Features
രാഷ്ട്രീയ കൃഷി വികാസ് യോജന ( RKVY)-പദ്ധതിയുടെ ഭാവി ?

രാഷ്ട്രീയ കൃഷി വികാസ് യോജന ( RKVY)
കാര്‍ഷിക മേഖലയില്‍ വികാസം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് രാഷ്ട്രീയ കൃഷി വികാസ് യോജന. 2007 മെയ് 29ന് ചേര്‍ന്ന ദേശീയ വികസന കൗണ്‍സിലാണ്(National Dvelopment Council) ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തത്. കൃഷി പരിപോഷണത്തിന് പൂര്‍ണ്ണമായും കേന്ദ്രാവിഷ്‌കൃതവും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതുമായ അധിക കേന്ദ്ര സഹായ പദ്ധതി എന്നിതിനെ വിളിക്കാം. Special Additional Central Assistance Scheme ( ASCAS) എന്നാണ് സമിതി ഇതിന് പേരിട്ടത്.

പദ്ധതിക്ക് നിദാനം
പതിനൊന്നാം പദ്ധതിയില്‍ കാര്‍ഷിക മേഖലയില്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ച നിരക്ക് ലക്ഷ്യമിട്ടായിരുന്നു പദ്ധതി വിഭാവന ചെയ്തത്. 1991 ല്‍ ഇന്ത്യ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് (GDP) 6 ശതമാനത്തില്‍ താഴെയായിരുന്നു.എന്നാല്‍ പരിഷ്‌ക്കാരങ്ങളെ തുടര്‍ന്ന് ഇത് 8 ശതമാനം വളര്‍ച്ച കൈവരിച്ചു. പതിനൊന്നാം പദ്ധതി ലക്ഷ്യം 9 ശതമാനമായിരുന്നു. GDPയില്‍ 30 ശതമാനം നല്‍കുന്ന കാര്‍ഷിക മേഖല സാമ്പത്തിക പരിഷ്‌ക്കാരത്തിനൊപ്പം വളര്‍ച്ച നേടിയിരുന്നില്ല എന്നത് സാമ്പത്തിക വിദഗ്ധരെ കുഴക്കി. വളര്‍ച്ചയുണ്ടായില്ല എന്നു മാത്രമല്ല, കുറയുകയും ചെയ്തു. കൃഷി കുറഞ്ഞില്ല, പക്ഷെ ഉത്പ്പാദനം കുറഞ്ഞു. 1980 മുതല്‍ ഓരോ വര്‍ഷവും കാര്‍ഷിക മേഖല 3 ശതമാനം വീതം വളര്‍ച്ച കൈവരിച്ചിരുന്നു.1996-2001 കാലത്ത് പ്രതീക്ഷിച്ച 4 ശതമാനം വളര്‍ച്ചയ്ക്ക പകരം അത് മൂന്ന് ശതമാനത്തിലും താഴേക്കാണ് കൂപ്പുകുത്തിയത്.

മാറ്റം അനിവാര്യം
ഭാരതത്തിലെ മൊത്തം തൊഴിലാളികളില്‍ 50 ശതമാനവും പണിയെടുക്കുന്ന കാര്‍ഷിക മേഖലയുടെ തളര്‍ച്ച ധനസ്ഥിതിയെ മോശമായി ബാധിക്കും എന്ന് സര്‍ക്കാര്‍ മനസിലാക്കി. കാര്‍ഷിക മേഖലയുടെ തളര്‍ച്ചയ്ക്ക് പ്രധാന കാരണം സംസ്ഥാനങ്ങള്‍ കൃഷി മേഖലയില്‍ നിക്ഷേപം കുറച്ചതാണ് എന്ന് വികസന സമിതി മനസിലാക്കി. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പൊതു-സ്വകാര്യ നിക്ഷേപം പലമടങ്ങ് വര്‍ദ്ധിക്കുമ്പോള്‍ കൃഷി മേഖല നേരിടുന്ന അവഗണന ചെറുകിട-ഇടത്തരം കര്‍ഷകരെ വന്‍തോതില്‍ ബാധിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ NDC പദ്ധതിയിട്ടത്.

സംവിധാനം
കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക-സഹകരണ വകുപ്പിന് കീഴില്‍ ( Department of Agriculture&Cooperation) RKVY യ്ക്കായി ഒരു അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി,ഡയറക്ടര്‍,അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തി സംവിധാനമുണ്ടാക്കി.

പദ്ധതി നേട്ടം
പതിനൊന്നാം പദ്ധതിയില്‍ 22,408.76 കോടി ഇതിനായി നീക്കി വച്ചു. 5768 പദ്ധതികളാണ് ഈ തുക ഉപയോഗിച്ച് നടപ്പിലാക്കിയത്. വിള വികസനം,ഹോര്‍ട്ടികള്‍ച്ചര്‍,കാര്‍ഷിക യന്ത്രവത്ക്കരണം,പ്രകൃതി വിഭവ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ്, മൃഗസംരക്ഷണം,മത്സ്യകൃഷി,ക്ഷീര വികസനം, എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് തുക ചിലവിട്ടത്. പത്താം പദ്ധതിയില്‍ 2.46 ശതമാനമായിരുന്ന കാര്‍ഷിക വികസനം പതിനൊന്നാം പദ്ധതിയില്‍ 3.64 ശതമാനമായി വര്‍ദ്ധിച്ചു. ഇതില്‍ നിന്നും ഉത്തേജനം കൈക്കൊണ്ട് പന്ത്രണ്ടാം പദ്ധതിയില്‍ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവിച്ചത്.
സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഗൈഡ്‌ലൈന്‍സ്
- കാര്‍ഷിക മേഖലയില്‍ ഉയര്‍ന്ന സര്‍ക്കാര്‍ നിക്ഷേപം
- പദ്ധതി ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ സ്വാതന്ത്ര്യം
- അഗ്രോ ക്ലൈമാറ്റിക് കണ്ടീഷന്‍,സാങ്കേതിക വിദ്യയുടെ ലഭ്യത, പ്രകൃതി വിഭവ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി സംസ്ഥാന-ജില്ല തലത്തില്‍ പദ്ധതി ആവിഷ്‌ക്കരിക്കാനുള്ള സൗകര്യം
- പ്രാദേശിക ആവശ്യങ്ങള്‍ക്കും പ്രാദേശിക വിളകള്‍ക്കും മുന്‍ഗണന
- ലക്ഷ്യബോധത്തോടെയുള്ള ഇടപെടലിലൂടെ നിര്‍ണ്ണായക വിളകളുടെ ഉത്പ്പാദനത്തിലെ കുറവ് പരിഹരിക്കല്‍
- കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കല്‍
- കൃഷിയെ മൊത്തമായി കണ്ട് ഉത്പ്പാദനവും ഉത്പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കല്‍

ഗ്രാന്റ് അനുവദിക്കുന്ന രീതി
തികച്ചും സംസ്ഥാന പദ്ധതിയായി നടപ്പിലാക്കിയ RSVY ല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള വിളകള്‍, മൃഗസംരക്ഷണം,മത്സ്യം വളര്‍ത്തല്‍,ക്ഷീരവികസനം,കൃഷി ഗവേഷണം,കൃഷി വിദ്യാഭ്യാസം, വനവത്ക്കരണം, വന്യജീവികള്‍,തോട്ടവിള,കാര്‍ഷികോത്പ്പന്ന മാര്‍ക്കറ്റിംഗ്,ഭക്ഷ്യ സ്‌റ്റോറേജ്,വെയര്‍ ഹൗസിംഗ്,മണ്ണ് -ജല സംരക്ഷണം,അഗ്രികള്‍ച്ചര്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിട്യൂഷന്‍സ(Agricultural Financial Institutions)്, സഹകരണം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയിരുന്നു. കുഴല്‍ കിണറുകള്‍,തുള്ളിനന(Drip Irrigation),സ്പ്രിങ്ക്‌ളര്‍ നന(Sprinkler Irrigation),കിണര്‍ നിര്‍മ്മാണം,മറ്റ് ജലസേചന പദ്ധതികള്‍ എന്നിങ്ങനെ കൃഷി വകുപ്പ് ബജറ്റു ചെയ്യുന്ന പദ്ധതികള്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പദ്ധതികള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന പദ്ധതിയില്‍ കൃഷിക്ക് അടിസ്ഥാനപരമായ തുക നീക്കി വച്ചിരിക്കണം , ജില്ലാതലത്തിലും (District Agricultural Plan) സംസ്ഥാന തലത്തിലും ( State Agricultural Plan) കാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടാവണം എന്ന് രണ്ട് ലളിതമായ നിബന്ധനകളെ കേന്ദ്രം മുന്നോട്ട് വച്ചിരുന്നുള്ളു.

പദ്ധതി ഘടകങ്ങള്‍
100 ശതമാനം ഗ്രാന്റായാണ് തുക അനുവദിച്ചിരുന്നത്. ഉത്പ്പാദന വര്‍ദ്ധനവിന് 35 ശതമാനം, അടിസ്ഥാന സൗകര്യ വികസനവും മൂലധനവും 35 ശതമാനം, പ്രത്യേക പദ്ധതികള്‍ക്ക് 20 ശതമാനം, ഫ്‌ളക്‌സി ഫണ്ട് 10 ശതമാനം എന്ന നിലയിലായിരുന്നു അലോട്ടമെന്റ് . അനുവദിച്ച പദ്ധതി അതത് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത വര്‍ഷം തുക അനുവദിക്കുന്നതിന് മുന്‍പ് ആ പദ്ധതി സംസ്ഥാന ഫണ്ടില്‍ പൂര്‍ത്തീകരിക്കണം എന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നു. 50 ശതമാനം വീതം രണ്ട് ഇന്‍സ്റ്റാള്‍മെന്റായിട്ടാണ് തുക ലഭ്യമാക്കിയിരുന്നത്.

ഉത്പ്പാദന വര്‍ദ്ധനവിനുളള പദ്ധതികള്‍
സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യവിളകള്‍ വര്‍ദ്ധിപ്പിക്കാനായി വിത്തും വളവും നല്‍കാം, മണ്ണിന്റെ ആരോഗ്യ വര്‍ദ്ധിപ്പിക്കാനും സസ്യങ്ങളുടെ ആരോഗ്യ പരിപാലനത്തിനും പദ്ധതികള്‍, സംയോജിത കീടനിയന്ത്രണം,വിത്ത് ഉത്പ്പാദനവും വിതരണവും,മൃഗ സംരക്ഷണം,ക്ഷീരവികസനം,മത്സ്യകൃഷി വികസനം, പരിശീലനവും സ്‌കില്‍ വികസനവും, ഉത്പ്പാദന വര്‍ദ്ധനവിന് ഉതകുന്ന ഗവേഷണ പദ്ധതികള്‍, വിവര വിജ്ഞാന വ്യാപനം എന്നിവയ്ക്ക മുന്‍ഗണന ലഭിച്ചിരുന്നു

അടിസ്ഥാന സൗകര്യവും മൂലധനവും
ലാബുകളും ടെസ്റ്റിംഗ് സൗകര്യവും, കോള്‍ഡ് സ്‌റ്റോറേജ്, മൊബൈല്‍ വാനുകല്‍,കാര്‍ഷികോത്പ്പന്ന മാര്‍ക്കറ്റിംഗ് എന്നിവയായിരുന്നു ഇതില്‍ ലക്ഷ്യമായിരുന്നത്.സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളില്‍ ആകെ ചിലവിന്റെ 25 ശതമാനം മാത്രമെ സബ്‌സിഡി പാടുള്ളു എന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നു. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് ( Rural Infrastructure Development Fund-RIDF), Viability Gap Funding(VGF) എന്നിവയെ സപ്ലിമെന്റ് ചെയ്യാനും ഈ തുക ഉപയോഗിക്കാമായിരുന്നു.

പദ്ധതി അനുവദിക്കുന്ന രീതി
RKVY പ്രോജക്ടുകള്‍ നിശ്ചയിക്കാന്‍ അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഉള്ള സമിതിയാണ് State Level Project Screening Committe (SLPSC) .പദ്ധതികളുടെ സാധ്യത വിലയിരുത്തുക, ഡ്യൂപ്ലിക്കേഷന്‍ വരുന്നുണ്ടോ എന്ന് പരിശോധിക്കുക, ഗവേഷണ പദ്ധതിയാണെങ്കില്‍ Indian Council of Agriculture Research (ICAR) അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുക, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കാവുന്ന പദ്ധതിയാണെങ്കില്‍ അവരെ ഭാഗഭാക്കാക്കി എന്നുറപ്പാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ സമിതിക്കുണ്ട്. ഇങ്ങിനെ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയ പദ്ധതികല്‍ State Level sanctioning Committe (SLSC) മുന്‍പാകെ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശക്കായി സമര്‍പ്പിക്കാം. ചീഫ് സെക്രട്ടറി നേതൃത്വം കൊടുക്കുന്ന ഈ സമിതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയും ഉണ്ടാകും. ഈ സമിതി മൂന്ന് മാസത്തിലൊരിക്കല്‍ കൂടി പദ്ധതി അവലോകനവും നടത്തണം.

തുക അനുവദിക്കല്‍
സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതികള്‍ക്ക് ആദ്യം 50 ശതമാനം തുക നല്‍കും. ബാക്കി തുക ലഭിക്കാന്‍ ലഭ്യമായ തുകയുടെ 60 ശതമാനം വനിയോഗിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ടും ലഭിക്കണം. ത്രൈമാസ റിപ്പോര്‍ട്ടിംഗും മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ കൃത്യമായ അപ്‌ഡേഷനും അനിവാര്യമാണ്. കണ്‍സള്‍ട്ടിംഗ് ഫീസ് ,ഓഫീസ് ചിലവ് എന്നിവയ്ക്കായി മൊത്തം തുകയുടെ 1 ശതമാനം വിനിയോഗിക്കാം.

RKVY -RAFTAAR-ആര്‍കെവിവൈ- റെമ്യൂണറേറ്റീവ് അപ്രോച്ച് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍റ് അല്ലീഡ് സെക്ടര്‍ റജുവിനേഷന്‍ (റഫ്ത്താര്‍)
രാഷ്ട്രീയ കൃഷി വികാസ് യോജന 2017-18 സാമ്പത്തിക വര്‍ഷത്തില്‍ Remunerative Approach for Agriculture and Allied Sector Rejuvenation (RAFTAAR) എന്ന് പേരുമാറ്റി. അഗ്രി ബിസിനസ് എന്‍ട്രപ്രെനുവര്‍ഷിപ്പിന് മുന്‍ഗണന നല്‍കിക്കൊണ്ട് പരിഷ്‌ക്കരിച്ചു. ഇതിനായി 15,722 കോടി രൂപയാണ് നീക്കിവച്ചത്. 13,000 പദ്ധതികള്‍ ഇതുവഴി നടപ്പിലാക്കി. എന്നാല്‍ പൂര്‍ണ്ണമായും കേന്ദ്ര സഹായ പദ്ധതി എന്നത് മാറി കേന്ദ്രത്തിന്റെ 60 ശതമാനം ഗ്രാന്റും സംസ്ഥനത്തിന്റെ 40 ശതമാനവും എന്നായി. മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം, ഈ മാര്‍ച്ചില്‍ പദ്ധതി അവസാനിക്കുന്നു. ഇനി പദ്ധതി തുടരുമോ പുതിയ പദ്ധതി വരുമോ എന്നതാണ് അറിയേണ്ടത്.

English Summary: Rashtriya kisan vikas yojana - Remunerative approach for agriculture and allied sector rejuvenation -RKVY-RAFTAAR, scheme details and its future
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments