പിള്ളാസ് ഫാമിന്റെ വിശേഷങ്ങൾ അറിയേണ്ടേ?
തട്ടീം മുട്ടീം' ലെ മോഹനവല്ലി യുടെ അതേ കള്ളച്ചിരിയോടെ കൃഷി ജാഗരണിന്റെ ക്യാമറ കണ്ണുകളിലേക്ക് നോക്കി മലയാളികളുടെ പ്രിയതാരം മഞ്ജു പിള്ള സംസാരിക്കവേ തൊട്ടടുത്തുനിന്ന് ഒരു ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നുണ്ടായിരുന്നു.
അതെ പറഞ്ഞുവരുന്നത് മഞ്ജുപിള്ള-സുജിത്ത് വാസുദേവ് താരദമ്പതികളുടെ സ്വപ്നസാഫല്യമായ പിള്ളാസ് ഫാം ഫ്രഷ് എന്ന നൂതന സംരംഭത്തെക്കുറിച്ച് ആണ്..
ആറ്റിങ്ങൽ അവനവഞ്ചേരിയിലെ കൈപ്പറ്റി മുക്കിൽ ഏഴര ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഈ താരദമ്പതികൾ പിള്ളാസ് ഫാം ഫ്രഷ് പടുത്തുയർത്തിയത്. സമീപത്തുള്ള പുഴയും, പ്രകൃതി അനുഗ്രഹിച്ച് അണിയിച്ചൊരുക്കിയ ചുറ്റുപാടും പിള്ളാസ് ഫാമിന്റെ ഭംഗി കൂട്ടുന്നു.
എങ്ങനെയാണ് ഈ സംരംഭത്തിലേക്ക് ചുവടുവച്ചത് എന്ന് മഞ്ജു പിള്ളയോട് ചോദിച്ചാൽ അവർ പറയും ' ഇത് ശരിക്കും ഞങ്ങളുടെ സ്വപ്നവും ആഗ്രഹവും ആയിരുന്നു. കോവിഡ് കാലത്തിനു മുൻപേ തുടങ്ങിവച്ചത് ആണ് ഇത്. എന്നാൽ പൂർണ്ണമായും ശ്രദ്ധയൂന്നിയത് കോവിഡ് സമയത്ത് ആണെന്ന് മാത്രം. മുറ ബ്രിഡിലുള്ള പോത്തുകൾ മാത്രം ആണ് കച്ചവടത്തിനായി ഒരുക്കുന്നത്.
ഫാമിന്റെ തുടക്ക സമയത്ത് അതായത് കോവിഡ് പ്രശ്നങ്ങൾ രൂക്ഷമായ സമയത്ത് പണിക്കാരെ കിട്ടാത്ത ഒരു അവസ്ഥ വന്നിരുന്നു. എന്നാൽ ഞങ്ങൾ രണ്ടുപേരും ഈയൊരു സംരംഭത്തിൽ നിന്ന് പിന്മാറാനോ മനസ്സു മടുത്ത് ഇരിക്കാനോ തയ്യാറായിരുന്നില്ല. പോത്തിനെ കുളിപ്പിക്കുന്നതും, തീറ്റ കൊടുക്കുന്നതും, തൊഴുത്ത് വൃത്തിയാക്കുന്നതും അടക്കം പല കാര്യങ്ങളും ഞങ്ങൾ ഒറ്റയ്ക്ക് തന്നെ ചെയ്തു. ഇതൊക്കെ ശരിക്കും ഞങ്ങൾക്ക് രണ്ടുപേർക്കും പുതിയൊരു അനുഭവവും പാഠവും ആയിരുന്നു. തുടക്ക സമയത്ത് ഞങ്ങൾ നേരിട്ട ഈ പ്രതിസന്ധി യഥാർത്ഥത്തിൽ ഞങ്ങളെ കുറച്ചുകൂടി ശക്തമാക്കുകയാണ് ചെയ്തത്.
ഇപ്പോഴും കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോത്തുകളെ ഇവിടേക്ക് എത്തിക്കുന്നതും ഇതിൻറെ വിപണനം സാധ്യമാകുന്നതും. കലാരംഗം വീണ്ടും സജീവമായത്തുകൊണ്ട് സമയം കിട്ടാത്ത ഒരു അവസ്ഥ വരുന്നുണ്ട്. എന്നാലും മറ്റു തിരക്കുകൾ മാറ്റിവെച്ച് ഇവിടേക്ക് എത്തുവാനും ഇവിടുത്തെ കാര്യങ്ങൾ നോക്കി നടത്തുവാനും പരമാവധി സമയം കണ്ടെത്താറുണ്ട്. ഞങ്ങൾ രണ്ടുപേരും മനസ്സിൽ ഉദ്ദേശിച്ച പോലെ തന്നെ ദൈവ കടാക്ഷത്താൽ പിള്ളാസ് ഫാം ഫ്രഷ് വിജയം തന്നെയാണ്.
അതുകൊണ്ടുതന്നെ ഭാവിയിലേക്ക് വേണ്ടി പലതും മനസ്സിൽ ഉണ്ട്. പോത്ത് മാത്രമല്ല കോഴിവളർത്തലും അല്പം കൃഷിയുമെല്ലാം ഇവിടെയുണ്ട്. കൃഷി ശരിക്കും ഒരു പുതിയ പാഠം അല്ല എനിക്ക്. എറണാകുളത്തെ ഫ്ലാറ്റിന്റെ മുകളിൽ ചെറിയ രീതിയിൽ കൃഷി ചെയ്തിരുന്നു. കൃഷി ചെയ്യുമ്പോഴും, മണ്ണിൽ പണിയെടുക്കുമ്പോഴും, മിണ്ടാപ്രാണികളോട് ചങ്ങാത്തം കൂടുന്നതുമെല്ലാം നമ്മുടെ മനസ്സിനെ കൂടുതൽ കൂടുതൽ സന്തോഷഭരിതം ആക്കുകയാണ് ചെയ്യുന്നത്.
മണ്ണിൻറെ ഗന്ധം ശ്വസിച്ച്, മണ്ണിനെയും കന്നുകാലികളെയും പരിപാലിച്ച് ജീവിക്കുന്ന ജീവിതങ്ങളെ ഞാൻ ഒത്തിരി ബഹുമാനത്തോടെയാണ് കാണുന്നത്. ആ ജീവിതങ്ങൾ തന്നെയാണ് മറ്റു ആഡംബര ജീവിതത്തേക്കാൾ മഹത്തരവും'.
ഇനിയും ഉണ്ട് മഞ്ജു പിള്ളയുടെയും പിള്ളാസ് ഫാമിന്റെയും വിശേഷങ്ങൾ. ഇനിയുള്ള വിശേഷങ്ങൾ പങ്കുവെക്കുവാൻ മഞ്ജുപിള്ള നേരിട്ട് എത്തുന്നു നിങ്ങളുടെ കൃഷി ജാഗരൺ വരുന്ന തിങ്കളാഴ്ച വനിത ദിനത്തിൽ കൃത്യം 11 മണിക്ക്.
English Summary: popular actress manju pillai on krishijagran and sharing their experience in their murra farm business
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments