ലോകത്തിലെ ഏറ്റവും സാധാരണമായ ഒരു രോഗമാണ് ജലദോഷം അഥവാ കോമണ്‍ കോള്‍ഡ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ജലദോഷം ബാധിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. ഏത് പ്രായക്കാരേയും സ്ത്രീ പുരുഷ ഭേദമന്യേ ബാധിക്കുന്ന ഒരു രോഗംകൂടിയാണിത്. കാലാവസ്ഥാ വ്യതിയാനത്തില്‍ ഓടിയെത്തുന്ന ഒരു രോഗവും ജലദോഷം തന്നെ. അതിതീവ്രമായ ഒരു രോഗമല്ലെങ്കിലും നമ്മുടെ ദൈനംദിന പ്രക്രിയയെ തകരാറിലാക്കാന്‍ ജലദോഷത്തിന് കഴിയും.
പുരാതന കാലം മുതല്‍ക്കുതന്നെ ജലദോഷം ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു എന്നതിന് തെളിവാണ് ഈജിപ്തിലെ ശിലാചിത്രങ്ങളിലെ ജലദോഷത്തെ സൂചിപ്പിക്കുന്ന രചനകള്‍. ഗ്രീക്ക് ഭിഷഗ്വരനും സൈദ്ധാന്തികനുമായ ഹിപ്പോക്രാറ്റസാണ് ബിസി അഞ്ചാം നൂറ്റാണ്ടില്‍ ജലദോഷത്തെപറ്റി ആദ്യമായി വിശദീകരിച്ചത്. ആയുര്‍വേദ സംഹിതകളില്‍, പ്രതിശ്യായ രോഗങ്ങളില്‍ ഉള്‍പെടുത്തി ജലദോഷത്തെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
രോഗകാരണങ്ങള്‍
ജലദോഷം വൈറസ് രോഗാണുക്കള്‍ മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇതൊരു പകര്‍ച്ചവ്യാധിയുമാണ്. ജലദോഷത്തിന് കാരണമായി എണ്ണൂറിലേറെ വൈറസുകളെ വേര്‍തിരിച്ചിട്ടുണ്ടെങ്കിലും പ്രധാനകാരണം റൈനോ വൈറസും കൊറോണ വൈറസുമാണ്. ഈ വൈറസുകള്‍ എല്ലാംതന്നെ സ്വയം മാറ്റം വരുത്തി മരുന്നുകളില്‍ നിന്നും പ്രതിരോധം കൈവരിക്കാന്‍ കഴിവുള്ളവയുമാണ്. ഇവയ്ക്ക് കുറഞ്ഞ താപനിലയില്‍ ജീവിക്കാനാണ് കൂടുതലിഷ്ടം. അതുകൊണ്ടുതന്നെ ഈ വൈറസുകള്‍ മൂക്കിലും ശ്വാസനാളിയിലുമാണ് സ്ഥാനം കണ്ടെത്തുക. ഇവ 33 ഡിഗ്രി സെല്‍ഷ്യസ് ( 91 ഡിഗ്രി ഫാരന്‍ഹീറ്റ്) മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് (95 ഡിഗ്രി ഫാരന്‍ഹീറ്റ് ) ല്‍ നന്നായി വര്‍ദ്ധിക്കുന്നു. ജലദോഷം മൂക്കിലും തൊണ്ടയിലും സൈനസിലുമാണ് സാധാരണയായി ബാധിക്കുക. എന്നാല്‍ ചിലപ്പോള്‍ കണ്ണിനെയും ബാധിക്കും. കണ്‍ജക്ടിവൈറ്റിസിന് കാരണമാവുകയും ചെയ്യും. രോഗണുവിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധാവസ്ഥയുടെ പ്രതികരണങ്ങളാണ് രോഗലക്ഷണങ്ങളായി പുറത്തുവരുന്നത്.
രോഗലക്ഷണങ്ങള്‍
തുമ്മല്‍, മൂക്കൊലിപ്പ്,മൂക്കടപ്പ്,തലവേദന,തൊണ്ടവേദന,ചെറിയ പനി, ചുമ, കണ്ണുചൊറിച്ചില്‍ മുതലായവയാണ് രോഗലക്ഷണങ്ങള്‍
രോഗം പകരുന്ന വിധം
രോഗമുള്ള ആളിന്റെ മൂക്കില്‍ നിന്നും വരുന്ന സ്രവം ധാരാളം വൈറസുകള്‍ അടങ്ങിയതായിരിക്കും. രോഗി തുമ്മുകയോ മൂക്ക് ചീറ്റുകയോ ചെയ്യുമ്പോള്‍ ഇവ ധാരാളമായി അന്തരീക്ഷത്തില്‍ പരക്കുന്നു. ഈ വൈറസുകള്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും. ഇത് ശ്വസിക്കുന്ന മറ്റൊരാളിലേക്ക് രോഗം പകരാന്‍ ഇടയാക്കുന്നു.തുമ്മലും മൂക്ക് ചീറ്റലുമെല്ലാം ജലദോഷത്തിന്റെ ആദ്യനാളുകളിലാണ് കാണുക.അതുകൊണ്ടുതന്നെ ഈ സമയത്താണ് ജലദോഷം പകരാനും സാധ്യത കൂടുതലുള്ളത്. മൂക്കിലെ സ്രവം പുറത്തുകളയാതെ അകത്തേക്ക് വലിക്കുന്നത് ദോഷകരമാണ്. വൈറസ് വേഗത്തില്‍ ശരീരത്തില്‍ പടരുന്നതിന് ഇത് കാരണമാകും.
ആരോഗ്യവാനായ മനുഷ്യനെ ജലദോഷത്തിന്റെ വൈറസ് അധികം കീഴ്‌പെടുത്താറില്ല. എന്നാല്‍ ശരീരത്തിന്റെ താപനിലയില്‍ വ്യത്യാസം വരുന്ന അവസരത്തില്‍ ജലദോഷം പെട്ടെന്ന് വേരുറപ്പിക്കും. മഴ നനയുക,വിയര്‍ക്കുക,വെയില്‍കൊള്ളുക,നനഞ്ഞ വസ്ത്രം ധരിക്കുക എന്നിവ താപനില വ്യത്യാസപ്പെടുത്തുന്ന ഘടകങ്ങളാണ്. രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിച്ച വസ്ത്രം,തൂവാല,പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കല്‍ എന്നിവ മൂലവും ജലദോഷം പകരാം.
ജലദോഷത്തിന്റെ വൈറസുകള്‍ സാധാരണയായി അഞ്ചു മുതല്‍ പതിനഞ്ച് ദിവസം വരെ എടുത്താണ് ശരീരത്തെ കീഴ്‌പ്പെടുത്തുക. എന്നാല്‍ ഇത് ഓരോരുത്തരിലും അവരുടെ ആരോഗ്യസ്ഥിതി ,ആക്രമിക്കുന്ന വൈറസിന്റെ തോത് എന്നിവ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
രോഗിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ജലദോഷത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെ രോഗി ഒരു തൂവാല കരുതുകയും അത് മറ്റാരും ഉപയോഗിക്കാതിരിക്കുകയും ചെയ്യണം. കൈകള്‍ എപ്പോഴും കഴുകി സൂക്ഷിക്കുക, ഫേയ്‌സ് മാസ്‌ക് ധരിക്കുക എന്നതും പ്രധാനമാണ്. രോഗിയുടെ വസ്ത്രം, ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക എന്നതും പ്രധാനമാണ്. ഇവയിലൂടെ നമുക്ക് ജലദോഷം പടരാതെ ശ്രദ്ധിക്കാന്‍ കഴിയും.
ചികിത്സ
ജലദോഷം ചികിത്സ ഇല്ലാത്തൊരു രോഗമാണ്. വൈറസ് ആക്രമണം മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ക്കും ശരീരാവസ്ഥകള്‍ക്കുമാണ് ചികിത്സ നല്‍കുന്നത്. ശരീരാവസ്ഥകള്‍ക്ക് ശരിയായ ചികിത്സ ചെയ്തില്ലെങ്കില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ചിലപ്പോള്‍ ന്യുമോണിയ പോലുള്ള ഗുരുതരമായ രോഗമായി ഇത് മാറാം.
ചില ആയുര്‍വ്വേദ ചികിത്സാ രീതികള്‍
ജലദോഷത്തിന് ഏറ്റവും പ്രധാനം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക എന്നതാണ്. ആവി കൊള്ളുന്നതും കവിള്‍ കൊള്ളുന്നതും ഗണ്ഡൂഷം ചെയ്യുന്നതും രോഗലക്ഷണങ്ങളേയും വൈറസിന്റെ വ്യാപനത്തെയും തടയാന്‍ സാഹായിക്കും.
* ത്രിഫലത്തോട് തിളപ്പിച്ച വെള്ളമോ ഉപ്പ് വെള്ളമോ ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്
* തുളസിയില, ഒരു നുള്ള് മഞ്ഞള്‍പൊടി, ഒരു നുള്ള് പച്ച കര്‍പ്പൂരം എന്നിവ പൊടിച്ചത് ചേര്‍ത്ത് ആവി പിടിക്കുന്നത് ഉചിതമാണ്
* തുളസിയില നീരും ചുവന്നുള്ളി നീരും സമം ചേര്‍ത്ത് കഴിക്കുന്നത് ഫലപ്രദമാണ്
* തുളസിയിലയും കല്‍ക്കണ്ടും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്
* ചൂടുവെള്ളത്തില്‍ നാരാങ്ങ പിഴിഞ്ഞു കിടിക്കുന്നതും ഗുണം ചെയ്യും
* ഇഞ്ചിയും കുരുമുളകും ചേര്‍ത്ത വെള്ളം കുടിക്കുന്നതും ഉചിതമാണ്
* ചൂട് വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നതും ആശ്വാസം പകരും
* ചുക്ക്ു കാപ്പി , പുതിനയില കാപ്പി, തുളസിയില കാപ്പി എന്നിവയും ജലദോഷഹാരകങ്ങളാണ്
* ഗുല്‍ഗുലു,മഞ്ഞള്‍ എന്നിവ പുരട്ടി ഉണക്കിയ തുണി കത്തിച്ച് ശ്വസിക്കുന്നതും നല്ലതാണ്
ഇതോടൊപ്പം ഫലവര്‍ഗ്ഗങ്ങള്‍, വിശേഷിച്ചും വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ, നെല്ലിക്ക മുതലായവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും പുറത്തുപോയി വന്നാല്‍ കുളി ശീലമാക്കുന്നതും അമിതമായ തണുപ്പ് ഒഴിവാക്കുന്നതും ജലദോഷത്തെ പ്രതിരോധിക്കും.
ഡോക്ടര്‍.എല്‍.ടി. ലക്ഷ്മി ,ബിഎഎംസ്,എംഎച്ച്എസ്സി.സിസിഡി എംബിഎ(എച്ച്.എം),
മെഡിക്കല്‍ ഓഫീസര്‍, ആയുഷ് ,പിഎച്ച്സി ആയുര്‍വ്വേദ,കടക്കല്‍
-ഫോണ്‍-6238667191
Share your comments