Features

ഇന്ന് കർഷകദിനം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കയിൽ മലയാള കാർഷിക സംസ്കൃതി

Farmer
കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ആശങ്കയിൽ ആണ് കേരളം കർഷക ദിനം ആചരിക്കുന്നത്

ചിങ്ങം ഒന്ന് മലയാള ആണ്ടിന്റെ പുതുവർഷ പിറവിയാണ്. വറുതിയുടെ കർക്കിടകം കഴിഞ്ഞ്, കാർഷിക സമൃദ്ധിയിലേക്കും ഓണത്തിലേക്കും കടക്കുന്നതിനാൽ തന്നെയാവണം 'പൊന്നിൻ ചിങ്ങം' എന്നൊക്കെയുള്ള പ്രയോഗങ്ങൾ രൂപപ്പെട്ടു വന്നത്. കാലാന്തരത്തിൽ കാർഷിക സംസ്‌കൃതിയ്ക്കും കാലാവസ്ഥയ്ക്കും മാറ്റം വന്നു. ആധുനിക മലയാളിയെ സംബധിച്ചിടത്തോളം ചിങ്ങം ഒന്ന് കർഷക ദിനവും ചിങ്ങം മലയാള ഭാഷാ മാസവുമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ തന്നെ ഇത്തവണ പുതുവർഷ ആഘോഷവും കർഷക ദിന ആചരണവും പതിവ് പൊലിമയിൽ ഇല്ല. ചിങ്ങമാസത്തിന്റെ സവിശേഷത കൊയ്ത്താണ്.

വയലിൽ നിന്നും നെല്ലുകൾ പത്തായങ്ങളിലേക്ക് നിറയുന്ന സമൃദ്ധിയുടെ കാലം. ക്ഷേത്രങ്ങളിലും മറ്റും നടക്കുന്ന 'പത്തായം നിറ' പോലുള്ള അനുഷ്ഠാനങ്ങൾ ഈ സമൃദ്ധിയുടെ ബാക്കി പത്രങ്ങൾ ആണ്. കാലാവസ്ഥാ വ്യതിയാനം കള്ളക്കർക്കിടകത്തെ ഇല്ലായ്മ ചെയ്തു. ഒപ്പം നിറ പുത്തരിയും ഓണ സമൃദ്ധിയും നിറഞ്ഞ ചിങ്ങത്തെ പേമാരിയിലും പ്രളയത്തിലും മുക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ആശങ്കയിൽ ആണ് കേരളം കർഷക ദിനം ആചരിക്കുന്നത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ആഗോള താപനില 0.74 ഡിഗ്രി സെല്‍ഷ്യസ് ആണ് വർധിച്ചത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ താപവര്‍ധന 1.4-4 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചൂട് വർധിക്കുന്നത് മഴയുടെ താളം തെറ്റിക്കുകയും മരുവത്കരണത്തിന് കാരണമാവുകയും ചെയ്യും. കാലാവസ്ഥയിലെ ഈ മാറ്റം ഏറ്റവും അധികം ബാധിക്കുക കൃഷിയെ ആയിരിക്കും. പരമ്പരാഗത കാർഷിക കലണ്ടറുകൾ ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്ന രീതികൾ തകിടം മറിയും.

ഇത് വിള ശോഷണത്തിനും ഭക്ഷ്യ ക്ഷാമത്തിനും പട്ടിണിക്കും തന്നെ കാരണമായേക്കും. 1996- 2003 കാലഘട്ടത്തിൽ ആ ഗോള ഭക്ഷ്യോത്പാദനം 1800 മില്യന്‍ ടണ്‍ ആയിരുന്നു. ഇതിൽ പത്ത് ശതമാനം കുറവാണ് ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തോതിൽ പോകുകയാണെങ്കിൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മുപ്പത് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച്, അതിനെ പ്രതിരോധിച്ചുകൊണ്ട് കൃഷിയും മാറിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടന മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യ ക്ഷാമം ഉണ്ടാവുന്നു എന്നതിനോടൊപ്പം കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാവുന്നു എന്ന നിലയിൽ കൂടി വേണം ഇതിനെ സമീപിക്കാൻ. കാലാവസ്ഥാ വ്യതിയാനത്തിനെതിരായി യുദ്ധകാലാടിസ്ഥാനത്തിൽ, ഹ്രസ്വ കാല - ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കാൻ സർക്കാരുകൾ തയ്യാറാകണം. ഒപ്പം തന്നെ നവീന കൃഷിരീതികളും കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന വിളകളും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാൻ കർഷകരും തയ്യാറാകണം. കഴിഞ്ഞ കാലത്തിന്റെ ഗൃഹാതുര കാർഷിക സമൃദ്ധികളെക്കുറിച്ച് ഓർത്ത് വൃഥാ നെടുവീർപ്പിടുന്നതിനു പകരം കൃത്യമായ പദ്ധതികളിലൂടെ മുന്നോട്ട് പോകാൻ നമ്മുടെ കർഷകർക്ക് കരുത്തുപകരുന്നതാകട്ടെ ഓരോ കർഷക ദിനങ്ങളും.


English Summary: Today is Farmers' Day: Malayalam Agricultural Culture Concerns About Climate Change

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds