പ്രീതയ്ക്ക് പ്രിയം 'നന്മയും' 'മേന്മയും'

റബ്ബറിന്റെ വില മൂക്കു കുത്തി വീണ് നിലംപരിശാകുമെന്ന് ശശാങ്കന് ഉള്‍വിളിയുണ്ടായപ്പോള്‍ ഭാര്യ പ്രീതയുമായി ഒരു സമവായത്തിലെത്തി. തങ്ങളുടെ പുരയിടത്തിന് ചുറ്റുമുളള ഒന്നര ഏക്കര്‍ റബ്ബറും അതുപോലെ വെഞ്ഞാറമൂട്ടിലെ രണ്ട് ഏക്കര്‍ റബ്ബറും സധൈര്യം വെട്ടി മാറ്റാം. പകരം മറ്റൊരു കൃഷിയിലേക്ക് ചേക്കേറാം. അധികം താമസിച്ചില്ല; രണ്ടിടത്തും മണ്ണുമാന്തി ജെ.സി.ബി എത്തി. റബ്ബര്‍ മരങ്ങള്‍ ഒന്നൊന്നായി മുറിച്ചു തളളി. നിറയെ വാഴക്കന്നുകളും ഇടവിളയായി ചേനയും നട്ടു.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് കൃഷിയില്‍ ബിരുദാനന്തര ബിരുദം നേടിയ ശശാങ്കനും, കൃഷിയില്‍ അതീവ തല്‍പരയായ പ്രീതയും വാസ്തവത്തില്‍ വാഴകൃഷിയില്‍ ഒരു ഭാഗ്യ പരീക്ഷണം നടത്തുകയായിരുന്നു. സാധാരണ ഒരു കുലയില്‍ നിന്ന് പരമാവധി 10 കിലോ മാത്രം കായ്കള്‍ തന്നിരുന്ന ഏത്തനെ വിട്ട് ഇവര്‍ ഇത്തവണ കളം മാറ്റി ചവിട്ടി. പകരം ക്വിന്റല്‍ ഏത്തന്‍ നട്ടു. ശാസ്ത്രീയ ജൈവരീതിയിലായിരുന്നു കൃഷി. വാഴകള്‍ തളിര്‍ത്ത് ഇല വീശി വളരാന്‍ തുടങ്ങിയപ്പോഴേക്കും ശശാങ്കനും പ്രീതയും ഒന്നു പകച്ചു. കാരണം കുടിവെളളം കുറച്ചൊന്നും പോരാ; ക്വിന്റല്‍ ഏത്തന് നനയ്ക്കാന്‍ ധാരാളം വെളളം കൂടിയേ തീരൂ. ആലോചിച്ചിരിക്കാന്‍ സമയമില്ലല്ലോ. ഉണ്ടായിരുന്ന കിണര്‍ ഒന്നു കൂടി വൃത്തിയാക്കി മുട്ടില്ലാത്ത നന ഉറപ്പാക്കി. എങ്കിലും കഴിഞ്ഞ കൊടിയ വേനല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. പ്രശ്‌നം എത്ര രൂക്ഷമായാലും ഒരടി പോലും പിന്നോട്ടില്ല എന്ന് ഇവര്‍ പ്രതിജ്ഞയെടുത്തു. ടാങ്കര്‍ ലോറിയില്‍ വെളളമെത്തിച്ച് നിര്‍ബാധം നന തുടര്‍ന്നു. വാഴകളൊക്കെ വേണ്ടത്ര വെളളവും വളവും കിട്ടി തഴച്ചു വളര്‍ന്നു. കാണാന്‍ തന്നെ ഇമ്പം. പെട്ടെന്നാണ് വെളളിടിപോലെ അടുത്ത പ്രശ്‌നം തലപൊക്കിയത്. ഏതാണ്ട 4-5 മാസം പ്രായമായി കുലകള്‍ പുറത്തു ചാടാന്‍ വെമ്പുന്ന സമയത്ത് വാഴയില്‍ നിന്ന് കൊഴുത്ത ഒരു തരം ദ്രാവകം ഒലിച്ചിറങ്ങുന്നു. എന്നും വാഴക്കര്‍ഷകരുടെ ഉറക്കം കെടുത്തുന്ന തടപ്പുഴു എന്ന ഉപദ്രവകാരി തങ്ങളുടെ തോട്ടത്തിലും കൂട്ടത്തോടെ എത്തി എന്ന തിരിച്ചറിവ് ശശാങ്കനെയും പ്രീതയെയും ആശങ്കയിലാഴ്ത്തി. കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനത്തിലെ ഫാം സൂപ്രണ്ട് കൂടെയായ ശശാങ്കന് പിന്നീട് മറ്റൊന്നും തന്നെ ചിന്തിക്കേണ്ടി വന്നില്ല. തന്റെ ഗവേഷണസ്ഥാപനത്തില്‍ നിന്ന് വൃഥാ പുറന്തളളുന്ന മരച്ചീനി ഇലകളില്‍ നിന്ന് യന്ത്രസാമഗ്രികളുടെ സഹായത്താല്‍ വേര്‍തിരിച്ചെടുത്ത ജൈവകണങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ 'മേന്മ' എന്ന ജൈവ കീടനാശിനി ഉടന്‍ തന്നെ വാങ്ങി. കീടബാധ കണ്ട വാഴകളില്‍ എല്ലാം തെരുതെരാ കുത്തിവച്ചു. ഇതിന് സി.ടി.സി.ആര്‍.ഐ തന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിച്ച സിറിഞ്ച് സഹായകമായി.
'മേന്മ ഒരു മാന്ത്രികമരുന്നാണ്. എത്ര വേഗത്തിലാണ് വാഴയില്‍ കീടങ്ങള്‍ക്ക് എതിരെ അത് പ്രവര്‍ത്തിച്ചത് എന്ന് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്ന. കുത്തി വച്ച അടുത്ത ദിവസം തന്നെ നീരൊലിപ്പ് പൂര്‍ണമായും മാറി', പ്രീതയുടെ വാഴകളില്‍ സന്തോഷം.
കീടബാധയൊഴിഞ്ഞ വാഴകള്‍ വീണ്ടും തഴച്ചു വളരാന്‍ തുടങ്ങി. പെട്ടെന്ന് അപ്രതീക്ഷിതമായി മറ്റൊരു ഭീതി; അതും ഒരു കീടം തന്നെ. തെങ്ങിനെ ആക്രമിക്കുന്ന കൊമ്പന്‍ ചെല്ലിയായിരുന്നു ഇത്തവണ വില്ലന്‍ ! വൈരാഗ്യം തീര്‍ക്കാന്‍ എന്നതു പോലെ വാഴയുടെ ഇലത്തഴപ്പില്‍ അസൂയ പൂണ്ട ചെല്ലികള്‍ വാഴത്തട പടല കടിച്ചു മാന്തി നശിപ്പിച്ചു. പ്രീത മറ്റൊന്നും തന്നെ ആലോചിക്കാതെ മേന്മ ഒരു കീറിയ കോട്ടണ്‍ ബനിയനില്‍ മുക്കി വണ്ടുകള്‍ ഉണ്ടാക്കിയ ദ്വാരത്തില്‍ തിരുകി കയറ്റി ചെളി വാരി അടച്ചു. രണ്ടു ദിവസം കഴിഞ്ഞ് ചെളി മാറ്റിയപ്പോള്‍ വില്ലന്‍മാര്‍ ചത്തു മലച്ച് താഴെ വീണു.
ഇന്നിപ്പോള്‍ പ്രീത, ഗീത, പ്രൊഫ. പെണ്ണമ്മ തുടങ്ങിയവരുടെ ഒരു വനിതാ കൂട്ടായ്മ ഇവിടെ വളരെ സജീവമാണ്. കൃഷി തുടങ്ങി വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍ ഇവിടെ എല്ലാ മാസവും ഇവര്‍ ചര്‍ച്ചചെയ്യുന്നു. പ്രീത തന്റെ വാഴക്കൃഷിയിലെ വിജയഗാഥ ഇവരുമായി പങ്കു വച്ചപ്പോള്‍ എല്ലാവര്‍ക്കും ഒരു ദിവസം സി.ടി.സി.ആര്‍.ഐ യില്‍ സന്ദര്‍ശനം നടത്താന്‍ ആഗ്രഹം. അങ്ങനെ അവര്‍ ജൈവകീടനാശിനികളെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. ഒപ്പം രാസകീടനാശിനികളുടെ ദൂഷ്യവശങ്ങളെ കുറിച്ചും പഠിച്ചു. നന്മ എന്ന ജൈവ കീടനാശിനിക്ക് ഇലപ്പേന്‍, മുഞ്ഞ തുടങ്ങിയ നീരൂറ്റി കീടങ്ങളെയും മറ്റും അകറ്റുവാന്‍ കഴിയുമെന്ന് മനസ്സിലാക്കി. അതു പോലെ തന്നെ 'ശ്രേയ' എന്ന കീടനാശിനിയുടെ മീലിമൂട്ടയെ നശിപ്പിക്കാനുളള കഴിവും ഉള്‍ക്കൊണ്ടു. പ്രീതയുടെ അലങ്കാര ചെടിയായ ഫൈക്കസ്, ഇലപ്പേന്‍ കാരണം ആകെ വികൃതമായിരുന്നു. എന്നാല്‍ 'നന്മ' അവിടെയും രക്ഷകനായി മാറി.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി വീര്യം കൂടിയ ചുവപ്പ്, മഞ്ഞ തുടങ്ങിയ രാസകീടനാശിനികള്‍ പാടേ നിരോധിച്ചപ്പോള്‍, മറ്റൊരു പകരക്കാരന്‍ ഇല്ലാതെ പകച്ചു നിന്ന ശശാങ്കനെയും പ്രീതയെയും പോലുളള ലക്ഷോപലക്ഷം കൃഷിസ്‌നേഹികളും കര്‍ഷകരും എന്നും 'നന്മ'യെയും 'ശ്രേയ'യെയും നിറഞ്ഞ മനസ്സോടെ ഓര്‍ക്കുന്നു. സ്‌നേഹിക്കുന്നു.
ഡോ. ഇ ആര്‍ ഹരീഷ് , കേന്ദ്ര കിഴങ്ങുവിള ഗവേഷണസ്ഥാപനം, തിരുവന്തപുരം
English Summary: prethakk coverstory nanma and menma kerala's organic pesticide
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments