തൊട്ടാൽ പൊള്ളുന്ന വിലയാണ് മിക്കപ്പോഴും കൃഷിയ്ക്ക് ആവശ്യമായി വരുന്ന യന്ത്രങ്ങൾക്ക്. വില കേൾക്കുമ്പോൾ തരക്കേടില്ലല്ലോ എന്ന് ചിന്തിക്കുമെങ്കിലും ഒരു കർഷകനെ സംബന്ധിച്ച് അതവന് താങ്ങാനാവുമോ എന്നാണ് നോക്കി കാണേണ്ടത്.
ഇന്ത്യ ഒരു ആഗോള കാർഷിക ശക്തികേന്ദ്രമാണ്. അതായത്, ലോകത്തിലെ ഭൂരിഭാഗം കൃഷിയും ഇന്ത്യയിൽ തന്നെയാണ് ചെയ്യുന്നത്. എന്നാലും കർഷകന് നഷ്ടത്തിന്റെ കണക്ക് വരുന്നതിൽ കാർഷിക യന്ത്രങ്ങളിലെ വിലയ്ക്കും സ്വാധീനമില്ലെന്ന് പറയാൻ കഴിയില്ല. ഈ കാരണത്താൽ തന്നെ പല കർഷകരും ഇന്നും തങ്ങളുടെ കൃഷിയിലേക്ക് യന്ത്രവൽക്കരണം ശരിയായ രീതിയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് പറയാനാകില്ല.
എന്നാൽ, കൃഷിക്കാരന് ഇണങ്ങുന്ന രീതിയിൽ അവൻ തന്നെ യന്ത്രങ്ങൾ നിർമിച്ചാലോ? അതെ, കാർഷികോപകരണങ്ങളുടെ വിലയും അവയുടെ സങ്കീർണതകളുമൊന്നും ഇവിടെ പ്രശ്നമല്ല. പാടത്ത് വിത്ത് വിതയ്ക്കാനും കീടനാശിനി തളിക്കാനും സാധനങ്ങൾ കൊണ്ടുപോകാനുമെല്ലാം ഒരൊറ്റ സൈക്കിൾ മതിയെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ. ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള ഇത്തരം അത്ഭുതകരമായ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കെജി അഗ്രോടെക് എന്ന സംരഭവും ഒപ്പത്തിനുണ്ട്.
ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കമലേഷ് നാനാസാഹേബ് ഘുമാരേ എന്ന മിടുക്കനാണ് ഈ മൾട്ടി- പർപ്പോസ് സൈക്കിളിന് പിന്നിൽ.
ഷാർക്ക് ടാങ്ക് ഇന്ത്യ എന്ന റിയാലിറ്റി ഷോയുടെ സീസൺ 1ൽ 23-ാം എപ്പിസോഡിൽ കമലേഷ് നാനാസാഹേബ് ഘുമാരെ തന്റെ ഈ നൂതന- കൃഷി സൈക്കിൾ അവതരിപ്പിച്ചിരുന്നു. കെജി അഗ്രോടെക്ക് ഈ മൾട്ടി പർപ്പോസ് സൈക്കിളിനായി ഷാർക്ക് ടാങ്ക് ഇന്ത്യയോട് 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതായത്, തങ്ങളുടെ കമ്പനിയുടെ 10%മാണ് ഇതിലൂടെ നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയന്ത്രങ്ങൾ ഇനി വിരൽത്തുമ്പിൽ; ട്രാക്ടർന്യൂസ് വെബ്സൈറ്റുമായി കൃഷി ജാഗരൺ
ലെൻസ്‌കാർട്ട് സിഇഒ പിയൂഷ് ബൻസാൽ ഈ സംരഭത്തിന്റെ 40% ഓഹരിക്ക് പകരമായി 10 ലക്ഷം രൂപ നിക്ഷേപിച്ചു കഴിഞ്ഞു. കൂടാതെ പലിശയില്ലാതെ 20 ലക്ഷം രൂപ വായ്പയും നൽകിയിട്ടുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ഷാർക്ക് ടാങ്ക് ഇന്ത്യയ്ക്കൊപ്പം കൈകോർത്ത കമ്പനിയാണ് കെജി അഗ്രോടെക്.
വിത്ത് വിതയ്ക്കാനും കീടനാശിനി പ്രയോഗത്തിനും മറ്റ് കൃഷി ആവശ്യങ്ങൾക്കും നിസ്സാരമൊരു സൈക്കിൾ മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച രീതിയിൽ കൃഷി ചെയ്യാമെന്നതും കെജി അഗ്രോടെക് അവതരിപ്പിക്കുന്ന ഈ സൈക്കിളിലൂടെ സാധ്യമാകുന്നു.
വീട്ടിലിരുന്ന് വളരെ ലളിതമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷകൻ കൂടിയായ കമലേഷ് നാനാസാഹേബ് ഘുമാരെ പല കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന സൈക്കിൾ വികസിപ്പിച്ചത്. ഇതിന്റെ പരിപാലനച്ചെലവ് വളരെ കുറവാണ്. കുറഞ്ഞ വിലയ്ക്ക് ഇത് കർഷകന് ലഭിക്കുകയും ചെയ്യും. ഒരു കർഷകനെന്ന നിലയിൽ കാർഷിക പ്രവർത്തനങ്ങൾക്ക് എങ്ങനെയുള്ള ഉപകരണമാണ് മികച്ചതെന്ന് മനസിലാക്കിയാണ് അദ്ദേഹം ഇങ്ങനെയൊരു സൈക്കിൾ നിർമിച്ചതും.
Share your comments