<
Features

അനന്തപദ്മനാഭനൊരു സീറോ ബജറ്റ് നിവേദ്യം

lotus lake

ലോകോത്തര നിധിയുടെ നാഥനായ തിരുവനന്തപുരം വാഴും ശ്രീ പദ്മനാഭനൊരു ആമുഖത്തിന്റെ ആവശ്യമില്ല. നാഭിയില്‍ സ്വന്തമായി പത്മമുണ്ടെങ്കിലും വെളളായണിക്കായലോളങ്ങള്‍ ഊട്ടി വലുതാക്കിയ നറു താമര മൊട്ടുകള്‍ ഭഗവാന് വലിയ ഇഷ്ടമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭരണകാലം മുതല്‍ ഭഗവാന്റെ സ്വന്തം താമരക്കുളമാണ് കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമായ വെളളായണിക്കായല്‍. അതുകൊണ്ടു കൂടിയാണ് പത്മനാഭദാസപരമ്പരയിലെ കണ്ണിയായ റീജന്റ് മഹാറാണി പൂരാടം തിരുനാള്‍ സേതുലക്ഷ്മി ഭായി തമ്പുരാട്ടി 1930-ല്‍ തന്റെ വിശ്രമവസതിയായ 'ലളിന്‍ഡോക്ക്' കൊട്ടാരം ഈ തടാകക്കരയില്‍ തന്നെ പണിതീര്‍ത്തതെന്നത് ചരിത്രം. ഈ കൊട്ടാരമാണ് സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പ്രഥമകാര്‍ഷിക കോളേജായി മേക്കോവര്‍ നടത്തിയത്.

തലസ്ഥാനനഗരിയില്‍ നിന്ന് വെറും ഒമ്പത് കിലോമീറ്ററും കോവളം അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററും ദൂരം മാത്രമെ ഉളളൂ എങ്കിലും, ഒരു ഗ്രാമത്തിന്റെ എല്ലാ പരിശുദ്ധിയും ഇന്നും കാത്തു സൂക്ഷിക്കുന്നതാണ് ഈ പ്രദേശത്തിന്റെ മഹത്വം. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഇവിടെ വളര്‍ന്നു വിടര്‍ന്നിരുന്ന താമരമൊട്ടുകള്‍ ഇന്നും സമൃദ്ധമായി കാണാനാകും. അവ ഇറുത്ത് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒട്ടനവധി ഗ്രാമീണര്‍ ഈ പ്രദേശത്തുണ്ട്. പക്ഷേ താമരപ്പൂക്കളേക്കാള്‍ അവര്‍ക്കിഷ്ടം അമ്പിളിവട്ടം പോലുളള താമരയിലകളെയാണ്.

 

vellayani college

ഒരു താമരമൊട്ടിന് ഒരു രൂപ കിട്ടുമ്പോള്‍ ഒരു ഇലയ്ക്ക് വെറും ഇരുപത്തിയഞ്ചു പൈസ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക. എന്നാല്‍ പൂക്കള്‍ സീസണില്‍ മാത്രമെ ഉണ്ടാകൂ. പക്ഷേ ഇലകളില്‍ നിന്നുളള നിശ്ചിത വരുമാനം എല്ലാകാലവും എല്ലാ ദിവസവും വെളളായണിക്കായല്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. നൂറെണ്ണത്തിന്റെ കെട്ടുകളായാണ് താമരയിലകള്‍ മൊത്തവ്യാപാരികളും സ്ഥിരം പൂക്കച്ചവടക്കാരും വാങ്ങുക പതിവ്. 

എങ്കിലും താമര ഇവിടെയാരും നട്ടു പരിപാലിക്കുന്നതേയില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. ഇരുപതിലധികം ചെറുതും വലുതുമായ തോടുകളിലൂടെ ചുറ്റുമുളള പാടശേഖരങ്ങളില്‍ നിന്നുമൊഴുകിയെത്തുന്ന വളാംശമുളള ജലം ഇവയെ പരിപോഷിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ് വിത്തിനോ വളത്തിനോ കീടനാശിനിക്കോ നിലം തയ്യാറാക്കാനോ വേണ്ടി ഒരു പൈസ പോലും ചെലവാക്കാത്ത വെളളായണിയിലെ താമര സമൃദ്ധി സീറോ ബജറ്റ് കൃഷിയുടെ ഒരു ഉത്തമ വകഭേദമാണെന്ന് പറയേണ്ടി വരുന്നത്.

lotus harvesting

രണ്ടോ മൂന്നോ ആള്‍ക്കാര്‍ ചേര്‍ന്ന ചെറുസംഘങ്ങള്‍ രാവിലെയും വൈകുന്നേരവും ചെറുവളളങ്ങളില്‍ നടത്തുന്ന വിളവെടുപ്പ് ഈ പ്രദേശത്തേക്ക് 34 ലക്ഷത്തിലധികം രൂപയാണ് പ്രതിവര്‍ഷം കൊണ്ട് വരുന്നതെന്നാണ് രണ്ട് വര്‍ഷം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. ദേശാടനക്കിളികളുടെ കളകളാരവം കേട്ട് പളളിയുണരുന്ന വെളളായണിക്കായലിലെ താമരമൊട്ടുകള്‍ ഭഗവാന് പരിമളവും നാട്ടുകാര്‍ക്ക് പണവും എന്നെന്നും നല്‍കുന്ന നിത്യസ്രോതസുകളായി പരിണമിച്ചിരിക്കുന്നു.


ഡോ. ചിഞ്ചു വെളളായണി
കൃഷി ഓഫീസര്‍, മുണ്ടേരി, കണ്ണൂര്‍


English Summary: Vellayani Lake Lotus Farm

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds