<
  1. Health & Herbs

അസോള ; പ്രകൃതിയുടെ പ്രോട്ടീന്‍ ടാബ്ലെറ്റ്

കൃഷി ചെയ്യാന്‍ ഏറെ എളുപ്പമുളളതും ചെലവ് കുറഞ്ഞതുമായ സസ്യമാണ് അസോള. പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഹരിത ജലസസ്യമായ അസോള മികച്ച ജൈവവളവും കാലിത്തീറ്റയുമാണ്.

Soorya Suresh
അസോള
അസോള

കൃഷി ചെയ്യാന്‍ ഏറെ എളുപ്പമുളളതും ചെലവ് കുറഞ്ഞതുമായ സസ്യമാണ് അസോള. പന്നല്‍ വര്‍ഗത്തില്‍പ്പെട്ട ഹരിത ജലസസ്യമായ അസോള മികച്ച ജൈവവളവും കാലിത്തീറ്റയുമാണ്. നമ്മുടെ കൃഷിയിടത്തില്‍ അല്പം സ്ഥലം മാറ്റിവച്ചാല്‍ ആര്‍ക്കും അസോള കൃഷി ചെയ്യാം. അതിവേഗം വളരുന്നതിനാലും നൈട്രജനും പ്രോട്ടീനും ഏറെയുളളതിനാലും വളമായും വളര്‍ത്തുജീവികള്‍ക്കു ഭക്ഷണമായും അസോള ഉപയോഗിക്കാന്‍ കഴിയും.

അസോള കൃഷി ചെയ്യാന്‍ ഒരുപാട് സ്ഥലത്തിന്റെ ആവശ്യമൊന്നുമില്ല. ഒരടി ആഴമുളള ചെറിയ ജലാശയങ്ങള്‍ മാത്രം മതി. നിരന്തരമായ പരിചരണമൊന്നും  ആവശ്യവുമില്ല. പെട്ടെന്ന് വളരുന്ന അസോള  കോഴിത്തീറ്റയായും കാലിത്തീറ്റയായുമെല്ലാം ഉപയോഗിക്കാം. വീടുകളില്‍ കോഴിയും താറാവും ആടുമൊക്കെ വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നം അവയ്ക്കുളള തീറ്റയാണ്. മാര്‍ക്കറ്റില്‍ നിന്ന് കാലിത്തീറ്റയും കോഴിത്തീറ്റയുമൊക്കെ വാങ്ങാന്‍ ഒരുപാട് പണം ചെലവാകും. എന്നാല്‍ അസോള കൃഷി ചെയ്യാന്‍ തയ്യാറാണെങ്കില്‍ വളര്‍ത്തുജീവികള്‍ക്കുളള തീറ്റയായി ഉപയോഗിക്കാവുന്നതാണ്, താറാവ്, കോഴി എന്നിവയുടെ തൂക്കം വര്‍ധിപ്പിക്കാനും പാല്‍, മുട്ട ഉത്പാദനത്തിലെ വര്‍ധനവിനും ഇത് സഹായകമാണ്.

അസോള എങ്ങനെ വളര്‍ത്താം
ഒരടിയോളം ആഴമുളള ചെറിയ ജലാശയങ്ങളാണ് അസോള വളര്‍ത്താന്‍ ഏറ്റവും നല്ലത്. കുഴികളിലും കുളങ്ങളിലും പാടത്തുമെല്ലാം വളര്‍ത്താനാകും. തുടര്‍ച്ചയായ ജലലഭ്യത ഉറപ്പാക്കണം. നല്ല രീതിയിലുളള വളര്‍ച്ചയ്ക്ക് സൂര്യപ്രകാശവും തണലും ഒരുപോലെ ആവശ്യമാണ്. കൂടിയ ചൂട് അസോളയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. അസോളയുടെ ആവശ്യകതയനുസരിച്ച് ടാങ്കിന്റെ വലിപ്പം തീരുമാനിക്കാം. നല്ല പ്ലാസ്റ്റിക് ഷീറ്റ് ടാങ്കിന്റെ താഴെ വിരിച്ച് അതിനെ ഇഷ്ടിക ഉപയോഗിച്ച് സുരക്ഷിതമാക്കാം. ഇലകളോ മറ്റോ വീഴാതിരിക്കാനായി ടാങ്കിന്റെ മുകള്‍ഭാഗം വല ഉപയോഗിച്ച് മറച്ചുവയ്ക്കാം

അസോള മികച്ച രീതിയില്‍ വളരാനായി 100 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും ഒരു കിലോ ചാണകവും മണ്ണും ടാങ്കിന്റെ താഴെയിടണം. ശേഷം പത്ത് സെന്റീമീറ്റര്‍ കനത്തില്‍ വെളളം ഒഴിച്ച് നന്നായി ഇളക്കിക്കൊടുക്കാം. പിന്നീട് കുറച്ച് അസോള ഇതില്‍ ഇട്ടുകൊടുക്കാം. സൂപ്പര്‍ ഫോസ്‌ഫേറ്റും ചാണകവും ഇതേ അളവില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഇട്ടുകൊടുക്കാവുന്നതാണ്. കളകള്‍ പറിച്ചുകളയണം. ടാങ്കില്‍ തിങ്ങിനിറയുമ്പോള്‍ വിളവെടുക്കാം. വിളവെടുത്തുകഴിഞ്ഞാല്‍ നന്നായി കഴുകിയ ശേഷം  മറ്റ് തീറ്റയുടെ കൂടെ കലര്‍ത്തി കന്നുകാലികള്‍ക്കും കോഴികള്‍ക്കും നല്‍കാം. അസോള ഉണക്കിയും തീറ്റയായി ഉപയോഗിക്കാം. അസോളയ്‌ക്കൊപ്പം തവിട് കൂടി ചേര്‍ത്താല്‍ കഴിക്കാനുളള താത്പര്യവും വര്‍ധിക്കും. മത്സ്യങ്ങള്‍ക്ക് കുളത്തില്‍ വെറുതെ വിതറി നല്‍കിയാല്‍ മതിയാകും.
രണ്ടാഴ്ച കൂടുമ്പോള്‍ രണ്ടിലൊന്ന് വീതം വെളളം മാറണം. ഒപ്പം ചാണകമോ ആട്ടിന്‍കാഷ്ഠമോ ചേര്‍ക്കുകകയും വേണം.  
 പ്രകൃതിയുടെ പ്രോട്ടീന്‍ ടാബ്ലെറ്റ് എന്നാണ് അസോള പൊതുവെ അറിയപ്പെടാറുളളത്. അസോളയില്‍ 25-30 ശതമാനത്തോളം ജൈവലഭ്യത ഉയര്‍ന്ന  പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, സെലീനിയം അടക്കമുളള സവിശേഷ മൂലകങ്ങളും അടങ്ങിയിട്ടുളളതിനാല്‍ പ്രകൃതിയുടെ ധാതുമൂലക കാപ്‌സ്യൂളായാണ് അസോളയെ വിശേഷിപ്പിക്കുന്നത്. 

വളര്‍ത്തുജീവികള്‍ക്ക് മാത്രമുളള ആഹാരമല്ല അസോള. തോരനും ഉപ്പേരിയും കട്‌ലെറ്റുമടക്കമുളള വിഭവങ്ങളുടെ നിര്‍മ്മാണത്തിലും അസോള ഉപയോഗിക്കാറുണ്ട്. അപൂര്‍വ്വ അമിനോ ആസിഡുകള്‍, വിവിധ ബയോപോളിമറുകള്‍, പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അസോളയില്‍ അടങ്ങിയിട്ടുണ്ടെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English Summary: azolla is a nutritious feed for cattles

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds