ദന്തപരിപാലനം മികച്ചതല്ലെങ്കിൽ പലരോഗങ്ങൾക്കും കാരണമാകും. മോണരോഗവും പുഴുപ്പല്ലും മാത്രമല്ല, പ്രമേഹം, ആർത്രോ സ്ക്ലെറോസിസ്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ന്യുമോണിയ, സമയത്തിന് മുന്പുള്ള പ്രസവം, തൂക്കക്കുറവുള്ള നവജാത ശിശുക്കൾ തുടങ്ങിയവയ്ക്കും കാരണമാകും.
ദന്താരോഗ്യസംരക്ഷണത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് ടൂത്ത് ബ്രഷ്. മുമ്പ് പല്ലുകൾ വൃത്തിയാക്കാൻ മാത്രമാണ് ബ്രഷുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, മോണയും നാവും ശുചിത്വമാക്കുന്നതിൽ ബ്രഷിന്റെ പങ്ക് വളരെ വലുതാണ്. സാധാരണ ബ്രഷിംഗിന് ടിപ്പുള്ള സോഫ്റ്റ് ടൂത്ത് ബ്രഷുകൾ മതിയാവും. എന്നാൽ പല്ലിൽ ധാരാളം കറകൾകളുള്ളവർ ഹാർഡ് ബ്രഷുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
ശിശുക്കളിൽ ആദ്യത്തെ പല്ല് മുളയ്ക്കുമ്പോൾ തന്നെ ഈറൻ തുണി കൊണ്ടോ, വിരലുകൾ കൊണ്ടോ പല്ല് വൃത്തിയാക്കാൻ തുടങ്ങണം. ഒരു വയസ്സിന് ശേഷം ബ്രഷ് ഉപയോഗിക്കാം. രണ്ട് വയസ്സിന് ശേഷം പേസ്റ്റും ഉപയോഗിക്കാം. എന്നാൽ പേസ്റ്റിന്റെ ഉപയോഗം വളരെ കുറച്ചായിരിക്കണം.
ബ്രഷ് ചെയ്യുമ്പോൾ വായിലെ എല്ലാ ഭാഗത്തും എത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ആദ്യം മുൻപല്ലുകളും മോണയും പിന്നീട് അണപ്പല്ലുകളും വൃത്തിയാക്കിയതിന് ശേഷം നാവും ബ്രഷ് ചെയ്യുക. ചവയ്ക്കുന്ന ഭാഗത്തും നാവിന്റെ ഭാഗത്തും പല്ലിന്റേയും മോണയുടേയും ഭാഗത്തും വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദിവസേന രണ്ടു പ്രാവശ്യം ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. രാവിലെയും രാത്രി ഉറങ്ങുന്നതിന് മുന്പും. നന്നായി ബ്രഷ് ചെയ്യാൻ രണ്ട് മിനിട്ട് മതി.
ബ്രഷ് സൂക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധവേണം. ഓരോ പ്രാവശ്യവും ബ്രഷ് ചെയ്തതിന് ശേഷം ബ്രഷ് നല്ലവണ്ണം കഴുകുകയും പറ്റിക്കിടക്കുന്ന പേസ്റ്റിന്റെ ഭാഗങ്ങൾ മാറ്റുകയും വേണം. ബ്രഷിലുള്ള ഈർപ്പവും ഒഴിവാക്കണം. അല്ലെങ്കിൽ ബ്രഷിൽ അണുക്കൾ വളരാൻ കാരണമാകും. ബ്രഷുകൾ കവർ ചെയ്യുകയോ പെട്ടിയിൽ മൂടിവയ്ക്കുകയോ ചെയ്യരുത്. കുളിമുറിയിലും സൂക്ഷിക്കരുത്.
വീട്ടിൽ പനിയോ മറ്റു പകരുന്ന രോഗങ്ങളോ ഉള്ളവർ ബ്രഷ് മറ്റുള്ളവരുടെ ബ്രഷിന്റെ കൂടെ വയ്ക്കരുത്. ഇത് രോഗങ്ങൾ പകരാൻ കാരണമാവും. രോഗികൾ രോഗം മാറിയാൽ പഴയ ബ്രഷ് ഉപയോഗിക്കാതിരിക്കുക. ബ്രഷിന്റെ നൈലോൺ നാരുകൾ അകന്ന് പോയാൽ പുതിയ ബ്രഷ് ഉപയോഗിക്കണം. നാലഞ്ച് മാസം കൂടുമ്പോൾ ബ്രഷുകൾ മാറ്റുക. ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്നും തുടർച്ചയായ രക്തപ്രവാഹം ഉണ്ടെങ്കിൽ ഉടൻ തന്നെ ദന്ത ഡോക്ടറെ സമീപിക്കുക. അത് മോണരോഗത്തെയാണ് സൂചിപ്പിക്കുന്നത്.
ഇപ്പോൾ മാർക്കറ്റുകളിൽ ലഭിക്കുന്ന ടൂത്ത് പേസ്റ്റുകളെ നാലായി തരം തിരിക്കാം. ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ്, ആന്റി ബാക്ടീരിയൽ ടൂത്ത് പേസ്റ്റ്, ആന്റി സെൻസിറ്റീവ് ടൂത്ത് പേസ്റ്റ്, വൈറ്റനിംഗ് ടൂത്ത് പേസ്റ്റ്. സാധാരണ ഉപയോഗത്തിന് ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ മതിയാകും. എന്നാൽ വായിൽ അണുബാധ ഉള്ളവർ (അൾസർ, മോണരോഗം) ട്രൈക്ലോസാൻ അല്ലെങ്കിൽ ക്ലോർ ഹെഡൈൻ അടങ്ങിയ ആന്റി ബാക്ടീരിയൽ പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. പല്ലുകളിൽ പുളിപ്പും മറ്റ് ചില മോണ രോഗങ്ങളുമുള്ളവർക്ക് ആന്റി സെൻസിറ്റീവ് ടൂത്ത് പേസ്റ്റ് ഗുണം ചെയ്യും.
വെളുത്ത് മുത്തു പോലുള്ള പല്ലുകൾ എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ പരസ്യങ്ങൾ വിശ്വസിച്ച് വൈറ്റനിംഗ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവർക്ക് കുറച്ചുകാലത്തേക്ക് വെളുത്ത പല്ലുകൾ ഉണ്ടാവുമെങ്കിലും 75% പേർക്ക് പല്ലുകളിൽ പുളിപ്പും മറ്റും അനുഭവപ്പെടാം. വൈറ്റനിംഗ് പേസ്റ്റ് ഉപയോഗിക്കുന്നതിന് മുമ്പ് ഡെന്റിസ്റ്റിനെ കണ്ട് അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും
Share your comments