നെല്‍ക്കൃഷി തന്ന വാക്കുകള്‍
നെല്ലും പുല്ലും നല്ല ചേര്‍ച്ചയുളള പദങ്ങളായതില്‍ അത്ഭുതമില്ല. പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതാണല്ലോ നെല്ല്. ചെറുതാവുക എന്നര്‍ത്ഥമുളള നെല് ധാതുവില്‍ നിന്നാണ് നെല്ലിന്റെ ജനനം. നമുക്ക് ചോറും കാലികള്‍ക്ക് വൈക്കോലും (കച്ചി) തന്ന് നെല്ല് പരോപകാരം ചെയ്യുന്നു. അതില്‍നിന്നും മദ്യം വാറ്റിയെടുത്ത് നാം വിരുത് കാണിക്കുന്നു. കേരളം നെല്‍ക്കൃഷിയെ മൊഴിചൊല്ലി നാണ്യവിളയുമായി സംബന്ധം കൂടി ജീവിക്കുകയാണ്. നെല്‍ക്കുടുംബിനിയും മക്കളും വളരെ കഷ്ടത്തിലാണിപ്പോള്‍. അവളെ രക്ഷിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നെല്‍ക്കൃഷി ജന്മം നല്‍കിയ പദശിശുക്കള്‍ നിരവധിയുണ്ട്. അവയിലേറെയും നിഘണ്ടുക്ക
ളിലും വാമൊഴിയിലുമായി ചത്തുജീവിക്കുകയാണ്. അവരെക്കുറിച്ചോര്‍ക്കേണ്ട സമയമാണിത്. കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, ശൈലികള്‍ എന്നിവയിലൂടെ അവരുടെ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കാം. കുംഭത്തില്‍ മഴപെയ്താല്‍ കുപ്പയിലും നെല്ല്/മാണിക്യം, പൂയത്തില്‍ മഴപെയ്താല്‍ പൂഴിക്കെട്ടും ചോറാകും, നെല്ലിന് മലഞ്ചോറ്, കന്നിവിത്തിന് കൈ കാച്ചി വെച്ചാല്‍ മതി, വിത്താഴം ചെന്നാല്‍ പത്തായം നിറയും, ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും, കല്ലാടും മുറ്റത്ത് നെല്ലാടുകയില്ല, ഞാറുറച്ചാല്‍ ചോറുറച്ചു, നെല്ലും പുല്ലും പുല്ലുതന്നെ, നെല്ലറ പൊന്നറ, വിത്തു കുത്തി ഉണ്ണരുത്, വിത്ത് വിറ്റ് വിരുന്നൂട്ടരുത്, നെല്ലുള്ളിടത്ത് പുല്ലു കാണും, നെല്ലിനു പായുന്ന വെളളം പുല്ലിനും പായും, നെല്ലില്‍ തുരുമ്പില്ലാതെ വരുമോ?, നെല്ലു കുത്തുന്നവര്‍ക്കറിയാമോ കല്ലു നോക്കുവാന്‍?, അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പൂച്ചയ്ക്കാണ് മുറുമുറുപ്പ്, അരി നാഴിയായാലും അടുപ്പുകല്ല് മൂന്നുവേണം, അരിയും കൊണ്ടു പോന്നോ അക്കച്ചിവീട്ടില്‍ പോകാന്‍?, മുടിയാന്‍ കാലത്ത് അറുവന്‍ വെളള വിതച്ചു (അറുവന്‍ വെളള മൂപ്പു കൂടുതലുളള ഒരിനം വിത്ത്) തുടങ്ങിയ ചൊല്ലുകള്‍ നെല്ലുമായി ബന്ധപ്പെട്ട കാര്‍ഷിക സംസ്‌കാരത്തിന്റെ വിവിധ വശങ്ങളെ പരാമര്‍ശിക്കുന്നവയാണ്. നെല്ലരി കൊടുത്ത് പുല്ലരി വാങ്ങുക, അരിയെത്തുക, അരിയെണ്ണി ചെലവാക്കുക, അളന്ന അരിയും വെളളവും തീരുക, അരിയെത്ര പയറഞ്ഞാഴി, പുത്തരിയില്‍ കല്ലുകടിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ അരികൊണ്ടു സൃഷ്ടിച്ചവയാണ്. നെല്‍ക്കൃഷി പരാമര്‍ശിക്കുന്ന കടങ്കഥകളില്‍ കൃഷിരീതിയ്ക്കാണ് പ്രാധാന്യമുളളത്. കൂനന്‍ ചെന്നൊരു തോടുണ്ടാക്കി/ പല്ലന്‍ ചെന്നതു തട്ടിനിരത്തി (കലപ്പകൊണ്ടു നിലം ഉഴുതു ഞവരി കൊണ്ടു തട്ടി നിരത്തി) അവിടെക്കുത്തി ഇവിടെക്കുത്തി വരിയായ് കുത്തി വിരലാല്‍ കുത്തി (ഞാറ് നടുന്നത്), അടിക്കൊരു വെട്ട് നടുക്കൊരു കെട്ട് തലയ്‌ക്കൊരു ചവിട്ട് (നെല്ല് കൊയ്ത് കറ്റ കെട്ടി മെതിക്കുന്നത്), മൂക്ക് മൂന്ന് മുഖത്താറ് കണ്ണ്/ നാക്കു നാല് നടകാല് പത്ത്...(പഴയകാലത്ത് കാളയെ വച്ച് നിലം പൂട്ടിയിരുന്നതിനെ കുറിയ്ക്കുന്നു. മൂക്ക് മൂന്ന് - രണ്ടു കാലികളുടെയും പൂട്ടുന്ന ആളിന്റെയും മൂക്കുകള്‍, മുഖത്താറ് കണ്ണ് - കാലികളുടെയും മനുഷ്യന്റെയും ചേര്‍ത്ത് ആറ് കണ്ണുകള്‍, നാക്കു നാല് - കലപ്പയുടെ നാക്കും കാലികളുടെ നാക്കും മനുഷ്യന്റെ നാക്കും, നടകാല് പത്ത് - കാലികളുടെ എട്ടു കാലും മനുഷ്യന്റെ രണ്ടുകാലും) എന്നിവ ഉദാഹരണങ്ങള്‍.
നിഘണ്ടുക്കളില്‍ അഭയം തേടിയതും നാവുകളില്‍ വറ്റിപ്പോയതുമായ കൃഷിപ്പദങ്ങള്‍ ഒട്ടേറെയുണ്ട്. അതില്‍ ചിലത് ഓര്‍ക്കുകയാണിവിടെ. കണ്ടം, നിലം, വയല്‍, പാടം എന്നീ പേരുകളിലാണ് നെല്‍ക്കൃഷിസ്ഥലം അറിയപ്പെട്ടിരുന്നത്. പുലം എന്നൊരു പഴയ പേരും ഉണ്ട്. പാടശേഖരങ്ങള്‍ ഏലകളാണ്. ചേറ് (ചെളി, തൊളി, ചളി) കൂടുതലുളള നിലം ചേറ്റുനിലം (ചേറ്റിലം). പൂന്തക്കണ്ടം പുതഞ്ഞു താഴ്ന്നു പോകുന്ന വയലാണ്. പമ്മം, പടുവം എന്നിങ്ങനെ കര്‍ഷകര്‍ പറയും. പ്രാദേശികമായി വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന നെല്‍വിത്തുകള്‍ ഏറെയുണ്ടായിരുന്നു. മലഞ്ചേറാടി, തവളക്കണ്ണന്‍, വെളളമുണ്ട, കുറ്റിച്ചേറാടി, ചമ്പാവ്, ആരിയന്‍, തുളുനാടന്‍, അതിക്കിരാതി, ഞവര, ചടക്കുറുവ എന്നിവ പഴയകാല വിത്തിനങ്ങളില്‍ ചിലതുമാത്രം.
കൃഷിയുപകരണങ്ങള്‍ ഒരു കൂട്ടമുണ്ട്. നിലം ഉഴുതുമറിയ്ക്കാനുളള കലപ്പതന്നെ മുഖ്യം. നാഞ്ചില്‍ കലപ്പയ്ക്കു പറഞ്ഞിരുന്ന പഴയ പേരാണ്. കലപ്പയുടെ അകത്ത് ഘടിപ്പിച്ചിട്ടുളള ഇരുമ്പാണ് കൊഴു (നാക്ക്). കൊഴുവിന്റെ മീതെ ഘടിപ്പിച്ചിട്ടുളള തടിക്കഷ്ണം കൊഴുന്നൂരി (അമരി). കലപ്പയുടെ കൈപ്പിടി മേഴി. ഉഴവുകാരന്‍ പിടിക്കുന്ന ഭാഗം കലപ്പത്തണ്ട്. കരി(കലപ്പ)ക്കോല്‍ എന്നും ഈയക്കോലെന്നും കൂടി പേരുണ്ട്. ഉഴാന്‍ ഉപയോഗിക്കുന്ന കാലിയുടെ കഴുത്തില്‍ വച്ചുകെട്ടുന്ന ഉപകരണമാണ് നുകം. നുകത്തടിയുടെ രണ്ടറ്റത്തുമുളള തുളയ്ക്ക് നുകത്തുള എന്നും നുകത്തില്‍ കെട്ടുന്ന കാലിയുടെ കഴുത്തില്‍ നിന്നും മാറാതിരിക്കാന്‍ തുളച്ചിട്ടുളള കമ്പിനെ നുകക്കഴി (നോക്കഴി) എന്നും പറയുന്നു. കാലികളെ തെളിക്കാനുപയോഗിക്കുന്ന കോല്‍ (വടി) ഉഴക്കോല്‍. മരമാണ് നെല്‍ക്കൃഷി ഉപകരണങ്ങളില്‍ മറ്റൊന്ന്. കൃഷി ചെയ്യുന്നതിനു മുന്‍പായി നിലം നിരപ്പുവരുത്തുന്നതിന് ഉപയോഗിക്കുന്ന പ്രത്യേകതരം പലക ചേര്‍ന്നതാണ് മരം. രണ്ടിനം മരങ്ങളുണ്ട് - പറ്റുമരവും കുറുമരവും. പല്ലിത്തടി നിലം നിരപ്പാക്കാനുളള തടിയാണ്. വിതയ്ക്കും മുമ്പ് നിരപ്പാക്കുന്ന ഉപകരണം ഞവരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉഴവു കഴിഞ്ഞ് പാടത്തുളള കട്ടകള്‍ ഉടയ്ക്കുന്നതിന് മുട്ടി അഥവാ കട്ടതല്ലി എന്ന ഉപകരണമുണ്ട്. പുല്ലും മറ്റും തളളിനീക്കുന്നതിനുളള ചക്രയന്ത്രത്തിന് വരണ്ടി എന്നുപേര്‍.
കൃഷിരീതിയ്ക്ക് കര്‍ഷകര്‍ നല്‍കിയിട്ടുളള പേരുകളാണ് ഇനി പറയുന്നത്. വിളവിന് പൂവ് എന്നുവിളിക്കുന്നു. രണ്ടു പൂവുകളാണ് പ്രധാനം - ചിങ്ങപ്പൂവും മകരപ്പൂവും. വെളളം വറ്റിച്ച് കൃഷിപ്പണി ചെയ്യുന്ന സ്ഥലം പുഞ്ചനിലവും നനച്ചു കൃഷിചെയ്യുന്നിടം നഞ്ചനിലവുമാണ്. നഞ്ച ഒറ്റവിള നിലവും പുഞ്ച ഇരുവിളനിലവുമാണ്. വിത്തിടല്‍ മൂന്നുവിധത്തിലാണ് പതിവ്. നുരിയിടല്‍, ഞാറുനടല്‍, പടു(ഴ)മൂടിടല്‍ (കൊയ്തു കഴിഞ്ഞാല്‍ അവയുടെ ചുവട്ടില്‍ മുളയ്ക്കുന്ന മൂടാണ് പഴമൂട്). നെല്‍വിത്തും വളവും കൂടി കുഴച്ചെടുക്കുന്ന ഒരുനുളള് ആണ് നുരി. നുരിയിടലിനെ നുരിക്കല്‍ എന്നുപറയും. ഞാറുപാകി വളര്‍ത്താന്‍ വേണ്ടി പ്രത്യേകം ഒഴിച്ചിട്ടിരിക്കുന്ന നിലമാണ് ഞാറ്റുനിലം/കണ്ടം/കാല/ഞാറ്റടി, മുപ്പുളള ഞാറിന് ഞാറ്റുതല/തലഞാറ് എന്നും മൂപ്പെത്താത്തതിന് ഇളഞാറ് എന്നും പറയുന്നു. ഞാറ് വേരു പറിയാതെ അടിച്ചു കഴുകി വെളളത്തിലിട്ട് ലാഞ്ചിയെടുക്കുന്നതാണ് ഞാറലക്കല്‍. ഞണ്ടോ മണ്ണിരയോ ഇളക്കിയിടുന്ന മണ്ണിനെ കുക്കിരിക്കട്ട എന്നുവിളിക്കുന്നു. കട്ടപിടിക്കുമെങ്കിലും ഈ മണ്ണ് നല്ല പശിമയുളളതാണ്. നെല്‍ച്ചെടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ക്ക് നാടന്‍ പേരുകളുണ്ട്. മുളപൊട്ടി വരുന്നത് പൊടിപ്പരുവം, തണ്ടുവളര്‍ച്ചയെത്തുന്നത് കോല്‍പ്പരുവം, കതിരുമുറ്റി തൂങ്ങിത്തുടങ്ങുന്നത് പഴമൊടിപ്പരുവം, പഴുത്തതിന് വിളപ്പരുവം.
കൊയ്യുമ്പോള്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ കൂടി പരിശോധിക്കാം. കൊയ്യുന്ന കതിരുകള്‍ അവിടിവിടെ കൂട്ടിവെയ്ക്കുന്നതിന് പാട്ട എന്നാണ് പറയുക. ഒരു പഴയ അളവാണിത്. പല പാട്ടകള്‍ ചേര്‍ന്നതാണ് ഒരു കറ്റ. മെതിസ്ഥലത്തിനുളള പേരാണ് കളം. നെന്മണികള്‍ നിലത്തടിച്ച് പൊഴിച്ചെടുക്കുന്നതിന് എലവടിക്കുക എന്നും മെതിച്ചുകൂട്ടിയതിന് പൊലി എന്നും പറയും. ഇതിനുശേഷം കട്ടകള്‍ വട്ടത്തില്‍ ശേഖരിച്ചു വയ്ക്കുന്നതിന് പോരുകൂട്ടുക (ചൂടുകൂട്ടുക) എന്നാണ് പേരിട്ടിരിക്കുന്നത്. നീളന്‍ കമ്പുകള്‍കൊണ്ട് പോരടിക്കുന്നതിനെ വയ്‌ക്കോലടിക്കുക എന്നോ ചൂടടിക്കുക എന്നോ പറയുകയാണ് കൃഷിക്കാരുടെ പതിവ്. മെതി കഴിഞ്ഞാല്‍ നെല്ലും പതിരും വേര്‍തിരിക്കുകയാണ് അടുത്തപടി. പതിരിനുളള മറ്റൊരു പേരാണ് ചണ്ട്. തൂറ്റിയും പാറ്റിയുമാണ് ചണ്ടുകളയുന്നത്. നെല്ല് പതിരായി പോകുന്നതിനെ മങ്കായി പോകുക എന്നുപറയും. മങ്ക് രണ്ടുരീതിയിലുണ്ട്. അകത്ത് അല്പം ധാന്യമുളളത് കനമങ്കും ഒന്നുമില്ലാത്തത് ധൂളിമങ്കുമാണ്. നെല്ലിന്റെ അറ്റത്ത് കനം കുറഞ്ഞു നീണ്ട സൂചിപോലെ നില്‍ക്കുന്ന വാല്‍മീശയാണ് ഓക് അവാ ഓക്ക. നെന്മണിയുടെ പുറന്തോടാണ് ഉമി. അത് നീക്കിയാല്‍ ധാന്യത്തോട് പറ്റിച്ചേര്‍ന്നിരിക്കുന്ന വസ്തു തവിട്. തവിരുന്നത് (തളളപ്പെടുന്നത്) ആണ് തവിട്. തവിട്ടപ്പം തവിടുകൊണ്ടുണ്ടാക്കുന്ന അപ്പവും തവിട്ടട തവിടുകൊണ്ടുണ്ടാക്കുന്ന അടയുമാണ്. തവിടുകൊണ്ട് ഉണ്ടാക്കുന്ന പായസവുമുണ്ട്. തവിടില്‍ നിന്നാണ് തവിടുപൊടിയാക്കുക എന്ന ശൈലിയും തവിടു തിന്നാലും തകൃതി വിടില്ല എന്ന ചൊല്ലും ഉണ്ടായത്.
നെല്ലിലെ ധാന്യാംശമാണ് അരി. നെല്ല് പുഴുങ്ങി (അവിച്ച്) കുത്തിയെടുക്കുന്ന അരിയാണ് പുഴുക്കലരി. നെടിയരി, പൊടിയരി, കുറിയരി, നുറുക്കരി, ചാക്കരി, വരവരി തുടങ്ങിയ നാടന്‍ അരിപ്രയോഗങ്ങള്‍ പലതുണ്ട്. കുച്ചരി (പതിരരി) വറുത്തുകൊടുത്ത് അമ്മമാര്‍ കുട്ടികളുടെ കരച്ചില്‍ മാറ്റിയ കാലമുണ്ടായിരുന്നു. അരി കഴുകിയ വെളളമാണ് അരിക്കാടി. ആടിനും പശുവിനും കൊടുത്തിരുന്ന പാനീയമാണത്. കാടിവെളളത്തില്‍ ഗുളിക ഉരച്ചുകൊടുക്കാനാണ് ആയുര്‍വേദ വൈദ്യന്മാര്‍ മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നത്. കാടി കുടിച്ചാലും മൂടിക്കുടിക്കണമെന്നതായിരുന്നു പഴയ ഭക്ഷ്യമര്യാദ.
നമ്മുടെ അനുഷ്ഠാനങ്ങളില്‍ നെല്ലിനും അരിയ്ക്കും അവഗണിക്കാന്‍ വയ്യാത്ത സ്ഥാനമാണുളളത്, പണ്ടും ഇന്നും. നെല്ല് പുഴുങ്ങി ഇടിച്ചുണ്ടാക്കുന്ന അവലും നെല്ല് വറുത്തുണ്ടാക്കുന്ന മലരും പൂജയ്ക്കുപയോഗിക്കുന്നു. അരിമാവില്‍ ചുട്ടെടുക്കുന്ന അട (ചുട്ടട) ഒരു നിവേദ്യവസ്തുവാണ്. പൊങ്കാലയ്ക്ക് അരിയില്ലാതെ പറ്റില്ലല്ലോ. പതിരു വറുത്തുണ്ടാക്കുന്ന 'വറ' മന്ത്രവാദകര്‍മ്മങ്ങള്‍ക്ക് എടുക്കുന്നു. കളമെഴുത്തുപാട്ടിലെ പഞ്ചവര്‍ണ്ണപ്പൊടികളിലൊന്ന് അരിമാവിന്റേതാണ്. ബലിപിണ്ഡമുണ്ടാക്കന്നത് ചോറും എളളും കൂട്ടിക്കലര്‍ത്തിയിട്ടാണ്. നിറനാഴി, പറവെയ്പ് തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ നെല്ലില്ലാതെ പറ്റില്ല. അരിയിട്ടുവാഴ്ച എന്ന രാജകീയ ചടങ്ങിലും അരി ഒഴിച്ചുകൂടാനാവാത്തതാണ്. അക്ഷതം (ഉണക്കലരി) തൂവുന്ന പതിവ് പല കര്‍മ്മങ്ങളിലും കാണാം. ശവസംസ്‌കാരത്തില്‍ വായ്ക്കരിയിടുന്ന രീതി ഇപ്പോഴും നിലവിലുണ്ട്. അരി കലര്‍ന്നിട്ടുളള വസ്തുക്കളില്‍ ശബരിമലയിലെ പ്രസാദമായ അപ്പവും അരവണയും പ്രസിദ്ധമാണ്. കണ്ണേറ് നാവേറ് ദോഷങ്ങള്‍ക്കെല്ലാം തലയ്ക്ക് അരിയിട്ടുഴിയുന്ന ചടങ്ങുണ്ട്. വിദ്യാരംഭം പോലും അരിയിലെഴുതി ശീലിച്ചവരാണ് നമ്മള്‍.
ഒരു വിജ്ഞാനകോശ നിര്‍മ്മിതിയ്ക്ക് ആവശ്യമായ സാങ്കേതിക പദങ്ങള്‍ സൂക്ഷിച്ചുപോരുന്ന നെല്‍ക്കൃഷി നമ്മുടെ സംസ്‌കൃതിയുടെ നൂറ്റാണ്ടുകളായുളള അടിപ്പടവുകള്‍ കാട്ടിത്തരുന്നു.
- പ്രൊഫ. ഉത്തരംകോട് ശശി
English Summary: paddycrop
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments