ഇത് നോബിള്‍ ജോണ്‍ ശ്രേഷ്ഠ കര്‍ഷകന്‍, സംരംഭകന്‍
വിജയിക്കണമെങ്കില്‍, കഠിനാധ്വാനം, ദൃഢനിശ്ചയം ഇവ ഉറപ്പായും വേണം. ജീവിതത്തിലായാലും നാം ചെയ്യുന്ന ഏതു പ്രവൃത്തിയിലും ഇവയൊക്കെത്തന്നെയാണ് വിജയത്തിലേയ്ക്കുള്ള എളുപ്പവഴി. വാഴക്കുളത്തെ നോബിള്‍ ജോണ്‍ എന്ന പൈനാപ്പിള്‍ സംരഭകനെ പരിചയപ്പെട്ടാല്‍ ഇപ്പറഞ്ഞതൊക്കെ ശരിയാണെന്ന് ബോധ്യമാകും. വളരെ ചെറുപ്പത്തില്‍ തന്നെ കൂട്ടു കര്‍ഷകരുമായി ചേര്‍ന്ന് പൈനാപ്പിള്‍ കൃഷി തുടങ്ങി. ആദ്യം പതിനഞ്ചേക്കറിലാണ് കൃഷി ചെയ്തത്. പിന്നീടത് 300, 500, 1000 ഏക്കറിലെത്തുമ്പോഴേയ്ക്കും കാലം ഏറെ കഴിഞ്ഞിരുന്നു. നോബിള്‍ ജോണ്‍ അപ്പോഴേക്കും സാധാരണ കര്‍ഷകനില്‍ നിന്ന് മികച്ച സംരംഭകനായി മാറിയിരുന്നു. പുഷ്പങ്ങള്‍ വിതാനിച്ച വഴിയിലൂടെ മാത്രമായിരുന്നില്ല ഈ യാത്ര. കൃഷിയില്‍ കാലാകാലങ്ങളായി നേരിടുന്ന വിലത്തകര്‍ച്ച, ആവശ്യത്തിന് തൊഴിലാളികളുടെ ദൗര്‍ലഭ്യം, ഇത് തടയാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്ത അവസ്ഥ തുടങ്ങി നിരവധി ്പ്രതിസന്ധികള്‍ തരണം ചെയ്താണ് നേരിട്ടാണ് ഇദ്ദേഹം ഇന്നത്തെ നിലയിലെത്തിയത്.
നോബിള്‍ ജോണ്‍ - പരിചയം
സാധാരണ കര്‍ഷക കുടുംബാംഗമായിരുന്ന നോബിള്‍ 1987 ല്‍ ഡിഗ്രിക്കു പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൈനാപ്പിള്‍ കൃഷിയിലേയ്ക്ക് ഇറങ്ങുന്നത്. ജോസ് പെരുമ്പള്ളിക്കുന്നേല്‍ എന്ന കര്‍ഷകനുമായി ചേര്‍ന്നാണ് പൈനാപ്പിള്‍ കൃഷി തുടങ്ങിയത്.
അടുത്ത വര്‍ഷം 1988ല്‍ പൈനാപ്പിള്‍ ബിസിനസിലേക്കായി ശ്രദ്ധ. കൃഷി മാറി ബിസിനസിലേക്ക് തിരിഞ്ഞപ്പോഴാണ് യഥാര്‍ത്ഥത്തില്‍ താന്‍ പൈനാപ്പിളിന്റെ സാധ്യതകള്‍ മനസിലാക്കിയത് എന്ന് നോബിള്‍ പറയുന്നു. അന്നൊക്കെ സീസണല്‍ പഴങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മാങ്ങ, ചക്ക, മുന്തിരി, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ നാടനും മരുനാടനുമായ പഴങ്ങള്‍. അവയെക്കാപ്പമോ അതിനും മേലെയോ ആവശ്യക്കാരും സാധ്യതകളും ഉള്ള പൈനാപ്പിള്‍ 365 ദിവസവും ലഭിക്കും എന്നത് ശ്രദ്ധേയമായി. അതും ഏതു സമയത്തും പുഷ്പിക്കാവുന്ന ഒരു സംവിധാനവുമുണ്ട്. ഗ്രോത്ത് റെഗുലേറ്റര്‍ ആയ എത്തിഫോണ്‍ ചെടിയുടെ കൂമ്പില്‍ ഒഴിച്ചു കൊടുത്താല്‍ ദ്രുതഗതിയില്‍ പുഷ്പിക്കും. ഇതിനെ ജനങ്ങള്‍ തെറ്റിദ്ധരിച്ചു എന്നതാണ് വസ്തുത.
എത്തിലിന്‍ എന്ന വാതകമാണ് ഫലോല്‍പാദനം പ്രേരിപ്പിക്കുന്നത്. നല്ല വെയിലത്ത് മഴ പെയ്താല്‍ മതി എത്തിലിന്‍ വാതകം പ്രകൃതിയില്‍ ഉണ്ടാകാന്‍. ആ സമയം പഴങ്ങളും ധാരാളമുണ്ടാകും. നല്ല മഴയുള്ള സമയത്ത് വെയില്‍ തെളിഞ്ഞാലും എത്തിലിന്‍ വാതകം ഉണ്ടാകും. അങ്ങനെയാണ് പ്രകൃതിയില്‍ ഫലങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ സ്വാഭാവികമായി സംബവിക്കുന്ന പുഷ്പിക്കല്‍ നോക്കിയിരിക്കാന്‍ കഴിയില്ലല്ലോ.
പൈനാപ്പിള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തു തുടങ്ങിയ 1984 കാലഘട്ടത്തില്‍ കൃഷിക്കാര്‍ സ്വന്തമായി കണ്ടു പിടിച്ചതാണീ മിശ്രിതം. ബേബി കളപ്പുര എന്ന ഒരു കൃഷിക്കാരന്‍ തന്റെ പ്രായോഗിക പരിജ്ഞാനത്തില്‍ നിന്നാണ് ഈ മിശ്രിതം ആദ്യം തയ്യാറാക്കിയത്. എത്തിഫോണും കാല്‍സ്യവും യൂറിയയും ചേര്‍ത്തിളക്കി ആ മിശ്രിതം പൈനാപ്പിള്‍ ചെടിയുടെ കൂമ്പിലൊഴിച്ചാല്‍ എത്തിലിന്‍ വാതകം പുറത്തു വരികയും അത് ചെടിയെ പുഷ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. എത്തിലിന്‍ വാതകം ഏറ്റു കഴിഞ്ഞാല്‍ പൈനാപ്പിള്‍ ചെടിയുടെ വളര്‍ച്ച നില്‍ക്കും. പുഷ്പിക്കാന്‍ തുടങ്ങും. ചെയ്യും. ഈ രീതിയാണ് എല്ലാ പൈനാപ്പിള്‍ കര്‍ഷകരും പിന്തുടരുന്നത്.ഇത് എന്താണെന്നു പോലും അറിയാത്ത ആളുകളാണ് എത്തിഫോണ്‍ എന്നത് ഹോര്‍മോണ്‍ ആണെന്നും അത് ചെടിയില്‍ തള്ളിച്ചാല്‍ ഉണ്ടാകുന്ന പൈനാപ്പിള്‍ കഴിക്കുന്നത് ദോഷമാണെന്നും പറഞ്ഞുണ്ടാക്കിയത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന പദാര്‍ഥമാണ് എത്തിഫോണ്‍. മൂന്ന് മണിക്കൂര്‍ നേരമാണ് ഇത് ചെടിയില്‍ തങ്ങി പ്രയോജനപ്പെടുക. അതിനു ശേഷം അത് നീരാവിയായിപ്പോകും.
എന്‍ഡോസള്‍ഫാന്‍ വിഷയം കേരളത്തില്‍ കത്തിനില്‍ക്കുന്ന കാലത്താണ് പൈനാപ്പിള്‍ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ പരീക്ഷണം നേരിട്ടത്. എത്തിഫോണ്‍ പ്രയോഗിക്കാന്‍ കൃഷിയിടത്തില്‍ ചെല്ലുന്ന കര്‍ഷകരെ പരിസരവാസികള്‍ തടയുമായിരുന്നു.എന്‍ഡോസള്‍ഫാന്‍ ആണ് തളിക്കുന്നത് എന്നായിരുന്നു കുപ്രചരണം. കൃഷി വകുപ്പില്‍ നിന്ന് വിദഗ്ധരെത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കേണ്ടി വന്നു പലപ്പോഴും. എന്‍ഡോസള്‍ഫാനല്ല എന്നു പറഞ്ഞാല്‍ അതൊന്നു കുടിച്ചു കാണിക്കൂ എന്നാവും അടുത്ത ആവശ്യം. തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആ മിശ്രിതം കുടിച്ചുകാണിക്കേണ്ട അവസ്ഥ വരെ ഉണ്ടായ സന്ദര്‍ഭങ്ങളും ഉണ്ട്. ഒറ്റയടിക്ക് കുടിച്ചാല്‍ അതിസാരം ഉണ്ടാകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്നാണ് പൈനാപ്പിള്‍ കൃഷിയിലൂടെ തന്റെ ജീവിതം അരക്കിട്ടുറപ്പിച്ച നോബിള്‍ സാക്ഷ്യപ്പെടുത്തുന്നത്.
പൈനാപ്പിള്‍ ബിസിനസ് രംഗത്തേക്ക്
മുന്നൂറ്ററുപത്തഞ്ച് ദിവസവും കിട്ടുന്ന ഫലമായതിനാല്‍ പൈനാപ്പിളിന്റെ വിപണന സാധ്യത തിരിച്ചറിഞ്ഞ നോബിള്‍, തങ്കച്ചന്‍ എന്ന ഒരു സുഹൃത്തമായി ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചു. പാട്ടത്തിന് സ്ഥലം കണ്ടെത്തി. ഇടുക്കിയിലെ വെള്ളിയാമറ്റം എന്ന ഭാഗത്തായിരുന്നു ആദ്യ കൃഷി. 250 ഏക്കറിലായിരുന്നു അത്. ഏകദേശം 2002 കാലഘട്ടം വരെ കൃഷി തുടര്‍ന്നു. 2002നു ശേഷം വന്‍തോതില്‍ കൃഷി ആരംഭിച്ചു. ഹാരിസണ്‍സ് മലയാളം പോലുള്ള വന്‍കിടക്കാര്‍ തോട്ടങ്ങള്‍ പൈനാപ്പിള്‍ കൃഷിക്കായി ലഭ്യമാക്കി തുടങ്ങി. ഹാരിസണ്‍സ് മലയാളത്തിന്റെ ആദ്യ പൈനാപ്പിള്‍ കോണ്‍ട്രാക്ടറും താനാണാണെന്ന് നോബിള്‍ പറഞ്ഞു. ഹാരിസണ്‍സ് മലയാളം, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടീ കമ്പനി എന്നിങ്ങനെയുള്ള വലിയ എസ്റ്റേറ്റുകളിലേയ്ക്ക് കൃഷി മാറി തുടങ്ങി. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, പാലക്കാട് ഭാഗങ്ങളില്‍ ആയിരം ഏക്കറോളം സ്ഥലത്ത് നോബിള്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. ഓരോ സ്ഥലത്തും ഓരോ പാര്‍ട്ണര്‍മാരുമുണ്ട്. എല്ലാവരും വാഴക്കുളത്തുകാര്‍ തന്നെ.
പൈനാപ്പിള്‍ കൃഷിയോടൊപ്പം പാഷന്‍ ഫ്രൂട്ടിലും കമ്പം. പാഷന്‍ ഫ്രൂട്ടിന്റെ കൃഷിയും നോബിള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്തു വരുന്നു. ഇടുക്കിയില്‍ നെടുങ്കണ്ടത്തും തമിഴ്‌നാട്ടിലുമായാണ് പാഷന്‍ ഫ്രൂട്ട് കൃഷി. നാല് പേര്‍ ചേര്‍ന്നാണ് പാഷന്‍ ഫ്രൂട്ട് കൃഷി നടത്തുന്നത്. ജോണി എന്ന് അറിയപ്പെടുന്ന പൈലി റാഫേല്‍ ആണ് മുഖ്യമായും പാഷന്‍ ഫ്രൂട്ട് കൃഷിയുടെ ചുമതലക്കാരന്‍. വാഴക്കുളത്ത് ആരംഭിച്ച പാഷന്‍ ഫ്രൂട്ട് പ്രോസസിംഗ് യൂണിറ്റിലേയ്ക്കാവശ്യമായ പഴങ്ങള്‍ സ്വന്തം തോട്ടത്തില്‍ നിന്ന് തന്നെ ലഭ്യമാക്കി അതില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നം ഉണ്ടാക്കുന്നു. 'മറാക്കാ' എന്ന പേരില്‍ ഈ സ്‌ക്വാഷ് വിപണിയിലുണ്ട്. ആറ് മാസമായി മറാക്കാ സ്‌ക്വാഷ് മാര്‍ക്കറ്റ് പിടിച്ചടക്കിയിരിക്കുന്നു. ആ സമയത്താണ് സമാനചിന്താഗതിയുള്ള നാലഞ്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് 'പെന്റഗണ്‍ കള്‍ട്ടിവേഷന്‍ ' എന്ന പേരില്‍ ഒരു കൂട്ടായ്മ ഉണ്ടാക്കി, നോബിള്‍ അതിന്റെയും മാനേജിംഗ് പാര്‍ട്‌നര്‍ ആണ്.
വളരുന്ന വ്യവസായശൃംഖല
2011 ആയപ്പോഴേക്കും മറ്റു മേഖലകളിലേയ്ക്കു കൂടി നോബിള്‍ തന്റെ ബിസിനസ് വ്യാപിപ്പിച്ചു. രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍, വാഴക്കുളം ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലും വികെഎല്‍ എം ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലും വാഴക്കുളത്ത് നടത്തുന്നു. രണ്ടിന്റേയും മാനേജിംഗ് ഡയറക്ടറായി തുടരുന്നു. കൂടാതെ വാഴക്കുളം ഇന്‍വെസ്റ്റേഴ്‌സ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്‌നര്‍, വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്‌സ് ആന്റ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന കൃഷിക്കാവശ്യമായ എല്ലാം ലഭ്യമാക്കുന്ന ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ്. ജോസ് മുല്ലശ്ശേരില്‍ ചെയര്‍മാന്‍.
സര്‍ക്കാര്‍ ശ്രദ്ധയ്ക്ക്
നിലവില്‍ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് യാതൊരു സഹായവും മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്നില്ല. എല്ലാവര്‍ഷവും നേരിടുന്ന വിലത്തകര്‍ച്ചാസമയത്ത് താങ്ങുവില പ്രഖ്യാപിക്കാറില്ല. എന്തിനേറെ കോടിക്കണക്കിന് രൂപ ലഭ്യമാക്കുന്ന ഈ വിള കൃഷി ചെയ്യുന്ന കര്‍ഷകരുടെ കൃത്യമായ എണ്ണമോ മറ്റു വിവരങ്ങളോ ഒന്നും സര്‍ക്കാരിന്റെ കയ്യിലില്ല. മുപ്പത്തിരണ്ടായിരം ഏക്കര്‍ മാത്രമാണ് സര്‍ക്കാര്‍ രേഖകളില്‍ പൈനാപ്പിള്‍ കൃഷി. യഥാര്‍ത്ഥത്തില്‍ അതിന്റെ രണ്ട് മൂന്ന് ഇരട്ടിയോളം പൈനാപ്പിള്‍ കൃഷി ഇവിടെ നടക്കുന്നു എന്നതാണ് വസ്തുത. അടിക്കടി വരുന്ന ഹര്‍ത്താല്‍ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ഏറ്റവും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. തൊഴിലാളികളും വാഹനവുമൊക്കെ തയ്യാറാക്കി കൃഷി സ്ഥലത്തേയ്ക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാവും ഹര്‍ത്താല്‍ പ്രഖ്യാപനം ഇടിത്തീ പോലെ വരിക. ഇത് കര്‍ഷകര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. വിലക്കുറവും ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിത്യസംഭവമാണ്. തൊഴിലാളികളുടെ ലഭ്യതക്കുറവ്, അടിക്കടി വരുന്ന ഹര്‍ത്താല്‍, വിലത്തകര്‍ച്ച ഇക്കാര്യങ്ങളൊന്നും മാറി മാറിവരുന്ന സര്‍ക്കാര്‍ അറിഞ്ഞ മട്ടേ ഇല്ല എന്നത് ഏറ്റവും ദുഃഖകരമായ വസ്തുതയാണെന്ന് നോബിള്‍ പറയുന്നു.
കുടുംബ ഭദ്രത
നോബിള്‍ ജോണിനും ഭാര്യ ജാന്‍സിക്കും മൂന്ന് മക്കളാണ്. മൂത്ത മകള്‍ ഡിയോണ ബിടെക് ബിരുദം കഴിഞ്ഞ് ഇപ്പോള്‍ പൂനേയില്‍ എംബിഎ യ്ക്ക് പഠിക്കുന്നു. ഇളയ മക്കള്‍ ഇരട്ടകളായ ഡാരല്‍ വാഴക്കുളം വിശ്വജ്യോതി കോളേജില്‍ ബിടെക് ബിരുദ വിദ്യാര്‍ത്ഥി. ഡന്‍സല്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ബീകോം ബിരുദ വിദ്യാര്‍ത്ഥി. അമ്മ റോസക്കുട്ടിയും കൂടെയുണ്ട്.
രണ്ടു തവണ 'പൈനാപ്പിള്‍ ശ്രീ '
കാര്‍ഷിക രംഗത്തെ ചിട്ടയായും ക്രമമായുമുള്ള പ്രവര്‍ത്തന മികവ് പരിഗണിച്ച് മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള 'പൈനാപ്പിള്‍ശ്രീ' അവാര്‍ഡ് 1995ലും 2005ലും കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് തവണ ഈ അവാര്‍ഡ് ലഭിച്ച ഏക വ്യക്തിയാണ് നോബിള്‍ ജോണ്‍. പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് കൃഷി മികവിന്റെ അടിസ്ഥാനത്തില്‍ ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും പൈനാപ്പിള്‍ ശ്രീ അവാര്‍ഡ് നല്‍കുന്നത്. കാര്‍ഷിരംഗത്തോടൊപ്പം സാമൂഹിക മേഖലയിലും നോബിള്‍ ജോണ്‍ സജീവമായി ഇടപെടുന്നു. 1999ല്‍ വാഴക്കുളത്ത് തുടങ്ങിയ ലയണ്‍സ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ്. തുടര്‍ന്ന് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വീണ്ടും ലയണ്‍സ് ക്ലബ് പ്രസിഡന്റായി. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്. റെഡ് ക്രോസ് സൊസൈറ്റിയില്‍ ലൈഫ് മെമ്പര്‍ഷിപ്പും ഉണ്ട്.
എല്ലാ സ്ഥാപനങ്ങളിലുമായി ഏകദേശം നൂറോളം ജോലിക്കാരും അറുനൂറോളം തൊഴിലാളികളുമുണ്ട്. ഇവരുടെയും ഇവരുടെ കുടുംബങ്ങളുടേയും സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് തന്റെ പ്രവര്‍ത്തനത്തിലും ജീവിതത്തിലുമുള്ള എല്ലാ ഉയര്‍ച്ചയ്ക്കും കാരണം എന്ന് നോബിള്‍ വിശ്വസിക്കുന്നു. ഒപ്പം കുടുംബത്തിന്റെ സഹകരണം ഒരു മുഖ്യ ഘടകമാണ്. എം കോം ബിരുദധാരിണിയായ ഭാര്യ ജാന്‍സിയും നോബിളിനെ ബിസിനസ് കാര്യങ്ങളില്‍ സഹായിക്കുന്നു. മക്കളായ ഡാരന്‍, ഡന്‍സല്‍ എന്നിവരും പപ്പയുടെ വിളിപ്പുറത്തുണ്ട്.
പൈനാപ്പിള്‍ കൃഷിയിലൂടെ ജീവിതവിജയം നേടിയ ഈ ഊര്‍ജ്ജസ്വലനായ സംരഭകന്‍ തന്റെ അറിവും കഴിവും പരിചയവും എല്ലാം മറ്റ് മേഖലകളിലും കാഴ്ചവച്ച് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ മാതൃക പിന്തുടരാന്‍ ആഗ്രഹിക്കുന്നവരോട് ഇദ്ദേഹത്തിന് പറയാന്‍ ഒന്നേയുള്ളൂ. ഇത് ഒരു ദിവസം കൊണ്ട് നേടിയെടുത്തതല്ല ഇതൊന്നും. നന്നേ ചെറുപ്പത്തില്‍ സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ടും അടുക്കും ചിട്ടയും സമയക്രമവും കൃത്യമായി പാലിച്ച് അധ്വാനം വഴി നേടിയെടുത്തതാണെല്ലാം. അതിനു പിന്നില്‍ കഠിനാധ്വാനം ഉണ്ട്. സമര്‍പ്പണവും. പതിറ്റാണ്ടുകളിലൂടെ നേടിയെടുത്ത ഈ വിജയം ഒരു ദിവസം ഇരുണ്ടു വെളുക്കുമ്പോള്‍ ലഭിക്കില്ല. മന:ശ്ശക്തിയും നിശ്ചയദാര്‍ഢ്യവും നല്ലൊരു സുഹൃദ് വലയവും കൈമുതലായുള്ള നോബിള്‍ ജോണിന് ഇനിയും ജീവിതത്തില്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല.ജീവിതത്തില്‍ അടുക്കും ചിട്ടയും സമയക്രമവും പാലിച്ച് കഠിനാധ്വാനത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് ജീവിത വിജയത്തിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുമ്പോഴും തന്റെ തുടക്കവും താന്‍ കടന്നു വന്ന വഴികളും ഒന്നും നോബിന്‍ ജോണ്‍ എന്ന യുവസംരംഭകന്‍ മറക്കുന്നില്ല.
ബൈന്ദ കെ.ബി, ബ്യൂറോ ചീഫ്,
കൃഷിജാഗരണ്‍ ആലപ്പുഴ
ഫോണ്‍ 9995219529
English Summary: Noble John
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments