<
Government Schemes

കൈയിൽ പണമില്ലെങ്കിലും ബിസിനസ് തുടങ്ങിക്കോളൂ... കൈത്താങ്ങായി ESS

എന്റട്രപ്രണർ സപ്പോർട്ട് സ്കീം
എന്റട്രപ്രണർ സപ്പോർട്ട് സ്കീം

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഇ.എസ്.എസ് അഥവാ എന്റട്രപ്രണർ സപ്പോർട്ട് സ്കീം.

വ്യത്യസ്ത വിഭാഗങ്ങളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന നവസംരംഭകരെ ആകർഷിക്കുന്നതിനായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാം. ഈ പദ്ധതിയിലൂടെ ഒരു സംരഭകന് സ്ഥിര മൂലധനത്തിന്റെ 55 ശതമാനം വരെ സബ്സിഡിയായി ലഭിക്കും.

ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് സംരഭകന്റെ കൈയിൽ പണം ഉണ്ടായിരിക്കണമെന്നത് നിർബന്ധമില്ല. പകരം തുടങ്ങാൻ പോകുന്ന സംരഭത്തിനെ കുറിച്ച് ക്യത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഈ സബ്സിഡി തുക മുൻകൂർ വാങ്ങി ബിസിനസ് ചെയ്യാം. സംരഭത്തിൽ കാര്യക്ഷമരായുള്ള അപേക്ഷകർക്ക് മുൻകൂറായി വേണമെങ്കിലും സബ്സിഡി നൽകുന്നതിന് സർക്കാർ വ്യവസ്ഥകളുണ്ട്.

ഇ.എസ്.എസിന് എങ്ങനെ അപേക്ഷിക്കാം?

ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി എന്റട്രപ്രണർ സപ്പോർട്ട് സ്കീമിൽ അപേക്ഷ സമർപ്പിക്കാം. നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്ന അപേക്ഷകനാണ് എന്ന് പരിശോധിച്ചതിന് ശേഷമാണ് നിങ്ങളുടെ സബ്സിഡി നിർണയിക്കുന്നത്. പ്രോജക്ട് റിപ്പോർട്ട് ആധാരമാക്കി ഒരാൾക്ക് എത്ര സബ്സിഡി ലഭിക്കുമെന്ന് അതാത് ജില്ലാ വ്യവസായ ഓഫിസർമാർ അറിയിക്കും.

സബ്സിഡി തുക അപേക്ഷകന് മുൻകൂറായി നൽകുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കാണ് ചുമതല. ഇ.എസ്.എസ്സിന്റെ വിജയ സാധ്യത ജില്ലാ വ്യവസായ ഓഫിസർ വിലയിരുത്തിയതിന് ശേഷമാണ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ തുക സംരഭകന് കൈമാറുക.

പദ്ധതിയ്ക്ക് ചെലവാകുന്ന തുകയുടെ പകുതിയോ മൂന്ന് ലക്ഷമോ ഏതാണ്  കുറവ്, ആ തുകയാണ് മുൻകൂർ പണമായി നൽകുന്നത്.

ബാക്കി സബ്സിഡി

മുൻകൂറായി നൽകിയ പണം ഉപയോഗിച്ച് സംരഭകന് തന്റെ ബിസിനസ് ആരംഭിക്കാം. ഉൽപാദനം തുടങ്ങി ഒരു വർഷത്തിനകം ബാക്കി സബ്സിഡിയ്ക്ക് വേണ്ടി അപേക്ഷിക്കാം. അതായത്, സംരഭം തുടങ്ങി ഒന്നോ രണ്ടോ മാസത്തിനകം തന്നെ ബാക്കി സബ്സിഡിക്ക് അപേക്ഷിക്കുന്നതാണ് നല്ലത്.

അപേക്ഷകൻ സമർപ്പിക്കുന്ന ഓരോ രേഖകളും കൃത്യമായി സൂക്ഷിച്ചുവക്കണം. ഈ രേഖകളിൽ അപൂർണമോ തെറ്റോ കണ്ടെത്തിയാൽ, സബ്സിഡി അപേക്ഷ തിരസ്കരിക്കപ്പെടും. കൂടാതെ, ഒരു വർഷത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകളും റദ്ദാക്കപ്പെടും.

എന്റട്രപ്രണർ സപ്പോർട്ട് സ്കീമിന്റെ ഭാഗമായി ലഭ്യമാകുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. കേരള സർക്കാർ സംരഭകർക്കായി നടത്തിവരുന്ന ഈ പദ്ധതിയുടെ സേവനം കേരളത്തിലെ ഉൽപാദന യൂണിറ്റിന് വേണ്ടി മാത്രമുള്ളതാണെന്നും നിബന്ധനയുണ്ട്.

  • പദ്ധതിയിലൂടെയുള്ള സബ്സിഡി പ്രദേശത്തിന് അനുസരിച്ചും അപേക്ഷകൻ ഏത് വിഭാഗത്തിൽ നിന്നുള്ളതാണെന്ന് അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും.
  • സാധാരണ ഒരു സംരംഭകന്  സ്ഥിര മൂലധനത്തിന്റെ 15 ശതമാനം തുക സബ്സിഡി നൽകുന്നു.
  • പത്തനംതിട്ട, ഇടുക്കി, വയനാട്,  കാസർകോഡ് എന്നീ പിന്നാക്ക ജില്ലകളിൽ സംരംഭം തുടങ്ങുന്നവർക്ക് 25 ശതമാനം സബ്സിഡി ലഭിക്കും.
  • 45 വയസ്സിന് താഴെ പ്രായമുള്ള യുവസംരംഭകർക്കും വനിതകൾക്കും 25 ശതമാനമാണ് സബ്സിഡി.
  • പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് 25 ശതമാനം തന്നെ സബ്സിഡി കിട്ടും. ഇവർ പിന്നാക്ക ജില്ലകളിൽ കൂടിയാണെങ്കിൽ 35 ശതമാനമാണ്  സബ്സിഡി തുക.

ഏതെങ്കിലും ഗവേഷണ ഏജൻസികളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച്  തുടങ്ങുന്ന സംരംഭത്തിന് 10 ശതമാനം അധിക സബ്സിഡിയുണ്ട്.

കാർഷിക മേഖല, ഭക്ഷ്യ സംസ്കരണം, പ്രകൃതിദത്ത റബ്ബർ ഉൽപന്നങ്ങൾ, ബയോടെക് ഉൽപന്നങ്ങൾ, റെഡിമെയ്ഡ്, ടെക്സ്റ്റൈൽസ്, തുടങ്ങിയ ഊന്നൽ മേഖലൾക്ക് പദ്ധതിയിലൂടെ 10 ശതമാനം കൂടുതൽ സബ്സിഡി നൽകുന്നുണ്ട്. ഇവയ്ക്കൊപ്പം, അതാത് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നൽകുന്ന മാർഗനിർദേശങ്ങളും കൃത്യമായി പിന്തുടർന്ന് വേണം സബ്സിഡി വാങ്ങേണ്ടത്.


English Summary: Kerala's entrepreneur support scheme for micro, small and medium enterprises

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds