<
Features

ജൈവവള ഉല്‍പ്പാദനത്തില്‍ വിജയഗാഥയുമായി കടമ്പൂര്‍ പഞ്ചായത്ത്

ജൈവവള ഉല്‍പ്പാദനത്തില്‍ മികച്ച നേട്ടവുമായി കുതിപ്പ് തുടരുകയാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്. ഈ വര്‍ഷം മാത്രം 300 ടണ്‍ ജൈവവളമാണ് പഞ്ചായത്തിനു കീഴിലുള്ള ജൈവവള നിര്‍മ്മാണ യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചത്. രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് വള നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്.  തെങ്ങുകള്‍, പച്ചക്കറികള്‍, വാഴ എന്നിവയ്ക്കാണ് പഞ്ചായത്ത് പ്രധാനമായും ജൈവവളം നല്‍കുന്നത്. 


ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ആരംഭിച്ച ജൈവവള നിര്‍മ്മാണ യൂണിറ്റ് രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. ചകിരിച്ചോര്‍ ഉപയോഗിച്ചാണ് ഇവിടെ ജൈവവളം ഉല്‍പ്പാദിപ്പിക്കുന്നത്. പഞ്ചായത്തിലാകെ 43,750 തെങ്ങുകളാണ് ഉള്ളത്. ഒരു തെങ്ങിന് 10 കിലോഗ്രാം വരെ വളം നല്‍കും. പിണ്ണാക്ക് അടക്കമുള്ള വളമാണ് ആദ്യകാലങ്ങളില്‍ തെങ്ങിന് നല്‍കിയിരുന്നത്. ഇതിനായി ഒരു വര്‍ഷം പരമാവധി 18 മുതല്‍ 20 ലക്ഷം രൂപ വരെ പഞ്ചായത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും കായ്ഫലം കുറവാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചകിരിച്ചോറിലേക്ക് തിരിഞ്ഞത്. 


മുണ്ടോല്‍പറമ്പ കരുപ്പാച്ചാല്‍ കാവിന് സമീപം 30 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് പഞ്ചായത്ത് ജൈവവളനിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. നിലവില്‍ വളം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചകിരിച്ചോറ് പുറത്തുനിന്നാണ് വാങ്ങുന്നത്. എന്നാല്‍ ഭാവിയില്‍ ചകിരിച്ചോറ് പഞ്ചായത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുമെന്ന് കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ പറഞ്ഞു. കൂടാതെ പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കുന്ന തേങ്ങ ശേഖരിച്ച് ഉപോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും, ഇതുവഴി സ്ഥലത്തെ കുടുംബശ്രീ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് ചെറുകിടവ്യവസായം ആരംഭിക്കാനുള്ള അവസരം നല്‍കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. കൃഷി ഓഫീസര്‍ തുളസി ചെങ്ങാടിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ജൈവവള നിര്‍മ്മാണ പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്വന്തമായി വള നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള അവസരവും പഞ്ചായത്ത് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം മൊകേരി, മുണ്ടേരി ഗ്രാമപഞ്ചായത്തുകള്‍ക്ക് കടമ്പൂരില്‍ നിന്ന് ജൈവ വളം നല്‍കിയിരുന്നു.


ചകിരിച്ചോറില്‍ കോഴിവളം, കൂണ്‍വിത്ത് എന്നിവ ചേര്‍ത്താണ് ജൈവവളം നിര്‍മ്മിക്കുന്നത്. ചകിരിച്ചോറില്‍ അടങ്ങിയിരിക്കുന്ന ലിഗ്നിന്‍ എന്ന പദാര്‍ത്ഥത്തെ വിഘടിപ്പിച്ച് ഫിനോളിക് സംയുക്തങ്ങളെ നീക്കി ശുദ്ധമായ ചകിരിച്ചോറാക്കി (കൊയര്‍പിത്ത്) മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം പിത്ത് പ്ലസ് എന്ന കൂണ്‍ മിശ്രിതം ചേര്‍ത്ത് 45 മുതല്‍ 60 ദിവസം വരെ കമ്പോസ്റ്റ് ചെയ്താണ് ഇവിടെ ജൈവവളം നിര്‍മ്മിക്കുന്നത്.

 


English Summary: Success story of Kadamboor panchayat in making organic waste

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds