Health & Herbs

ജനിച്ച കുഞ്ഞിൻറെ ഉറക്കം മുതൽ മരുന്ന് നൽകുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങളുടെ അമ്മ

പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മമാരുടെ സംശയങ്ങളും ഉത്തരങ്ങളും

1. കുഞ്ഞിൻെറ പൊക്കിൾക്കൊടി സംരക്ഷണം എങ്ങനെ വേണം?

പ്രസവിച്ച ഉടൻ ആശുപ്രതിയിൽ നിന്നു പൊക്കിൾ കൊടി മുറിച്ച്, രക്തവാർച്ച നിൽക്കുവാൻ ‘ക്ലിപ്’ (clip) ചെയ്തിട്ടുണ്ടാകും. കുഞ്ഞിന്റെ ശരീരത്തിൽ ഒട്ടാകെ 200-210 മി.ലിറ്റർ രക്തം മാത്രം ഉള്ളതിനാൽ ഒരോ തുള്ളിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു പൊക്കിൾ കൊടിയിൽ നിന്നു ചെറിയ തോതിലെങ്കിലും രക്തവാർച്ച ഉണ്ടെങ്കിൽ നഴ്സിനെയോ, ഡോക്ടറെയോ ഉടൻ അറിയിക്കണം. സാധാരണ ഗതിയിൽ 7–10 ദിവസത്തിനുള്ളിൽ പൊക്കിൾകൊടി ഉണങ്ങി താേന വീണുപോവും. പത്തു ദിവസം കഴിഞ്ഞിട്ടും പൊക്കിൾകൊടി വീഴുന്നില്ലെങ്കിൽ അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം. പൊക്കിൾകൊടി മുറിച്ചുകളഞ്ഞ ഭാഗത്തു ഓയിൻമെന്റുകളും മറ്റു ലേപനങ്ങളും ആവശ്യമില്ല. വൃത്തിയായി സൂക്ഷിച്ചാൽ മാത്രം മതി. പൊക്കിളിനു ചുറ്റും ചുവപ്പു വൃത്തം കണ്ടാലും അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം.

2. മുലകുടിക്കുന്ന കുട്ടിക്കു തിളപ്പിച്ചാറ്റിയ വെള്ളം നൽകേണ്ടതുണ്ടോ? പ്രത്യേകിച്ചു വേനൽക്കാലത്ത്?

സാധാരണഗതിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിന്റെ ശരീരത്തിൽ ധാരാളം ജലം ഉണ്ടാകും. അതിനാൽ മുലപ്പാലിൻെറ അളവ് കുറഞ്ഞാലും കുഞ്ഞിനു ജലാംശശോഷണം (Dehydration) ഉണ്ടാവില്ല. ഇരുപത്തിനാലു മണിക്കൂറിനകം കുഞ്ഞു നന്നായി മുല കുടിക്കാൻ തുടങ്ങിയാൽ പാൽ സ്രവിക്കാൻ തുടങ്ങും. ദിവസേന (ഉദാ: രാവിലെ എട്ടു മുതൽ പിറ്റേ ദിവസം രാവിലെ എട്ടുമണി വരെ) ആറു പ്രാവശ്യമെങ്കിലും മൂത്രമൊഴിച്ചാൽ കുഞ്ഞിന് ആവശ്യമുള്ള പാൽ കിട്ടുന്നുണ്ടെന്നുറപ്പിക്കാം. തിളപ്പിച്ചാറിയ വെള്ളത്തിന്റെ ആവശ്യം സാധാരണഗതിയിൽ ഉണ്ടാവാറില്ല. പാൽ നന്നായി സ്രവിക്കുവാൻവൈകിയാൽ നേർത്ത പഞ്ചസാര/കൽക്കണ്ടം ലായിനിയോ മറ്റോ നൽകുന്നതാണുത്തമം. കുഞ്ഞിന്റെ രക്തത്തിൽ പഞ്ചസാര കുറയാതെ(hypoglycemia) നോക്കേണ്ടത് അത്യാവശ്യമാണ്.

3.കുഞ്ഞിന് പാൽ മതിയാവുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

കുഞ്ഞു പാൽ കുടിക്കുവാൻ തുടങ്ങിയാൽ വായ മുലയിൽ നിന്ന് എടുക്കാതെ തുടർച്ചയായി 4–5 മിനിറ്റുകൾ വലിച്ചുെകാണ്ടിരിക്കും. വയറുനിറഞ്ഞ കുട്ടി പിന്നീട് മുലക്കണ്ണ് വായിൽവയ്ക്കാതെ പുറത്തേക്ക് തള്ളുകയോ, കളിക്കുവാൻ ആരംഭിക്കുകയോ, ഉറങ്ങിപ്പോവുകയോ ചെയ്യും. ശാസ്ത്രീയമായി പാൽ മതിയാവുന്നുണ്ടോ എന്നു തിരിച്ചറിയുന്നതു ദിവസേന 30–40 ഗ്രാം ശരീരഭാരം വർധിക്കുന്നുണ്ടോ എന്നുനോക്കിയാണ്.

4.തൊട്ടിലിൽ കിടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

നവജാതശിശുവിനെ കഴിയുന്നതും തൊട്ടിലിൽ കിടത്താതിരിക്കുന്നതാണ് ഉത്തമം. അമ്മയുടെ വയറിനോടു ചേർത്താണു കുഞ്ഞിനെ കിടത്തേണ്ടത്. തൊട്ടിലിൽ കിടത്തിയാൽ കുഞ്ഞിന്റെ ചെറിയ അസ്വാസ്ഥ്യങ്ങളും ബുദ്ധിമുട്ടുകളും അമ്മയ്ക്ക് തിരിച്ചറിയാൻ കഴിയില്ല. തൊട്ടിലിൽ ആടി ശീലിച്ച കുട്ടി ആട്ടം നില്ക്കുമ്പോൾ കരയുകയും വിമ്മിഷ്ടപ്പെടുകയും ചെയ്തേക്കാം.

5. കുഞ്ഞ് കമിഴ്ന്ന് കിടന്നുറങ്ങുന്നതിൽ പ്രശ്നമുണ്ടോ?

കുഞ്ഞിനെ കമിഴ്ത്തികിടത്തിയുറക്കുന്നതിൽ ഒരു തെറ്റുമില്ല. ശ്വാസതടസ്സം ഉണ്ടാവുകയാണെങ്കിൽ കുഞ്ഞ് അതനുസരിച്ചു തല സ്വയമേവ മാറ്റിവച്ചു കൊള്ളും. കരയുന്ന കുട്ടിയെ കമിഴ്ത്തി കിടത്തി പുറത്തു തട്ടിയാൽ കരച്ചിൽ പെട്ടെന്നു മാറുന്നതു സാധാരണ കാഴ്ചയാണ്.

6. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്?

ജനിച്ച ഉടൻ കുഞ്ഞിനെ കുളിപ്പിക്കേണ്ട ആവശ്യമില്ല. നനഞ്ഞ പഞ്ഞിയോ തുണിയോ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുകയാണ് ഉത്തമം. രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം കുളിപ്പിക്കാം. കുളിപ്പിക്കുന്ന മുറിയിൽ ഫാൻ പാടില്ല. ശരീരത്തിൽ എണ്ണ പുരട്ടാമെങ്കിലും കാലുകളുെടയോ കൈകളുടെയോ വളവിന് ഉഴിച്ചിലോ തിരുമ്മലോ ഫലപ്രദമല്ല. തലയും മുഖവുമാണ് ആദ്യം കഴുകേണ്ടത്. ഇളം ചൂടുള്ള വെള്ളമാണുത്തമം. സോപ്പ് ഉപയോഗിക്കരുത്. കുളിപ്പിക്കുവാൻ 5–8 മിനിറ്റുകളിൽ കൂടുതൽ സമയം എടുക്കാൻ പാടില്ല.

7. എന്താണ് കങ്കാരൂ റാപ്പിങ്?

അമ്മയ്ക്കു കുഞ്ഞിനെ എടുത്തുകൊണ്ടു രണ്ടുകൈകളും ഉപയോഗിച്ചു സ്വതന്ത്രമായി ജോലി ചെയ്യാൻ സഹായിക്കുന്ന രീതിയാണ് കങ്കാരു റാപ്പിങ്. വലിയുന്ന (stretchable cloth) തുണി രണ്ടു മീറ്റർ നീളത്തിൽ എടുത്ത് നെഞ്ചിൻകൂടിനു താഴെ (chest) അതിന്റെ മധ്യഭാഗം വരുന്ന രീതിയിൽ പിടിക്കണം. രണ്ടറ്റങ്ങളും രണ്ടു വശങ്ങളിൽ കൂട്ടി പിന്നോട്ടെടുത്ത് എതിർഭാഗത്തെ കൈക്കുഴ(Shoulder)യ്ക്കു മുന്നിലൂടെ മുന്നോട്ടിടണം. പുറത്ത് ഒരു 'X' ഷേപ്പ് ഉണ്ടാവുന്നത് കാണാം. തുടർന്നു കുഞ്ഞിനെ മുൻഭാഗത്തു തുണിക്കുള്ളിൽ നന്നായി വച്ചതിനുശേഷം രണ്ടുവശത്തു നിന്നും കുഞ്ഞിന്റെകൈക്കുഴകൾക്ക് മുകളിലൂടെ തുണി എതിർഭാഗത്തേക്ക് വലിക്കണം. അതിനുശേഷം രണ്ടറ്റങ്ങളും പിന്നിലേക്കെടുത്ത് കെട്ടിയതിനു ശേഷം വീണ്ടും മുന്നിലേക്കെടുത്ത് കെട്ടാം. കുഞ്ഞ് അമ്മയുടെ നെഞ്ചിൽ സമാധാനമായി പറ്റിപ്പിടിച്ചു കിടന്നുകൊള്ളും.

8. കുഞ്ഞിൻെറ കണ്ണിലെ പ്രശ്നങ്ങൾക്ക് മുലപ്പാൽ ഒഴിക്കാമോ?

നമ്മുെട നാട്ടിലെ വലിയൊരു തെറ്റിദ്ധാരണയാണിത്. ആദ്യത്തെ മഞ്ഞപ്പാലിൽ (കൊളസ്ട്രം) ധാരാളം രോഗപ്രതിരോധത്തിനുതകുന്ന വസ്തുക്കളുണ്ട്. ഐജിഎം ആൻറിബോഡികൾ, ലൈസോസൈം, ലാക്ടോഫെറിൻ, ലാക്ടോപെരോക്സിഡൈസ് തുടങ്ങിയ വസ്തുക്കളെല്ലാം പ്രതിരോധ പ്രവർത്തനത്തിന് കരുത്തു പകരുന്നവയാണ്. പക്ഷെ ഇവയൊന്നും സാധാരണ മുലപ്പാലില്ല. ലാക്ടാൽബുമിൻ എന്ന പ്രോട്ടീനും ലാക്ടോസ് എന്ന പഞ്ചസാരയുമാണ് സാധാരണ പാലിലെ പ്രധാനഘടകങ്ങൾ. ഇത് ഒഴിച്ചാൽ കണ്ണിലെ മുറിവ് പോലുള്ള പ്രശ്നങ്ങൾ ഗുരുതരമാവുകയേ ഉള്ളൂ. കണ്ണിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്നു ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.

9. കുഞ്ഞിനെ എടുക്കേണ്ട ശരിയായ രീതി എങ്ങനെയാണ്?

തോളിലിടുമ്പോൾ കുഞ്ഞിന്റെ കൈകൾ രണ്ടും അമ്മയുടെ കഴുത്തിനു പിന്നിൽ വീഴുന്ന രീതിയിൽ ഉയർത്തി എടുക്കണം. ഒരു കൈ കൊണ്ടു കുഞ്ഞിന്റെ തലയും പിൻഭാഗവും താങ്ങുകയും മറുകെ കുഞ്ഞിന്റെ ഉദരഭാഗത്തെ (Hip) താങ്ങുകയും വേണം.കൈകളിൽ തൂക്കി എടുക്കുന്നതു കഴിയുന്നതും ഒഴിവാക്കുകയാവും നല്ലത്.കൈക്കുഴയ്ക്ക് (shoulder) വേദനയോ വീക്കമോ വരാനിടയുണ്ട്. അപൂർവമായി
കൈക്കുഴ തെറ്റാനുള്ള സാധ്യത ഉണ്ട്.

10. കുഞ്ഞിൻെറ നാവിലെ പൂപ്പലിനു കാരണം എന്ത്?

ഓറൽ കാൻഡിഡിയാസിസ് (Oral candidiasis) എന്ന പൂപ്പൽ രോഗബാധയാണിത്. ആന്റിഫംഗൽ മരുന്നുകൾ കൃത്യമായി രണ്ടു മണിക്കൂർ ഇടവിട്ട് 5–7 ദിവസങ്ങൾ വായയിൽ തേച്ചുകൊടുക്കേണ്ടി വന്നേക്കാം. ഒപ്പം വൈറ്റമിൻ–സിങ്ക് തുള്ളിമരുന്നുകളും നൽകാറുണ്ട്.

11. നാപ്പിറാഷ് എങ്ങനെ പരിഹരിക്കാം?

ഡയപ്പർ ധരിക്കുന്നതുമൂലമുള്ള നാപ്പിറാഷ് പൂപ്പൽ രോഗബാധ തന്നെ. കുഞ്ഞിന്റെ തുടയിടുക്കിലാണ് സാധാരണയായി ഇതു കാണുക പതിവ്. കഴിയുന്നത്ര ആ ഭാഗം ജലാംശമില്ലാതെ സൂക്ഷിക്കണം. ആന്റിഫംഗൽ ഓയിന്റ്മെന്റുകളും പൗഡറുകളും വൈറ്റമിൻ–സിങ്ക് മരുന്നുകളും ഫലപ്രദമാണ്.

12. കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ നൽകാമോ?

ആറു മാസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ നൽകിത്തുടങ്ങാം. റാഗി (പഞ്ഞപ്പുല്ല്), ഉണക്കിയ പച്ചക്കായ, നിലക്കടല, ചെറുപയർ എന്നിവയൊക്കെ പൊടിച്ചു ശർക്കരയുമായി ചേർത്തുണ്ടാക്കുന്ന കുറുക്കുകൾ കുഞ്ഞിനാവശ്യമായ പോഷകങ്ങൾ നൽകും. ആറുമാസം കഴിഞ്ഞാൽ മുലപ്പാൽ നൽകുന്നതിന്റെ അളവ് പതുക്കെ കുറയ്ക്കാൻ ശ്രമിക്കണം. വിശപ്പറിഞ്ഞാൽ മാത്രമേ കുറുക്കുകൾക്കായി കുഞ്ഞു വായ തുറക്കുകയുള്ളൂ.

13. കുഞ്ഞു ഛർദിച്ചാൽ എന്തു ചെയ്യണം?

സാധാരണഗതിയിൽ കൊച്ചുകുഞ്ഞ് പാൽ കുടിച്ചുകഴിഞ്ഞ് ഗ്യാസ് കളയാനായി പുറത്തു തട്ടുമ്പോൾ ചെറിയ തോതിൽ പാൽ ഛർദിക്കാറുണ്ട്. ‘കക്കി’ കളയുക എന്ന് അതിനെ വിളിക്കാറുണ്ട്. പാൽ മാത്രം അല്പമൊക്കെ മൂന്നോ നാലോ തവണ ഛർദിച്ചാൽ പ്രശ്നമൊന്നുമില്ല. പക്ഷേ, ഛർദിയിൽ കടുത്ത മഞ്ഞനിറമോ, പച്ചനിറമോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. കുഞ്ഞിന് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുക. കുഞ്ഞു ഛർദിക്കുമ്പോൾ കുറേ ഭാഗം മൂക്കിലൂടെ പുറത്തുവരും. അതുവഴി കുഞ്ഞിനു ശ്വാസതടസ്സമുണ്ടാവാനിടയുണ്ട്. നമ്മുടെ വായ കുഞ്ഞിന്റെ മൂക്കിൽ വച്ചു ശക്തിയായി വലിച്ചാൽ ശ്വാസതടസ്സം നീക്കാം.

14. കുഞ്ഞിനെയും കൊണ്ടുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ടത്?

രണ്ടോ മൂന്നോ പഴയ തുണികളും നാപ്കിനുകളും കരുതണം. കുഞ്ഞു മലവിസർജനം നടത്തിയാൽ ഉടൻ അതു മാറ്റി പുതിയതു ധരിപ്പിക്കണം. ചെവിയിൽ കാറ്റടിക്കാതിരിക്കാൻ പാകത്തിൽ തൊപ്പികൾ ധരിപ്പിക്കണം. യാത്രയിൽ കുഞ്ഞിനെ കഴിയുന്നതും ഉറക്കാൻ ശ്രമിക്കണം. മടിയിൽ കിടത്തി തല അല്പം പൊക്കിവയ്ക്കുന്നതാണു നല്ലത്. മുല കൊടുക്കാൻ വയ്യാത്ത സാഹചര്യമാണെങ്കിൽ, യാത്രയിൽ മാത്രം, അത്യാവശ്യത്തിന് പാൽകുപ്പികൾ ഉപയോഗിക്കാം.

16. മരുന്നു കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

കഴിയുന്നതും ഡോക്ടറോടു സംസാരിച്ചു മധുരമുള്ള മരുന്നു വാങ്ങാൻ ശ്രമിക്കുക. കയ്ക്കുന്ന മരുന്നുകൾ കുട്ടികൾ തുപ്പിക്കളയുകയോ ഛർദിക്കുകയോ ചെയ്തേക്കും. പല മരുന്നുകൾ ഉണ്ടെങ്കിൽ പത്തു മിനിറ്റെങ്കിലും ഇടവിട്ടു വേണം അവ നൽകാൻ. ഒരിക്കലും മൂക്ക് അടച്ചുപിടിക്കരുത്. അത്തരം അവസരങ്ങളിൽ മരുന്ന്/വെള്ളം ശ്വാസകോശത്തിൽ കയറാനുള്ള സാധ്യത വളരെ കൂടുതലാണ്.

17. മലത്തിനു നിറവ്യത്യാസം വന്നാൽ എന്തു ചെയ്യണം?

സാധാരണയായി ആദ്യത്തെ ആഴ്ചകളിൽ കുഞ്ഞുങ്ങൾക്ക് ദിവസം 6–7 തവണയെങ്കിലും വയറൊഴിയുന്നതു കാണാം. ഇതു ട്രാൻസിഷനൽ സ്റ്റൂൾസ് (Transitional stools) എന്നാണ് അറിയപ്പെടുന്നത്. ദഹനപ്രക്രിയ ശരിയായി വരുന്നതുവരെ അതു തുടരും. ഒരു മാസം കഴിയുമ്പോഴേക്കും ദിവസം 4–5 തവണയായി വയറൊഴിയുന്നത് കുറയും. മലത്തിനു സാധാരണയായി നേരിയ മഞ്ഞനിറമാണുണ്ടാവുക. മലത്തിൽ ചുവപ്പുനിറം കണ്ടാലോ കടുത്ത പച്ചനിറം കണ്ടാലോ ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പുനിറം രക്തമാണോ എന്നു പരിശോധിച്ച് അതിനനുസരിച്ചു ചികിത്സ ലഭ്യമാക്കേണ്ടതാണ്. പച്ചനിറത്തിനു കാരണം ബൈൽ (Bile)എന്ന ദഹനസഹായിയായ ദ്രവമാണ്. പേടിക്കേണ്ടതില്ല. വയറ്റിൽ ആവശ്യമുള്ള ഭക്ഷണമില്ലെങ്കിലോ, കുടലിന്റെ ചലനങ്ങൾ (Peristalsis) അല്പം വേഗത്തിലായാലോ ഇങ്ങനെ കാണാറുണ്ട്. കറുത്ത നിറം ഇരുമ്പുസത്തു കലർന്ന മരുന്നുകൾ വഴിയോ കുടലിന്റെ മുകൾഭാഗങ്ങളിൽ (ആമാശയം, ഡുവോഡിനം) രക്തസ്രാവം ഉണ്ടാവുന്നതുകൊണ്ടോ ആവാം. കളിമണ്ണിന്റെ നിറമുള്ള മലം, വേണ്ടത്ര അളവിൽ ബൈൽ കുടലിലേക്കെത്തുന്നില്ല എന്നതിന്റെ തെളിവാണ്. ചിലപ്പോൾ വലിയ പരിശോധനകളും ചികിത്സകളും ആവശ്യമായി വന്നേക്കാം.

18. കുഞ്ഞ് ഉയരത്തിൽ നിന്നു വീണാൽ എന്തു ചെയ്യണം?

കുട്ടികൾക്കുണ്ടാവുന്ന അപകടങ്ങളിൽ പ്രഥമസ്ഥാനത്തുള്ളത് വീഴ്ച തന്നെയാണ്. തല തടിച്ചു വീങ്ങുക, മുറിവുണ്ടാവുക, തലയോട്ടിക്ക് ക്ഷതമേൽക്കുക, തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടാവുക എന്നിങ്ങനെ പലതരം ഗുരുതരാവസ്ഥകൾക്ക് വീഴ്ച കാരണമാവാറുണ്ട്. കുട്ടിക്കു ബോധക്ഷയമുണ്ടാവുന്നുവെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസവും പുനരുജ്ജീവനപ്രവർത്തികളും (സി.പി.ആർ.) തുടങ്ങണം. കുട്ടി ഛർദിക്കുകയാെണങ്കിൽ, തലച്ചോറിന് ക്ഷതം പറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. മുറിവുണ്ടെങ്കിൽ അഞ്ചു മിനിറ്റ് അമർത്തിപ്പിടിക്കുകയോ തുണി കൊണ്ടു കെട്ടി രക്തസ്രാവം തടയുകയും വേണം. തലയോട് പൊട്ടിയെന്നു സംശയമുണ്ടെങ്കിൽ ന്യൂറോസർജൻ ഉള്ള ആശുപത്രിയിൽ ഉടൻ എത്തിക്കണം.

19. കുഞ്ഞിനെ പ്രാണിയോ മറ്റോ കടിച്ചാൽ?

കൊതുകുകടി കഴിയുന്നതും ശരീരം മൂടിപ്പൊതിയുന്ന വസ്ത്രങ്ങൾ നൽകി ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. കൊതുകുതിരികളോ മാറ്റുകളോ ഉപയോഗിക്കരുത്. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ കൈകാലുകളിലെ തുറന്നിട്ട ഭാഗങ്ങളിൽ നേർത്ത രീതിയിൽ പുരട്ടിക്കൊടുക്കാം. കൊതുകുവലകൾ ഉപയോഗിക്കാവുന്നതാണ്. മറ്റുതരം പ്രാണികൾ കടിച്ചാൽ, കടിച്ച ഭാഗത്ത് അവയുടെ മുള്ളുകൾ ഉണ്ടെങ്കിൽ സൂക്‌ഷ്മതയോടെ എടുത്തുകളയണം. ഐസ് വച്ച് തണുപ്പിക്കുന്നത് വളരെ ആശ്വാസകരമാണ്. തേനീച്ച കുത്തിയ ഭാഗത്തു ചെറിയ ഉള്ളി അരച്ചു കെട്ടിവയ്ക്കാം. ഉള്ളിയുടെ ക്ഷാരസ്വഭാവം തേനീച്ചയുടെ അമ്ലവിഷത്തിനെതിരെ പ്രവർത്തിക്കും. കടന്നൽ കുത്തിയ ഭാഗത്തു തണുത്ത വെള്ളം കൊണ്ടു നന്നായി കഴുകിയശേഷം നേർത്ത വിനാഗിരി ലായനിയോ ചെറുനാരങ്ങാനീരോ കൊണ്ടു നനച്ച തുണി വച്ചുകെട്ടുക. കടുത്ത വേദനയും നീരും വരികയാണെങ്കിൽ വിദഗ്ധ ചികിത്സ ആവശ്യമായിവന്നേക്കാം. ഉറുമ്പുകൾ കുത്തിവയ്ക്കുന്നത് ഫോർമിക് ആസിഡ് ആണ്. കടിയേറ്റ ഭാഗങ്ങൾ തണുത്ത വെള്ളത്തിൽ കഴുകി ഐസ് വയ്ക്കുക. ചെറിയ ഉള്ളി അരച്ചു പുരട്ടാം.

20. കുഞ്ഞ് രാത്രി അസാധാരണമായി കരഞ്ഞാൽ?

ഇത്തരം കരച്ചിലുകളുടെ ഏറ്റവും സാധാരണ കാരണം ശരിയായ രീതിയിൽ പുറത്തു തട്ടി (Burping) വയറ്റിലെ ‘ഗ്യാസ്’ കളയാത്തതാണ്. ചെവിക്കുള്ളിലുണ്ടാവുന്ന പഴുപ്പ് രാത്രിയിലെ കരച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. (ASOM-Acute Suppurating Otitis Media). കുടലിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ ഉള്ളിലേക്കു പോവുന്ന രോഗമാണ് കുടൽമറിച്ചിൽ (Intussusception). ഇവിടെ കടുത്ത വേദന കൊണ്ടു പുളയുന്നതാണു സാധാരണ കാണാറുള്ളത്. മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്ന കുട്ടി നിറുത്താതെ കരഞ്ഞാൽ മൂത്രനാളിയിൽ അണുബാധ (UTI) സംശയിക്കണം. മസ്തിഷ്കജ്വരബാധിതരായ (Meningitis) കുട്ടികൾ അസാധാരണമായ രീതിയിൽ നിറുത്താതെ കരയുകയും പനി, അസ്വാസ്ഥ്യം, ഛർദി എന്നീ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.

ഡോ.എം. മുരളീധരൻ പീഡിയാട്രീഷൻ ജനറൽ ആശുപത്രി, മാഹി.
(ആയുർവ്വേദവും ആരോഗ്യവും ഫേസ്‌ബുക്ക് )


English Summary: 25 THINGS A SURROGANT MOTHER WAS CARE TO

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine