<
Features

നിഷാറാണി: കള്ളിച്ചെടികളുടെ റാണി

nisharaani
അഞ്ച് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ച വൈഗ കൃഷി ഉന്നതിമേള മലപ്പുറം സ്വദേശിനിയായ വീട്ടമ്മയെ കള്ളിച്ചെടികളുടെ റാണിയാക്കി. മലപ്പുറം തിരൂര്‍ മുനിസിപ്പാലിറ്റിയിലെ എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിന് സമീപമുള്ള സിനിയല്‍ വീട്ടില്‍ സിറാജിന്റെ ഭാര്യ നിഷാറാണിയെയാണ് കാര്‍ഷിക കേരളം കള്ളിച്ചെടികളുടെ റാണിയാക്കിയത്. കാര്‍ഷികമേളയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച പ്രദര്‍ശനം മാത്രമല്ല പ്രദര്‍ശനത്തിന് ശേഷമുള്ള നിലക്കാത്ത ഫോണ്‍ വിളികളാണ് നിഷാറാണിയെ താരമാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി വീടിന് പുറത്തിറങ്ങാതെ കള്ളിച്ചെടികള്‍ക്ക് മാത്രമായി ജീവിതം സമര്‍പ്പിച്ച് തൈകളുടെ പരിചരണത്തിലേര്‍പ്പെട്ടിരുന്ന നിഷാറാണി ആദ്യമായി വീടിന് മുകളിലെ ടെറസ്സില്‍ നിന്ന് തന്റെ ചെടികള്‍ പുറത്തിറക്കിയത് വൈഗ കൃഷി ഉന്നതി മേളക്കായിരുന്നു. ഇരുപതിലധികം വെള്ളത്തണ്ടിനും (സെക്യുലന്റ്), മുപ്പതിലധികം മുള്ളുള്ള കള്ളിച്ചെടികള്‍ (കാറ്റെക്‌സ്), ഏഴിനം പൂക്കളുള്ള കള്ളിച്ചെടികള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള കള്ളിച്ചെടികളുടെ വൈവിധ്യമായ ശേഖരമാണ് തിരൂരിലെ സിനിയല്‍ വീട്ടിലുള്ളത്. 300 രൂപ മുതല്‍ 5000 രൂപവരെ മദര്‍ പ്ലാന്റിന് വിലയുള്ള ചെടികളാണ് വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച് നിഷാറാണി വീട്ടില്‍ വളര്‍ത്തുന്നത്. ചെടികള്‍ സെലക്ട് ചെയ്യാനും വാങ്ങി വീട്ടിലെത്തിക്കാനും പണം മുടക്കാനുമെല്ലാം സദാസമയവും ഭര്‍ത്താവ് സിറാജാണ് മുന്‍പന്തിയിലുള്ളത്. ചെടികളുടെ പരിചരണത്തിനിറങ്ങിയാല്‍ പിന്നെ ഭക്ഷണവും വെള്ളവും പോലും നിഷ മറക്കും. മക്കളാണ് ഭക്ഷണമൊരുക്കിക്കൊടുക്കുന്നത്. ബി.ബി.എ. പൂര്‍ത്തിയാക്കിയ മകനും ഇപ്പോള്‍ കള്ളിച്ചെടികളോട് കമ്പം കയറിയിരിക്കുകയാണ്. മകന്റെ നേതൃത്വത്തില്‍ സീ പ്ലാന്റ് ഷോപ്പ് എന്ന പേരില്‍ ഓണ്‍ വില്പന നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ട്രിച്ചി സ്വദേശിയായ അഴകനും തൊഴിലാളിയായി ഉണ്ട്.
nisharani
തിരൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസറായ എം.ബി. സുരേന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നിഷാറാണി വൈഗ കൃഷി ഉന്നതി മേളക്കെത്തിയത്. മേളകഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മയില്‍ നിന്നും മാറി കള്ളിച്ചെടികളുടെ റാണിയായാണ് നിഷയ്ക്ക് മാറ്റമുണ്ടായിട്ടുള്ളത്. അത്രയേറെ അന്വേഷണങ്ങളും ഓര്‍ഡറുകളും പരിശീലനത്തിനുള്ള ആവശ്യങ്ങളുമാണ് നിഷയെ തേടിയെത്തിയിട്ടുള്ളത്. ആവശ്യക്കാര്‍ക്കൊപ്പം ഉദ്യോഗസ്ഥപ്പടയും നിഷയെതേടി വീട്ടിലെത്തിത്തുടങ്ങി. നിഷയുടെ കള്ളിച്ചെടി കൃഷിയും പരിചരണവും വില്‍പ്പനയും പ്രൊഫഷണലാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പും ഉദ്യോഗസ്ഥരും. ഊട്ടി, പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ചെടികള്‍ കൊണ്ടുവന്നിട്ടുള്ളത്. ശാസ്ത്രീയമായ പരിശീലനത്തോടെ ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും നടത്തി തന്റേതു മാത്രമായ ഒരു പുതിയ ഇനം വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നിഷാറാണിയിപ്പോള്‍.
flowers
നിലവില്‍ കൃഷിഭവനില്‍ നിന്ന് മഴമറ ഉള്‍പ്പെടെയുള്ള ചെറിയ സഹായങ്ങള്‍ മാത്രമാണ് ഇതുവരെ നല്‍കിയിരുന്നത്. എന്നാല്‍ ഇനി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓര്‍ക്കിഡ്, കള്ളിച്ചെടി കൃഷിക്കുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന് കൃഷിഓഫീസര്‍ എന്‍.ബി. സുരേന്ദ്രന്‍ പറഞ്ഞു. ലക്ഷങ്ങളാണ് ഇതുവരെ കള്ളിച്ചെടികള്‍ക്കായി സിറാജും നിഷയും ചേര്‍ന്ന് ചെലവാക്കിയിട്ടുള്ളത്. പ്രൊഫഷണല്‍ ആയി സ്റ്റുഡിയോ, ഫോട്ടോ കോപ്പിയര്‍ ഷോപ്പ് നടത്തുന്ന സിറാജിനും കൃഷിയോട് താല്‍പ്പര്യമാണ്. ഏത് വീടിനും അനുസൃതമായി ആവശ്യക്കാര്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് മണ്ണും കല്ലും ചെടിയും ക്രമീകരിച്ചുകൊടുക്കാന്‍ നിഷ തയ്യാറാണ്. പ്രൊഫഷണലായി ഇതുവരെ യാതൊരുവിധ പരിശീലനവും നേടിയിട്ടില്ലെങ്കിലും ജീവിതം നിഷയെ ഈ മേഖലയിലെ വലിയ പരിശീലകയാക്കി മാറ്റിയിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ പരിശീലനം ആവശ്യപ്പെടുന്നവര്‍ക്ക് തന്റെ സ്വന്തം കൃഷിയിടത്തില്‍വെച്ച് പഠന പരിശീലന പരിപാടികള്‍ നടത്താനും നിഷ മനസ്സുവെച്ചിട്ടുണ്ട്.

വൈഗയിലെ സ്റ്റാള്‍ സന്ദര്‍ശിച്ച മന്ത്രി വി.എസ്. സുനില്‍കുമാറിന്റെയും ഉദ്യോഗസ്ഥരുടേയും സന്ദര്‍ശകരുടേയും പ്രോത്സാഹനം തന്റെ ജീവിതത്തിന് വലിയൊരു പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും ഈ പ്രോത്സാഹനവും പിന്തുണയും കള്ളിച്ചെടി മേഖലയുടെ വളര്‍ച്ചയ്ക്ക് ജീവിതാവസാനം വരെ സമര്‍പ്പിക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കിയിരിക്കുകയാണെന്നും നിഷാറാണി പറഞ്ഞു.
 
തയ്യാറാക്കിയത്: സി.വി. ഷിബു

English Summary: nisharani

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds