Features

മണ്‍വീട്ടിലെ പ്രകൃതിസ്വപ്‌നങ്ങള്‍

വെറുംവാക്കിലൊന്നും ഒതുങ്ങുന്നതുമല്ല ഇവരുടെ പ്രകൃതിസ്‌നേഹം -ഹരിയും ആശയും

കിളികളുടെ ചലപില ശബ്ദങ്ങള്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന ആ വീടും പരിസരവുമെല്ലാം ഒരു കൊച്ചുകാടിനെ ഓര്‍മ്മിപ്പിക്കും. അടുത്തെങ്ങും വാഹനങ്ങളുടെ കാതുപിളര്‍ക്കുന്ന ശബ്ദങ്ങളേയില്ല. പറമ്പിന് നടുവിലായുളള മണ്‍വീട്ടിലെത്തുമ്പോള്‍ മുറ്റത്തെ മണ്‍പാത്രങ്ങളില്‍ വെളളം നിറച്ചുവച്ചിരിക്കുന്നത് കാണാം. 

കാക്കയും മരംകൊത്തിയും കാടുമുഴക്കിയുമെല്ലാം ഇടയ്ക്ക് വെളളം കുടിക്കാനെത്തും. ആ കാഴ്ചകളെല്ലാം മതിയാവോളം ആസ്വദിച്ച് ഈ വീട്ടില്‍ രണ്ടുപേരുണ്ട്. ഹരിയും ആശയും. കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരി-ആശ ദമ്പതികളുടെ നനവ് എന്നു പേരിട്ടിരിയ്ക്കുന്ന കൊച്ചു മണ്‍വീട്ടിലെ കാഴ്ചകളാണിതെല്ലാം.

നനവ്.. ഈ പേരില്‍ത്തന്നെയുണ്ട് ഒരു നന്മയും കുളിരുമെല്ലാം. അതിന്റെ പ്രതിഫലനങ്ങള്‍ നമുക്ക് ഇവരുടെ വീട്ടിലും പരിസരങ്ങളിലുമെല്ലാം കാണാനാകും.
പ്രകൃതിസ്‌നേഹത്തെക്കുറിച്ച് വാചാലരാകുന്ന ഒരുപാടുപേരെ കണ്ടിട്ടുണ്ട്. പരിസ്ഥിദിനത്തിലും പ്രകൃതിസംരക്ഷണദിനത്തിലും മാത്രമൊതുങ്ങുന്നതായിരിക്കും ഇത്തരക്കാരുടെ പ്രകൃതിസ്‌നേഹം. എന്നാല്‍ ഹരിയ്ക്കും ആശയ്ക്കും പ്രകൃതിയെ സ്‌നേഹിക്കാന്‍ അങ്ങനെ പ്രത്യേകിച്ചൊരു ദിനത്തിന്റെ ആവശ്യമൊന്നുമില്ല. അത്തരമൊരു ദിനങ്ങളും ഇവര്‍ ആചരിക്കാറുമില്ല. വെറുംവാക്കിലൊന്നും ഒതുങ്ങുന്നതുമല്ല ഇവരുടെ പ്രകൃതിസ്‌നേഹം.  എന്നുവച്ച് മണ്ണിനെ സ്‌നേഹിച്ച് തീര്‍ത്തും ഒറ്റപ്പെട്ട് ജീവിക്കുന്നവരുമല്ല കേട്ടോ. ജല അതോറിറ്റിയില്‍ നിന്ന് വിരമിച്ച ഹരിയും അധ്യാപികയായിരുന്ന ആശയും ജൈവസമരത്തിന്റെ പാതയില്‍ കേരളത്തിലുടനീളം നിറസാന്നിധ്യമാണ്.

നനവ് - ഹരിയുടെയും ആശയുടെയും മണ്‍വീട്‌

വീടുണ്ടാക്കണമെന്ന ചിന്ത മനസ്സില്‍ കൂടുകൂട്ടിയപ്പോള്‍ മുതല്‍ ആശയുടെ ഉളളില്‍ മണ്‍വീടായിരുന്നു. വിവാഹം കഴിഞ്ഞ് ഹരിയെ കൂടെ കിട്ടിയപ്പോള്‍ ആ ആഗ്രഹം പറഞ്ഞു. ചെറിയൊരു വീട്. മുറ്റത്ത് വിരുന്നെത്തുന്ന കിളികളോട് കിന്നാരം പറയണം. പ്രകൃതി കാട്ടിത്തരുന്ന കാഴ്ചകളില്‍ മതിമറന്ന് ആനന്ദിക്കണം. പഴങ്ങളും പച്ചക്കറികളും നെല്ലുമടക്കം പറ്റുന്നതെല്ലാം സ്വയം കൃഷിചെയ്തുണ്ടാക്കണം.  പ്രകൃതിയുടെ മടിത്തട്ടില്‍ ആനന്ദത്തോടെ ജീവിക്കണമെന്ന ചിന്ത മാത്രമാണ് രണ്ടുപേര്‍ക്കും.
2010 ല്‍ വീടിന്റെ നിര്‍മ്മാണം തുടങ്ങി. പരിചയക്കാരന്‍ കൂടിയായ ടി. വിനോദായിരുന്നു വീടിന്റെ ആര്‍കിടെക്ട്.  തിരുവനന്തപുരത്ത് നിന്നും പണിക്കാരെത്തിയായിരുന്നു നിര്‍മ്മാണം. എട്ട് മാസങ്ങള്‍ക്കുളളില്‍ പണി പൂര്‍ത്തിയായി.   960 സ്‌ക്വയര്‍ഫീറ്റിലുളള വീടിന് നാലു ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവായത്. അതില്‍ ഒരു ലക്ഷം കിണര്‍ നിര്‍മ്മാണത്തിനായിരുന്നു. കൂടുതലായും ചെലവായത് തൊഴിലാളികളുടെ കൂലിയ്ക്കാണ്.  ഒരു കിടപ്പുമുറി, സിറ്റൗട്ട്, ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ എന്നിവയാണുളളത്. വീട് നിര്‍മ്മാണത്തിനാവശ്യമായ മണ്ണ് ഇവിടെത്തന്നെയുണ്ടായിരുന്നു. രണ്ട് ഓടുകള്‍ പാകി ഇടയ്ക്ക് കമ്പി ഉപയോഗിച്ചായിരുന്നു മേല്‍ക്കൂരയുടെ വാര്‍പ്പ്.  വീടിനാവശ്യമായ മരമെല്ലാം അവിടെത്തന്നെയുണ്ടായിരുന്നു.

വീട്ടുമുറ്റത്തെ കാഴ്ചകള്‍

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വളരെ കുറഞ്ഞ തുക മാത്രമേ വീടിനായി ചെലവഴിച്ചിട്ടുളളൂ. ഊര്‍ജം പരമാവധി കുറച്ചാണ് ഉപയോഗിക്കുന്നത്. വെറും നാല് യൂണിറ്റ് വൈദ്യുതിയാണ് മാസം ഉപയോഗിക്കുന്നത്. എന്നാല്‍ ഫാനും ഫ്രിഡ്ജും ഒഴികെയുളള ഉപകരണങ്ങളെല്ലാം ഇവിടെയുണ്ട്. വേനലായാലും മഴക്കാലമായാലും അമിതമായ ചൂടോ തണുപ്പോ ഉണ്ടാവാറില്ല. അതിനാല്‍ ഫാനോ എസിയോ കൂളറോ ഒന്നും ഇല്ലെന്നുമാത്രം. ആഹാരസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി മണ്ണ് കൊണ്ട് നിര്‍മ്മിച്ച പ്രത്യേക സംവിധാനമാണുളളത്. ഒരാഴ്ച വരെ ഇതില്‍ സാധനങ്ങള്‍ കേടുകൂടാതിരിക്കും. അല്പം വെളളം ഒഴിച്ചുകൊടുത്താല്‍ മാത്രം മതി. മറ്റൊരു കാര്യം ഇവിടെ പാചകത്തിന് ബയോഗ്യാസാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്യാസ് കണക്ഷനും എടുത്തിട്ടില്ല. സാധാരണ മാലിന്യങ്ങള്‍ക്ക് പുറമെ മനുഷ്യവിസര്‍ജ്യവും ഉപയോഗിച്ചാണ് ബയോഗ്യാസ് നിര്‍മ്മിച്ചിരിക്കുന്നത്. 

സ്വന്തം വയലില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ അരി, കൃഷിയ്ക്കുളള വളത്തിനായി വീട്ടിലെ പശു, വീട്ടിലെ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ്, വെളിച്ചത്തിന് സൗരോര്‍ജവും. അതെ ഈ വീടും പരിസരവും എഴുപതുശതമാനത്തോളവും സ്വയംപര്യാപ്തം തന്നെയാണ്. പ്രകൃതിയില്‍ ഏറ്റവും കുറച്ച് ഇടപെടല്‍ നടത്തിക്കൊണ്ടുളള കൃഷിരീതിയാണ് ഇവരുടേത്.   വളപ്രയോഗങ്ങള്‍ തീരെയില്ല. .  പശുവിന്റെ ചാണകം പോലും അത്യാവശ്യമെങ്കിലേ ഉപയോഗിക്കാറുളളൂ. വെണ്ട, പയര്‍, ചീര, പച്ചമുളക് തുടങ്ങി വിവിധ പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ നെല്‍കൃഷിയുമുണ്ട്.  വീടിന് സമീപത്തുളള വയലിലാണ് നെല്‍കൃഷി. പൂര്‍ണമായും ജൈവകൃഷിരീതിയാണ്. വളമായി ചാണകം ഉപയോഗിക്കുന്നു. അതിനായി പശുവിനെ വളര്‍ത്തുന്നു. ഏറ്റവും നല്ല കീടനാശിനികളാണ് കിളികള്‍. അതുകൊണ്ടുതന്നെ ഇവയ്ക്കായി കൂരാമ്പരല്‍ക്കായ, തെച്ചിപ്പഴം, കാട്ടുമുല്ല തുടങ്ങി ഒട്ടേറെ സസ്യങ്ങളുണ്ടിവിടെ. മണ്ണിന് വളക്കൂറു നല്‍കിയും പരാഗണം നടത്തി സഹായിക്കുകയും ചെയ്യുന്ന കിളികള്‍ക്കായി വേനല്‍ക്കാലത്ത് മണ്‍ചട്ടികളില്‍ അല്പം വെളളം നിറച്ചുവയ്ക്കും. തെങ്ങ്, മാവ്, പ്ലാവ്, കശുമാവ്, പേര, വാഴ, കുരുമുളക്, പൈനാപ്പിള്‍, പപ്പായ, സപ്പോട്ട തുടങ്ങി ഈ 34 സെന്റില്‍ ഇവര്‍ക്കാവശ്യമുളളതെല്ലാമുണ്ട്.

ജൈവ ഉത്പ്പന്നങ്ങളുടെ വിപണനത്തിന് വഴിയൊരുക്കണമെന്ന കര്‍ഷകരുടെ ആവശ്യപ്രകാരം 2014 ല്‍  ഇവരുടെ നേതൃത്വത്തില്‍ ജൈവസംസ്‌കൃതി പച്ചക്കറിച്ചന്ത ആരംഭിച്ചു. സ്വയം പര്യാപ്തമായിട്ടുളള കൃഷി എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വളപ്രയോഗം കൂടുതല്‍ വേണ്ട. ചാണകം പോലും അമിതമായാല്‍ ദോഷമാണെന്ന പക്ഷക്കാരനാണ് ഹരി. ജൈവസംസ്‌കൃതിയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കല്‍ കണ്ണൂരില്‍ ജൈവപച്ചക്കറി വിപണനമേള നടക്കാറുണ്ട്. കൂടുതല്‍ ആള്‍ക്കാരും ഉത്പ്പന്നങ്ങളും മേളയിലേക്ക് എത്താറുമുണ്ട്. എന്നാല്‍ ഗുണപരിശോധന ഉറപ്പാക്കിയശേഷമേ മേളയില്‍ ഉത്പ്പന്നങ്ങള്‍ പരിഗണിക്കാറുളളൂ. വിഷമില്ലാത്ത ആഹാരം പ്രചരിപ്പിക്കുക, വിഷമില്ലാത്ത കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങാവുക എന്നത് മാത്രം ചിന്തിക്കുന്ന കുറച്ചുപേരുടെ കൂട്ടായ്മ കൂടിയാണിത്.

''നെല്ല് കൂടാതെ നിലക്കടല, ചോളം, എളള് എന്നിവയും കൃഷി ചെയ്യാറുണ്ട്. രാവിലെയും വൈകിട്ടും രണ്ട് മണിക്കൂര്‍ വയലില്‍ പണിയെടുക്കും. സഹായത്തിന് പുറത്തുനിന്നാരെയും വിളിക്കാറില്ല. അത് മോശമാണെന്നല്ല. അധ്വാനം എന്നത് നമ്മുടെ ആരോഗ്യത്തിന് വേണ്ടിയുളളതാണ്. വെയിലുകൊണ്ട് അധ്വാനിക്കുമ്പോള്‍ പ്രതിരോധശേഷിയും ശാരീരികാരോഗ്യവുമാകും. പിന്നെ ഒരു വൈറസിനും നിങ്ങളെ കീഴിപ്പെടുത്താനാവില്ല. '' -ഹരി പറഞ്ഞുനിര്‍ത്തി.


English Summary: meet this couple who created natural forest and energy efficient home

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine