<
Features

നിലമ്പൂര്‍ നിന്ന് സ്‌നേഹപൂര്‍വ്വം നാഗേശ്വരന്‍

Nageswaran

ചാലിയാര്‍ നദിയുടെ തീരത്തെ ചരിത്രമുറങ്ങുന്ന നിലമ്പൂരേക്കായിരുന്നു ഇത്തവണ യാത്ര. കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തല്‍മണ്ണയും വടക്ക് വയനാടും അതിരു തിരിക്കുന്ന നിലമ്പൂര്‍ പട്ടണം. മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്ന്. നിലമ്പൂരിലെ അമൂല്യമായ തേക്ക് പുറംലോകത്തേക്ക് കടത്താന്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ റെയില്‍ പാതകളിലൊന്നായ ഷൊര്‍ണൂര്‍- നിലമ്പൂര്‍ തീവണ്ടിപ്പാത അവസാനിക്കുന്നതുമിവിടെ.
ഏത് വിളയില്‍ നിന്നും ഭക്ഷ്യയോഗ്യവും സ്വാദിഷ്ടവുമായ ഉപോല്പന്നം തയാറാക്കുന്നതില്‍ കയ്യടക്കമുളള നാഗേശ്വരനെ കാണുക; പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുക. നിലമ്പൂര്‍ യാത്രയുടെ പ്രധാന ലക്ഷ്യം ഇതായിരുന്നു.
നിലമ്പൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ പുളിയ്ക്കലോടി ജംഗ്ഷന്‍ കഴിഞ്ഞ അര കിലോമീറ്റര്‍ ചെന്നാല്‍ 'ധനശ്രീ' യില്‍ എത്താം. നാഗേശ്വരന്റെ വൈവിദ്ധ്യപൂര്‍ണവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ് 'ധനശ്രീ'. ഞങ്ങള്‍ എത്തുമ്പോള്‍ നാഗേശ്വരനും സഹധര്‍മിമിണി ധനലക്ഷ്മിയും കാത്തു നില്‍പുണ്ടായിരുന്നു.
തഞ്ചാവൂര്‍ സ്വദേശിയാണ് നാഗേശ്വരന്‍. ധനലക്ഷ്മിയാകട്ടെ കര്‍ണ്ണാടക ദേശക്കാരിയും. എങ്കിലും നാഗേശ്വരന്‍ ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം പ്രകൃതി ചാരുത തുളുമ്പുന്ന നിലമ്പൂരില്‍. ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുമ്പു തന്നെ ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ നിലമ്പൂര്‍ എത്തി താമസമുറപ്പിച്ചിരുന്നു എന്നത് ചരിത്രം. ബ്രാഹ്മണരായ ഇവരെ അക്കാലത്തു തന്നെ ഇവിടേയക്ക് കൊണ്ടുവരാന്‍ മുന്‍കൈ എടുത്തതാകട്ടെ നിലമ്പൂര്‍ കോവിലകത്തെ രാജകുടുംബവും. നാഗേശ്വരന്റെ അച്ഛന്‍ നാരായണസ്വാമി അയ്യര്‍ നിലമ്പൂര്‍ യു.പി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. നിലമ്പൂരിലെ ആദ്യത്തെ സ്‌കൂളും ഇതു തന്നെ. ആദ്യത്തെ ഹെഡ്മാസ്റ്ററും ഇദ്ദേഹം തന്നെ. അച്ഛന്‍ സീതാരാമനാകട്ടെ ഒന്നാം തരം കര്‍ഷകനും കൃഷിസ്‌നേഹിയും. അച്ഛന്‍ നിലമ്പൂര്‍ കപ്പ മാര്‍ക്കറ്റിംങ് സൊസൈറ്റിയുടെ സെക്രട്ടറിയുമായിരുന്നു. കാര്‍ഷിക വൃത്തിയുടെ ബാലപാഠങ്ങള്‍ ചുറ്റും അരങ്ങേറുമ്പോഴും നാഗേശ്വരന്‍ നിര്‍ബാധം പഠിത്തം തുടര്‍ന്നു. മദ്രാസില്‍ നിന്ന് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ് പഠനം പൂര്‍ത്തിയാക്കി തിരികെ നിലമ്പൂരെത്തി കേരള സര്‍ക്കാര്‍ അംഗീകൃതമായ കെ.ജി.സി ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി 26 വര്‍ഷം നടത്തി.

' മുത്തച്ഛനാണ് ഇതിലൊക്കെ എന്റെ വഴികാട്ടി.... അധ്യാപനവും കൃഷിയും... ഇതു രണ്ടും അദ്ദേഹത്തിന് വളരെ പ്രിയ രണ്ടു മേഖലകളായിരുന്നു..... അതുകൊണ്ടാണ് ഞാന്‍ പഠിപ്പിക്കാനായി സ്വന്തം സ്ഥാപനം തുടങ്ങിയതും അത് വിജയകരമായി നടത്തിയതും... അതില്‍ നിന്ന് പിരിഞ്ഞു കഴിഞ്ഞപ്പോള്‍ കൃഷിയിലേക്കായി ശ്രദ്ധ മുഴുവന്‍... ഏതാണ്ട് രണ്ടു ദശാബ്ദമായി ഞാന്‍ കാര്‍ഷിക രംഗത്തും കൃഷിഭവന്‍ പ്രവര്‍ത്തനങ്ങളിലും ഒക്കെ സജീവമായി നില്‍ക്കുന്നു...'നാഗേശ്വരന്‍ പറഞ്ഞു.പുളിയ്ക്കലോടി തന്നെ രണ്ടേക്കര്‍ സ്ഥലം വാങ്ങി റബ്ബര്‍ ഒഴികെ ബാക്കിയെല്ലാം കൃഷി ചെയ്യാന്‍ ആരംഭിച്ചു. നെല്ലും പച്ചക്കറികളും വാഴയും സൂര്യകാന്തിയും ചോളവും തണുപ്പുകാല പച്ചക്കറികളായ ക്യാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, മുളളങ്കി എന്നു വേണ്ട എല്ലാം നാഗേശ്വരന്റെ കൈയ്ക്കിണങ്ങുന്നതായി. നല്ല വിളവും കിട്ടിത്തുടങ്ങി. നാലു പശുക്കളെയും വളര്‍ത്തുന്ന.
സ്വന്തം കൃഷി നോക്കിനടത്തുന്നതുപോലെ തന്നെ നാഗേശ്വരന്റെ വേറിട്ട സവിശേഷതയായി തോന്നിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന് പ്രദേശത്തെ കൃഷിഭവനുമായി നാഗേശ്വരന്‍ പുലര്‍ത്തിവരുന്ന അടുത്ത സൗഹൃദം. പാടശേഖരസമിതി കണ്‍വീനറായും പച്ചക്കറിക്ലസ്റ്റര്‍ രൂപീകരിക്കുന്നതില്‍ മുന്‍നിരക്കാരനായും കൃഷിഭവന്റെ വിവിധ പദ്ധതികളുടെ പ്രചാരകനും പരിശീലകനായും നടത്തിപ്പുസഹായിയായും ഒക്കെ നിസ്വാര്‍ത്ഥംപ്രവര്‍ത്തിക്കുന്ന നാഗേശ്വരന്റെ ശൈലി വളരെ വ്യത്യസ്ഥമാണ്. ഇനിയൊന്ന് ഏതു ഭക്ഷ്യവിളയില്‍ നിന്നും വിലപിടിപ്പുളള ഒരുല്പന്നം അനായാസം തയാറാക്കാമെന്നും അതുവഴി ആര്‍ക്കും വരുമാനം നേടാമെന്നുളള വലിയ തത്വം പ്രചരിപ്പിക്കുവാന്‍ നാഗേശ്വരന്‍ നടത്തുന്ന സ്വാര്‍ത്ഥരഹിതമായ ശ്രമങ്ങള്‍. ശ്രമകരമായ ഈ രണ്ട് സദ്ഭാവങ്ങളും ഒരാളില്‍ തന്നെ സമ്മേളിക്കുക, അയാള്‍ നമ്മുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ടാകുക എന്നത് അത് സുലഭമല്ല, സാധാരണമല്ല. എന്നാല്‍ ഇതെല്ലാമാണ് നാഗേശ്വരന്‍ എന്ന നിസ്വാര്‍ത്ഥന്‍. ഞങ്ങളെ ഏറ്റവും വിസ്മയിപ്പിച്ചതും ഇതു തന്നെ.

പുതിയൊരു കാര്യം കര്‍ഷകസമൂഹത്തോടു പറഞ്ഞിട്ട് പുറം തിരിഞ്ഞു നടക്കുന്ന ആര്‍ക്കും നാഗേശ്വരനെ നിശ്ചയമായും മാതൃകയാക്കാം. കാരണം ഇദ്ദേഹം എന്നും അവരോടൊപ്പമാണ്. ഉദാഹരണത്തിന് നെല്ല് വിത്തു വിതയ്ക്കുന്ന ഡ്രം വീഡര്‍ മുതല്‍ വിളവെടുത്ത് പുഴുങ്ങി അരിയാക്കി മാറ്റുന്നതു വരെയുളള സര്‍വയന്ത്രങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. സ്വന്തമായുളള ഈ യന്ത്ര സഞ്ചയത്തെക്കുറിച്ച് നാഗേശ്വരന്‍ പറയുന്നത് കേള്‍ക്കാം.
' കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല എന്ന പേരില്‍ ഈ ഭാഗത്ത് നിരവധി പേര്‍ കൃഷി ഉപേക്ഷിച്ചുപോകാന്‍ തയാറായ സാഹചര്യത്തിലാണ് കൃഷിപ്പണിയുടെ ക്ലേശം കുറയ്ക്കാന്‍ സഹായമായ യന്ത്രങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്... ഇവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരിശീലനവും ഒപ്പം യന്ത്രങ്ങളുടെ ലഭ്യതയും ഞാന്‍ ഉറപ്പാക്കുന്നു.... കൃഷിപ്പണിക്ക് ആളെ കിട്ടാനില്ല എന്ന കാരണത്താല്‍ ആരും കൃഷി ഉപേക്ഷിക്കേണ്ടതില്ല എന്ന സന്ദേശമാണ് ഞാന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത്.... ഇക്കാര്യത്തില്‍ എന്തു സഹായത്തിനും ഞാന്‍ തയാറുമാണ്.....'

നെല്‍കൃഷിയുടെ കാര്യത്തില്‍ മാത്രമല്ല ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കുന്നതിയാലും വെര്‍മികമ്പോസ്റ്റ് യൂണിറ്റ് തയാറാക്കുന്നതിനായാലും റെയിന്‍ഷെല്‍റ്റര്‍ നിര്‍മിതിയായലും എല്ലാം നാഗേശ്വരന്‍ മുന്‍പന്തിയിലുണ്ട്. ജനനന്മയ്ക്കുതകുന്ന ഏതു സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിലും ഇദ്ദേഹത്തിന് തെല്ലും മടിയില്ല. സ്വാര്‍ത്ഥമോഹവുമില്ല. സ്വ:തസിദ്ധമായ ചില എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതും നാഗേശ്വരന്‍ ഓര്‍ക്കുന്നു.
എന്തും ഏതും സംശയദൃഷ്ടിയോടെ മാത്രം കാണുകയും മനസ്സാക്ഷിക്കുത്തില്ലാതെ വൃഥാ വിമര്‍ശിക്കുകയും ചെയ്യുന്ന മലയാളിയുടെ പൊതുസ്വഭാവം നാഗേശ്വരന്റെയും ഉറക്കം കെടുത്തിയിട്ടുണ്ട് എന്നു പറയാതെ വയ്യ.

' വണ്ടൂര്‍ ബ്ലോക്ക് അസി. ഡയറക്ടര്‍ പി. ഗീതയും മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ആഫീസര്‍ സത്യദേവനും ഊരവം കൃഷി ആഫീസര്‍ മെഹറുന്നിസയും ഒക്കെ നല്‍കുന്ന സഹായം കൊണ്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തുടരാനും ഇതുമായി സധൈര്യം മുന്നോട്ടു പോകാനും കഴിയുന്നത്. അതുകൊണ്ടു മാത്രമായില്ലല്ലോ..... കര്‍ഷകരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരുന്നത് കൃഷിഭവനുകളല്ലേ.... അവരുടെ സഹകരണമാണ് പ്രധാനം...... വലിയൊരു ദൗത്യം നിര്‍വഹിക്കാനുളള കൃഷിഭവനുകള്‍ ചിലതെങ്കിലും കര്‍ഷകരോടും മുഖം തിരിഞ്ഞു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ.... ഇവിടുത്തെ മമ്പാട് കൃഷിഭവന്റെ കാര്യമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.ഇതാണ് എന്റെ അനുഭവം.. കര്‍ഷക സൗഹൃദമാകേണ്ടുന്ന ഒരു കൃഷിഭവന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ പോരാ എന്നു തന്നെയാണ് എന്റെ അഭിപ്രായം... ഇത് ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു......'
ബയോഗ്യാസ്-വെര്‍മികമ്പോസ്റ്റ് യൂണിറ്റ് ടാങ്കുകള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ 1750 രൂപ നിരക്കില്‍ കൃഷിഭവനുകള്‍ക്ക് നിര്‍മിച്ചു നല്‍കാറുണ്ട്. റെയിന്‍ ഷെല്‍റ്ററാകട്ടെ ഒരു ചതുരശ്രമീറ്ററിന് 800 രൂപ നിരക്കിലും. ഇതെല്ലാം മുന്‍കൂറായി തന്നെ ചെയ്തു നല്‍കുകയാണ് പതിവ്. പിന്നീട് പദ്ധതി അംഗീകരിച്ച് തുക മാറുമ്പോള്‍ മാത്രമാണ് ചെലവാകുന്ന പണം മാത്രം കൈപ്പറ്റുക. ഒപ്പം ഇവയില്‍ പരിശീലനവും ഇതിന്റെ പ്രവര്‍ത്തന മേല്‍നോട്ടവും വഹിക്കുന്നു.
തണുപ്പുകാല പച്ചക്കറികള്‍ എല്ലാം സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും സമൃദ്ധമായി വളര്‍ത്തിയതും പരിസരവാസികളെ ഇതിന്റെ സാധ്യതകള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമായിരുന്നു. ഇത് നമുക്ക് പൂര്‍ണ്ണതോതില്‍ വിശ്വസിക്കാം; കാരണം നാഗേശ്വരന്‍ ഇന്നേവരെ ഒരു വിളവും വിലയ്ക്ക് വില്‍ക്കാറേയില്ല. എല്ലാം ആവശ്യക്കാര്‍ക്ക് കൊടുക്കുന്നു എന്നു മാത്രം. അതിനി ഏതറ്റം വരെയും തുടരാനും ഇദ്ദേഹത്തിന് താല്‍പര്യമേയുളളൂ.

 

കുര്‍ക്കുറെയും ലേസും ഒഴിവാക്കാം.....'
' ആരോഗ്യഭക്ഷണത്തിന്റെ സാധ്യതകള്‍ കുട്ടികളെ പ്രായോഗികമായി ബോധ്യപ്പെടുത്താതെ കുര്‍ക്കുറെ, ലേസ് തുടങ്ങിയ ഉപദ്രവഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുമ്പോള്‍ അവരെ കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം... ?'
നാഗേശ്വരന്‍ ചോദിക്കുന്നു.എല്ലാവരും ഇത് ചോദിക്കാറുണ്ട്. പക്ഷെ നാഗേശ്വരന്‍ ചോദിക്കുക മാത്രമല്ല, ഇതിനു പരിഹാരവും കണ്ടെത്തുന്നു.
ഒരര്‍ത്ഥത്തില്‍ ഈ ചിന്തയും വൃഥാ പാഴിലായിപ്പോകുന്ന പഴങ്ങളിലും പച്ചക്കറികളിലും നിന്ന് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം എങ്ങനെ സ്വായത്തമാക്കാം എന്ന ആലോചനയുമാണ് നാഗേശ്വരനെയും ധനലക്ഷ്മിയെയും കൊണ്ടാട്ടങ്ങളും വിവിധതരം പപ്പടങ്ങളും ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ഇവയൊക്കെ തങ്ങളുടെ പരമ്പരാഗത ആഹാരരീതിയില്‍പെടുന്ന സ്ഥിരം വിഭവങ്ങളായതിനാല്‍ ചിരപരിചിതവും.
' എന്റെ തോട്ടത്തില്‍ വിളയുന്ന ഉല്‍പന്നങ്ങളില്‍ നിന്നാണ് ഞാന്‍ പപ്പടം ഉണ്ടാക്കുന്നത്.... ഇതില്‍ മൈസൂര്‍ പൂവനും ബീറ്റ്‌റൂട്ടും പൈനാപ്പിളും മത്തനും കുമ്പളവും വെളളരിയും പടവലും ഉളളിയും ഉരുളക്കിഴങ്ങും ചക്കയും ചീരയും ബ്രഹ്മിയും പനിക്കൂര്‍ക്കയും മുരിങ്ങയിലയും കപ്പയും ഏലക്കയും ചേനയും എല്ലാമുണ്ട്..... ഇവയെല്ലാം കൊണ്ട് സ്വാദിഷ്ടമായ പപ്പടം ഉണ്ടാക്കാം....'
ഇക്കഴിഞ്ഞ വൈഗയ്ക്ക് 51 വ്യത്യസ്തയിനം പപ്പടങ്ങളുമായി 'ആത്മ' സ്റ്റാളില്‍ പ്രദര്‍നത്തിനെത്തിയ നാഗേശ്വരന്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയിപ്പിച്ചു എന്നു പറയാം. കൂടാതെ പുത്തരിച്ചുണ്ട, മണിത്തക്കാളി എന്നിവ കൊണ്ട് കൊണ്ടാട്ടം, വേപ്പിലക്കട്ടി, കറിവേപ്പിലപൊടി എന്നിവ വേറെയും. ചക്കയുടെ തന്നെ 26 വ്യത്യസ്ഥ ഉത്പന്നങ്ങള്‍ തയാറാക്കുന്നു. നമ്മുടെ വേപ്പിലക്കട്ടിയൊക്കെ നാട്ടിലും മറുനാട്ടിലും മാത്രമല്ല വിദേശവിപണികളിലും നല്ല സാധ്യതയുളള ഉല്‍പന്നമാണെന്ന് നാഗേശ്വരന്‍ പറയുന്നു.
' പഴുത്ത പൈനാപ്പിള്‍ രണ്ടാഴ്ചയിലധികം സൂക്ഷിച്ചു വയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് പപ്പടമാക്കി മാറ്റിയാലോ ? ആവശ്യാനുസരണം ഉപയോഗിക്കാം. സാധാരണ വെണ്ടയ്ക്ക വിറ്റാല്‍ കിട്ടുന്നത് 15-20 രൂപയാണ്. എന്നാല്‍ വെണ്ടയ്ക്കയും അരിയും ചേര്‍ത്ത് പപ്പടമുണ്ടാക്കി വിപണിയിലെത്തിച്ചാലോ? 250 രൂപയാണ് കിട്ടുക. ഇതാണ് മൂല്യവര്‍ദ്ധനയുടെ തത്വവും വിജയവും... മഹതാതയ ഈ യാഥാര്‍ത്ഥ്യം പ്രചരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം.....'
ആരോഗ്യഭക്ഷണവും കര്‍ഷകന് ആദായവും- ഈ തത്വം പ്രചരിപ്പിക്കാന്‍ നാഗേശ്വരന്‍ നിരവധി സ്ഥലങ്ങളില്‍ പരിശീലനം നല്‍കുവാന്‍ പോകാറ് പതിവുണ്ട്. ഓരോ സ്ഥലത്തും എല്ലാ ചേരുവകളും ഉപകരണങ്ങളുമായി പോയി ഉത്പന്നങ്ങള്‍ തയാറാക്കി കാണിച്ച് വിശദീകരിച്ചു കൊടുക്കുകയാണ് പതിവ്. ചെയ്തു കാണിക്കുമ്പോള്‍ വരുന്നവരിലുണ്ടാകുന്ന ആത്മവിശ്വാസവും താല്‍പര്യവും വളരെ വലുതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്ന പലരും പിന്നീട് ഈ രംഗത്തേക്കിറങ്ങുന്നത് വളരെ ചാരിതാര്‍ത്ഥ്യജനകമാണ്.
നാഗേശ്വരന്‍ പറയുന്നു.
നിലമ്പൂരെ വളക്കൂറുളള മണ്ണില്‍ കഠിനാധ്വാനവും നിസ്വാര്‍ത്ഥസേവനവും കൈമുതലാക്കി ആഴത്തില്‍ വേരോട്ടം നടത്തിയ സ്ഥിരോത്സാഹിയായ നാഗേശ്വരനെ എങ്ങനെ വിശേഷിപ്പിക്കും ? ഫെസിലിറ്റേറ്റര്‍ .... സംരംഭകന്‍... കൃഷിസ്‌നേഹി... കൃഷി പ്രചാരകന്‍... തന്നോടൊപ്പം അയല്‍പക്കങ്ങളും പുരോഗമിക്കണമെന്നാഗ്രഹിക്കുന്ന മനുഷ്യസ്‌നേഹി..... ഒരു പക്ഷെ ഇതെല്ലാമല്ലേ നാഗേശ്വരന്‍?
നാഗേശ്വരന്റെ പ്രവര്‍ത്തന രീതികളും കൃഷിയിടവും കണ്ട് യാത്ര പറയുമ്പോള്‍ എന്റെ മനസ് ഇങ്ങനെ ഉത്തരം കണ്ടെത്തി.

സുരേഷ് മുതുകുളം, എഡിറ്റര്‍, കൃഷിജാഗരണ്‍, മലയാളം
ഫോണ്‍: 944630690/ 9999761563

 


English Summary: Nageswaran from Nilambur

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds