മാംഗോ മെഡോസ് - 'അവരവരുടേതായൊരിടം'
നമുക്കൊരു യാത്ര പോകാം. ഈ യാത്ര പോകുവാൻ വേണ്ടിയുള്ള വെറുമൊരു യാത്രയല്ല. നല്ല ശുദ്ധവായു ശ്വസിക്കാൻ, കണ്ണിനും മനസിനും ശരീരത്തിനും ഊർജ്ജം പകരാൻ. കുറച്ച് പുത്തനറിവുകൾ നേടാൻ... ഉല്ലസിക്കാൻ...എന്താ പോകാം. എങ്കിൽ ഒപ്പം കൂടിക്കോ...
കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്ത് ആയാംകുടി എന്ന കൊച്ച് ഗ്രാമത്തിലേക്കാണ് നമ്മുടെ യാത്ര. ആയാംകുടിയിൽ നിന്നും അര കിലോമീറ്റർ നടന്നാൽ, റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള കാഴ്ചകൾ കണ്ട്, മാംഗോ മെഡോസിലെത്താം. കവാടത്തിൽ പേര് സൂചിപ്പിക്കും പോലെ മാമ്പഴത്തിൻ്റെ സാന്നിദ്ധ്യമുണ്ട്. കവാടത്തിലെ സുരക്ഷാ ജീവനക്കാരനായ ഹരിച്ചേട്ടന് നല്ല നമസ്കാരം പറയാം. മുന്നോട്ട് നീങ്ങിയാൽ ഇടത് വശത്ത് വാഹനം പാർക്ക് ചെയ്യാം. തൊട്ടടുത്ത് തന്നെ വലിയ ആലില രൂപകല്പന ചെയ്ത് വച്ചിരിക്കുന്നത് കാണാം. വലതു വശത്ത് മാംഗോ മെഡോസിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രവേശന ഫീസും മറ്റ് സൗകര്യങ്ങളും. അവധി ദിവസമല്ലാത്തതിനാൽ ആളൊന്നിന് 350 രൂപ. (ബാഗും മറ്റും അവിടെ നൽകിയല്ലോ അല്ലേ).
ഇവിടം സന്ദർശിക്കാൻ വന്ന നമുക്കൊപ്പം നിർബന്ധമായും ഒരു വഴികാട്ടിയുണ്ടാകും.ഗൈഡിംഗ് താത്പര്യമില്ലെങ്കിൽ പറയൂ. നിങ്ങൾ നൽകിയ പ്രവേശന ഫീസ് തിരികെ നൽകും. നിങ്ങൾക്ക് തിരിച്ച് മടങ്ങാം. ആരും മടങ്ങുന്നില്ലല്ലോ... എങ്കിൽ പോകാം. വരൂ....
ലോകത്തിലെ ആദ്യ അഗ്രിക്കൾച്ചറൽ വാട്ടർ തീം പാർക്ക് എന്ന റെക്കോർഡിലേക്ക് എത്തിയത് വെറും കാട്ടി കൂട്ടലുകൾ കൊണ്ടല്ല. 4800 തരത്തിലുള്ള 400000തിലധികം സസ്യങ്ങൾ 35 ഏക്കർ സ്ഥലത്തു നട്ടുനനച്ച് വളർത്തിയാണ് ഈ നേട്ടം കൈവരിച്ചത്.
രണ്ടാമത്തെ കവാടം കടന്നാൽ മറ്റൊരു ലോകമാണ് മാംഗോ മെഡോസ് സമ്മാനിക്കുന്നത്. പലർക്കും പല അനുഭവങ്ങൾ. (നമുക്കൊപ്പം വഴികാട്ടിയാകുന്ന ഗൈഡുകൾ ഓരോന്നിനെക്കുറിച്ചും വിശദമായി തന്നെ പറഞ്ഞ് മനസിലാക്കി തരും.) വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇവിടം പാഠശാലയാകുമ്പോൾ പ്രണയിനികൾക്ക് പ്രണയിക്കാനൊരിടമാകുന്നു. രോഗികൾക്ക് ഇവിടം ആശ്വാസകേന്ദ്രവും. 35 ഏക്കറുള്ള വിശാലമായ ഇവിടുത്തെ ആറര കിലോമീറ്റർ നടപ്പാതയിലൂടെ, ഓരോ സസ്യങ്ങളെയും തൊട്ടറിഞ്ഞ് നീങ്ങുമ്പോൾ മുമ്പെങ്ങും കാണാത്ത തിളക്കം നമ്മുടെ കണ്ണുകളിലും കാണാൻ കഴിയും.
കണ്ടുപരിയചമുള്ളതും കേട്ടറിഞ്ഞതും കേൾക്കാത്തതുമായ എഴുനൂറിനം വനവൃക്ഷങ്ങൾ, ആയിരത്തിയഞ്ഞൂറിനം ആയുർവേദ ചെടികൾ, എഴുനൂറിലധികം കുറ്റിച്ചെടികൾ, നാനൂറ്റമ്പതിലധികം വള്ളിച്ചെടികൾ, ആയിരത്തോളം ഉദ്യാനച്ചെടികൾ, നൂറ്റിയൊന്ന് തരം മാവിനങ്ങൾ, നൂറ്റിയെഴുപതിലധികം പഴവർഗ്ഗച്ചെടികൾ, എൺപത്തിലധികം പച്ചക്കറിവർഗങ്ങൾ, ഇരുപത്തിയൊന്നിനം പ്ലാവുകൾ, മുപ്പത്തിലധികം ഇനം വാഴകൾ എല്ലാം ഇവിടെ സമൃദ്ധിയോടെ ഒരേ തലയെടുപ്പോടെ നിൽക്കുന്നത് നമുക്കിവിടെ കാണാൻ കഴിയും. കൂടാതെ അറുപതിലധികം ഇനം മൽസ്യങ്ങളും ഇരുപത്തിയഞ്ചിലധികം വളർത്തു പക്ഷിമൃഗാദികളും നിറഞ്ഞതാണ് മാംഗോ മെഡോസ്.
ഓരോ സസ്യങ്ങളുടെയും പേരും ശാസ്ത്രീയ നാമവും നാട്ടുവിളിപ്പേരും ഉൾപ്പെടെ എഴുതി പ്രദർശിപ്പിച്ചിട്ടുള്ളത് കണ്ടില്ലേ...... 'നമുക്ക് തിരിച്ചറിയാത്ത മരങ്ങളെല്ലാം പാഴ്മരങ്ങൾ' എന്നതാണ് മലയാളിയുടെ രീതി. എന്നാൽ ഇവിടെ സന്ദർശിച്ച് മടങ്ങുന്നവർക്ക് 'പാഴ്മര'മായി ഒരു മരവും ഉണ്ടാകില്ല.
സിവിൽ എഞ്ചിനീയറായി സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കല്ലറ നെല്ലിക്കുഴിൽ കുര്യാക്കോസ് കുര്യൻ എന്ന എൻ. കെ. കുര്യൻ പതിനഞ്ച് വർഷം മുമ്പ് നാലര ഏക്കർ സ്ഥലത്തു നിന്നും തുടങ്ങിയതാണ് ഇന്ന് വിശാലമായി നിരന്നു കിടക്കുന്ന ഈ മാംഗോ മെഡോസ്. അതിനായി നാട്ടിൻപുറമെന്നോ ദൂരദേശമെന്നോ വ്യത്യാസമില്ലാതെ തനിക്ക് ലഭ്യമാക്കാവുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം അദ്ദേഹം സസ്യങ്ങളെ ശേഖരിച്ച് വളർത്തി. ഏത് കാർഷിക ഗവേഷണ കേന്ദ്രത്തിലോ വനത്തിലോ കാണാത്ത അപൂർവ്വയിനം വൃക്ഷങ്ങളും ഇവിടെയുണ്ട്. ശിംശപാ വൃക്ഷം, ഇന്ത്യയിലെ സംസ്ഥാന വൃക്ഷങ്ങൾ, നീലകൊടുവേലി, ദശപുഷ്‌പങ്ങൾ, നൽപ്പാമരവഞ്ചി, നക്ഷത്രവനം, ഏത്തൻതോട്ടം തുടങ്ങിയവ അവയിൽ ചിലത് മാത്രം.
സൂപ്പർവൈസർ, ഉടമ, ഡിസൈനർ, കൃഷിക്കാരൻ ഒക്കെയാണിവിടെ കുര്യൻ. സസ്യങ്ങൾക്ക് ഇവിടെ വളരേണ്ടതാണെന്ന് അറിയാവുന്നതിനാൽ അവർ നന്നായി വളരുന്നുണ്ടെന്നാണ് കുര്യന്റെ അനുഭവം. ''കുര്യന്റെ കണ്ണുനീർകൊണ്ട് വളർന്ന ചെടികൾ ഇവിടെയുണ്ട്''. കാട്ടുപൂവരശ് അങ്ങനെ വളർത്തിയെടുത്ത ഒരു വൃക്ഷമാണെന്ന് കുര്യൻ പറഞ്ഞത് ഓർത്തെടുക്കുന്നു. തുടക്കത്തിൽ ഓരോ സസ്യത്തെക്കുറിച്ചും അമ്മയോടും പഴയ തലമുറയോടും ചോദിച്ചറിഞ്ഞിരുന്ന കുര്യൻ ഇന്ന് ഏത് സസ്യത്തെക്കുറിച്ചും അറിയാവുന്ന നിഘണ്ടുവാണ്.
ആരംഭത്തിൽ ഇവിടെ മത്സ്യവും മരച്ചീനിയും പശുവളർത്തലും മാത്രമായിരുന്നിടത്തു നിന്നാണ് ഇന്നീ കാണുന്ന തരത്തിലേക്കെത്തിയതെന്ന് കേട്ടാൽ ആരും അത്ഭുതപ്പെടും. കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നും കിട്ടിയ കാരിയും കൂരിയും വരാലുമൊക്കെയാണ് വളർത്തുന്നതിനായി ആദ്യം കുളത്തിലിട്ടത്. മൂന്ന് വർഷങ്ങൾക്ക് ശേഷം കുളം വറ്റിച്ചപ്പോൾ കിട്ടിയത് മൂന്നാല് ലോഡ് മീൻ. നല്ല വില കിട്ടുമെന്ന് കേട്ടറിഞ്ഞ് മത്സ്യവുമായി തൃശൂരിലേക്ക് പോയി. കാര്യമായ വില കിട്ടിയില്ലെന്നു മാത്രമല്ല പലതും ചത്തുപോയിരുന്നു. മീനത്രയും തിരിച്ചു കൊണ്ടുവന്ന് ഇവിടെ തന്നെ മണ്ണെടുത്ത് കുഴിച്ചുമൂടി. അന്ന് കുര്യൻ ഒരു തീരുമാനത്തിലെത്തി. ഇനി ഇവിടെ നിന്നും ഒന്നും പുറത്ത് വില്പനയ്ക്കില്ല. മൂല്യവർദ്ധിത ഉൽപ്പന്നമായി മാത്രം. അങ്ങനെ അഗ്രി -വാട്ടർ തീം പാർക്കെന്ന ആശയത്തിലേക്കെത്തി.ഇന്ന് ഇവിടെ സന്ദർശിക്കാനെത്തുന്നവരുടെ തീൻമേശയിൽ ഇവിടുത്തെ മത്സ്യം പ്രധാന വിഭവമായി എത്തുന്നു. കൂടാതെ അഞ്ചേക്കറിലധികം വിസ്തൃതിയിലുള്ള ശുദ്ധജല തടാകത്തിൽ അറുപതിലധികം വ്യത്യസ്ത മത്സ്യങ്ങൾ നീന്തി തുടിക്കുന്നുണ്ട്. അവയ്ക്ക് മീനൂട്ടുന്നതിനും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനും ഇവിടെ സംവിധാനമുണ്ട്.
ഏത് സ്ഥലത്തും ചെന്നെത്താവുന്ന രീതിയിൽ ചുറ്റും റോഡുകളുണ്ട്. വെള്ളം ഇരുവശങ്ങളിലേക്കും ഒഴുകി പോകുന്ന തരത്തിലാണ് റോഡുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റോഡിനും ഓരോ മഹാന്മാരുടെ പേരുകളും നൽകിയിട്ടുണ്ട്. എ. പി. ജെ. അബ്ദുൾ കലാം റോഡ്, വർഗീസ് കുര്യൻ റോഡ്, എ. കെ. ഗോപാലൻ റോഡ് അങ്ങനെ നീളുന്നു. ഏതു പ്രായക്കാർക്കും സഞ്ചരിക്കാവുന്ന തരത്തിലുള്ള സൈക്കിളുകളും ഗോ കാർട്സും ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പച്ചക്കറികളുടെ മാസ്മരിക ലോകവും ഇവിടെയുണ്ട്. മാതൃകാ പച്ചക്കറിത്തോട്ടമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. തക്കാളിയും വഴുതനയും വെണ്ടയും ചീരയും തുടങ്ങി ഒട്ടുമിക്ക പച്ചക്കറി കളും ഇവിടെയുണ്ട്. ഇവിടെ വളർത്തുന്ന വെച്ചൂർ പശു ഉൾപ്പെടെയുള്ളവയുടെ ചാണകവും ഗോമൂത്രവും ഒക്കെയാണ് വളം. കൃഷിയെല്ലാം ജൈവ രീതിയിൽ തന്നെ.
ഏറെ ആകർഷണീയ മറ്റൊരു കാഴ്ചയാണ് നക്ഷത്ര വനത്തിലുള്ളത്. ആലിൻ ചുവട്ടിൽ നിന്നും ഓടക്കുഴൽ നാദം കേൾക്കാൻ കഴിയുന്നില്ലേ. ഓരോ നക്ഷത്രത്തിനും ഉള്ള വൃക്ഷകൾ പേരും നാളും എല്ലാം ചേർത്തെഴുതിയ ബോർഡോടു കൂടിയാണ് ഓരോരുത്തരെയും വരവേൽക്കുന്നത്. ആയാംകുടി സ്വദേശിയായ ജയൻ എഴുമാൻ തുരുത്ത് എന്ന സംഗീത സംവിധായകൻ മുഴുവൻ സമയും ഗാനങ്ങളുമായി അവിടെയുണ്ടാകും. സന്ദർശകർ ആവശ്യപ്പെടുന്നതിനനുസരിച്ച് ഓടക്കുഴലിൽ വായിക്കും.
കേരളത്തിന്റെ ഐതിഹ്യ പെരുമ വിളിച്ചോതുന്ന ഒട്ടേറെ പ്രതിമകൾ മാംഗോ മെഡോസിലുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായത് മഴുവെറിയാനായി കൈ ഉയർത്തി നിൽക്കുന്ന പരശുരാമനാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പരശുരാമ പ്രതിമ. കൂടാതെ കുട്ടൂസനും ഡാകിനിയും വൃക്ഷ കന്യകയും കർഷകനും പ്രണയജോടികളും ഒക്കെ പ്രതിമാ ശേഖരത്തിലുണ്ട്.
ഇനി ഇവിടെ എത്തുന്നവർക്ക് പ്രണയിക്കാനൊരിടവും ഉണ്ട്. പ്രണയജോടികളുടെ കൂറ്റൻ പ്രതിമ തന്നെയുണ്ട്. വിനോദോപാദികളായി സൈക്ലിംഗ്, ഗോ കാർഡ്സ്, അമ്പെയ്ത്, ഷൂട്ടിങ്, നീന്തൽ, സ്‌പിങ് ബോർഡ്, പെഡൽ ബോട്ട്, റോബോട്ട്, ജലചക്രം എന്നിങ്ങനെ എല്ലാം ക്രമീകരിച്ചിട്ടുണ്ട്.
ഇവിടം സന്ദർശിക്കാൻ എത്തുന്നവർക്ക് മാംഗോ മെഡോസിൽ താമസിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. നിരവധി കോട്ടേജുകളും റിസോർട്ടുകളും ഇവിടെയുണ്ട്. ഏറെ പ്രത്യേക്തയുള്ളതാണ് ഇവിടുത്തെ കോട്ടേജുകൾ. മീൻ കുളത്തിന്റെ വശങ്ങളിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ മീൻ പിടിക്കുന്നതിനും മീനൂട്ടുന്നതിനും സംവിധാനമുണ്ട്. അതും വ്യത്യസ്ത രീതിയിൽ തന്നെ. കോട്ടേജുകളുടെ തറയിലെ പരവതാനി നീക്കിയാൽ താഴെയുള്ള കുളം കാണാൻ കഴിയും. അവയ്ക്ക് ഭക്ഷണവും നൽകാം. കൂടാതെ പാടശേഖരത്തോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തു നിന്ന് ചൂണ്ടയിടുന്നതിനും പക്ഷിനിരീക്ഷണത്തിനും സൗകര്യമുണ്ട്. ഇവിടെ മുൻകൂട്ടി ബുക്ക് ചെയ്ത് ഇവിടെ താമസിക്കുന്നവർക്കായി നാടൻ 'കള്ളുഷാപ്പും' ഇവിടെയുണ്ട്. പ്രത്യേകരീതിയിൽ കുന്ന് നിർമ്മിച്ച് അവിടെ തെയിലത്തോട്ടവും കുര്യൻ ഒരുക്കിയിട്ടുണ്ട്.
മീൻ കുളത്തിന് കുറുകെയുള്ള പാലം ഏറെ ശ്രദ്ധേയമാണ്. ഒരു രൂപ നാണയമുണ്ടാക്കിയ ശേഷം ബാക്കി വരുന്ന ലോഹതകിടു കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ ദ്വാരങ്ങളിലൂടെ മീനുകൾക്ക് തീറ്റ നൽകാം.
ഇവയൊക്കെ കൂടാതെ ഇവിടെയെത്തുന്ന കുട്ടികൾക്കായി പാർക്കൊരുക്കിയിട്ടുണ്ട്. മുസ്ലീം സുഹൃത്തുക്കൾക്കായി ഒരു പള്ളിയും പ്രത്യേക വൃക്ഷങ്ങളെ സംരക്ഷിക്കാനായി സർപ്പക്കാവും ഇവിടെയുണ്ട്.
ഇനി ഒരു ചായ കുടിക്കണമെങ്കിൽ അതിനായി വഴിയരികിൽ നാടൻ 'ചായക്കട 'യുണ്ട്. പഴമ ഒട്ടും ചോരാതെ പറിച്ചുനട്ട ചായക്കട. കൈയുള്ള വെള്ള ബനിയനും കൈലിമുണ്ട് മടക്കിക്കുത്തി ചായ അടിക്കുന്ന ചേട്ടൻ. ചില്ലലമാരയിൽ പഴംപൊരിയും പരിപ്പുവടയും മഞ്ഞ മടക്ക് കേക്കും. തടികൊണ്ട് നിർമ്മിച്ച ഭിത്തിയിൽ പഴയ സിനിമയുടെ പോസ്റ്ററും ഉണ്ട്.
ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്നാണ് ഏഴിലം പാലയും അപ്പൂപ്പൻ താടിയും ഒന്ന് ചേർന്നു നിൽക്കുന്ന കാഴ്ച. ഏഴിലം പാലയെ പുരുഷനായും നവോമി എന്ന അപ്പൂപ്പൻ താടിയെ സ്ത്രീയായും കരുതുന്നു. അപ്പൂപ്പൻ താടി ഏഴിലം പാലയെ ചുറ്റിയാണ് വളർന്നത്. ഇന്ന് ഇവയെ കണ്ടാൽ ഒരു മരമാണെന്നേ തോന്നൂ.ഏറ്റവും ഒടുവിൽ ആറ് നിലകളുള്ള നിരീക്ഷണ ഗോപുരത്തിന്റെ മുകളിൽ കയറിയാൽ മാംഗോ മെഡോസിന്റെ മറ്റൊരു ചിത്രം കൂടി കാണാം.
ഇതുവരെ 130 കോടിയിലധികം രൂപ കുര്യൻ ഇവിടെ മുടക്കിക്കഴിഞ്ഞു. ഇവിടുത്തെ ജൈവ വൈവിധ്യം നിലനിർത്താൻ പണം ആവശ്യമാണ്. അതിനുള്ള പണം കുര്യൻ കണ്ടെത്തുന്നത് ഈ കോട്ടേജുകളിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.
ഇതുവരെ ആരും കുര്യനെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടില്ല. ഇനിയും ഏറെ പണം കണ്ടെത്തേണ്ടതുണ്ട്.
എല്ലാത്തിനും പിന്തുണയുമായി ഭാര്യ ലതികയും മക്കളായ കെവിനും കിരണും കൃപയും ആയാംകുടി സ്വദേശികളായ നൂറിലധികം പേരാണ് കുര്യന് കൂട്ടായുള്ളത്.കുര്യൻ ഒരിക്കലും ഇവിടം വിട്ട് പുറത്തു പോകാറില്ല. ദിവസവും ഈ സസ്യജാലകൾക്കിടയിലൂടെ നിരവധി തവണ നടക്കും. അപ്പോഴൊക്കെ പരിചയക്കാരുടെ ഇടയിലൂടെ നടക്കുന്നതായാണ് കുര്യന് തോന്നുക. തൊട്ടും തലോടിയും അവർക്കിടയിലൂടെയുള്ള യാത്ര..... പക്ഷേ ഇന്ന് തന്നെ പലരും തിരിച്ചറിയുന്നതിനാൽ പഴയതുപോലെ നടക്കാൻ കഴിയുന്നില്ലെന്നതാണ് കുര്യന്റെ പരിഭവം.
പരിസ്ഥിതിക്ക് ദോഷമില്ലാതെ പ്രകൃതിയെ സംരക്ഷിക്കുകയും അങ്ങനെ ഒരു ഗ്രാമത്തെ വികസിപ്പിക്കുകയും ആ പ്രദേശത്തെ ആളുകൾക്ക് തൊഴിലും കുര്യൻ ലക്ഷ്യമാക്കുന്നു.തെലുങ്കാന സർക്കാർ അവിടെ മറ്റൊരു മാംഗോ മെഡോസ് നിർമ്മിക്കാൻ കുര്യന് അനുമതി നൽകി കഴിഞ്ഞു.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും മാംഗോ മെഡോസ് ആരംഭിക്കുകയാണ് കുര്യന്റെ ലക്ഷ്യം. അതിനായി പ്രധാനമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കുര്യൻ.
കുര്യന്റെ ഫോൺ നമ്പർ - 9072580500
CN Remya Chittettu Kottayam
English Summary: Mango Meadows
Read Next
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments