സിനിമപോലെ കൃഷിയും സത്യന് ജീവാംശമാണ്
സംവിധായകൻ എന്നതിനൊപ്പം നല്ലൊരു കർഷകനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരാളും കൂടിയാണ് അദ്ദേഹം. തന്റെ ഓരോ ചിത്രങ്ങളും ഓരോ സന്ദേശം നൽകുന്നു എന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഓരോ ചിത്രങ്ങളിലുമുള്ള കൃഷി വിഷയത്തെക്കുറിച്ചുള്ള പ്രതിപാദ്യം. താൻ ജനിച്ചു വളർന്ന നാടും നാട്ടിൻപുറ രീതികളും നാട്ടിൻപുറത്തിന്റെ നന്മകളും കാർഷിക രീതിയും സംസ്കാരവും തന്റെ ഓരോ ചിത്രങ്ങളിലും കഥാ സന്ദർഭങ്ങൾക്കനുയോജ്യമായ വിധം വിളക്കിച്ചേർക്കാൻ ശ്രമിക്കാറുണ്ട് അദ്ദേഹം.ചിലപ്പോൾ ഒരു കഥാപാത്രമായിത്തന്നെ പരിണമിച്ചു എന്നും വരാം.
നാൽപ്പത്തിയാറ് വർഷങ്ങളായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു ചലച്ചിത്രകാരന് നഗരങ്ങളിൽ താമസിച്ചു കൊണ്ട് നഗരത്തിന്റെ എല്ലാ ആധുനിക സൗകര്യങ്ങളും അനുഭവിക്കാമെന്നിരിക്കേ, അന്തിക്കാടെന്ന ഇനിയും ഗ്രാമഭംഗി നഷ്ടമായിട്ടില്ലാത്ത തന്റെ ഗ്രാമത്തെ ഉപേക്ഷിക്കാൻ കൂട്ടാക്കിയിട്ടില്ല സത്യന്‍ ഇതുവരെയും . അവിടുത്തെ ശുദ്ധവായുവും നന്മകളും ആസ്വദിച്ച് ജീവിക്കുന്ന ഈ പച്ചയായ മനുഷ്യൻ ജീവിത ഗന്ധിയായ ചിത്രങ്ങളെടുക്കുന്നതിൽ അത്ഭുതമേതുമില്ല.ഒരു കാർഷിക പരിപാടിയിൽ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ കൃഷിയോടുള്ള അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും പ്രതിപത്തി നേരിട്ടു മനസിലാക്കിയാണ് , കാർഷികരംഗത്ത് മുപ്പതു വർഷക്കാലമായി നിലയുറപ്പിച്ച കൃഷി ജാഗരൺ എന്ന കാർഷിക മാഗസിൻ തങ്ങളുടെ പ്രതിനിധിയെ സത്യൻ അന്തിക്കാടുമായി സംസാരിക്കുന്നതിന് അയച്ചത്. കൃഷി ജാഗരൺ പ്രതിനിധി ബൈന്ദ സത്യൻ അന്തിക്കാടുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്.
സിനിമ ,ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടും കൃഷിയെ ഇത്ര സ്നേഹിക്കുന്നതെങ്ങനെ?
ജൈവകൃഷിയെക്കുറിച്ചും കൃഷിയുടെ വ്യാപതിയെക്കുറിച്ചുമുളള ചർച്ചകൾ ഇത്ര വ്യാപകമാകുന്നതിനു മുൻപ് തന്നെ കൃഷിയിൽ താൽപര്യമുള്ളൊരാളാണ് ഞാൻ. അന്തിക്കാട് എന്ന് പറയുന്ന തൃശൂർ ജില്ലയിൽ നിന്ന് 16 കിലോമീറ്റർ ദൂരെയുള്ള ഒരു നാട്ടുമ്പുറത്താണ് എന്റെ വീട്. അവിടെ കൃഷി എന്ന് പറയുന്നത് ജനജീവിതവുമായി വളരെ ബന്ധമുള്ളതാണ്. അന്തിക്കാട് ഒരു 10 പറയ്ക്കെങ്കിലും അല്ലെങ്കിൽ ഒരു 5 പറയ്ക്കെങ്കിലും കൃഷിയില്ലാത്തവർ കുറവാണ്. അവിടെയൊക്കെ അക്കാലത്തൊക്കെ അങ്ങനെയാണ് പറയുക ഏക്കർ കണക്കിന് എന്നല്ല പറയുക. എന്റെയൊക്കെ വീട്ടിൽ അരി, കടയിൽ നിന്ന് വാങ്ങിയിട്ടില്ല ജീവിതത്തിൽ . എന്റെയൊക്കെ അച്ഛനുള്ള കാലത്ത് നമ്മുടെ പാടത്ത് കൃഷി ചെയ്യുന്ന നെല്ല് മാത്രമാണ് ഉപയോഗിച്ച് പോരുന്നത്. അത് തുടരുക മാത്രമാണ് ഞാനും ചെയ്യുന്നത്. ഇപ്പോൾ നാട്ടിൽ പലരും കൃഷി ചെയ്യാനുള്ള മറ്റു പല ബുദ്ധിമുട്ടുകൾ കൊണ്ട് നിലം വിൽക്കുകയോ നെൽകൃഷി ചെയ്യാതിരിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടാവും. അതുപോലെ തന്നെ അന്തിക്കാട് പണ്ട് ഒരു പച്ചക്കറിക്കട മാത്രമേ എന്റെ ഓർമ്മയിലുള്ളൂ. ആളുകൾക്കെല്ലാം അവരവരുടെ വീടുകളിൽത്തന്നെ കൃഷിയുണ്ട്. എന്റെ വീട്ടിലും ചേനയും ചേമ്പും തുടങ്ങി എല്ലാ കൃഷിയുമുണ്ട്. റാഗി വരെ അന്ന് കൃഷി ചെയ്തിരുന്നു. ഇന്നിപ്പോ അത്രയും കൃഷിഭൂമി കുറവാണ്. പണ്ട് നാട്ടിൻ പുറങ്ങളിൽ ഭൂമിയുണ്ടായിരുന്നു കൃഷിക്കായി. ഇന്ന് നിറയെ വീടുകളായി , കൃഷി സ്ഥലം കുറഞ്ഞു.
മുൻപ് ഞാനൊക്കെ സ്കൂൾ കഴിഞ്ഞു വരുമ്പോ അമ്മ പറയും രണ്ട് കണ ചേമ്പ് പറിക്കാൻ. അല്ലെങ്കിൽ കപ്പ, കൂർക്ക അതാണ് അന്നത്തെ കറി. ചേമ്പിൻ താള് തുടങ്ങിയവയൊക്കെയും നമ്മുടെ നിത്യ വിഭവങ്ങളാണ്. പുറത്തു നിന്നും പച്ചക്കറി വാങ്ങുന്ന രീതിയേ ഇല്ല. ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അങ്ങനെ കൃഷി എന്റെ സംസ്കാരമായി മാറി.
കൃഷിയെ മറക്കാത്ത ജീവിതം , കുടുംബത്തിലുള്ളവർക്കു മുണ്ടോ ആ താൽപര്യം ?
എന്റെ തലമുറ വന്നപ്പോൾ എനിക്കും എന്റെ ഭാര്യയ്ക്കും കൃഷിയിൽ താൽപര്യമാണ്. ഭാര്യ ബിഎഡ് ബിരുദധാരിയാണ്. പക്ഷേ കല്യാണവും കുട്ടികൾ ഉണ്ടാകലും ഒക്കെ ക്കഴിഞ്ഞപ്പോൾ ജോലിക്കു പോകാൻ കഴിഞ്ഞില്ല. ഭാര്യയുടെ അച്ഛൻ നെടുങ്ങാടി ബാങ്കിന്റെ സീനിയർ മാനേജരായിരുന്നു. എങ്കിലും കൃഷിക്കു ശേഷമാണ് ബാങ്കിൽ പോകുന്നതൊക്കെ. അങ്ങനെ ഭാര്യയ്ക്കും കൃഷി പരിചിതമാണ്. അതു കൊണ്ട് കൃഷി ഞങ്ങളുടേയും ജീവിതത്തിൽ ഒഴിവാക്കാനാകില്ല. അത്രയ്ക്ക് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണല്ലോ.
കൃഷിയെ വളരെ പ്രാധാന്യത്തോടെ കണ്ടു തുടങ്ങിയതെപ്പോഴാണ്?
കൃഷിയിൽ ഇത്രയ്ക്ക് പ്രാധാന്യം തോന്നിത്തുടങ്ങിയത് നമ്മുടെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും മറ്റും ഇത്ര വിപുലമായി കണ്ടു തുടങ്ങിയപ്പോഴാണ്. കേരളത്തിലേയ്ക്ക് വരുന്ന പച്ചക്കറികളിൽ വിഷം അടിക്കുന്നുണ്ടെന്നതിന് ഞാൻ സാക്ഷിയാണ്. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കമ്പം തേനിയിൽ പോയപ്പോൾ അവിടെ ഞങ്ങളൊരു കാബേജ് തോട്ടം ഷൂട്ട് ചെയ്യാനായാണ് പോയത്. കാബേജെല്ലാം വിളവെടുപ്പു കഴിഞ്ഞു. ഇനി ബാക്കി ഒരു തോട്ടം മാത്രേമേ ഉള്ളൂ. അവിടെ കാലത്ത് ഏഴര മണിക്ക് ചെല്ലണം. ഒൻപത് മണിക്ക് അത് പറിച്ചു കൊണ്ടു പോകും എന്ന് പറഞ്ഞിരുന്നു. ഞങ്ങൾ പിറ്റേ ദിവസം ഏഴര മണിക്ക് ചെല്ലുമ്പോൾ അതിൽ മരുന്നടിക്കുകയാണ്. കീടനാശിനി. ഞാനവരോട് ചോദിച്ചു ഇത് വിളഞ്ഞ് കഴിഞ്ഞ് ഇന്ന് പറിക്കുന്നതല്ലേ? പിന്നെന്തിനാ മരുന്നടിക്കുന്നത് എന്ന്? അപ്പോഴവർ പറഞ്ഞത് ഇത് കേടാകാതെ ഇരിക്കുന്നതിനാണ് എന്ന്. "അതെല്ലാം കേരളാവുക്ക് അനപ്പതുക്കേ സാർ" എല്ലാം കേരളത്തിലേയ്ക്ക് എന്ന് കേട്ടപ്പോഴാണ് ഇത്ര ഭീകരമാണ് കാര്യങ്ങൾ എന്ന് നേരിട്ട് മനസിലാക്കിയത്. അവർ പറയുന്നത് ഒരു പത്ത് ഇതൾ വരുമ്പോൾ അതിൽ മരുന്നടിക്കും. അതിൽ മീതേ വീണ്ടും ഇതൾ വന്ന് മൂടും. അപ്പോൾ വീണ്ടും മരുന്നടിക്കും. അങ്ങനെയാണവർ ചെയ്യുക. നമ്മൾ അതിന്റെ പുറമേയ്ക്ക് നാലിതൾ കളഞ്ഞിട്ട് കാര്യമില്ല. അതിന്റെ ഉള്ളിൽ വിഷമാണ്. ഇതൊക്കെ നമ്മുടെ മുന്നിൽ കാണുമ്പോഴാണ് കൃഷിയുടെ ആവശ്യകത ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കണം എന്ന് തോന്നുന്നത്. ഇപ്പോ ശ്രീനിവാസനൊക്കെ ജൈവകൃഷി സ്വന്തമായി നടത്തുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തപ്പോൾ മമ്മൂട്ടി, മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ കൃഷിക്ക് പ്രചാരണം കൊടുത്തപ്പോൾത്തന്നെ ജനശ്രദ്ധ കിട്ടിത്തുടങ്ങി. പിന്നെ നമ്മുടെ കൃഷിമന്ത്രി സുനിൽ കുമാർ കൃഷിക്ക് നല്ല പ്രാധാന്യവും പ്രചാരവും നൽകുന്ന ഒരു മന്ത്രിയാണ്. ഇപ്പോൾ ഞാൻ കേട്ടത് തൃശൂർ മാർക്കറ്റിലേയ്ക്കുള്ള പച്ചക്കറിയുടെ പുറത്തു നിന്നുള്ള വരവ് മുപ്പത് ശതമാനം കുറഞ്ഞു എന്നാണ്.
വീട്ടിൽ എന്തെല്ലാം കൃഷിയുണ്ട്? കൃഷി ചെയ്യാൻ ജോലിക്കാരുണ്ടോ?
എന്റെ വീട്ടിൽ അത്യാവശ്യം കൃഷിയുണ്ട്. വാണിജ്യാടിസ്ഥാനത്തിലല്ലെങ്കിൽ കൂടി. എന്റെ കുടുംബത്തിനു കഴിയാനുള്ള നെല്ല് ഞങ്ങളുടെ പാടത്തുണ്ടാക്കും. അത് കീടനാശിനി അടിക്കാതെ തന്നെയാണ് ഉണ്ടാക്കുന്നതും. ഞങ്ങളല്ല അത് നോക്കി നടത്തുന്നത്, പാടശേഖര സമിതിയാണ്. അതു കൊണ്ട് നമുക്ക് തോന്നുമ്പോ കൃഷിയിറക്കാനോ നമുക്ക് തോന്നുന്ന വളമിടാനോ പറ്റില്ല.അതിനൊരു ഗുണവുമുണ്ട്. നമുക്കൊന്നും ചെയ്യുകയും വേണ്ട. എല്ലാം പാടശേഖര സമിതിയുടെ ആളുകൾ നോക്കിക്കോളും. സർക്കാരും കൃഷി വകുപ്പുമൊക്കെയാണ് എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത്. എന്റെ കുടുംബത്തിന് ഒരു കൊല്ലത്തേയ്ക്കാവശ്യള്ള നെല്ല്എടുക്കും. ബാക്കിയുള്ളത് അവിടുന്ന് തന്നെ സപ്ലൈക്കോയക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. നേരെ പാടത്തു നിന്ന് തന്നെ വിറ്റുപോകുന്നു.
ഞാൻ കൃഷി ചെയ്യാൻ വേണ്ടി മാത്രമായി ഇട്ടിരുന്ന സ്ഥലത്താണ് ഇപ്പോൾ വീടുവച്ചിരിക്കുന്നത്. 6 കൊല്ലമായി ഞാനവിടെയാണ് താമസം. അതിൽ വല്യ ഒരു കുളമുണ്ട്. പറമ്പിൽ എല്ലാ പച്ചക്കറികളും കുറേശ്ശെ നമ്മൾ കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനു വേണ്ടി മാത്രമുള്ളവ. ഉള്ളിയോ സവാളയോ ഒക്കെ മാത്രം വാങ്ങിയാൽ മതി പുറത്തു നിന്ന് . ചേമ്പും ചേനയും, മുരിങ്ങയും വെണ്ടയ്ക്കയും വഴുതനയും പാവലും ഇഞ്ചിയും കൂവയും കുടംപുളി ,ഇരുമ്പൻ പുളി, പലതരം മാവുകൾ, മഞ്ഞളും ഒക്കെയുണ്ട് കൃഷിയായി. സുഹൃത്തുക്കൾ വരുമ്പോ അവർക്കൊക്കെ മഞ്ഞൾപ്പൊടി കൊടുക്കാറുണ്ട്. ക്യാമറാമാൻവേണു, എസ്.കുമാർ, ദിലീപ്, മഞ്ജു വാര്യർ ,കാവ്യ, ശ്രീനിവാസൻ ഇവരൊക്കെ വീട്ടിൽ വരുമ്പോ മഞ്ഞൾ കൊടുത്തു വിടും. ഇവരൊക്കെ മാർക്കറ്റിൽ നിന്ന് മായം കലർന്ന മഞ്ഞൾപ്പൊടി വാങ്ങുകയാണല്ലോ ചെയ്യുന്നത്. അപ്പോ നമുക്കുമൊരു സന്തോഷം . മഞ്ഞൾപ്പൊടി വിറ്റാൽ ഒരു ലാഭവുമില്ല. മഞ്ഞളിന്റെ കൃഷിയുടെ പുറകിലെ അദ്ധ്വാനവുമായി തട്ടിച്ചു നോക്കുമ്പോൾ വിൽക്കുന്നത് ലാഭകരമല്ല. അതുകൊണ്ട് മിക്കവാറും മഞ്ഞൾപ്പൊടി സുഹൃത്തുക്കൾക്ക് കൊടുത്തു തീർക്കും. ഈ കൃഷിയുടെ എല്ലാം മേൽനോട്ടം ഭാര്യ നിമ്മിയ്ക്കാണ്. ഞാൻ ഉള്ളപ്പോൾ ഞാനും നോക്കും.
കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നത് കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണല്ലേ?
ഇങ്ങനെ വീട്ടാവശ്യത്തിനുള്ള കൃഷി ചെയ്യിക്കുമ്പോൾ ഒരു സന്തോഷമുണ്ട്. രാവിലെ എഴുന്നേറ്റ് കൃഷിയിടങ്ങളിൽ ചെല്ലുമ്പോൾ വല്ലാത്തൊരു സമ്പന്നത അനുഭവപ്പെടും. ഒട്ടും അശുദ്ധമല്ലാത്ത വായു. കൃഷിയിടത്ത് മരുന്നടിക്കാത്തതിനാൽ മിക്ക കീsങ്ങളും പിടികൂടാറുണ്ട്. തെങ്ങിനൊക്കെ പഴയ പോലുള്ള വിളവില്ല. എങ്കിലും വീട്ടാവശ്യത്തിനുള്ള എണ്ണ കിട്ടും. ലാഭം എന്നതിലുപരി ഒരാത്മസംതൃപ്തി കൃഷിയിൽ നിന്ന് നമുക്ക് കിട്ടുകയാണ് ചെയ്യുന്നത്.മാത്രമല്ല കൃഷി എന്നത് നമ്മുടെ ഒരു സംസ്കാരത്തിന്റെ കൂടി തെളിവാണ്. നഗരം ഗ്രാമങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണ്. നഗരം വലുതാകുന്നത് തെറ്റാണ് എന്ന് പറയാനും പറ്റില്ല. കൂടുതൽ സൗകര്യങ്ങൾ നമ്മുടെ ആളുകൾക്കും പുതിയ തലമുറയ്ക്കുമൊന്നും കിട്ടുന്നത് തെറ്റല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ അതിനൊപ്പം ആളുകളുടെ മനസ്സ് വികസിക്കുന്നില്ല. പരസ്പരം കൊടുക്കൽ വാങ്ങലുകളില്ല. കാർഷികസംസ്കാരം അങ്ങനെയല്ല. കൃഷിയിൽ ആളുകൾ പരസ്പരം ആശയ വിനിമയം നടത്തേണ്ടതുണ്ട്. പണ്ട് പറയാറുണ്ട്. ഒരു വീട്ടിൽ ഒരു പശുക്കുട്ടിയുണ്ടെങ്കിൽ ആ വീട്ടിലെ കുട്ടികളുടെ സ്വഭാവത്തിലും മാറ്റമുണ്ടാകും എന്ന്. കുട്ടികൾക്ക് എല്ലാവരോടും ഒരടുപ്പം ഉണ്ടാകും. എന്നാൽ കവറിൽ പാൽ വാങ്ങുമ്പോൾ അതിന്റെ പിന്നിൽ ഒരു കർഷകൻ ഉണ്ടെന്നും ഒരു പശുവുണ്ടെന്നുമുള്ള കാര്യം നമ്മുടെ കുഞ്ഞിനറിയില്ല പശുവിനെ കറക്കുന്നതും പശുക്കുട്ടി പാലുകുടിക്കുന്നതും പശുക്കിടാവിനെ നക്കുന്നതുമെല്ലാം ഒരു അടുപ്പത്തിന്റെ കാഴ്ചയായി കുഞ്ഞിന്റെ മനസിൽ കിടക്കുന്നു. അവന്റെ സംസ്കാരത്തെ അത് സ്വാധീനിക്കുന്നു. ഇന്ന് എല്ലാവർക്കും അത് കഴിയില്ല. ഇപ്പോ ഒന്നുകിൽ കുടുംബത്തിൽ രണ്ടു പേരും ജോലിക്കാരായിരിക്കും ,അല്ലെങ്കിൽ ഫ്ലാറ്റിൽ ജീവിക്കുന്നവരായിരിക്കും.
ഞാനൊക്കെ ഒരു വർഷമോ ഒന്നര വർഷമോ കൂടുമ്പോൾ ഒരു സിനിമ ചെയ്യുന്നു. ബാക്കിയുള്ള സമയം മുഴുവൻ കൃഷിയോടൊപ്പമാണ്. അത് കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ്.
പണ്ടൊക്കെ കൃഷി നടത്തുന്നത് നഷ്ടമായിരുന്നു. ഇന്ന് കൃഷി നഷ്ടമല്ല.ആളുകൾ ഒരു പത്തു സെന്റ് വീടാണെങ്കിലും ഉള്ള സ്ഥലത്തിൽ അത്യാവശ്യം വീട്ടിലേയ്ക്കാവശ്യമായവ ഉല്പാദിപ്പിക്കാൻ തുടങ്ങി.ഭാര്യയുടെ ഒരു ബന്ധു ഉള്ള ജോലി മാറ്റി വച്ചിട്ട് ഏക്കറുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ്. ജോലി ചെയ്യുന്നതിനേക്കാൾ മെച്ചം കൃഷി എന്നാണവർ പറയുന്നത്. എല്ലാ കൃഷിയുപകരണങ്ങളും സ്വന്തമായുള്ള അവർ കൃഷിയിലാണ് ഇപ്പോൾ മുഴുവൻ സമയവും. അവരൊക്കെ കർഷകനാണെന്ന് അഭിമാനത്തോടെ പറയുകയാണ്. അതെല്ലാം കൃഷിയോടുള്ള ഇഷ്ടവും കൂടിയാണ്. വെയിലൊക്കെ കൊള്ളേണ്ടിവരും. എന്റെ ഭാര്യ പതിനേഴു പറ നെല്ല് ഒറ്റയ്ക്ക് കൊയ്തെടുത്തു. നമ്മൾ പൊന്നുപോലെ കാത്തു സൂക്ഷിക്കുന്ന നെല്ല് കൊയ്യാനാളില്ലാതെ നശിച്ചുപോകുന്നതു കാണുമ്പോൾ എങ്ങനെ വെറുതെ കയ്യും കെട്ടിയിരിക്കും? നമ്മൾ ചെയ്ത അദ്ധ്വാനം വെറുതെയാവരുതല്ലോ.
അങ്ങയുടെ മിക്ക സിനിമയിലും കൃഷി ഒരു വിഷയമാണല്ലോ ?
എന്റെ മിക്ക സിനിമയിലും തന്നെ കൃഷി ഒരു വിഷയമാണ്. അല്ലെങ്കിൽ ഒരു സിംബൽ എങ്കിലും ആയിരിക്കും. അതിനു കാരണം എന്റെ ഓർമ്മയിൽ കൃഷി ഒരു വിഷയമാണ് എപ്പോഴുംഎന്നതാണ് . മനസിനക്കരെ എന്ന സിനിമയിൽ മാളു എന്ന പശു ഒരു കഥാപാത്രം തന്നെയാണ്. ഒരാളുടെ സൃഷ്ടികളിൽ അയാളുടെ സ്വഭാവം ഉണ്ടാകും. എന്റെ ചിത്രങ്ങളിൽ മദ്യപാനം കുറവായിരിക്കും. നമ്മുടെ ജീവിതവുമായി നമ്മുടെ സിനിമകൾ ബന്ധപ്പെട്ടുകിടക്കും. എഴുത്തുകാരനായാലും സംവിധായകനായാലും നമ്മുടെ ജീവിതവുമായി ബന്ധമുള്ള കാഴ്ചകൾ വരും. ഞാൻ ജീവിക്കുന്നത് അന്തിക്കാടാണ്. ഞാൻ പെരുമാറുന്നത് അത്തരം ആൾക്കാരു മായാണ്. ഞാൻ യാത്ര ചെയ്യുന്നത് ബസിലും ഓട്ടോറിക്ഷയിലുമൊക്കെയാണ് പലപ്പോഴും.മോഹൻലാലൊക്കെ പറയാറുണ്ട് എന്റെ സിനിമയിൽ വരുമ്പോഴാണ് ബസിൽ കയറുന്ന സീനൊക്കെ വരുന്നത്. നമ്മുടെ ജീവിതവുമായി ബന്ധമുള്ള കാഴ്ചകളാണ് സിനിമയിലും വരുക. സന്ദേശം എന്ന ചിത്രത്തിൽ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ കൃഷി ഓഫീസറാണ്. ഇപ്പോ എല്ലാത്തിനും മെഷീനുകൾ ഉപയോഗിക്കുന്നു. ഞാറുനടുന്നതിനും കൊയ്യുന്നതിനും മെതിക്കുന്നതിനുമെല്ലാം മെഷീനുകൾ ഉണ്ട്. പിന്നെ ഇപ്പോൾ ബംഗാളികളായ തൊഴിലാളികളാണ് മിക്ക കൃഷിയിടങ്ങളിലും. അക്കാര്യം ഞാൻ പ്രകാശൻ എന്ന സിനിമയിൽ പറഞ്ഞിട്ടുണ്ട്.
ജൈവ കൃഷി എന്നത് ഇന്ന് ജനജീവിതത്തിന്റെ ഒരു ഭാഗമായി മാറി
ഇപ്പോൾ ആളുകളുടെ ശ്രദ്ധ കൃഷിയിലേയ്ക്ക് വന്നു തുടങ്ങി. ആളുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന അസുഖങ്ങൾ മൂലമാണത്. വിഷമുള്ള സാധനം കഴിക്കണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം . വിദേശങ്ങളിൽ പോലും ജൈവ പച്ചക്കറിയും അല്ലാത്തതും ലഭിക്കും. ജൈവ പച്ചക്കറിക്ക് വില കൂടുതലായിരിക്കും. എങ്കിലും ജൈവം എന്ന് കേട്ടാൽത്തന്നെ ആൾക്കാർ എന്തു വിലയായാലും വാങ്ങുന്ന അവസ്ഥ. ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞു എറണാകുളം മാർക്കറ്റിൽ ശ്രീനിവാസന്റെ പറമ്പിലെ ചീര എന്നു പറഞ്ഞ് വിൽക്കുന്നു എന്ന്. അത് വിഷമടിക്കാത്ത ചീര എന്ന തോന്നലുണ്ടാക്കാൻ പറഞ്ഞതാണ്. ശ്രീനിവാസനുമായി ആ ചീരയ്ക്ക് യാതൊരു ബന്ധവുമില്ലെങ്കിൽ പോലും. ഇതിലും വ്യാജൻമാരുണ്ട്. അതിനെയൊക്കെ അതി ജീവിക്കാനായി എല്ലാ വീട്ടുകാരും അവരവർക്കാവശ്യമുള്ള സാധനങ്ങൾ കൃഷി ചെയ്യുക. ദിവസവും രാവിലെയും വൈകിട്ടും അരമണിക്കൂർ അതിനു വേണ്ടി ചിലവഴിച്ചാൽ മതി. അതിനായി വാഴത്തോട്ടം ഉണ്ടാക്കണ്ട. അത്യാവശ്യം കുറച്ചു പച്ചക്കറികൾ എങ്കിലും മതിയാകും. വെണ്ട, വഴുതിന, തക്കാളി ഇവയ്ക്കൊന്നും ഒരു വളമോ സമയമോ ആവശ്യമില്ല.
അങ്ങയും ഭാര്യയും കൃഷിയിൽ താൽപര്യമുള്ളവരാണല്ലോ. മക്കൾക്കുമുണ്ടോ കൃഷിയോട് ഇഷ്ടം. ?
ഞങ്ങൾക്ക് മൂന്ന് ആൺമക്കൾ, അവർ മൂന്നു പേർക്കും കൃഷിയിൽ താൽപര്യമുണ്ട്. സമയം കിട്ടാത്ത കുഴപ്പം മാത്രമേയുള്ളൂ. മൂത്തയാൾ സ്വന്തമായി പെയിന്റിന്റെ ബിസിനസ് ചെയ്യുന്നു. ഇളയ രണ്ടു പേർ ഇരട്ടകൾ. അവർ രണ്ടാളും സിനിമയിൽ സജീവമാകാൻ തുടങ്ങുന്നു. അവരവർക്കിഷ്ടമുള്ള മേഖലയിലാണ് 3 പേരും. നമുക്ക് താൽപര്യമുള്ളതുപോലെ ജീവിക്കാൻ സാധിക്കുന്നതാണ് സന്തോഷം. ഇളയ ഇരട്ട മക്കൾ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കഴിഞ്ഞവരാണ്. വിപ്രോയിൽ ജോലി ചെയ്തിരുന്നു. അത് ഉപേക്ഷിച്ചാണ് സിനിമയിൽ എത്തിയത്. അതവരുടെ ഇഷ്ടമാണ്. ഒരാൾ അഹമ്മദാബാദിൽ എൻഐഎഫ് റ്റിയിലെ സിനിമാ പഠനത്തെ തുടർന്നും ഒരാൾ എനിക്കൊപ്പവും പഠിച്ചതിനു ശേഷമാണ് മുഴുവൻ സമയവും സിനിമയിൽ ആയത്.
English Summary: Sathyan Anthikkad -interview
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments