അലങ്കാര ചെടിയായും ഔഷധ സസ്യമായും സൗന്ദര്യവര്‍ധക സസ്യമായും ഉപകരിക്കുന്നതാണ് കറ്റാര്‍വാഴ. ക്രിസ്തുവിനു മുന്‍പ് പതിനാറാം നൂറ്റാണ്ടില്‍ 'ഇബേര്‍സ് പാപ്പിറസ്' (Ebers Papyrus) എന്ന ഗ്രന്ഥത്തില്‍ കറ്റാര്‍ വാഴയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ സസ്യം അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ സന്തതിയാണ്. എല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും സമ്പന്നമായ ഇത് വീടിനകത്ത് അലങ്കാരചെടിയായും വളര്‍ത്താം. കറ്റാര്‍വാഴ, ചോറ്റുകറ്റാഴ, കറ്റുവാഴ, True aloe, Aloe vera (Vera = true) ഫസ്റ്റ് എയ്ഡ് പ്ലാന്റ്, ബേണ്‍ അലോ (ആൗൃി അഹീല), ചൈനീസ് അലോ, ഇന്ത്യന്‍ അലൊ എന്നെല്ലാം പേരുണ്ട്. ഇതിനെ അസ്‌ഫോഡെലാസിയെ (Asphodelaceae)എന്ന സസ്യകുടുംബത്തിലെ 'അലൊ' ജനുസിലാണ് ഉള്‍പ്പെടുത്തുന്നത്.
ചരിത്രം:
വെളുത്ത പുള്ളികളുള്ള അലൊ ആണ് 1753-ല്‍ സ്വീഡനില്‍ സസ്യശാസ്ത്രജ്ഞനായ കാള്‍ ലിന്നേയ്‌സ് ആദ്യമായി ഈ ചെടിയെ വര്‍ണ്ണിച്ചതും അലൊ വീറ ('വീറ' എന്നാല്‍ ശരിക്കുള്ള, ശരിയായ) ആയി അംഗീകരിച്ചതും. ലോകമെമ്പാടും കൃഷിചെയ്യുന്ന അലോവീറാ സസ്യങ്ങളെ ശാസ്ത്രജ്ഞര്‍ താരതമ്യ പഠനം നടത്തി. മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളില്‍ വളരാത്ത ഈ ചെടിയെപ്പറ്റി വിഖ്യാതമായ 'ഗാര്‍ഡിനേഴ്‌സ് ഡിക്ഷണറി' യില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഷഡ്പദങ്ങള്‍ രുചിക്കാത്ത ഈ ചെടി റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ 'ഗോള്‍ഡന്‍ മെരിറ്റ് അവാര്‍ഡ്' നേടിയ ഒരു അസാധാരണ സസ്യവുമാണ്.
ഈര്‍പ്പം അധികമില്ലാത്ത മണ്ണിലും ചട്ടികളിലും ഗ്രോബാഗിലും നല്ല സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഇവ നന്നായി വളരും. ഇത് തണ്ടില്ലാത്ത, പൊക്കം കുറഞ്ഞ 60 മുതല്‍ 100 സെ. മീ. വരെ നീളത്തില്‍ വളരുന്നു. പച്ചനിറത്തില്‍ കനം കൂടിയ ഇതിന്റെ ഇലകളില്‍ ചെറിയ വെള്ള പൊട്ടുകളുണ്ട്. ഇലയുടെ വശങ്ങളില്‍ ചെറിയ പല്ലുപോലുള്ള ഭാഗങ്ങളും. വേനല്‍ക്കാലത്ത് പൂക്കുന്ന ഇവയുടെ ദളങ്ങള്‍ക്ക് മഞ്ഞനിറവും പൂത്തണ്ട് 90 സെ. മീ. നീളവുമുണ്ട്.
ഇതിന്റെ പോള ഇടിച്ച് പിഴിഞ്ഞ് ഉണക്കിയെടുക്കുന്നതാണ് ചെന്നിനായകം. കയ്പുരസമുള്ള ഇത് മലശോധനയ്ക്കും, പ്ലീഹ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ഗ്രന്ഥിവീക്കം, കുഴിനഖം, തീപ്പൊള്ളല്‍, അസ്ഥിസ്രാവം, വയറുവേദന, രക്തപിത്തം, ത്വക് രോഗങ്ങള്‍ എന്നിവയ്ക്ക് ശമനം നല്‍കാനും ഉത്തമ ഔഷധമാണ്. പ്രമേഹം, ക്ഷയം, എയിഡ്‌സ് എന്നീ രോഗങ്ങളും പ്രതിരോധിക്കും. മറ്റ് ഔഷധങ്ങളുമായി ചേര്‍ത്ത് കറ്റാര്‍വാഴ ഒടിവ്, ചതവ്, ഉളുക്ക് എന്നിവയ്ക്കും ഉപയോഗിക്കുന്നു. എന്നാല്‍ ധമനികളെ ഉത്തേജിപ്പിക്കുന്ന ഇത് രക്തസ്രാവം ഉണ്ടാക്കുന്നതിനാല്‍ മൂലക്കുരുവുള്ള രോഗികളും ഗര്‍ഭിണികളും ഉപയോഗിക്കരുത്. ഈ അതിശയ സസ്യം താരന്‍ മാറ്റാനും, തല തണുപ്പിക്കാനും ഉത്തമം.
കറ്റാര്‍വാഴയുടെ ഇലകളില്‍ അടങ്ങിയിരിക്കുന്ന സസ്യജന്യ രാസപദാര്‍ത്ഥങ്ങളാണ് അസറ്റിലേറ്റഡ് മാനനുകള്‍ (Acctylated Mannans), പോളിമാനനുകള്‍, ഗ്ലൂക്കോസൈഡുകള്‍, ആന്ത്രോണുകള്‍ എന്നിവ. കറ്റാര്‍വാഴയുടെ ജെല്ലിയില്‍ വിറ്റാമിനുകള്‍, ലവണങ്ങള്‍, ധാതുക്കള്‍, പതിനെട്ടു തരം അമിനോ അമ്ലങ്ങള്‍, ശക്തിയേറിയ നിരോക്‌സീകാരകങ്ങളായ പോളീഫീനോളുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റുകളായ ഇവ പല്ലിലുണ്ടാവുന്ന പ്ലാക്കു(plaque)കളെയും വായിലെ വ്രണങ്ങളെയും, പൊള്ളലിനേയും ശമിപ്പിക്കും. ഇലയ്ക്കടിയിലുള്ള 'അലോയിന്‍'(Aloin) എന്ന ഔഷധം മലശോധനയ്ക്കും പ്രായമായവരില്‍ ത്വക്കില്‍ ചുളിവുകള്‍ മാറ്റാനും അനിവാര്യമാണ്. പ്രമേഹത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഇത് ടൈപ്പ്-2 രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.
ത്വക്കിനെ മയപ്പെടുത്താനുപയോഗിക്കുന്ന ഇത് ഒരു മോയിസ്ചറൈസിങ്ങ് ഏജന്റായും ഉപയോഗിക്കുന്നു. അലോ വീറയില്‍ അടങ്ങിയിരിക്കുന്ന പാര്‍ശ്വഫലങ്ങളുള്ള 'അലോയിന്‍' (Aloin) ചെറിയ അളവില്‍ യോഗര്‍ട്ട്, ഡെസര്‍ട്ടുകള്‍, ബിവറേജുകള്‍ എന്നിവയിലും ആയൂര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നു. മേക്കപ്പ് വസ്തുക്കളിലും, സോപ്പ്, സൂര്യാഘാതം തടയുന്ന ക്രീമുകള്‍, ഷേവിംഗ് ക്രീമുകള്‍, ഷാമ്പൂ എന്നിവയിലുമൊക്കെ അലോ വീറ ചേര്‍ക്കുന്നുണ്ട്. ശരീരഭാരം കുറക്കാനും, തലമുടി സമൃദ്ധമായി വളരാനും, മിനുസമുള്ള ത്വക്കിനും ഉപയോഗിക്കാം. അലൊ ചേര്‍ന്ന ക്രീമുകള്‍ ഇന്ന് വിപണിയില്‍ ധാരാളമാണ്. രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള അലൊക്രീമുകള്‍ വര്‍ഷത്തിലെ എല്ലാ മാസവും, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു മാറ്റാനും, വരണ്ട ത്വക്കിനെ മിനുസപ്പെടുത്താനും അലൊ വീറയുടെ പദാര്‍ത്ഥങ്ങളും ക്രീമുകളായി ഉപയോഗിക്കുന്നു.
അലൊ ജെല്ലില്‍ 90 ശതമാനം ജൈവ- അജൈവ ഓര്‍ഗാനിക് അല്ലാത്തതുമായ സമ്മിശ്രങ്ങള്‍, അമിനോ അമ്ലങ്ങളായ പ്രോട്ടീന്‍ തന്മാത്രകള്‍, A, B, C, E വിറ്റാമിനുകള്‍, അസിമാനന്‍ (Acemannan) എന്ന കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.നമ്മുടെ ചുറ്റുവട്ടത്ത് തഴച്ചുവളരുന്ന കറ്റാര്‍വാഴയെ വീട്ടുമുറ്റത്തും വീടിന്റെ അകത്തളങ്ങളിലും നമുക്ക് വളര്‍ത്താം. കൈയ്യെത്തും ദൂരത്ത് ഈ ദിവ്യ ഔഷധിയെ സ്വന്തമാക്കാം.
പ്രൊഫ. കെ നസീമ, തിരുവനന്തപുരം, ഫോണ്‍: 9633552460
Share your comments