കടകളിൽ നിന്ന്കട് ലറ്റ് വാങ്ങി കഴിക്കുമ്പോൾ തക്കാളി സോസ് കൂട്ടിക്കഴിക്കുക എന്ന് പലർക്കും നിർബന്ധമുള്ള കാര്യമാണ്. അല്ലെങ്കിൽ ഫ്രൈഡ് റൈസ് അങ്ങനെ ഏതിനും സോസ് ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണ് കടകളിൽ. ഇങ്ങനെ സോസ് (sauce ) ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്,നിങ്ങൾ വാങ്ങി ഉപയോഗിക്കുന്ന സോസിൽ അതിൽ പറഞ്ഞിരിക്കുന്ന സാധനം ( തക്കാളി, ചില്ലി തുടങ്ങിയവ ) ഉണ്ടായിരിക്കുവാൻ 95 ശതമാനവും സാധ്യതയില്ല ! ഇനി ചില കമ്പനികൾ അവ ചെറിയ അളവിൽ ചേർക്കുന്നുണ്ടോ എന്നത് അറിയില്ല. യഥാര്‍ത്ഥ തക്കാളി ചേര്‍ത്ത് സോസ് നിർമ്മിക്കുന്ന കമ്പനികൾ ഇന്ത്യയിലുണ്ടായിരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സുഹൃത്തിന്റെ സോസ് കമ്പനി കണ്ടതോടെയാണ് സോസിലേയും ജാമുകളിലേയുമൊക്കെ യഥാർത്ഥ ചേരുവകൾ മനസ്സിലായത്. ഇന്ത്യയിലെ അതിപ്രശസ്തമായ ഒരു സോസ് / ജാം മാനുഫാക്ച്ചറിംഗ് കമ്പനിയിൽനിന്നുള്ള ആളുകളുടെ സഹായത്തോടെയാണ് അവൻ കമ്പനി തുടങ്ങിയത്. ആദ്യത്തെ ഒരാഴ്ച പ്രൊഡക്ഷനെടുത്തു നൽകിയത് ആ കമ്പനിയിൽനിന്നുള്ളവരായിരുന്നു.
തക്കാളി സോസിൽ "പേരിൽ" മാത്രമേ തക്കാളിയുള്ളൂ എന്നറിഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടുകതന്നെ ചെയ്തു.
മത്തങ്ങ നാലായി മുറിച്ചു തൊലിയോ കുരുവോ കളയാതെ പുഴുങ്ങി മെഷീനിൽ അരച്ചെടുക്കുന്ന പൾപ്പ് അരിച്ചെടുത്തശേഷം അതിൽ നൂറ് ലിറ്ററിന് ഏതാനുംതുള്ളി ( രണ്ടുമുതൽ അഞ്ചു തുള്ളിവരെയാണെന്നാണ് ഓർമ്മ ) തക്കാളി എസ്സൻസ് ചേർക്കുന്നതോടെ മത്തങ്ങ തക്കാളിയായി മാറുന്നു !
എല്ലാം എസ്സെൻസിന്റെ ഗുണം !! ലേബലിൽമാത്രം തക്കാളിയുടെ പടവും പേരും കാണാം... ഉള്ളിൽ എസ്സെൻസ് ചേർത്ത മത്തങ്ങ തന്നെയാണ് മിക്ക സോസിലും !
അതിനൊപ്പം മറ്റുചില സാധനങ്ങൾകൂടി ചേർക്കുന്നുണ്ട്. സാക്രിനും അജിനോമോട്ടോയും കളറുമൊക്കെ ആവശ്യത്തിന് ചേർക്കുമ്പോൾ മത്തങ്ങ തനി തക്കാളിസോസായി മാറുന്നു. അത് നമ്മൾ വാങ്ങുന്നു , മനസ്സമാധാനത്തോടെ കഴിക്കുന്നു... ജീവിതം ജിങ്കലാല !
പൈനാപ്പിൾ ജാമുണ്ടാക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ രോമാഞ്ചമനുഭവപ്പെട്ടു.
പപ്പായയാണ് ജാമുകളിലെ മുഖ്യ വിഭവം. തൊലിയൊക്കെ ചെത്തി വൃത്തിയാക്കാനൊന്നും കമ്പനിക്കാർക്ക് യാതൊരു താൽപ്പര്യവും കാണില്ലെന്നോർക്കുക.
പച്ച പപ്പായ പുഴുങ്ങി അരച്ച് പൾപ്പാക്കിയെടുക്കുന്നതിൽ പൈനാപ്പിളിന്റെ ഏതാനും തുള്ളി എസ്സെൻസ് ചേർത്താൽ പൈനാപ്പിൾ ജാമായി ! ഇനി മിക്സ് ഫ്രൂട്ടിന്റെ എസ്സെൻസാണ് ചേർക്കുന്നതെങ്കിൽ പപ്പായയുടൻതന്നെ മിക്സ് ഫ്രൂട്ടാകും ! ഓറഞ്ചിന്റെയോ മാങ്ങയുടെയോ എസ്സെൻസ് ചേർത്താൽ പപ്പായ നിമിഷത്തിനുള്ളിൽ ഓറഞ്ചോ മാങ്ങയോയായി രൂപാന്തരം പ്രാപിക്കും ! അജിനോമോട്ടോ, സാക്രിൻ, കളർ എന്നിവ ചേർക്കുന്നതോടെ കുപ്പിയുടെ പുറത്തോട്ടിച്ച ലേബലിലെ ചിത്രത്തിലുള്ള പഴവർഗ്ഗത്തിന്റെ ജാമായി പാവം പപ്പായ രൂപാന്തരം പ്രാപിക്കുന്നു...
ഒരുതരം കൂടുവിട്ട് കൂടുമാറൽ പ്രക്രിയയാണത് !
പപ്പായയായി ജനിച്ചുവളർന്ന് ജാമുകളിൽ മറ്റ് പഴവർഗ്ഗങ്ങളായി മാറുന്നതോടെ പപ്പായയുടെ ആത്മാവ് ഗതികിട്ടാ പ്രേതമായി മാറുന്നു ! അതുപോലെതന്നെ പാവം മത്തങ്ങയും തക്കാളിയായി നമ്മുടെ തീൻമേശയെ അലങ്കരിക്കാൻ വിധിക്കപ്പെടുന്നു...
ഇവയ്ക്കിടയിലും
ഒറിജിനൽ തക്കാളിയും പഴവർഗ്ഗങ്ങളും ചേര്‍ത്ത് സോസും ജാമുമൊക്കെ ഉണ്ടാക്കുന്ന കമ്പനികൾ നമ്മുടെ നാട്ടിൽ കാണുമായിരിക്കും. എന്നാൽ അല്ലാത്തവയുമുണ്ടാവാം .
Share your comments