കേട്ടുകേൾവി പോലുമില്ലാത്ത പഴങ്ങൾ; പഴങ്ങളിലെ മാണിക്യം മുതൽ സുൽത്താന്റെ പെർഫ്യൂം ഫ്രൂട്ട് വരെ
കഴിച്ചാൽ വിയർപ്പിന്റെ ഗന്ധമകറ്റി സുഗന്ധം പരത്തുന്ന രാജകീയ പഴം മുതൽ നമുക്ക് അത്ര പരിചയമില്ലാത്ത ഒരുപാട് വൈവിധ്യങ്ങൾ സസ്യലോകത്തുണ്ട്. ഒരിക്കൽ രാജകൊട്ടാരത്തിൽ മാത്രം വളർത്തിയിരുന്ന, ഇന്ന് കേരളത്തിലും കൃഷി ചെയ്ത് പണം സമ്പാദിക്കുന്ന ഫലങ്ങളാണ് ഇവയിൽ ഉൾപ്പെടുന്നത്. മറ്റ് പഴങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തുന്നവയും
പഴങ്ങളിലെ മാണിക്യവുമെല്ലാം കേട്ടുകേൾവി പോലുമില്ലാത്ത പഴങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബുദ്ധന്റെ കൈ വിരലുകൾ പോലെയുള്ള സവിശേഷമായ നാരങ്ങ
ഇങ്ങനെ സസ്യലോകത്തെ മാന്ത്രികതയും അത്ഭുതങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർക്കായി അപൂർവ്വമായ ചില പഴങ്ങളെ പരിചയപ്പെടുത്തുകയാണ് ചുവടെ.
-
കെപ്പൽ ഫ്രൂട്ട് (Keppel Fruit)
വിയർപ്പിന് ബിസ്ക്കറ്റിന്റെ ഗന്ധം തരുന്ന ഫലമാണ് കെപ്പൽ ഫ്രൂട്ട്. സ്വദേശം അപൂർവ്വ സസ്യങ്ങളുടെ പറുദീസയായ ഇന്തോനേഷ്യയാണ്. സുഗന്ധദ്രവ്യങ്ങളുടെ മണമുള്ളതിനാൽ പെർഫ്യൂം ഫ്രൂട്ടെന്നും അറിയപ്പെടുന്നു.
സപ്പോട്ട പോലെ തോന്നിക്കുന്ന പഴം വൃക്കസംബന്ധമായ രോഗങ്ങൾക്ക് പ്രതിവിധിയാണ്. ഇന്തോനേഷ്യയിലെ സുൽത്താൻ കൊട്ടാരത്തിൽ മാത്രമാണ് ഇവ വളർത്തിയിരുന്നത്. മറ്റാരെങ്കിലും ഇവ നട്ടുവളർത്തിയാൽ വധശിക്ഷ വരെ ലഭിച്ചിരുന്നു. എന്നാലിന്ന് കേരളത്തിലെ കൃഷിയിലേക്ക് കെപ്പൽ ഫ്രൂട്ട് എത്തിക്കഴിഞ്ഞു. ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയ്ക്ക് ഇണങ്ങിയ ഭൂമി. 2000 രൂപ മുതൽ വില വരും ഇവയുടെ തൈയ്ക്ക്. 8 വർഷം കഴിഞ്ഞാൽ കായ്കൾ ഉണ്ടായിത്തുടങ്ങും.
-
ബ്ലാക്ക് സപ്പോട്ട (Black Sapote)
ചോക്ലേറ്റ് പുഡ്ഡിങ് ഫുഡ് എന്നും ഇവയെ വിളിക്കുന്നു. കാരണം ഇവയുടെ ഭക്ഷ്യയോഗ്യമായ മാംസള ഭാഗം പുഡ്ഡിങ് പോലെയിരിക്കുന്നതിനാലാണ്. സപ്പോട്ടയിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ അകംഭാഗം കറുപ്പ് നിറമാണ്. ഉഷ്ണമേഖല രാജ്യങ്ങളിലാണ് കൂടുതലായി കാണുന്നത്. പ്രമേഹരോഗികൾ ബ്ലാക്ക് സപ്പോട്ട കഴിയ്ക്കുന്നത് നല്ലതാണ്.
-
ലെമൺ കുക്കുമ്പർ (Lemon cucumber)
വലിപ്പത്തിലും നിറത്തിലും നാരങ്ങ പോലെ തോന്നിപ്പിക്കുന്ന ലെമൺ കുക്കുമ്പർ ശരിക്കും പഴമല്ല, പച്ചക്കറിയാണ്. മുറിച്ച് നോക്കിയാൽ മാത്രമാണ് ഇത് വെള്ളരിക്കയാണെന്ന് മനസിലാകൂ. സൂര്യപ്രകാശം അധികം ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇവ വളരുന്നത്.
-
കെസുസു ഫ്രൂട്ട് (Kesusu Fruit)
ചക്കയുടെ കുടുംബത്തിൽപെട്ട കെസുസു ഫ്രൂട്ട് പുറമെ കാണാൻ അടയ്ക്ക കുല പോലെയാണ്. ഇതിലെ ഓറഞ്ച് നിറത്തിലെ ഫലങ്ങളാണ് ഭക്ഷ്യയോഗ്യമായത്. വാഴപ്പഴത്തിന്റെയും സ്ട്രോബറിയുടെയും മിശ്രിത രുചിയാണ് കെസുസുവിന്. വളരെ വിരളമായി കാണുന്ന കെസുസുവിനെ പഴങ്ങളിലെ മാണിക്യം എന്ന് വിശേഷിപ്പിക്കുന്നു.
ലെമൺ കുക്കുമ്പറിനെ പോലെ ആൾമാറാട്ടം നടത്തുന്ന മറ്റൊരു വെള്ളരിക്കയുമുണ്ട്. പുറമെ ഡ്രാഗൺ ഫ്രൂട്ടിനോട് സാദൃശ്യമുള്ള വെള്ളരിക്കയും ലോകത്തിന്റെ പല ഭാഗങ്ങളിൽ കൃഷി ചെയ്തുവരുന്നു.
-
അകേബിയ ഫ്രൂട്ട് ( Akebia Fruit)
നിഗൂഢത നിറഞ്ഞതാണ് അകേബിയയെന്ന് പറയാം. കാരണം ഇവയുടെ പൂക്കൾക്ക് ചോക്ലേറ്റിന്റെ മണവും ഇലയ്ക്കും ചെടിയ്ക്കും വാനിലയുടെ മണവുമാണ്. ഫലത്തിലേക്ക് വന്നാൽ, പർപ്പിൾ നിറത്തിലുള്ള തോടിനകത്ത് ജെല്ലി രൂപത്തിലുള്ള പഴം കാണാം. തേങ്ങയുടെ രുചിയാണിതിന്.
ചൈന, കൊറിയ, ജപ്പാൻ പോലുള്ള രാജ്യങ്ങളിലാണ് ഇവ അധികമായി കാണപ്പെടുന്നത്. ഇവയുടെ ഇലയ്ക്ക് വാനിലയുടെ ഗന്ധമായതിനാൽ ചൈനയിലും മറ്റും ചായയിട്ട് കുടിയ്ക്കാൻ ഉപയോഗിക്കുന്നു.
-
റെഡ് ഫ്രൂട്ട് (Red fruit)
ഇന്തോനേഷ്യയിൽ അധികമായി കണ്ടുവരുന്നു. പല രോഗങ്ങൾക്കും പരിഹാരമാണ് ഈ പഴം. റെഡ് ഫ്രൂട്ടിൽ ഫൈബറും ആന്റി ഓക്സിഡന്റും ധാരാളം അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് 100 സെന്റി മീറ്റർ നീളവും 7.5 കിലോയോളം ഭാരവുമുണ്ടാകും. മുപ്പതോളം ഇനങ്ങളാണ് റെഡ് ഫ്രൂട്ട് കുടുംബത്തിലുള്ളത്. ബിറ്റാ കരോട്ടിന്റെ സാന്നിധ്യമാണ് റെഡ് ഫ്രൂട്ടിന് ഈ നിറം ലഭിക്കാൻ കാരണമാകുന്നത്.
-
ലെമാറ്റോ(Lemato)
ഒരേ സമയം ഒരു ചെടിയിൽ രണ്ട് ഫലങ്ങൾ എന്നതാണ് ലെമാറ്റോയിലൂടെ സാധ്യമാകുന്നത്. ഇസ്രേയൽ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഫലമാണിത്. തക്കാളിയുടെയും നാരങ്ങയുടെയും രുചിയാണിതിന്. രൂപത്തിൽ പുറമെ നാരങ്ങയുടെയും, അകത്ത് തക്കാളിയുടെയും രൂപമാണ് ഇവയ്ക്ക്.
-
മൈസ് മൊറാഡോ ( Maiz Morado)
ചോളത്തിന്റെ വർഗത്തിൽ പെട്ട മൈസ് മൊറാഡോയെ കറുത്ത ചോളമെന്നും വിളിയ്ക്കുന്നു. ശരീരഭാരം കൂട്ടാനും മറ്റും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ചോളത്തിൽ അടങ്ങിയിട്ടുള്ള അതേ പോഷകങ്ങൾ ഇവയിലുമുണ്ട്.
English Summary: Mysterious And Miraculous Fruits That You Do Not Know
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments