കാര്‍ഷിക മേഖല വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ഏകവിള കൃഷിയിലൂടെ ലാഭം ഉണ്ടാക്കിയിരുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും വിപണിയിലെ വിലവ്യതിയാനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ,പലരും സംയോജിത കൃഷിയിലേക്ക് തിരിഞ്ഞു. മറ്റു ചിലരാകട്ടെ കൃഷിയിലെ വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങളിലൂടെ പുതുമകള്‍ തേടി. നിലവിലുള്ള കാര്‍ഷിക ഉത്പ്പന്നങ്ങളെ മൂല്യവര്‍ദ്ധനവിലൂടെ ആകര്‍ഷകമാക്കി വില്‍ക്കുകയോ നേരിട്ട് വിപണനം ചെയ്യുകയോ ചെയ്യുന്ന കര്‍ഷകരും ധാരാളം.
വാഴയിലയുടെ വിപണനത്തിന് പ്രാധാന്യം നല്‍കി വാഴകൃഷി ചെയ്യുന്നവരും കോഴി വളര്‍ത്തല്‍ ലാഭകരമാക്കാന്‍ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വില്‍പ്പന നടത്തുന്നവരും ഉദാഹരണങ്ങളാണ്. എന്ത് വിപണിയില്‍ എത്തിക്കുന്നു എന്നതിനപ്പുറം എങ്ങിനെ വിപണിയില്‍ എത്തിക്കുന്നു എന്നതിന്റെ പ്രാധാന്യം ഏറെ വര്‍ദ്ധിച്ചു വരികയാണ്. ഇത്തരത്തില്‍ കൃഷിയില്‍ വൈവിധ്യവത്ക്കരണം നടത്തി ലാഭം കൊയ്യുന്ന മികച്ച കര്‍ഷകനാണ് ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ കൃഷ്ണകുമാര്‍.കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ പത്തിയൂര്‍ പഞ്ചായത്തില്‍ വിജയകരമായി നടന്നു വരുന്ന ഫാര്‍മര്‍ ഫസ്റ്റ് പ്രോഗ്രാമിന്റെയും മറ്റു കാര്‍ഷിക പരിശീലന പരിപാടികളുടെയും ഗുണഭോക്താവാണ് കൃഷ്ണകുമാര്‍.
പത്തിയൂര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക കര്‍ഷകരുടെയും പ്രധാന വിളകളില്‍ ഒന്നായ തെങ്ങുതന്നെയാണ് കൃഷ്ണകുമാറിന്റെയും കൈമുതല്‍. തന്റെ 80 സെന്റ് വിസ്തൃതിയുള്ള കൃഷിയിടത്തില്‍ വളരുന്ന 45 നാടന്‍ തെങ്ങുകളാണ് ഈ കര്‍ഷകന് സ്വന്തമായുള്ളത്. സാധാരണ കര്‍ഷകരില്‍ നിന്നു വ്യത്യസ്തമായി, നാളീകേരം മൂപ്പെത്തി വിളവെടുക്കുന്നതിനു പകരം 6-7 മാസം പ്രായമായ കരിക്കാണ് കൃഷ്ണകുമാര്‍ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കരിക്കുവില്‍പ്പനയിലൂടെ മാത്രം ഇദ്ദേഹം പ്രതിമാസം 2000 മുതല്‍ 7000 രൂപ വരെ വരുമാനം നേടുന്നു. ഒരു തെങ്ങില്‍ നിന്നും വര്‍ഷം 150 കരിക്കുവരെ ലഭിക്കും. കരിക്കൊന്നിന് 22 രൂപ ലഭിക്കുകയും ചെയ്യുന്നു. മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ കരിക്കിന് ആവശ്യക്കാര്‍ ഏറുമെങ്കിലും ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ പൊതുവെ വിളവ് കുറവായിരിക്കുമെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
കൃത്യമായ ഇടവേളകളില്‍ കരിക്ക് സംഭരിക്കാന്‍ ആളുകളെത്തി വിളവെടുപ്പ് നടത്തുന്നതിനാല്‍ തെങ്ങുകയറ്റക്കാരെ അന്വേഷിച്ച് നടക്കേണ്ടി വരുന്നില്ല. മാസത്തില്‍ രണ്ട് തവണകളായി കരിക്ക് വില്‍ക്കുന്ന ഇദ്ദേഹത്തിന്റെ തൊടിയില്‍ 40 വര്‍ഷം വരെ പ്രായമുള്ള നാടന്‍ തെങ്ങുകളാണുള്ളത്. വിളവെടുക്കുന്ന തെങ്ങുകള്‍ക്ക് പുറമെ ഭാവിയുടെ കരുതലായി സ്വയം പാകിമുളപ്പിച്ച 20 തൈതെങ്ങുകളും പറമ്പിലുണ്ട്. തുടര്‍ച്ചയായി കരിക്ക് വിളവെടുക്കുന്നതിനാല്‍ തെങ്ങിന് കൂടുതല്‍ കരുത്തും മാസം തോറും തെങ്ങില്‍ ആളുകയറി കൂടുതല്‍ ശ്രദ്ധകിട്ടുന്നതിനാല്‍ രോഗ കീടനിയന്ത്രണവും സാധിക്കുന്നു. വിപണിയിലെ വിലവ്യതിയാനം കരിക്ക് വില്‍പ്പനയെ സാരമായി ബാധിക്കാറില്ല. മൂന്ന് മാസത്തിലൊരിക്കല്‍ മികച്ച ജൈവവളങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനാല്‍ തെങ്ങുകളെല്ലാം നല്ല ആരേഗ്യത്തോടെ വളരുന്നു എന്നതും ശ്രദ്ധേയമാണ്. കരിക്ക് വിളവെടുപ്പ് നടത്തുന്നതിനാല്‍ വെള്ളയ്ക്കാ പൊഴിച്ചിലും കുറവാണെന്ന് കൃഷ്ണകുമാര്‍ നിരീക്ഷിക്കുന്നു.
മത്സ്യകൃഷി
കൃഷ്ണകുമാര്‍ തന്റെ പത്ത് സെന്റ് വരുന്ന കുളത്തില്‍ കരട്ടി ഇനത്തില്‍പെട്ട 500 മത്സ്യങ്ങളെയും വളര്‍ത്തുന്നുണ്ട്. കാലവസ്ഥ പ്രശ്‌നങ്ങളും കാലവര്‍ഷത്തിന്റെ ആധിക്യവും കാരണം വിളവ് മോശമാകുമെന്ന ആശങ്ക പങ്കുവയ്ക്കുമ്പോഴും വരും വര്‍ഷം മികച്ച വിളവെടുപ്പിന് തയ്യാറെടുക്കുകയാണ് കൃഷ്ണകുമാര്‍.
മൃഗപരിപാലനം
സംയോജിത കൃഷിയില്‍ മൃഗസംരക്ഷണത്തിനും പച്ചക്കറി കൃഷിക്കുമുളള പ്രാധാന്യം കൃഷ്ണകുമാര്‍ എടുത്തു പറഞ്ഞു. തന്റെ പറമ്പില്‍ 22 നാടന്‍ ആടുകളേയും 5 ജമ്‌നപ്യാരി ആടുകളേയും വളര്‍ത്തുന്നുണ്ട് കൃഷ്ണകുമാര്‍. ആടുകൃഷി ലാഭകരമാണ് എന്നു വിലയിരുത്തുന്ന ഈ കര്‍ഷകന്‍ സങ്കരയിനം ആടുകളുടെ വില്‍പ്പനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 15 കോഴികളും ആറ് താറാവും കൃഷ്ണകുമാറിനുണ്ട്. ആട്ടിന്‍കുട്ടി ഒന്നിന് ശരാശരി 12,000 രൂപയും കോഴിമുട്ടയ്ക്ക 6 രൂപയും താറാമുട്ടയ്ക്ക് 10 രൂപയും ലഭിക്കുന്നണ്ട് കൃഷ്ണകുമാറിന്. ആട്ടിന്‍ കാഷ്ടവും പച്ചിലവളങ്ങളും ഉപയോഗിച്ച് വീട്ടാവശ്യത്തിനുള്ള ജൈവപച്ചക്കറികളും ചേന.ചേമ്പ്,മരച്ചീനി മുതലായ ഇടവിളകളും കൃഷി ചെയ്തുവരുന്നു.
സമ്മിശ്ര കൃഷിയിലൂടെ ലാഭം കൊയ്യുന്ന കൃഷ്ണകുമാറിന്റെ പറമ്പില്‍ പ്ലാവും മാവുമുള്‍പ്പെടെ വിവിധ ഫലവൃക്ഷങ്ങളും അധിക ആദായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. - ഫോണ്‍- 8547373608 (കടപ്പാട് - ഇന്ത്യന്‍ നാളീകേര ജേര്‍ണല്‍)
English Summary: Tender coconut is the strength of Krishna kumar
Share your comments