Features

മുക്കത്തുണ്ടൊരു മുളങ്കാട്

ദാമോദരൻ തന്റെ മുളങ്കാട്ടിൽ
ദാമോദരൻ തന്റെ മുളങ്കാട്ടിൽ

കോഴിക്കോട് ജില്ലയിലെ മുക്കം എന്ന ഗ്രാമത്തിലൊരു കാടുണ്ട്. ബഹ്റൈനിൽ തോട്ടം ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ ദാമോദരൻ ഉണ്ടാക്കിയ മുളങ്കാട്. ഗൾഫിൽ ചോരനീരാക്കി പണി ചെയ്തുണ്ടാക്കിയ സമ്പാദ്യമെല്ലാം കാടുണ്ടാക്കാൻ തീരുമാനിച്ച ദാമോദരനെ പറ്റി നാട്ടുകാരും വീട്ടുക്കാരും ഒരുപോലെ പറഞ്ഞു, ഇയാൾക്ക് പ്രാന്താണ്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ചില്ലറയൊന്നുമല്ല 12 ലക്ഷം രൂപയാണ് ഈ പ്രകൃതി സ്നേഹി കാടിന് വേണ്ടി ചെലവാക്കിയത്.

മരുഭൂമിയിൽ നിന്ന് പച്ചപ്പിലേക്ക്

ഗൾഫിൽ ജോലി ചെയ്യുന്ന സമയത്താണ് ദാമോദരന് കേരളം എത്രത്തോളം പ്രകൃതി രമണീയമാണെന്ന് മനസ്സിലായത്. ഗൾഫിലെ തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയും മരുഭൂമിയും കണ്ടതോടെയാണ് നാട്ടിൽ ഒരു കാടുണ്ടാക്കിയിട്ട് തന്നെ ഇനി ബാക്കി കാര്യം എന്ന ചിന്തയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. നാട്ടിലെത്തിയപ്പോൾ തന്റ വീടിനോട് ചേർന്ന് കിടക്കുന്ന ഇരവഴിഞ്ഞിപ്പുഴ മലിനമായത് കണ്ടതോടെ വീടുണ്ടാക്കുന്നത് മാറ്റിവച്ച് കാടുണ്ടാക്കാമെന്നായി. തുടക്കത്തിൽ നിരവിധി കഷ്ടപ്പാടുകൾ സഹിച്ചാണ് അദ്ദേഹത്തനുണ്ടായിരുന്ന സ്ഥലം മുളംങ്കാടാക്കിയത്. പ്രധാന പ്രശ്നം 7 മീറ്ററോളം ആഴത്തിലുള്ള കുഴികളായിരുന്നു. പിന്നീട് കുഴികളുള്ള സ്ഥലത്ത് മണ്ണ് നിറച്ചും ജൈവവേലി നിർമിച്ചും ആദ്യം ഭൂമിയെ പാകപ്പെടുത്തിയെടുത്തു.

പുഴ അടുത്തുള്ളതിനാൽ മുള വയ്ക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവിൽ നിന്നാണ് മുളങ്കാടുകളോട് അദ്ദേഹത്തിന് പ്രിയമേറിയത്. വയനാട്ടിൽ നിന്നാണ് നടാൻ ആവശ്യമായ മഞ്ഞമുളയുടെ തൈകൾ എത്തിച്ചത്. ഒരു തൈയ്ക്ക് 3000 രൂപയാണ് വില. നാല് മാസം കൊണ്ട് തൈകൾ വളർന്ന് പന്തലിക്കാൻ തുടങ്ങിയതോടെ ആത്മവിശ്വാസവും തിളിർത്തു. ഇരവഴിഞ്ഞിപ്പുഴയുടെ തീരത്തായതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളവും കയറുന്നുണ്ട്. എന്നാലും പണം എത്ര പോയാലും പ്രശ്നമില്ല ജനങ്ങളെ പ്രകൃതി സംരക്ഷിക്കുന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്തണമെന്ന ഉറച്ചദൃഢനിശ്ചയത്തിലാണ് ദാമോദരൻ.

ഓട്ടോ ജോലിക്കിടയിലെ കാട് കയറ്റം

ഓട്ടോ ഓടിച്ചാണ് ദാമോദരൻ ജീവിക്കുന്നത്. രാവിലെയും വൈകീട്ടും കിട്ടുന്ന ഇടവേളകളിൽ കാടുകയറും.
മുളകളെ പരിപാലിക്കും. തന്റെ കാട് കീഴടക്കിയ പക്ഷികളെ നോക്കിയിരിക്കും. പുഴയുടെ തീരത്ത് നടാൻ മികച്ചത് മുളയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കൂടാതെ അരയാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓക്സിജൻ തരുന്നത് മുള തന്നെ. തന്റെ പ്രകൃതി സ്നേഹം നാട്ടുകാരിൽ മതിപ്പുണ്ടായതോടെ നിരവധി പേർ ദാമോദരനെ തേടിയെത്താറുണ്ട്. കാട് ഉണ്ടാക്കുന്നതിനെക്കുറിച്ച്  വിദ്യാലയങ്ങളിലും ക്ലബുകളിലും പോയി ക്ലാസെടുക്കാനും ദാമോദരൻ സമയം കണ്ടെത്തുന്നുണ്ട്.

ദാമോദരന്റെ മുളങ്കാട്
ദാമോദരന്റെ മുളങ്കാട്

തനിക്ക് രണ്ട് വാഴ വച്ചാൽ പോരെ?

തനിക്ക് മുളങ്കാടുണ്ടാക്കുന്നതിന് പകരം രണ്ട് വാഴവച്ചാൽ പോരെയെന്ന് ചോദിച്ചവരൊക്കെ ഇപ്പോൾ ഒഴിവ് ദിവസങ്ങളിൽ ദാമോദരന്റെ മുളങ്കാട്ടിലാണ്. കൂടാതെ പ്രകൃതിയോടിണങ്ങി വിവാഹങ്ങളും കുടുംബസംഗമങ്ങളും ഇവിടെ വെച്ച് നടക്കാറുണ്ട്. 1200 ഓളം പേർക്ക് ഭക്ഷണമുണ്ടാക്കാനും ഇരിക്കാനുമൊക്കെയുള്ള സൗകര്യം ഒരിക്കിയിട്ടുണ്ടെങ്കിലും ഒരു കാര്യം അദ്ദേഹത്തിന് നിർബന്ധമാണ്. മരങ്ങൾ നശിപ്പിക്കുക, മദ്യപാനം, പുകവിലി, പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുക തുടങ്ങിയവ തന്റെ കാട്ടിൽ പറ്റില്ലെന്ന്. പ്രകൃതിയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാകാം ദാമോദരന് 2016ൽ പ്രകൃതി മിത്ര അവാർഡും 2020ൽ വനമിത്ര അവാർഡും ലഭിച്ചത്.


English Summary: nature lover dhamodharan made a bamboo forest in mukkam

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds