായി കൊച്ചേട്ടന്റെ പേര് നിര്‍ദേശിച്ചത്. അന്നത്തെ മന്ത്രി കെ.എം. മാണിയില്‍ നിന്നാണ് പുരസ്‌ക്കാരവും സ്വര്‍ണ്ണമെഡലും  ഏറ്റുവാങ്ങിയത്. ഇതിനു പുറമെ തലശ്ശേരി അതിരൂപയുടെ കര്‍ഷകശ്രേഷ്ഠ, പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമകര്‍ഷക അവാര്‍ഡുകളും തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുളള സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, പയ്യാവൂര്‍  കൃഷിഭവന്‍, കണ്ണൂര്‍ ആകാശവാണി നിലയം എന്നിവയുടെ പുരസ്‌ക്കാരങ്ങളും കൊച്ചേട്ടന് കിട്ടിയിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഗന്ധമയം ജയന്തന്റെ കൃഷി പാഠങ്ങള്‍

ചിരട്ടയില്‍ വളരുന്നു മരിയയുടെ ബിസിനസ് സ്വപ്നങ്ങള്‍


English Summary: how kolakkunnel vargeese become a role model for organic farmers

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds