<
Features

വാഴയ്ക്ക് ഒരു ഒറ്റയാള്‍ സര്‍വ്വകലാശാല

തിരുവനതപുരം : 'മധുരിയ്ക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ' എന്ന പ്രശസ്തമായ ചലച്ചിത്രഗാനത്തിലെ ഒരു വരിയാണ് 'ഒരു വാഴക്കൂമ്പില്‍നിന്ന് തേന്‍ കുടിയ്ക്കാം'. മലയാളിയുടെ ജീവിതവുമായി വാഴയും വാഴപ്പഴവും വാഴയിലയും ഒക്കെ അത്രമാത്രം ഇഴുകിച്ചേര്‍ന്നിരിയ്ക്കുന്നു. തൊടിയിലെ വാഴയും വാഴക്കൂമ്പിലെ തേന്മധുരവും എന്നും മലയാളിയുടെ മനസ്സിന്റെ കുളിര്‍മ്മയാണ്. ഏതെങ്കിലും ഒരു വാഴപ്പഴമെങ്കിലും കഴിക്കാത്ത, നട്ടുവളര്‍ത്താത്ത മലയാളി നഗരത്തിലെ ഫ്‌ളാറ്റില്‍ പോലും ഉണ്ടാകില്ല. വാഴയിലയിലെ പൊതിച്ചോറും ഇലയില്‍ ഊണ് വിളമ്പുന്ന പുതിയ, 'ഇലയിലൂണ്' ഹോട്ടലും മലയാളിയുടെ വാഴകളോടുള്ള ഗൃഹാതുരത്വത്തിന്റെ സൂചനകളാണ്. ലോകത്തെമ്പാടും എത്രയിനം വാഴകളുണ്ട്. വാഴയെ സ്‌നേഹിക്കുന്നവരെങ്കിലും ഇക്കാര്യം ആലോചിച്ചിട്ടുണ്ടോ? 

red banana
 
സര്‍ക്കാര്‍ സംവിധാനങ്ങളോ സഹായമോ ഇല്ലാതെ വാഴകള്‍ക്കു മാത്രമായി ഒരു ഒറ്റയാള്‍ സര്‍വ്വകലാശാല. പാറശ്ശാലയിലെ കൊടിവിളാകം വീട്ടില്‍ വിനോദ്. കേരളത്തിലെ ഏത് കാര്‍ഷിക വിദഗ്ദ്ധനെയും ശാസ്ത്രജ്ഞനെയും വെല്ലുന്ന വിജ്ഞാനമാണ് ഈ മനുഷ്യസര്‍വ്വകലാശാലയുടെ കൈമുതല്‍. ലോകത്തെമ്പാടുമായി ആയിരത്തിലേറെ ഇനം വാഴകളാണുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും രുചിയും കായകളുടെ നിറവും പടലകളുടെ എണ്ണവും ഒക്കെ വ്യത്യസ്തമാര്‍ന്ന വിവിധയിനം വാഴകള്‍. കേരളത്തിന്റെ തനത് ഇനം വാഴകള്‍ പോലും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വദേശിയും വിദേശിയുമായി 430 ഇനം വാഴകളാണ് ഇന്ന് വിനോദ് കൃഷിചെയ്യുന്നത്. കേരളത്തിന്റെ രുചിക്കൂട്ടായിരുന്ന നാടന്‍ ചിങ്ങനും കവിഭാവനയെപോലും നിറം പിടിപ്പിച്ചിരുന്ന ചെങ്കദളിയും ഇന്ന് കിട്ടാതാകുമ്പോഴാണ് കേരളത്തിലെ ഏതാണ്ട് എല്ലായിനം വാഴകളുടെയും സംരക്ഷകനായി വിനോദ് എത്തുന്നത്. കേരളത്തിലെ നെല്ലിനങ്ങളുടെ സംരക്ഷനായ വയനാട്ടിലെ ചെറുവയല്‍ രാമനെ പോലെ കേരളത്തിന്റെ തെക്കേയറ്റത്ത് വാഴകളുടെ സംരക്ഷകനായി വിനോദ് നിലകൊള്ളുന്നു. 

ബി.എസ്.സി ഫിസിക്‌സും അതിനുശേഷം പൂര്‍ത്തിയാക്കാത്ത എം.എ സോഷ്യോളജിയുമായി വാഴക്കൃഷിയിലേക്ക് ജീവിതം ലയിപ്പിച്ച വിനോദിനെ ഇന്ന് നാട്ടുകാര്‍ വിളിക്കുന്നത് 'വാഴച്ചേട്ടന്‍' എന്നാണ്. കൃഷിയിലേക്ക് എത്തിയത് ആകസ്മികമായിരുന്നില്ല. സ്വാതന്ത്ര്യസമരസേനാനിയായ പിതാവ് സഹദേവന്‍ സ്‌കൂള്‍ പഠനകാലത്തുതന്നെ വിനോദിനെ കൃഷിയിലേക്ക് ഒപ്പം കൂട്ടി. പന്ത്രണ്ടാമത്തെ വയസ്സില്‍ തേക്കുകൊട്ടയുമായി വാഴ നനയ്ക്കാന്‍ ഇറങ്ങിയ വിനോദിന്റെ മനസ്സില്‍ കൃഷിയുടെ തണുപ്പ് പതുക്കെ ഉറഞ്ഞുകൂടുകയായിരുന്നു. പഠനവും ജോലിയുമൊക്കെ വിട്ട് രണ്ടര ഏക്കര്‍ വരുന്ന പറമ്പില്‍ വാഴക്കൃഷികൊണ്ട് ജീവിതം സ്വര്‍ഗ്ഗതുല്യമാക്കുന്ന ഈ പ്രതിഭയ്ക്ക് വാഴയെക്കുറിച്ചും വാഴക്കൃഷിയെക്കുറിച്ചും അറിയാത്ത കാര്യങ്ങളില്ല. ഏറ്റവും കൂടുതല്‍ ഇനം വാഴകള്‍ കൃഷി ചെയ്യുന്ന ആളെന്ന നിലയില്‍ 2015 ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും  ഇടം നേടി.

vinod

സാമ്പ്രാണി മൊന്തന്‍, സിങ്കന്‍, പടലി മുങ്കിലി, അഗ്നിശാഖ, കോത്തിയ, ബാങ്കോക്ക് മൊന്തന്‍, ആസാം മല്‍ബോഗ്, ചിരുമാലൈ, നവാകോ, ചമ്മട്ടി, പൂങ്കള്ളി, ചാരക്കോടി, അത്തിക്കോ, സൂര്യകദളി, ഇറച്ചിവാഴ, കൃഷ്ണവാഴ, കാട്ടുചിങ്ങന്‍, മഞ്ഞവാഴ, ടാങ്കറ്റ് തുടങ്ങി നിരവധിയിനം വാഴകള്‍ വിനോദിന്റെ തോട്ടത്തില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിലെ ഇന്ന് ലഭ്യമായ ഏതാണ്ട് എല്ലായിനം വാഴകളും വിനോദിന് സ്വന്തമാണ്. സര്‍ക്കാര്‍ സംവിധാനം എങ്ങനെയാണ് കൃഷിക്കാരെ നിരുത്സാഹപ്പെടുത്തുന്നതെന്നും അതിനെ ഒരു വെല്ലുവിളി എന്ന നിലയില്‍ എങ്ങനെയാണ് അതിജീവിക്കുന്നതെന്നും വിനോദിന്റെ ജീവിതം തന്നെയാണ് സാക്ഷ്യം. 

kothiya banana


കേരളത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരിനം വാഴതേടിയാണ് തൃശ്ശൂര്‍ ജില്ലയിലെ കണ്ണാറയിലെ സംസ്ഥാന സര്‍ക്കാരിന്റെ വാഴഗവേഷണ കേന്ദ്രത്തില്‍ വിനോദ് എത്തിയത്. പതിവുപോലെ വാഴയുമില്ല കന്നുമില്ല എന്ന മറുപടിയോട് പൊരുത്തപ്പെട്ട് മടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. സര്‍ക്കാര്‍ സംവിധാനത്തിന് ഈ വാഴ കിട്ടുമെങ്കില്‍ തനിക്കും അത് കിട്ടുമെന്ന വാശിയില്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ഏതാണ്ട് എല്ലായിനങ്ങളും സ്വന്തമാക്കി. പിന്നീടാണ് ഇന്ത്യയിലെ ഇനങ്ങള്‍ തേടി മറ്റുസംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടത്. ഇന്ന് ആസാമിലെയും ബീഹാറിലെയും ഗുജറാത്തിലെയും ഒക്കെ സവിശേഷയിനങ്ങള്‍ വിനോദിന്റെ തോട്ടത്തിലുണ്ട്. പിന്നീട് വിദേശയിനം വാഴ തേടിയായി യാത്ര. വിദേശത്തുനിന്ന് സസ്യങ്ങള്‍ കൊണ്ടുവരുന്നതിന് പല രാജ്യങ്ങളിലും വിലക്കുള്ളതുകൊണ്ട് ഇന്ത്യയില്‍ തന്നെ ലഭ്യമായ തൈകള്‍ സംഘടിപ്പിച്ചു. സോണാലി, പ്രേയിംഗ് ഹാന്‍ഡ്‌സ്, ബ്ലൂ ജാവ എന്നിവയടക്കം നിരവധി വിദേശയിനങ്ങളും ഇവിടെയുണ്ട്. 

banana apple
 
നൂറുകണക്കിന് ഇനം വാഴകള്‍ സമാഹരിച്ചിട്ടുണ്ടെങ്കിലും വാഴത്തൈ കൊടുക്കുന്നതിലോ വാഴപ്പഴങ്ങള്‍ സൗജന്യമായി നല്‍കുന്നതിനോ വിനോദിന് യാതൊരു മടിയുമില്ല. വാഴക്കന്നുകള്‍ വാങ്ങിയ ചിലര്‍ ഉപയോഗിക്കാതെ നശിപ്പിച്ചതിനുശേഷം ചെറിയ തുകയോ അല്ലെങ്കില്‍ മറ്റൊരിനം പകരം വാങ്ങിയോ മാത്രമേ വിനോദ് തൈകള്‍ നല്‍കാറുള്ളൂ. കഴിഞ്ഞ ആറു വര്‍ഷം കൊണ്ടാണ് വിനോദ് 430 ഇനം വാഴകള്‍ ശേഖരിച്ചതും നട്ടുവളര്‍ത്തിയതും. ഓരോ ഇനം വാഴയും അതിന്റെ പ്രത്യേകതകളും പഴത്തിന്റെ രുചികളും മണവുമൊക്കെ നെഞ്ചിലേറ്റി നടക്കുന്ന വിനോദിന് വാഴപ്പെരുമ ഈ തലമുറയില്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ല. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന്‍ അബനീഷ് ഇന്ന് അച്ഛനൊപ്പം വാഴയുടെ പരിചരണത്തിന് നിതാന്ത ജാഗ്രതയോടെ രംഗത്തുണ്ട്. അന്യസംസ്ഥാനങ്ങളിലേക്ക് വാഴ ശേഖരിക്കാനുള്ള എല്ലാ യാത്രകളിലും കൂട്ട് മകന്‍ തന്നെ. ലോകത്ത് നിലവിലുള്ള എല്ലായിനം വാഴകളും ഈ കൊച്ചു കേരളത്തിന്റെ തെക്കേയറ്റത്തെ ഗ്രാമത്തിലേക്ക് കൊണ്ടുവരാനാണ് വിനോദിന്റെ ശ്രമം. വിനോദും മകനും യാത്രപോകുമ്പോള്‍ തൊണ്ണൂറ്റിരണ്ട് പിന്നിട്ട അച്ഛന്‍ സഹദേവന്‍ രണ്ടുപേരെയും വെല്ലുന്ന ശുഷ്‌കാന്തിയോടെ കൃഷിക്കളത്തിലുണ്ടാകും. 
 
(വിനോദ്: 9446400615)

English Summary: one man university of banana

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds