'കേരളത്തിന്റെ പുനര്‍നിര്‍മാണം 2021' പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്ക്
വിഷരഹിത ഭക്ഷണശീലം മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യമായിരുന്നു. എണ്ണമറ്റ തനത് വിത്തുകളും ചെടികളും വൈവിധ്യമാര്‍ന്ന ഭക്ഷണരീതികളും ഒരിക്കല്‍ നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായിരുന്നു. ഈ തനത് പാരമ്പര്യം വീണ്ടെടുക്കാനുള്ള യത്‌നത്തിലാണ് മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി . സുഗന്ധദ്രവ്യങ്ങളുടെയും കൃഷിയുടെയും മേഖലയായ ഇടുക്കി ജില്ലയ്ക്ക് പ്രളയത്തില്‍ സംഭവിച്ച കനത്ത നഷ്ടമാണ് ഈ വഴി ചിന്തിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ജൈവകൃഷിയും ജൈവ ഉത്പന്നങ്ങളും മാത്രമല്ല, പ്രകൃത്യാനുസൃതമായ വിനോദസഞ്ചാരവും ഇവര്‍ പദ്ധതിയുടെ ഭാഗമാക്കുന്നു. ഓരോ കര്‍ഷകനെയും കര്‍ഷക കുടുംബത്തെയും സ്വാശ്രയവും സ്വയംപര്യാപ്തവുമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഇവര്‍ മുന്നോട്ടു വയ്ക്കുന്ന പദ്ധതിയാണ് 'റീബില്‍ഡ് കേരള 2021'. ഓരോ കര്‍ഷകന്റെയും വരുമാനം ഇരട്ടിയാക്കുന്നതാണ് ഈ പദ്ധതി. പദ്ധതിയെ കുറിച്ച് കൃഷിജാഗരണ്‍ മാസികയോട് വിശദീകരിക്കുകയാണ് പ്ലാന്റ്‌റിച്ച് മാനേജിംഗ് ഡയറക്ടറും മാസിന്റെ പ്രസിഡന്റുമായ ബിജുമോന്‍ കുര്യന്‍.
'കേരളത്തിന്റെ പുനര്‍ നിര്‍മാണം 2021' പദ്ധതി ഏറ്റെടുക്കാനുള്ള പ്രധാന കാരണം?
പദ്ധതി ഏറ്റെടുക്കാനുള്ള പ്രധാന കാരണം ഫെയര്‍ട്രേഡിന്റെ സാമൂഹ്യപ്രതിബദ്ധതയാണ്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ ജില്ലയാണ് ഇടുക്കി. കൃഷി 40 ശതമാനത്തോളം നശിച്ചു. കര്‍ഷകര്‍ക്ക് നേരിട്ടത് സാമ്പത്തികനഷ്ടം മാത്രമല്ല, ഭാവിവരുമാന മാര്‍ഗ്ഗം കൂടിയാണ്. ഇടുക്കിയിലെ കാര്‍ഷികനഷ്ടം കണക്കാക്കാനായി ഞങ്ങള്‍ സര്‍വ്വേ നടത്തി. ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് ഉള്ളതിനേക്കാള്‍ ആറിരട്ടി നഷ്ടമാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. ഇടുക്കിയില്‍ മാത്രം 415 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി. ഇതിന് പരിഹാരമായി ഇടുക്കിയിലെ 52 പഞ്ചായത്തുകളിലായി ഒരു ലക്ഷത്തോളം കര്‍ഷകര്‍ക്ക് 10 ലക്ഷം സുഗന്ധവ്യജ്ഞന തൈകള്‍ വിതരണം ചെയ്യും. മൂന്നുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ണതയിലെത്തുക. സുഗന്ധവ്യജ്ഞനങ്ങളില്‍ ഇഞ്ചിയും ഏലവും കുരുമുളകും മഞ്ഞളും മാത്രമല്ല, പല നിത്യോപയോഗ സാധനങ്ങളും ആയുര്‍വേദ സസ്യങ്ങളും ഉള്‍പ്പെടും. ലോകത്തെത്തന്നെ ഊട്ടുന്നത് കൃഷിക്കാരാണ്. ആ കര്‍ഷകര്‍ ബഹുമാനിക്കപ്പെടണം.
സര്‍വേ നടത്താന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍?
സര്‍വേക്ക് തയാറാക്കിയ ചോദ്യാവലി തന്നെ അവര്‍ക്കുണ്ടായ വിളനാശം, വിളയുടെ പ്രായം, ഇനിയും ആ വിള ഉത്പാദിപ്പിക്കുന്നതിനുവേണ്ടി എത്രവര്‍ഷം എടുക്കും എന്നിവ ഉള്‍പ്പെടുത്തിയതാണ്. ഒരു കര്‍ഷകന് നൂറ് കുരുമളക് നഷ്ടമായതെങ്കില്‍ ഒരു ചെടിയിലൂടെ എത്ര കിലോ കുരുമുളക് ലഭിച്ചിരുന്നു അതിലുണ്ടായിരുന്ന വരുമാനം എത്രയാണെന്ന് നോക്കണം. വീണ്ടും കുരുമുളക് ചെടി ഉണ്ടായിവരാന്‍ എത്രകാലമെടുക്കും എന്ന് കണക്കാക്കണം. അത്രയും കാലത്തെ വരുമാനനഷ്ടം കണക്കുകൂട്ടണം.
പ്രളയം സുഗന്ധവിളകളുടെ കൂട്ടത്തില്‍ ജാതിക്ക് കൂടുതല്‍ നാശമുണ്ടാക്കിയല്ലോ?
ആ കണക്കെടുക്കുമ്പോള്‍ കര്‍ഷകന്റെ നഷ്ടം കനത്തതാണ്. ജാതികൃഷി കൂടുതലുള്ളത് മൂവാറ്റുപുഴ, കാലടി, പെരിയാറിന്റെ തീരങ്ങളാണ്. ഇടുക്കി ഡാമില്‍ നിന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കിവിട്ടപ്പോള്‍ പെരിയാറിന്റെ തീരത്തുള്ള ജാതികൃഷിക്ക് വളരെയധികം നാശമുണ്ടായി. കേരളത്തില്‍നിന്ന് വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ ജാതി കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനം പ്ലാന്റ്‌റിച്ചാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഞങ്ങള്‍ മാത്രമാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് ജാതി ശേഖരിച്ച് സംസ്‌ക്കരിച്ച് കയറ്റി അയയ്ക്കുന്നത്. പക്ഷെ ഈ വര്‍ഷം ജാതിക്കാ കിട്ടാനുള്ള സാഹചര്യം വളരെ കുറവായിരിക്കും. ജാതികൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ജാതി തൈകള്‍ ഉത്പാദിപ്പിക്കുവാനും അവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്. കേരളത്തില്‍ ജാതികൃഷിക്ക് രാസവളങ്ങളോ മറ്റു കീടനാശിനികളോ ഉപയോഗിക്കേണ്ട സാഹചര്യം ഇല്ല. പ്രളയംമൂലം അവര്‍ക്കുണ്ടായ നാശനഷ്ടം മൂന്നു വര്‍ഷമെങ്കിലും എടുത്തേ തിരികെ കൊണ്ടുവരാന്‍ സാധിക്കുകയുള്ളു.
കേരളത്തിലെ മണ്ണിന്റെ ഘടനയനുസരിച്ച് ജൈവകൃഷി എത്രത്തോളം ഫലപ്രദമാകും?
ജൈവകൃഷിക്ക് മാത്രമാണ് കേരളത്തില്‍ സാധ്യത. കേരളത്തിന്റെ മണ്ണ് ഫലഭൂഷ്ടിയുള്ള മണ്ണുതന്നെയാണ്. ഹൈറേഞ്ചിലെ മണ്ണാകട്ടെ, ഫലഭൂയിഷ്ഠമായ വനമണ്ണാണ്. അതിനാവശ്യമുള്ള കാര്‍ബണും കാര്യങ്ങളുമുണ്ട്. ഇതിലേക്ക് ജൈവവളങ്ങള്‍, ബയോകമ്പോസ്റ്റ്, വെര്‍മി കമ്പോസ്റ്റ്, ചാണകം എന്നിവയാണ് ചേര്‍ക്കേണ്ടത്. കര്‍ഷകന്റെ വീട്ടില്‍ തന്നെ കോഴിയും പശുവും ഉണ്ടെങ്കില്‍ ബയോകമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം. ഞങ്ങളുടെ പദ്ധതിയനുസരിച്ച് ഒരു ഗ്രാമത്തില്‍ ഒരു ഫാമെങ്കിലും ഉണ്ടാകണം. ഉദാഹരണത്തിന് ആയിരം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ഒരു നല്ല മാതൃകാ ഫാം ഉണ്ടെങ്കില്‍ അവിടെ നിന്ന് ചാണകവും ഗോമൂത്രവും ഉപയോഗിച്ച് അവര്‍ക്കുതന്നെ വളമുണ്ടാക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഒരു ഗ്രാമം കേന്ദ്രീകരിച്ച് പത്ത് ബയോകമ്പോസ്റ്റിന്റെ യൂണിറ്റുകളുണ്ടാക്കിയാല്‍ മതി. അല്ലാതെ ഓരോ വീട്ടിലും ഉണ്ടാക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല.
തുടര്‍ച്ചയായുള്ള രാസവള ഉപയോഗം മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിയിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ ജൈവരീതിയിലേക്ക് തിരിച്ചുപോകാന്‍ താമസമെടുക്കില്ലേ?
ജൈവകൃഷി എന്നത് രാസവളവും കീടനാശിനിയും ഉപേക്ഷിച്ച് യാതൊരു വളവുമിടാത്ത കൃഷിരീതി അല്ല. മണ്ണിന്റെ രീതിയും ഘടനയും വളാംശവും തിരിച്ചറിഞ്ഞ് അതിനനുസിച്ച് ജൈവ ഉത്പന്നങ്ങള്‍ ചേര്‍ക്കേണ്ട കൃഷിയാണ്. പലപ്പോഴും കര്‍ഷകര്‍ രാസവളക്കടയില്‍ പോയി വളം വാങ്ങിച്ച് അരക്കിലോ വെച്ച് ഇടുകയാണ്. മണ്ണിന് ഫോസ്ഫറസിന്റെ കുറവുണ്ടോ നൈട്രജന്റെ കുറവുണ്ടോ എന്നുപോലും തിരിച്ചറിയാതെയാണ് രാസവളം പ്രയോഗിക്കുന്നത്. അതുപോലെ, നെല്‍കൃഷിയില്‍ പണ്ടുമുതലേ പഠിപ്പിച്ച പാഠം പോലെ 20-30 ദിവസങ്ങള്‍ കൂടുമ്പോള്‍ രാസവളം വാരിവിതറും. 25 ദിവസം കൂടുമ്പോള്‍ കീടനാശിനികള്‍ അടിച്ചുകൊണ്ടിരിക്കും. ഇതുതന്നെയാണ് ഏലകൃഷിയിലും ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുവര്‍ഷം 12 തവണ വരെ ഏലത്തിന് കീടനാശിനി അടിക്കുന്നുണ്ട്. തേയികൃഷിയിലും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതില്‍നിന്നു മാറണം. ആവശ്യമാണെങ്കില്‍ മാത്രം ജൈവവളങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ചാല്‍ മതി.
ജൈവകൃഷി തുടങ്ങിയാല്‍ മൂന്നുവര്‍ഷം കൊണ്ടുമാത്രമേ പൂര്‍ണമായും ജൈവരീതിയാണ് എന്ന് സാക്ഷ്യപ്പെടുത്താന്‍ സാധിക്കുകയുള്ളു. ഞങ്ങള്‍ പിന്തുടരുന്നത് ഡൊമസ്റ്റിക് സര്‍ട്ടിഫിക്കേഷനാണ്. അതായത് ഇന്ത്യ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ള പി.ജി.എസ്. സര്‍ട്ടിഫിക്കേഷന്‍. സ്വദേശ വിപണിക്ക് പി.ജി.എസ് സര്‍ട്ടിഫിക്കേഷന്‍ മതി. അതിന് ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഗവണ്‍മെന്റ് ലോ തന്നെയുണ്ട്. മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെയാണ് റീജിയണല്‍ കൗണ്‍സില്‍ ആയിട്ട് തിരഞ്ഞെടുത്തിട്ടുള്ളത്. കര്‍ഷകര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അവരെ ജൈവരീതിയിലേക്ക് കൊണ്ടുവരികയെന്നതാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇടിഞ്ഞമലയില്‍ മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ മാതൃകാ ഫാം ഉണ്ട്. മണ്ണിടിച്ചിലും കാലവര്‍ഷക്കെടുതികളും ഉണ്ടായപ്പോള്‍ ഈ ഫാമിലെ വിളകള്‍ക്ക് യാതൊരു നാശവും സംഭവിച്ചില്ല. തൊട്ടടുത്ത സ്ഥലങ്ങളില്‍പ്പോലും മണ്ണിടിഞ്ഞപ്പോള്‍ ഞങ്ങളുടെ ഫാമില്‍ മണ്ണിടിഞ്ഞില്ല. മണ്ണിടിയാതിരിക്കാനായി കയര്‍ഭൂവസ്ത്രം മാത്രമാണ് ഞങ്ങളവിടെ ഉപയോഗിച്ചത്. ശാസ്ത്രീയമായ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷെ നമ്മള്‍ അതുപയോഗിക്കുന്നില്ല.
സുഗന്ധവ്യജ്ഞനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അത് ജൈവരീതിയിലേക്ക് കൊണ്ടുവരാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്?
നടീല്‍ വസ്തുക്കള്‍ വരെ ജൈവമായിരിക്കണം. നടീല്‍വസ്തുക്കള്‍ ജൈവമാണോ അത് നമ്മുടെ നാടിന് അനുയോജ്യമാണോ എന്നുപോലും നോക്കാതെ പോയി വാങ്ങാറുണ്ട് പലരും. അത് തെറ്റാണ്. ജൈവരീതിയില്‍ നമ്മുടെ മണ്ണില്‍ വളര്‍ന്നു വന്ന ചെടികള്‍ വാങ്ങി വച്ചാല്‍ അത് നന്നായി വളരും. വിളവിലും കുറവ് വരില്ല. രാസവളകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന തൈകളോ വിത്തുകളോ ജൈവകൃഷിക്ക് അനുയോജ്യമല്ല. കാരണം, രാസവളകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന തൈയുടെ ജീനുകളിലും വേരുകളിലും ഡി.എന്‍.എ യില്‍ വരെ രാസവളത്തിന്റെ അംശം ഉണ്ടാകും. അതുകൊണ്ട് സുഗന്ധവ്യജ്ഞന തൈകള്‍ ഉള്‍പ്പെടെ ജൈവരീതിയില്‍ ഞങ്ങളുടെ തന്നെ പോളിഹൗസിലാണ് ഉത്പാദിപ്പിക്കുന്നത്. സൊസൈറ്റിക്ക് അതിനായി ഒരു ഗവേഷണവിഭാഗം തന്നെയുണ്ട്. അവര്‍ ശാസ്ത്രീയമായി പരീക്ഷിച്ചശേഷം മാത്രമാണ് തൈകള്‍ പുറത്തേക്ക് കൊടുക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി ഞങ്ങള്‍ ഈ മേഖലയിലുണ്ട്. ഇതിനായി ഇടുക്കിയില്‍ ഒരു അക്കാദമി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ സുസ്ഥിര വികസനത്തിനുള്ള കോഴ്‌സ് പഠിപ്പിക്കുന്നുണ്ട്. അതിലൂടെ നഴ്‌സറി മാനേജ്‌മെന്റിലും റിസര്‍ച്ചിലും പ്രാവീണ്യം ലഭിക്കും.
ഉത്പാദിപ്പിക്കുന്ന തൈകളുടെ വിതരണ രീതി എങ്ങനെയാണ്?
ഓരോ മേഖലയ്ക്കും അനുയോജ്യമായ കൃഷിയാണ് പ്രോത്സാഹിപ്പിക്കുക. അതത് പഞ്ചായത്തുകളിലെ ഭൂപ്രകൃതിക്ക് അനുയോജ്യമായ തൈകളാണ് കൊടുക്കുക. ചില പഞ്ചായത്തുകളില്‍ ഏലകൃഷിക്ക് വളരെ അനുയോജ്യമാണ്. മൂന്നാര്‍ മേഖലകള്‍ പച്ചക്കറി കൃഷിക്കാണ് ഏറ്റവും അനുയോജ്യം. അവിടെ നല്ല വിളവുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തിയിട്ടുണ്ട്. അതുകൊണ്ടുള്ള ഗുണം ഓരോ മേഖലകളിലുണ്ടാകുന്ന പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാന്‍ എളുപ്പമായിരിക്കും. ഉത്പന്നശേഖരണം സുഗമമായിരിക്കും. വിതരണത്തിനായി രണ്ടുലക്ഷം തൈകളാണ് ഇപ്പോള്‍ ഉത്പാദിപ്പിച്ചിട്ടുള്ളത്. മൂന്നുവര്‍ഷം കൊണ്ട് അത് 10 ലക്ഷമാക്കും. തൈകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായാണ് കൊടുക്കുന്നത്. ശാസ്ത്രീയമായി ജൈവകൃഷി ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഞങ്ങളുടെ നഴ്‌സറിയിലുണ്ട്. അവിടെ ഉത്പാദിപ്പിക്കുന്ന തൈകള്‍ മാത്രമേ ഞങ്ങള്‍ കൊടുക്കുകയുള്ളു.
സ്വയംപര്യാപ്ത എന്ന ലക്ഷ്യമാണല്ലോ ഉള്ളത്. ഇതിനായി ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ടോ?
കര്‍ഷകരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തുകളിലും വില്ലേജുകളിലൂം സ്‌കൂളുകളിലും ഇതിന്റെ സന്ദേശങ്ങള്‍ കൊടുക്കുകയും ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെയാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകള്‍ക്ക് ഒരു അധികവരുമാനം ഇന്നാവശ്യമാണ്. കാര്‍ഷികമേഖലയിലുള്ള പല സ്ത്രീകള്‍ക്കും വേണ്ടത്ര വരുമാനം ഇല്ലാത്ത സാഹചര്യം ഉണ്ട്. അതിനുവേണ്ടി സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി, മഞ്ഞള്‍ ഇഞ്ചി തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ സൊസൈറ്റി നേരിട്ട് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യം.
ജൈവ ഉത്പന്നങ്ങള്‍ക്ക് വില വളരെ കൂടുതലാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഉത്പാദകനെ സംബന്ധിച്ച് എത്രത്തോളം ലാഭം പ്രതീക്ഷിക്കാം?
ഈ പദ്ധതിയിലൂടെ ആഭ്യന്തര വിപണി മാത്രമാണ് ലക്ഷ്യമാക്കുന്നത്. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. പച്ചക്കറി, അരി, ധാന്യങ്ങള്‍ എല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ഏറ്റവും കൂടുതല്‍ കീടനാശിനി തളിച്ച സാധനങ്ങളാണ് കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത്. കീടനാശിനികളുടെ അളവ് വളരെ കൂടുതലാണെന്ന് പരിശോധനകളില്‍നിന്നും വ്യക്തമായ കാര്യമാണ്. നമുക്ക് നമ്മുടെ നാട്ടില്‍ നിന്നും വിശ്വസിച്ച് വാങ്ങുവാന്‍ സാധിക്കുന്ന ഉത്പന്നങ്ങള്‍ എവിടെനിന്നാണ് കിട്ടുന്നതെന്ന് കണ്ടെത്താനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്. മൂന്നു വര്‍ഷത്തിനു ശേഷം നിങ്ങള്‍ വാങ്ങുന്ന ഉത്പന്നം ബാര്‍കോഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഏത് സ്ഥലത്തുനിന്നാണ് വന്നതെന്ന് മനസ്സിലാക്കാം. ടാഗിങ് സിസ്റ്റം വരാന്‍ പോകുകയാണ്. ഈ സിസ്റ്റം വന്നാല്‍ ഉപഭോക്താവിന് ഉത്പാദകരില്‍ വിശ്വാസമുണ്ടാകാനുള്ള സാഹചര്യം ഉടലെടുക്കും. വില കൂടുതലാണെങ്കിലും ഉത്പന്നം വാങ്ങുന്നതിന് ആളുകള്‍ കൂടുതല്‍ താത്പര്യം കാണിക്കും. ആഭ്യന്തര വിപണിയിലുള്ള ജൈവ ഉത്പന്നങ്ങള്‍ക്ക് വിദേശവിപണിയിലേക്കുള്ള സര്‍ട്ടിഫിക്കേഷന്റെ ചെലവില്ലാത്തതുകൊണ്ട് കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് വില്‍ക്കുവാന്‍ സാധിക്കും. സാധാരണക്കാര്‍ക്കും ന്യായമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതി വിഭാവന ചെയ്യുന്നത്.
ജൈവകൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കും?
രാസവള-കീടനാശിനി കമ്പനികളുടെ കുത്തക ഇപ്പോഴും ഇവിടെയുണ്ട്. രാസകീടനാശിനികളുടെ കേരളത്തിലെ വിറ്റുവരവ് ഏതാണ്ട് നൂറുകോടി രൂപയ്ക്ക് മുകളിലാണെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തില്‍ ശാസ്ത്രീയമായി ജൈവകൃഷി നടത്തുന്നതില്‍ ഞങ്ങളുടെ സംഘടനയും കര്‍ഷകരും വിജയിച്ചിട്ടുണ്ട്. ഒരുവര്‍ഷം 1000 ടണ്ണിനുമേല്‍ ഞങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. അത്രയും ഉത്പനങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നുമുണ്ട്. കയറ്റുമതിയുടെ ഗുണമേന്മയില്‍ ഏറ്റവും കാര്‍ക്കശ്യം പുലര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഞങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. അങ്ങനെ കയറ്റുമതി ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും കേരളത്തിലുണ്ട്. അവര്‍ക്ക് പ്രശ്‌നമില്ലാതെ അവര്‍ ജൈവകൃഷി വിജയിച്ചിട്ടുണ്ടെങ്കില്‍ കേരളത്തില്‍ ജൈവകൃഷി സാധിക്കും.
ഈ രീതിയില്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ട മാതൃകയാണ് സിക്കിം. അവരുടേത് ജൈവകൃഷിയാണ്. അവിടെ രാസവളങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയും സര്‍ക്കാരും ജൈവരീതിയിലുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കണം. മൃഗസംരക്ഷണത്തെ പ്രോത്സാഹിപ്പിക്കണം. കര്‍ഷകര്‍ക്ക് ശാസ്ത്രീയമായി ഫാം ഉണ്ടാക്കിക്കൊടുക്കണം. ഒരു വാര്‍ഡില്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന ആയിരം പേരുണ്ടെന്നിരിക്കട്ടെ ഇതില്‍ എല്ലാ വീടുകളിലും മൃഗങ്ങളെ വളര്‍ത്തുന്നതിനുള്ള സാഹചര്യം ഉണ്ടായെന്നുവരില്ല. സാഹചര്യം ഉള്ളവര്‍ക്ക് അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. അവര്‍ ബാക്കിയുള്ളവര്‍ക്ക് ചാണകവും ഗോമൂത്രവും കൊടുക്കട്ടെ. അതവര്‍ക്ക് അധികവരുമാന മാര്‍ഗ്ഗമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൈവവളവും ചാണകവും മറ്റും കിട്ടാനുള്ള സാഹചര്യം കുറവാണ്. ഇങ്ങനെവരുമ്പോള്‍ കര്‍ഷകര്‍ വിപണിയെ ആശ്രയിക്കും. അവിടെനിന്നു ലഭിക്കുന്നത് രാസവളമായിരിക്കും. പണ്ടുകാലങ്ങളില്‍ കേരളത്തില്‍ രാസവളങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടു കൂടിയാണ് വിദേശികള്‍ ഇവിടെനിന്ന് സുഗന്ധവിളകള്‍ കൊണ്ടുപോയിരുന്നത്, മുന്‍പ് കേരളത്തില്‍ എട്ടരലക്ഷം ഏക്കറോളം നെല്‍കൃഷിയുണ്ടായിരുന്നു. നമ്മുടെ എല്ലാ കൃഷികളും നശിച്ചുപോയതിന്റെ പ്രധാനകാരണം രാസവളങ്ങളിലേക്കും കീടനാശനികളിലേക്കും ഫാസ്റ്റ് ഫുഡിലേക്കും നമ്മള്‍ മാറിയതാണ്. ഇന്ന് നമുക്ക് വിശ്വസിച്ച് ഭക്ഷണം കഴിക്കാന്‍ പറ്റുന്ന എത്രകടകളുണ്ട്. എല്ലായിടത്തും ജൈവരീതി കൊണ്ടുവരട്ടെ അപ്പോള്‍ അസുഖങ്ങളും കുറയും കര്‍ഷകര്‍ക്ക് വരുമാനവും ലഭിക്കും.
പദ്ധതിക്ക് സര്‍ക്കാരിന്റെ സഹായങ്ങള്‍ ഉണ്ടോ?
സര്‍ക്കാരിലേക്ക് ഞങ്ങള്‍ ഈ പദ്ധതിയെ കുറിച്ച് അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, കൃഷിവകുപ്പ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പ് എന്നിവരെയെല്ലാം സമീപിച്ചിട്ടുണ്ട്. കൂടാതെ കാര്‍ഷിക യൂണിവേഴ്‌സിറ്റി, എന്‍.ജി.ഒ സംഘടനകള്‍ എന്നിവയെയും ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാവരെയും അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യം വരുന്നതിനുവേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നില്ല, പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടുപോകുകയാണ്.
റിബില്‍ഡ് കേരള 2021 ലൂടെ ജൈവകൃഷിയിലേക്ക് തിരിച്ചുപോക്കാണ് ലക്ഷ്യമിടുന്നത്. എന്തൊക്കെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്?
ഒന്ന് - ജൈവകൃഷിയിലേക്കുള്ള തിരിച്ചുപോക്കിന് മാതൃകകള്‍ ഉണ്ടാക്കുക, കര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, കര്‍ഷകര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ഉണ്ടാക്കുക. രണ്ട് - ജൈവ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയും അവയ്ക്ക് ഒരു ബ്രാന്‍ഡ് ഉണ്ടാക്കി സര്‍ട്ടിഫൈഡ് ആക്കി വിപണിയില്‍ എത്തിക്കുക. വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുന്നതിനായി കംപ്യൂട്ടര്‍ സാക്ഷരത ലഭ്യമാക്കുകയും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും അവരെ പ്രാപ്തരാക്കുക. അതിനായി ഒരോ പഞ്ചായത്തിലും കര്‍ഷകര്‍ക്കായി ഇ-സേവാ കേന്ദ്രള്‍ ആരംഭിക്കും. ഇതിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് കര്‍ഷകര്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും സാധിക്കും. ഇ-സേവാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തുകൊടുക്കും. കര്‍ഷകര്‍ക്ക് സേവനങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ അവരില്‍നിന്ന് ചെറിയ തുക ഫീസായി ഈടാക്കാവുന്നതാണ്. അതുമൂലം അവര്‍ക്ക് സ്വയംപര്യാപ്തരാകാം.
മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എര്‍ത്ത്ബില്‍ഡര്‍ ഇക്കോ ടൂറിസം എന്ന പദ്ധതിയും ഇതിലൂടെ ആവിഷ്‌കരിക്കുകയാണ്. കേരളത്തിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നത് നമ്മുടെ തനതായ ഭക്ഷണരീതികള്‍ ആസ്വദിക്കാനും മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കാനുമാണ്. കേരളത്തില്‍ ഓരോ സ്ഥലത്തും പരമ്പരാഗതമായ കലകളുണ്ട്, അവയെ അറിയുക, കര്‍ഷകരുടെ ജീവിതരീതിയെ അറിയുക, ജൈവകൃഷിത്തോട്ടങ്ങള്‍, ജൈവ സുഗന്ധവ്യജ്ഞന തോട്ടങ്ങള്‍ തുടങ്ങിയവ കാണാന്‍ അവസരം ഉണ്ടാക്കുക ഇത്തരത്തിലുള്ള ടൂറിസമാണ് എര്‍ത്ത്ബില്‍ഡ് ഇക്കോ ടൂറിസത്തിലൂടെ പ്ലാന്‍ ചെയ്യുന്നത്. മാസിന്റെ ഇടിഞ്ഞമലയിലെ സ്‌പൈസ് ഓര്‍ഗാനിക് എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാനും താമസിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുപോലെ, മണര്‍കാട് എക്‌സ്പീരിയന്‍സ് സെന്ററും സ്‌പൈസ് ഫാക്ടറിയും സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്. കുമരകത്തും മലബാറിലും ഉള്ള ഞങ്ങളുടെ ഫാമുകളും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കര്‍ഷകരുടെ വീടുകളില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഹോം സ്‌റ്റേകള്‍ തയാറാക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ അവര്‍ക്ക് അധികവരുമാനം ലഭ്യമാകുകയും ചെയ്യും.
ഇടുക്കിയെ ഒരു പൈലറ്റ് പ്രോജക്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. 2021 ല്‍ ഇടുക്കിയെ ജൈവ ജില്ലയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കേരളത്തിലെ മറ്റ് 13 ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഈ മാതൃക ആര്‍ക്കുവേണമെങ്കിലും പ്രാവര്‍ത്തികമാക്കാം. അതിനുവേണ്ട ഏല്ലാ പിന്തുണയും സഹായവും കൊടുക്കാന്‍ ഞങ്ങള്‍ തയാറാണ്.
English Summary: plantrich organic food habit
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments