നമ്മുടെ മിക്ക കറികളിലും രുചിയും മണവും കിട്ടുന്നതിനായി ചേര്‍ക്കുന്ന പ്രധാന ഘടകമാണ് കറിവേപ്പില. എന്നാല്‍ പലപ്പോഴും നമ്മള്‍ എടുത്തുകളയുന്ന കറിവേപ്പില ചില്ലറക്കാരനല്ല കേട്ടോ. ഗുണഗണങ്ങള്‍ ഏറെയാണെങ്കിലും ആരും കറിവേപ്പിലയെ വേണ്ടത്ര ഗൗനിക്കാറില്ലെന്നതാണ് സത്യം.
ഇന്നത്തെ കാലത്ത് മായമോ മരുന്നോ തളിക്കാത്ത കറിവേപ്പില കിട്ടാനും ഏറെ ബുദ്ധിമുട്ടാണ്. നമ്മുടെ ശരീരത്തിലെ ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും.
കറിവേപ്പില ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ദഹനപ്രക്രിയ ശരിയായ രീതിയിലാക്കാനും സഹായിക്കും. കറിവേപ്പില ദഹനം ത്വരിതപ്പെടുത്തുന്ന ദീപനരസങ്ങള്‍ ഉണ്ടാക്കുന്നത് വര്‍ധിപ്പിക്കുന്നു. കൃമിശല്യം അകറ്റുന്നതിന് വളരെ നല്ലൊരു ഔഷധമാണ് കറിവേപ്പില. മോരിനൊപ്പം ഇഞ്ചിയും കറിവേപ്പിലും ചേര്‍ത്തരച്ച് കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. വിറ്റാമിന്‍ എ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ചശക്തി വര്‍ധിപ്പിക്കും.
കാല്‍സ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമൃദ്ധമാണ് കറിവേപ്പില. ഇത് എല്ലുകളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങള്‍ തടയുന്നതിനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മിക്ക ആളുകളെയും അലട്ടുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. എന്നാല്‍ കറിവേപ്പില ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിനെ അതില്ലാതാക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാനായി ദിവസവും പത്ത് കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും ഗുണം ചെയ്യും. അതുപോലെ തന്നെ കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ഹൈപ്പര്‍ ഗ്ലൈസമിക് ഘടകങ്ങള്ഡ പ്രമേഹം തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കലവറയാണ് കറിവേപ്പില. അതിനാല്‍ കേശസംരക്ഷണത്തിന് ഉപയോഗിക്കാം. താരന്‍, മുടികൊഴിച്ചില്‍, അകാലനിര തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുളള ഒറ്റമൂലി കൂടിയാണിത്. വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് ചൂടാക്കി തലയില്‍ തേച്ചുപിടിപ്പിക്കുന്നത് മുടി വളരാന്‍ സഹായിക്കും. തലമുടിയുടെ സ്വാഭാവികനിറം നിലനിര്‍ത്താനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ നല്ലതാണ്. അതുപോലെ ചര്‍മ്മരോഗങ്ങള്‍ക്കുളള പ്രതിവിധയായും കറിവേപ്പില ഉപയോഗിക്കാറുണ്ട്. കറിവേപ്പിലയും മഞ്ഞളും അരച്ചുപുരട്ടുകയാണെങ്കില്‍ പുഴുക്കടി പോലുളള രോഗങ്ങള്‍ മാറിക്കിട്ടും. കാലിന്റെ പാദം വിണ്ടുകീറല്‍, കുഴിനഖം എന്നിവ ഇല്ലാതാക്കാനും സഹായിക്കും.
Share your comments