ബീഹാറില്‍ താരമായി മുകുന്ദദാസ്
ആരും ധൈര്യപ്പെടാത്തത് ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ പൂര്‍ണ്ണനാവുക. അത്തരത്തില്‍ പൂര്‍ണ്ണതയിലെത്തിയ വ്യക്തിത്വമാണ് ഡോക്ടര്‍.വി.മുകുന്ദദാസ്. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയില്‍ ചന്ദ്രഗുപ്ത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രത്യേക താത്പര്യമെടുത്താണ് മുകുന്ദദാസിനെ അതിന്റെ ഡയറക്ടറാക്കിയത്. 2008ലായിരുന്നു അത്. അദ്ദേഹം ഒന്നേ പറഞ്ഞുള്ളു, ഐഐഎമ്മിലേതുപോലെ ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ ബീഹാറിന് അഭിമാനമാകണം. അതൊരു ചലഞ്ചായിരുന്നു. ഏറ്റെടുത്ത ഒരു ചലഞ്ചിലും പിറകോട്ടു പോയിട്ടില്ലാത്ത മുകുന്ദദാസിന് അഭിമാനകരമായ ഒരു ദശാംബ്ദം കടന്നതിന്റെ അഭിമാനമാണ് ഇപ്പോഴുള്ളത്. മുഴുവന്‍ കുട്ടികള്‍ക്കും നല്ല പ്ലേസ്‌മെന്റ് ലഭ്യമാക്കാന്‍ മുകുന്ദദാസിന് കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധത്തിന് വഴങ്ങി ഡയറക്ടര്‍ സ്ഥാനത്തു തുടരുന്ന മുകുന്ദദാസിനെ കൃഷിജാഗരണ്‍ ഓഫീസില്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിഞ്ഞത് യാദൃശ്ചികമായിരുന്നു.
ദേശീയ ക്ഷീരദിനം പ്രമാണിച്ച് കുര്യന്‍ അനുസ്മരണ പ്രഭാഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു അദ്ദേഹം. കൃഷി ജാഗരണ്‍ മാനേജിംഗ് എഡിറ്റര്‍ എം.സി.ഡൊമിനിക്കും സബ് എഡിറ്റര്‍ ടി.അരുണും അഭിമുഖത്തില്‍ പങ്കാളികളായിരുന്നു.
? തട്ടിക്കൊണ്ടു പോകല്‍,അക്രമങ്ങള്‍, കൊലപാതകം, സാമൂഹിക ഇന്‍ഡക്‌സുകളിലെ പിന്നോക്കം നില്‍ക്കല്‍, ജാതിപരമായ പ്രശ്‌നങ്ങള്‍ തുടങ്ങി പല രീതിയിലും ഒരാളെ പിറകോട്ടു വലിക്കുന്ന ഒരിടത്തേക്ക് ഇത്തരമൊരു നേതൃത്വം ഏറ്റെടുത്ത് പോകാനുളള കാരണം എന്തായിരുന്നു
* പ്രധാനം നിതീഷ് കുമാറുമായുളള സൗഹൃദം തന്നെ. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം, നാടിന് മാറ്റമുണ്ടാകണം എന്ന താത്പര്യം, അതിലൊരു കണ്ണിയാകേണ്ടയാളാണ് ഞാന്‍ എന്നെനിക്കു തോന്നി. കേരളം പോലൊരു സംസ്ഥാനത്ത് വളരെയൊന്നും ചെയ്യാനില്ല, അനേകം ആളുകള്‍ അതിനുണ്ട് താനും. എപ്പോഴും ദുര്‍ബ്ബലരെ സഹായിക്കാനുളള ഒരു മനസ് ഞാന്‍ കാത്തുസൂക്ഷിച്ചിരുന്നു. പിന്നെ പുതിയൊരു സംരംഭം കെട്ടിപ്പടുക്കുന്നതിന്റെ ത്രില്ലും.ഇപ്പോള്‍ 11 വര്‍ഷം കഴിഞ്ഞു തുടങ്ങിയിട്ട്. 2022 വരെ തുടരണം എന്ന നിര്‍ദ്ദേശത്തില്‍ തുടരുകയാണിപ്പോള്‍.
? സ്ഥാപനം കെട്ടിപ്പടുത്തതിന്റെ ചലഞ്ചുകള്‍ പങ്കുവയ്ക്കാമൊ
* ഒരു ചെറിയ മുറിയിലാണ് തുടക്കം. മുഖ്യമന്ത്രി ചെയര്‍മാനായതിനാല്‍ എല്ലാകാര്യങ്ങളും വേഗത്തിലായിരുന്നു. മീത്താപ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭൂമി കിട്ടി. കെട്ടിടം നിര്‍മ്മിച്ചു. പൊതുവെ വലിയ കമ്മീഷനും അഴിമതിയുമൊക്കെയുള്ള സര്‍ക്കാര്‍ സംവിധാനത്തില്‍ മികച്ച ഗുണമേന്മയോടുകൂടിയ ഒരു കേന്ദ്രം അഴിമതിയുടെ കറപുരളാതെ കെട്ടി ഉയര്‍ത്താന്‍ കഴിഞ്ഞു.
? സ്ഥാപനത്തിന്റെ പ്രത്യേകതകള്‍ വിവരിക്കാമോ
* പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റാണ് കോഴ്‌സ്്. ഈ സ്ഥാപനത്തിന്റെ പ്രത്യേകത എന്നു പറഞ്ഞാല്‍ 50 ശതമാനം റിസര്‍വ്വേഷന്‍ ബീഹാറികള്‍ക്കാണ് എന്നതാണ്. ആകെയുള്ളതിന്റെ അന്‍പത് ശതമാനം പട്ടികജാതി-പട്ടിക വര്‍ഗ്ഗ -ഒബിസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കയാണ്. കേരളത്തിലെ അത്രയുമൊന്നും വിദ്യാഭ്യാസപരമായി ഉയര്‍ന്നിട്ടില്ലാത്തവരും അസഹനീയമായ വിധം ജാതി ചിന്തയുള്ളവരും അടങ്ങിയ ബീഹാര്‍ സമൂഹത്തില്‍ വളരെ റിസ്‌കിയായ നിരവധി കടമ്പകളുണ്ട്.അതിനെ മറികടന്ന് പട്ടിണിപാവങ്ങളായ അനേകം കൂട്ടികളെ രക്ഷപെടുത്തി വിടാന്‍ കഴിഞ്ഞു. വര്‍ഷം 18-20 ലക്ഷം രൂപ ശമ്പളം വാങ്ങുന്നവരാണ് ഇവരില്‍ പലരും. പൊതുവെ സ്ത്രീ സുരക്ഷയൊക്കെ പ്രശ്‌നമായ ബിഹാറില്‍ പെണ്‍കുട്ടികളെ ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കുന്ന സ്ഥാപനമാണിത്. ഐഐഎമ്മിലെ സിലബസും അവിടെനിന്നും ജയിച്ചുവന്ന ഫാക്കല്‍ട്ടിയുമാണ് സ്ഥാപനത്തിന് വിജയം നേടിത്തരുന്നത്.അഹമ്മദബാദ് ഇന്‍സ്റ്റിട്യൂട്ടിന്റെ സഹായത്തോടെ വികസിപ്പിച്ച ലൈബ്രറിയും ഹാര്‍വാര്‍ഡ്് ബിസിനസ് പബ്‌ളിഷിംഗിലെ ടീച്ചിംഗ് മറ്റീരിയല്‍സും കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യം നല്‍കുന്നു. യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി റിസര്‍ച്ച്, സ്വിറ്റ്‌സര്‍ലന്റിന്റെ യൂറോപ്യന്‍ അവാര്‍ഡ് ഫോര്‍ ബസ്റ്റ് പ്രാക്ടീസസ് 2013 ലഭിച്ചു. യുനെസ്‌കോ, യുണിസെഫ് പ്രോജക്ടുകള്‍ ചെയ്തു. യുകെയിലെ ലക്ഷയര്‍ ബിസിനസ് സ്‌കൂളുമായി പാര്‍ട്ടണര്‍ഷിപ്പ്, സ്‌റ്റോക്‌ഹോം സ്‌കൂള്‍ ഓഫ് ബിസിനസ് ആന്റ് യൂണിവേഴ്‌സിറ്റി,ഇന്‍ര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയുടെ അസോസിയേഷന്‍ എന്നിവയും ശ്രദ്ധേയമാണ്.
120 കുട്ടികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുക.കൃത്യനിഷ്ടയിലെ കടുംപിടുത്തം അവരെ തൊഴിലിടങ്ങളില്‍ വിജയിക്കാന്‍ സഹായിക്കുന്നുണ്ട്. ഒരു മിനിട്ട് വൈകി വന്നാലും ആയിരം രൂപ പിഴ ഈടാക്കും ഇവിടെ .മികച്ച പത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ഒന്നായി സര്‍വ്വെ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ തുടര്‍ പഠനം നടത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. 5 മികച്ച അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ , 2 ദേശീയ അവാര്‍ഡുകള്‍, 2010 ല്‍ ഇവിടത്തെ ഇക്കണോമിക്‌സിലെ ഗവേഷണങ്ങള്‍ അഹമ്മദാബാദ് ഐഐഎമ്മിനേക്കാള്‍ മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. യൂണിവേഴിസിറ്റി ഓഫ് കണക്റ്റികട്ട് നടത്തിയ സര്‍വ്വെയില്‍ ചന്ദ്രഗുപ്തിന് 19ാം റാങ്കും ഐഐഎം അഹമ്മദാബാദിന് 22 ാം റാങ്കുമായിരുന്നു. ഇതിനുപുറമെ അക്കാദമി പട്ടികജാതി -പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നുണ്ട്. ജാതിയും മതവും മനുഷ്യനുണ്ടാക്കിയതാണ് എന്നു പറഞ്ഞാണ് അവരെ മോട്ടിവേറ്റു ചെയ്യുന്നത്. ഇംഗ്ലീഷ് അറിയാത്ത കുട്ടികള്‍ക്ക് പ്രത്യേക കോച്ചിംഗ് കൊടുക്കും. നഗരത്തിലെ ചേരികളിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനവും ഇംഗ്ലീഷ് പരിശീലനവും നല്‍കുന്നുണ്ട് അക്കാദമി.
? അമൂല്‍ കുര്യനുമായുളള സൗഹൃദം ഒന്നു വിവരിക്കാമോ
* ഇര്‍മയില്‍ എത്തും മുന്നെ ഞാന്‍ അഹമ്മദാബാദ് ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. ഇര്‍മ്മയില്‍ എത്തിയതോടെ കുര്യന്‍ സാറുമായി സൗഹൃദത്തിലായി. ക്ഷീരമേഖലയില്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാകുംമുന്‍പുവരെ അവര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങളും സഹകരണ സംഘങ്ങള്‍ രൂപീകരിച്ചശേഷമുണ്ടായ ശാക്തീകരണവും അത്ഭുതകരമായിരുന്നു. ഇത്തരത്തില്‍ കച്ചിലെ ഉപ്പു നിര്‍മ്മാണ രംഗത്ത് മാറ്റം കൊണ്ടുവരുവാനുള്ള എന്റെ പ്രൊപ്പോസലിന് അദ്ദേഹം നല്‍കിയ പ്രോത്സാഹനം ഞാന്‍ ഓര്‍ക്കുന്നു. അവിടെ ഉപ്പു നിര്‍മ്മിക്കുന്നത് വേലിയേറ്റക്കാലത്ത് അടിച്ചുകയറിയ ഉപ്പുവെളളം ഉപയോഗിച്ചാണ്. ഈ വെള്ളം മണ്ണില്‍ താഴും .അവിടെ ചെറു കിണര്‍ കുഴിച്ച് വെള്ളം കോരിയെടുത്ത് ദീര്‍ഘചതുരാകൃതിയിലുള്ള കളങ്ങളില്‍ നിക്ഷേപിക്കും. ചൂടുകൊണ്ട് ഇത് വറ്റും. സ്ത്രീകളും മറ്റും നഗ്നപാദങ്ങളാലാണ് ഇവ ചിക്കുന്നത്. രാത്രിയില്‍ ചൂട് മൈനസും പകല്‍ നാല്‍പ്പത്തിരണ്ടുമാകുന്ന ഈ പ്രദേശത്ത് ഇവരുടെ ജീവിതം കഷ്ടാല്‍ കഷ്ടതരമാണ്. ഇവരുടെ കാലൊക്കെ പൊട്ടിപൊളിയും. ഇങ്ങിനെ കഷ്ടപ്പെട്ടുണ്ടാക്കുന്ന ഉപ്പ് കച്ചവടക്കാര്‍ വാങ്ങുന്നത് കിലോയ്ക്ക് 10 പൈസ വച്ചാണ്. ഇതേ ഉപ്പ് അഹമ്മദാബാദില്‍ കൊണ്ടുവന്നു വില്‍ക്കുന്നത് ഒന്നേകാല്‍ രൂപയ്ക്കും. ഇടനിലക്കാരുടെ ഈ തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഉതകും വിധമുള്ള പ്രൊപ്പോസലാണ് ഞാന്‍ തയ്യാറാക്കി അദ്ദേഹത്തിന് നല്‍കി. അങ്ങിനെയാണ് സാള്‍ട്ട് ഫാമേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഗുജറാത്തില്‍ തുടങ്ങിയത്.1979-81ലാണ് ഒാപ്പറേഷന്‍ ഫ്്‌ളഡ് തുടങ്ങുന്നത്. ഇതിനായി കോ ഓപ്പറേറ്റീവ് ഉള്ളതും ഇല്ലാത്തതുമായ ഗ്രാമങ്ങളെ തുലനം ചെയ്ത് പ്രോജക്ട് റിപ്പോര്‍ട്ടുണ്ടാക്കി. തമിഴ്‌നാട്ടിലെ ഒരു ഗ്രാമം, ഗുജറാത്തിലെ രണ്ട് ഗ്രാമങ്ങള്‍, രാജസ്ഥാനിലെ ഒരു ഗ്രാമം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷമാണ് ഇതിന്റെ റിപ്പോര്‍ട്ട് 1981-82 കാലത്ത് തയ്യാറാക്കി നല്‍കിയത്. ഓപ്പറേഷന്‍ ഫ്‌ളഡ് 2, ഈയിടെ ആരംഭിച്ച ഇന്ത്യന്‍ ഡയറി പ്ലാന്‍ എന്നിവയിലും റിപ്പോര്‍ട്ടുണ്ടാക്കി നല്‍കാന്‍ കഴിഞ്ഞു. ഇപ്പോള്‍ അമൂല്‍ വില്‍പ്പന 28000 കോടിയാണ്. ആമൂലിന്റെയും മറ്റ് പല മികച്ച സ്ഥാപനങ്ങളുടെയും തലപ്പത്ത് ഇര്‍മയിലെ തന്റെ ശിഷ്യന്മാരാണുളളത് എന്നത് വലിയ അഭിമാനമാണ്.
? കേരളത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഒന്നു വിവരിക്കാമോ
* ഞാന്‍ കോഴിക്കോട് ഐഐഎമ്മിലായിരുന്ന കാലത്താണ് നാളീകേര മേഖലയില്‍ ഒരിടപെടല്‍ നടത്തിയത്. പേരാമ്പ്രയില്‍ കുഞ്ഞമ്പുമാഷിന്റെ നേതൃത്വത്തിലാണ് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കി ,കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മികച്ച ലാഭം ലഭിക്കാനുളള സുഭിക്ഷ പദ്ധതി തുടങ്ങിയത്. 28 ഇനം ഉത്പ്പന്നങ്ങളുണ്ടാക്കി. കേരളത്തില്‍ ചുരുക്കം കാര്യങ്ങളെ ഭംഗിയായി നടക്കുന്നുള്ളു. അത്തരത്തിലൊന്നാണ് പേരമ്പ്ര എക്‌സിപെരിമെന്റ്. ഇത് അന്താരാഷ്ട്ര ശ്രദ്ധ നേടുകയുണ്ടായി. സ്ത്രീകളാണ് പദ്ധതിയുടെ നേതൃത്വത്തില്‍. ഇവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രവര്‍ത്തനം. തേങ്ങ ശേഖരിക്കാന്‍ ഒരു കൂട്ടര്‍, കൊപ്ര പ്രോസസ് ചെയ്യാന്‍ മറ്റൊരു കൂട്ടര്‍, വെളിച്ചെണ്ണ നിര്‍മ്മിക്കാന്‍ ഒരു ഗ്രൂപ്പ്, കുള്‍ഫി, ഐസ്‌ക്രീം ഇങ്ങിനെ എല്ലാം പ്രത്യേകമായി നിലനിര്‍ത്തി. ഗുണമേന്മാ പരിശോധനയ്ക്ക് പൂനയിലെ ഫുഡ് ക്വാളിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സഹായിച്ചു. ഇപ്പോഴും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പേരാമ്പ്രയിലേത്. യൂറോപ്യന്‍ യൂണിയന്റെ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റായിരിക്കെയാണ് വിഎഫ്പിസികെ തുടങ്ങാനുളള പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കിയതും തുടക്കമെന്ന നിലയില്‍ പൈനാപ്പിള്‍ പ്രോസസിംഗ് യൂണിറ്റ് ആരംഭിച്ചതും. അന്നൊരു സ്ട്രാറ്റജി പ്ലാന്‍ ഞാന്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. കൃഷി എല്ലാവരും ഒരേ ദിവസം തുടങ്ങാതെ പതിനഞ്ചു ദിവസത്തിന്റെ ഇടവേളകളില്‍ ആരംഭിക്കുക എന്നതായിരുന്നു അത്. അപ്പോള്‍ മാര്‍ക്കറ്റില്‍ ഒന്നിച്ച് സാധനങ്ങളെത്തി വില കുറയുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും. അത് വലിയ വിജയമായിരുന്നു. കേരളത്തിലായിരുന്നപ്പോള്‍ ,ട്രിപ്പിള്‍ ഐടിഎംകെയിലും കുറേക്കാലം ജോലി നോക്കിയിരുന്നു. അക്കാലത്താണ് മാര്‍ക്കറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കൊണ്ടുവന്നത്. ഇടനിലക്കാരുടെ തട്ടിപ്പ് ഒരു പരിധിവരെ ഒഴിവാക്കാന്‍ ഈ വിലനിലവാര സൂചിക മുന്നറിയിപ്പ് പ്രയോജനപ്പെട്ടു.
പഠന കാലത്തെകുറിച്ച്
* ചെറുകോലാണ് ജനിച്ചത്.കുട്ടിക്കാലത്ത് പുഴ കടന്നായിരുന്നു സ്‌കൂള്‍ പഠനം. പന്തളം എന്‍എസ്എസ് കോളേജില്‍ നിന്നും ബിരുദം.കേരള സര്‍വ്വകലാശാലയില്‍ ബിഎ ഇക്കണോമിക്‌സില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു.നല്ല കഷ്ടപ്പാടുള്ള കാലം.രാവിലെ 50 പൈസ തരും .ചോറ്റുപാത്രത്തില്‍ ചോറും .അരമണിക്കൂര്‍ നടക്കും.മാവേലിക്കരയിലെ പുതിയകാവിലെത്തും. അവിടെ നിന്നും ബസില്‍ പന്തളത്തും, പിന്നെ15 മിനിട്ട് നടന്നാല്‍ കോളേജിലെത്തും. എംഎ കേരള സര്‍വ്വകലാശാലയില്‍. പഠനം കഴിഞ്ഞ് അഹമ്മദാബാദ് ഐഐഎമ്മിലെത്തി.പിന്നീട് ഇര്‍മയില്‍ ആദ്യ ഫാക്കള്‍ട്ടിയായി. രവി മത്തായിയായിരുന്നു തലവന്‍. അവിടെ 12 വര്‍ഷം പഠിപ്പിച്ചു. ഹാര്‍വാഡ് സര്‍വ്വകലാശാലയിലും പഠനം നടത്തി. ഇറ്റലിയിലും പരിശീലനം നേടി.ഇപ്പോള്‍ 12 വര്‍ഷമായി പാറ്റ്‌നയിലെ ചന്ദ്രഗുപ്ത് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടറാണ്.
ചന്ദ്രഗുപ്ത് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് ,മിത്താപ്പൂര്‍ ഇന്‍സ്റ്റിട്യൂഷണല്‍ ഏരിയ, പാറ്റ്‌ന - 800001. ഫോണ്‍- 0612-2366015, ഡയറക്ടേഴ്‌സ് സെക്രട്ടേറിയറ്റ്- 0612-2366026യ ഇമെയില്‍- info@cimp.ac.in
English Summary: Mukunda das shines at Bihar
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments