കൃത്യമവസ്‌തുക്കൾ കൊണ്ടല്ലാതെ മുഖസൗന്ദര്യവും ചർമവും എങ്ങനെ കാത്തുസൂക്ഷിക്കാമെന്നാണ് ഒട്ടുമിക്കവരും ചിന്തിക്കുന്നത്. പാർശ്വഫലങ്ങളില്ലാതെ, എന്നാൽ ഏറ്റവും അനായാസരീതിയിൽ സൗന്ദര്യസംരക്ഷണത്തിനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നവർക്ക് ആപ്പിൾ മികച്ച ചോയിസാണെന്ന് തന്നെ പറയാം.
വൈറ്റമിൻ സി, വൈറ്റമിൻ എ, കോപ്പർ എന്നിങ്ങനെ ചർമത്തിന് ഉപയോഗപ്രദമായ നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് ആപ്പിൾ.
വൈറ്റമിൻ സി ചർമത്തിലെ കൊളാജന്‍റെ അളവ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. കൂടാതെ, കൊളാജൻ ചർമത്തിന് വഴക്കം നൽകുന്നു. ത്വക്കിലെ ചുളിവുകൾ മാറ്റി ആരോഗ്യമുള്ള ചർമം പ്രധാനം ചെയ്യുന്നതിന് കൊളാജന് സാധിക്കും.
ആപ്പിളിൽ അടങ്ങിയ കോപ്പറിന്‍റെ അംശം ചർമത്തിന് നിറം പകരുന്ന മെലാനിനെ ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്നു. ഓരോരുത്തരുടെയും ചർമത്തിൽ വ്യത്യാസമുള്ളതിനാൽ ആപ്പിൾ ഉപയോഗിച്ചുള്ള ഫേസ്ബാക്കിലും മാറ്റമുണ്ട്.
വരണ്ട ചർമത്തിന്
അരച്ചെടുത്ത ഒരു ടീസ്പൂൺ ആപ്പിളിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിൻ ചേർക്കുക. ഇത് ഒരു പാത്രത്തിൽ വച്ച് കുഴച്ചെടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം.
ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്‌താൽ വരണ്ട ചർമത്തിന് പരിഹാരമാകും.
മൃദുല ചർമത്തിന്...
ലോല ചർമമുള്ളവർക്കും ആപ്പിൾ ഉപയോഗിച്ച് ഫലപ്രദമായ ഫേസ്‌പാക്ക് ഉണ്ടാക്കാം. ഒരു ചെറിയ ആപ്പിൾ ഇളം വേവാകുന്നത് വരെ വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഇതിന്‍റെ തൊലി കളഞ്ഞ്, ഒരു ഫോർക്ക് ഉപയോഗിച്ച് ആപ്പിൾ ഉടയ്ക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ പഴുത്ത ഏത്തപ്പഴം അരച്ചെടുത്ത ശേഷം ചേർക്കുക. ഒരു ടീസ്പൂൺ ഫ്രഷ് ക്രീമും ചേർക്കാം. ഇവയെല്ലാം ചേർത്ത് കുഴമ്പ് പരുവത്തിൽ ആക്കിയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം.
ആപ്പിൾ തൊലിയിൽ ഫേസ്പാക്ക്
ആപ്പിൾ മാത്രമല്ല, ആപ്പിളിന്‍റെ തൊലിയും ചർമസംരക്ഷണത്തിന് ഗുണം ചെയ്യുന്നുണ്ട്. ആപ്പിൾ തൊലി അരച്ചെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി യോജിപ്പിച്ച് കുഴമ്പ് പരുവത്തിലാക്കുക.
ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖത്തിന്‍റെയും ചർമത്തിന്‍റെയും നിറം വർധിപ്പിക്കാൻ സഹായിക്കും. ഇതിന് പുറമെ, ചർമം ശുദ്ധമാക്കാനും മുഖത്തെ മുഖക്കുരു നീക്കം ചെയ്യുന്നതിനും ആപ്പിൾ സഹായിക്കും.
ആപ്പിളിന്‍റെ പകുതി ഭാഗം എടുത്ത് അതിലേക്ക് തേൻ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റു നേരം വയ്‌ക്കുക. തുടർന്ന് ചൂട് വെള്ളത്തിൽ മുഖം കഴുകുക. ഇങ്ങനെ സ്ഥിരം ചെയ്യുന്നത് മുഖക്കുരുവും മുഖത്തെ പാടുകൾ മാറ്റുന്നതിനും സഹായിക്കും.
Share your comments