ക്വാറൻ്റൈൻ സ്പെഷ്യൽ - കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം
(സ്റ്റേറ്റ് ആയുർവേദ കോവിഡ്-19 റെസ്പോൺസ് സെൽ(SACRC)കേരളം പ്രസിദ്ധീകരിക്കുന്നത്* )
ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന #വിഭവങ്ങൾ.
മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, കായം, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, ചെറുനാരങ്ങ, ചെറുപയർ എന്നിവ ഭക്ഷണ നിർമ്മാണത്തിൽ കൂടുതലായി ഉപയോഗിക്കാം.
കുടിക്കുവാനുള്ള വെള്ളം
ചുക്ക്, മല്ലി, തുളസി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.ലഭ്യത പോലെ രാമച്ചവും ചേർക്കാം.
തുളസി കാപ്പി
2 നുള്ള് ചുക്ക് പൊടി, 4 കുരുമുളക്, 6 തുളസിയില, 5 പനിക്കൂർക്കയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കാപ്പിപ്പൊടി ചേർത്ത് കാപ്പി ഉണ്ടാക്കുക. പഞ്ചസാരയ്ക്ക് പകരം പനംകൽക്കണ്ടമോ, കരിപ്പെട്ടിശർക്കരയോ ചേർക്കുക...
ദിവസവും 1-2 പ്രാവശ്യം തുളസി കാപ്പി കുടിക്കാവുന്നതാണ്...
സ്പെഷ്യൽ സംഭാരം
ചുക്ക്, കുരുമുളക്, അയമോദകം, മല്ലി, കറിവേപ്പില എന്നിവ തുല്യമായി എടുത്ത് അല്പം മഞ്ഞൾപൊടി ചേർത്ത് മോര് കാച്ചി ഒരു നേരം കുടിക്കുക. ഇത് തന്നെ നേർപ്പിച്ച് സംഭാരം ആയി ദാഹത്തിനു കുടിക്കാം.
ഇഞ്ചി, കറിവേപ്പില, 1ചെറുനാരങ്ങ, 1നെല്ലിക്ക ചേർത്ത് ഉണ്ടാക്കുന്ന സംഭാരം ദാഹത്തിന്ന് കുടിക്കുവാൻ നല്ലതാണ്.
(പ്രത്യേക ശ്രദ്ധയ്ക്ക് -
തൈര് അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് / കടഞ്ഞ് വെണ്ണ നല്ലപോലെ മാറ്റിയ മോരാണ് ഉപയോഗിക്കേണ്ടത്)
നാരങ്ങവെള്ളം
നാരങ്ങവെള്ളത്തിൽ ഇഞ്ചി നീര് കൂടി ചേർത്ത് ഇടക്ക് പാനീയമായി ഉപയോഗിക്കാം.
ഔഷധക്കഞ്ഞി
ജീരകം, ഉലുവ, മഞ്ഞൾ, വെളുത്തുള്ളി, കായം, ചെറുപയർ (പ്രത്യേക അളവില്ല. ആവശ്യത്തിന് ) ഇവ ചേർത്ത് സാധാരണ ഉപയോഗിക്കുന്ന അരി ഉപയോഗിച്ചോ പൊടിയരി ഉപയോഗിച്ചോ കഞ്ഞി പാകം ചെയ്യുക. പ്രമേഹം ഉള്ളവർ അരിക്ക് പകരം നുറുക്ക് ഗോതമ്പ് അല്ലെങ്കിൽ യവം ചേർക്കുക.
ഇഞ്ചി മാങ്ങ /ഇഞ്ചിശർക്കര
ഇഞ്ചിയും മാങ്ങയും ചെറുതായി കൊത്തിയരിഞ്ഞു (മാങ്ങാ അച്ചാറിന് എന്ന പോലെ )ചേർത്ത് വയ്ക്കുക. ഇടക്ക് വെറുതെ കഴിക്കാനും ഊണിനു ഒപ്പം കഴിക്കുകയും ചെയ്യാം.
മാങ്ങയ്ക്ക് പകരം ശർക്കരയും ചേർക്കാം.
ചമ്മന്തി
ഇഞ്ചി, ചുവന്നുള്ളി, തക്കാളി, നെല്ലിക്ക, കറിവേപ്പില, നാളികേരം ഇവയെല്ലാം ഒരുമിച്ചു ചേർത്തോ രണ്ടോ മൂന്നോ ചേർത്തോ ചമ്മന്തി ഉണ്ടാക്കാം. ചുവന്നുള്ളി, ഇഞ്ചി ചേർത്ത് അല്ലെങ്കിൽ തക്കാളി, കറിവേപ്പില, ചുവന്നുള്ളി ചേർത്ത്. എന്നിങ്ങനെ.
ഇഞ്ചിയ്ക്ക് പകരം മാങ്ങയിഞ്ചി ചേർത്തും ചമ്മന്തി തയ്യാറാക്കാം.
ചുവന്നുള്ളി വറുത്തത്
ചുവന്നുള്ളി അല്പം നെയ്യ് ചേർത്ത് മൂപ്പിച്ചു ഇടയ്ക്ക് കഴിക്കുക. ചോറിനൊപ്പം ചേർത്ത് കഴിക്കാനും ഉപയോഗിക്കാം.
ഉള്ളി സാമ്പാർ
ചെറിയ ഉള്ളി, മുരിങ്ങക്കായ, മല്ലി, ഉലുവ, കറിവേപ്പില, മല്ലി, മഞ്ഞൾ പൊടി, കായം, കടുക്, വറ്റൽ മുളക് ചേർത്ത് സാമ്പാർ വയ്ക്കുക.
രസം
തക്കാളി, തുവരപ്പരിപ്പ്, ജീരകം, ചുക്ക് പൊടി, കുരുമുളക്, വറ്റൽ മുളക്, മുളക് പൊടി, മല്ലിപൊടി , മല്ലിയില, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് രസം തയ്യാറാക്കുക.
അല്പം കറിവേപ്പില മഞ്ഞളും പനംകൽക്കണ്ടവും ചേർത്തരച്ചു വെച്ച് ഒരു ചെറിയ ഉരുള വീതം ദിവസവും കഴിക്കുക.
നെല്ലിയ്ക്ക ഉപ്പിലിട്ടത് ഇടയ്ക്ക് കഴിക്കുക.
ചെറുപയർ സൂപ്പ്
അല്പം ചെറുപയർ എടുത്ത് കുറച്ച് ഉപ്പ് /ഇന്തുപ്പ് ചേർത്ത് നല്ലവണ്ണം കുക്കറിൽ വേവിച്ചെടുക്കുക. അതിൽ കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അല്പം ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ നെയ്യിൽ മൂപ്പിച്ചു ചേർക്കുക. അല്പം ചൂടോടെ സൂപ്പായി കുടിക്കാം.
ഉള്ളി മൂപ്പിക്കുന്നതിന് മുമ്പ് 2 പിടി മലർ കൂടി ചേർത്താൽ മലർക്കഞ്ഞിയായി ഉപയോഗിക്കാം.
സ്റ്റേറ്റ് ആയുർവേദ കോവിഡ്-19 റെസ്പോൺസ് സെൽ(SACRC)കേരളം പ്രസിദ്ധീകരിക്കുന്നത്
കരുതലോടെ കേരളം
കരുത്തേകാൻ ആയുർവേദം
English Summary: quarantine special - Ayurveda diet during covid
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments