കീടനാശിനികളുടെ പ്രയോഗം ഏറ്റവും കൂടുതല്‍ ഇലവര്‍ഗ്ഗങ്ങളിലാണ് കാണാറ്. അതുകൊണ്ടുതന്നെ ചീരയും, കറിവേപ്പും, പുതിനയും, മല്ലിയിലയുമൊക്കെ അടുക്കളത്തോട്ടത്തില്‍ കൃഷിചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് നമ്മുടെ നാട്ടില്‍. അക്കൂട്ടത്തില്‍ ഇടം നേടുകയാണ് നീളന്‍ കൊത്തമല്ലിയെന്നും മെക്സിക്കന്‍ മല്ലിയെന്നും ശീമ മല്ലിയെന്നുമൊക്കെ അറിയപ്പെടുന്ന ആഫ്രിക്കന്‍ മല്ലി. പുതിന ഇലയെക്കാളും മല്ലിയിലയെക്കാളും സുഗന്ധവും ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് രുചിയും നല്‍കുന്ന ഒരിലവര്‍ഗമാണ് ആഫ്രിക്കന്‍മല്ലി. കരീബിയന്‍ ദ്വീപുകളാണ് ജന്മദേശമെങ്കിലും കേരളത്തിലെ കാലാവസ്ഥയില്‍ എല്ലായിടത്തും ഇത് നന്നായി വളരും. അടുക്കളത്തോട്ടത്തില്‍ നാല് തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ മല്ലിയില ലഭിക്കുമെന്നതാണ് പ്രത്യേകത.
ഒരടിവരെ നീളമുള്ള ഇലകളാണ് ആഫ്രിക്കന്‍ മല്ലിക്കുള്ളത്. ചിരവയുടെ നാക്കിന്റെ ആകൃതിയില്‍ നല്ല പച്ച നിറമുള്ള ഇലകള്‍ മിനുസമുള്ളതും അരികില്‍ മുള്ളുകള്‍ ഉള്ളവയുമാണ്. ഇലയില്‍ മധ്യത്തില്‍ നിന്ന് 10-12 സെന്റിമീറ്റര്‍ നീളത്തില്‍ പൂക്കള്‍ കുലകളായി വളരും. ഇളം മഞ്ഞ നിറത്തില്‍ നൂറുകണക്കിന് പൂക്കള്‍ ഉണ്ടാകും. അധികം മസാലകള്‍ ഒന്നുമില്ലാതെതന്നെ, നല്ലരുചികരവും പോഷകഗുണവും നല്ല മണമുള്ളതുമായ കറികള്‍ ഉണ്ടാക്കാന്‍ വീട്ടില്‍ കുറച്ചു ശീമമല്ലിത്തൈകള്‍ വളര്‍ത്തിയാല്‍ മതി. നാലുപേര്‍ക്കുള്ള കറിയില്‍ രണ്ടോ മൂന്നോ ഇലകള്‍ ചെറുതായി അരിഞ്ഞുചേര്‍ത്താല്‍ മതിയാകും. പച്ചക്കറികളിലും മാംസവിഭവങ്ങളിലും ഇത് ഉപയോഗിക്കാം.
നടീല്‍ രീതി
തൈകള്‍ തയാറാക്കിയും നേരിട്ടു വിത്തുനട്ടും ആഫ്രിക്കന്‍ മല്ലി നടാം. ട്രേയിലോ കവറുകളിലോ വിത്ത് നട്ടു തയാറാക്കുന്ന തൈകള്‍ മൂന്നില പ്രായത്തിലാകുമ്പോള്‍ പറിച്ചു നടാം. വിത്ത് നേരിട്ടാണ് നടുന്നതെങ്കില്‍ കൃഷിയിടത്തില്‍ പ്രത്യേക തടം തയാറാക്കണം. കാലിവളം, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് കിളച്ച് പരുവപ്പെടുത്തിയാണ് തടം തയാറാക്കേണ്ടത്. മണലുമായി ചേര്‍ത്തു തൈകള്‍ നേരിട്ട് ഈ തടങ്ങളില്‍ നടാം. വേനലില്‍ നനച്ചു കൊടുക്കണം. തണലുള്ള സ്ഥലത്താണ് ആഫ്രിക്കന്‍ മല്ലി നടേണ്ടത്. വെയില്‍ നന്നായി കിട്ടുന്ന സ്ഥലത്താണെങ്കില്‍ മല്ലി പെട്ടെന്നു പൂത്ത് കായ്ക്കും, അപ്പോള്‍ ഇലകള്‍ കുറച്ചേ ലഭിക്കൂ. തണലുള്ള സ്ഥലത്താണെങ്കില്‍ നല്ല പോലെ ഇല ലഭിക്കും. നട്ടു രണ്ടാം മാസം മുതല്‍ ഇലകള്‍ പറിച്ചു തുടങ്ങാം.
ഔഷധഗുണങ്ങളിലും കേമന്‍
കറികള്‍ക്കു സുഗന്ധം നല്‍കാന്‍ മാത്രമല്ല ഔഷധങ്ങള്‍ ഉണ്ടാക്കാനും ആഫ്രിക്കന്‍ മല്ലി ഉപയോഗിക്കുന്നു. ഇരുമ്പ്, കാത്സ്യം, റിബോഫ്ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നു. വിത്ത്, ഇല, വേര് എന്നിവയില്‍ ഗുണകരമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലകളില്‍ നിന്നു തയാറാക്കുന്ന കഷായം നീര്‍ക്കെട്ടിനും വേരില്‍ നിന്നു തയാറാക്കുന്ന കഷായം വയറുവേദനയ്ക്കും ഔഷധമാണ്. പനി, ഛര്‍ദി, പ്രമേഹം എന്നിവയ്ക്കെതിരേയുള്ള ഔഷധമായി മല്ലിയില ചായ ഉപയോഗിക്കാം. ഇരുമ്പ്, കാത്സ്യം, റിബോഫ്ളേവിന്‍, കരോട്ടിന്‍ എന്നിവ ധാരാളമായി ഇലകളില്‍ അടങ്ങിയിരിക്കുന്നുണ്ട്. ഔഷധ ഗുണങ്ങള്‍ ധാരാളമായതില്‍ ഭാവിയില്‍ കേരളത്തില്‍ ആഫ്രിക്കന്‍ മല്ലി കൃഷിക്ക് വലിയ വാണിജ്യ സാധ്യതയാണുള്ളതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
Share your comments