കാർഷിക ജീവിതം എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ അതിനെ ഒത്തരി ഇഷ്ടപ്പെടുന്നവരും ഉണ്ട്. അത്തരത്തിൽ കൃഷിയെ ഇഷ്ടപ്പെടുന്നവരാണ് കാപ്പി കൃഷി ചെയ്യുന്ന റോയിയും നെൽക്കൃഷി ചെയ്യുന്ന ലത്തീഫും. റോയ് വയനാട് ആണെങ്കിൽ ലത്തീഫ് മലപ്പുറം ആണ്. രണ്ട് പേരും കഷ്ടപ്പെട്ടല്ല കൃഷി ചെയ്യുന്നത് മറിച്ച് ഇഷ്ടപ്പെട്ടാണ്. രണ്ട് പേർക്കും കൃഷി ജാഗരൺ സംഘടിപ്പിച്ച മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സിൽ നാഷണൽ ലെവലിൽ അവാർഡ്സ് ലഭിച്ചിട്ടുണ്ട്.
വയനാട് പുൽപ്പള്ളി, ശശിമല സ്വദേശിയാണ് റോയ്. അറബിക്ക ഇനത്തിൽപെട്ട കാപ്പി വികസിപ്പിച്ചെടുത്ത് റബ്ബർ കൃഷിയിടത്തിൽ ഇടവിളയായാണ് കൃഷി ചെയ്യുന്നത്. റോയീസ് ഹൈടെക് ഹൈബ്രിട് കാപ്പിനഴ്സറിയുടെ ഉടമസ്ഥനായ ഇദ്ദേഹം സ്വയം വികസിപ്പിച്ചെടുത്ത ഇനമാണ് 'റോയീസ് സെലക്ഷൻ' ഇപ്പോഴത് കേരളത്തിലെ റബ്ബർ കർഷകർക്കിടയിൽ സുപരിചിതവുമാണ്. ഏറ്റവും നല്ല വില കിട്ടുന്ന കാർഷികോത്പന്നങ്ങളിലൊന്നാണ് കാപ്പി, അത്കൊണ്ട് റബ്ബർ കർഷകർക്ക് കണ്ണും പൂട്ടി 'റോയീസ് സെലക്ഷൻ' തിരഞ്ഞെടുക്കാം. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി പ്രായോഗികമാണ്.
കാപ്പി, കുരുമുളക്, മുരിങ്ങ, കപ്പ, ഇഞ്ചി, ചോളം, കവുങ്ങ്, കൊക്കോ, വാഴ, തീറ്റപ്പുൽകൃഷി, കന്നുകാലികൾ എന്നിങ്ങനെ എല്ലാം കൊണ്ടും സമ്പന്നമാണ് റോയുടെ ഫാം, എന്നാലൊരു പ്രത്യേകത റോയിയുടെ കൃഷിക്കുണ്ട് ഇവയെല്ലാം വളരുന്നത് ഒന്ന് മറ്റൊന്നിന് താങ്ങായാണ്. കാപ്പിയും കുരുമുളകും വളരുന്നതിന് റബ്ബർ വേണം. നെൽകൃഷി ചെയ്തിരുന്ന നിലത്ത് ഇപ്പോൾ കൃഷി ചെയ്യുന്നത് ഇഞ്ചിയും ഇടവിളയായി ചോളവും. കവുങ്ങും അതിൻ്റെ ഇടവിളയായി കൊക്കോയും, റബ്ബർ തൈകൾക്കിടയിൽ ഇടവിളയായി കൃഷി ചെയ്യുന്നതോ വാഴയും! ഇതിനൊക്കെയുള്ള വെള്ളം അരയേക്കർ കുളത്തിൽ നിന്ന് ലഭിക്കും.
ഒരേക്കർ റബ്ബർ തോട്ടത്തിൽ 1800 കാപ്പി ചെടികൾ വരെ നടാനാകും. 18 മാസം കഴിഞ്ഞാൽ കാപ്പി കായ്ക്കും. 1 കിലോ വരെ ഉണങ്ങിയ കാപ്പിക്കുരു 3ാം വർഷം മുതൽ ലഭിച്ച് തുടങ്ങും, കാപ്പിക്കുരുവിന് എ ഗ്രേഡ് നിലവാരമാണുള്ളത്, അത്കൊണ്ട് തന്നെ ഉയർന്ന വിലയും ലഭിക്കുന്നു. ഇപ്പോഴത്തെ വിപണി വില അനുസരിച്ച് ഒന്നര ലക്ഷം രൂപയാണ് കാപ്പിയിൽ നിന്നും മാത്രം വരുമാനം ലഭിക്കുക.
മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിലെ കർഷകനായ അബ്ദുൾ ലത്തീഫ് 12 വർഷം മുന്നേ കേന്ദ സർവീസിൽ നിന്നും വി.ആർ. എസ് എടുത്തിട്ടാണ് കൃഷിയിലേക്ക് ഇറങ്ങിയത്. 100 ഏക്കർ പാടം ലീസിന് എടുത്തും, പശുക്കളും, ആടും, കോഴികളും അടങ്ങിയ സമ്മിശ്ര കൃഷിയാണ് ലത്തീഫ് ചെയ്യുന്നത്. കൂടാതെ ഡയറി ഫാമിൽ നിന്നും പാൽ, തൈര്, നെയ്യ് എന്നിങ്ങനെയുള്ള മൂല്യവർധിത ഉത്പന്നങ്ങളും കോഴിമുട്ടയും വിൽക്കുന്നുണ്ട്. പാരമ്പര്യമായി തന്നെ കൃഷി കുടുംബമാണ് ലത്തീഫിൻ്റെ, അത്കൊണ്ട് തന്നെ കൃഷിയിൽ പണ്ട് മുതൽക്ക് തന്നെ അറിവുണ്ടായിരുന്നു.
ഏത് കൃഷി ചെയ്താലും ഏറ്റവും പ്രധാനം മാർക്കറ്റിംഗാണ് എന്നാണ് ലത്തീഫിൻ്റെ അഭിപ്രായം. നെല്ല് കൃഷി ചെയ്യാൻ പറ്റുന്നതും പാൽ ഉത്പാദിപ്പിക്കുന്നതും സപ്ലൈക്കോയും സൊസൈറ്റികളും ഉള്ളത് കൊണ്ടാണ്. എന്നാൽത പച്ചക്കറിയിൽ അത് വ്യത്യാസമാണ് അതിന് കാരണം തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതിക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. മാത്രമല്ല ഏത് കൃഷിയിലേക്ക് ഇറങ്ങുന്നതിനും മുമ്പും വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. ഏത് കൃഷിയിൽ നിന്നാണ് ലാഭം കിട്ടുന്നത് എന്ന് നോക്കി കൃഷി വർധിപ്പിക്കുന്നതാണ് എപ്പോഴും നല്ലത്. വ്യത്യസ്തത കൂട്ടി അളവ് കുറയ്ക്കുന്നത് കൃഷിയിലെ മാർക്കറ്റിംഗിന് സഹായിക്കും എന്ന് പറയുന്നു ലത്തീഫ്.
Share your comments