പുറത്ത് നിന്നൊന്നും വാങ്ങണ്ട. വീട്ടുവളപ്പിൽ തന്നെ സുലഭമായി ലഭിക്കുന്ന സ്വാദിഷ്ടമായ ഫലമാണ് പേരയ്ക്ക. ദിവസവും പഴവർഗങ്ങൾ കഴിയ്ക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോഴും ആപ്പിളിനും ഓറഞ്ചിനും മുന്തിരിങ്ങയ്ക്കും പിറകെ പോകുന്ന നമ്മൾ പേരയ്ക്കയെ ചിലപ്പോഴൊക്കെ മറന്നുപോകുന്നു. എന്നാൽ, ആരോഗ്യത്തിന് ഗുണപ്രദമായ ഒരുപാട് പോഷകമൂല്യങ്ങൾ അടങ്ങിയ പേരയ്ക്ക, ഔഷധങ്ങളുടെ കലവറയാണെന്ന് തന്നെ പറയാം.
ബന്ധപ്പെട്ട വാർത്തകൾ: സർവരോഗസംഹാരി നോനിപ്പഴം
അതിനാൽ പേരയ്ക്ക വെറുതെ കഴിയ്ക്കുന്നതും ജ്യൂസ് ആക്കി കുടിയ്ക്കുന്നതുമെല്ലാം ശരീരത്തിന് പല തരത്തിൽ ഗുണം ചെയ്യുന്നു. കാരണം ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ബി6, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ സാന്നിധ്യം തന്നെയാണ്. ഇതിന് പുറമെ ആന്റി ഓക്സിഡന്റുകളുടെ കലവറ കൂടിയാണ് പേരയ്ക്ക.
ഇങ്ങനെ ശരീരത്തിലേക്ക് പോഷകങ്ങളെത്തിക്കാൻ ദിവസവും പേരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വളരെ ഗുണം ചെയ്യും. ഇവയിൽ തന്നെ പ്രധാനമാണ് പേരയ്ക്ക ദഹനത്തെയും ചർമത്തെയും എങ്ങനെ പോഷിപ്പിക്കുന്നുവെന്നത്. ഇതറിഞ്ഞാൽ മറ്റ് ഫലങ്ങളെ പോലെ നമ്മുടെ നാടൻ പേരയ്ക്കയോടും നിങ്ങൾക്ക് പ്രിയമേറും.
ചർമത്തിന് പേരയ്ക്ക കഴിക്കാം (Guava Good For Skin)
ചർമ സംരക്ഷണത്തിന് പേരയ്ക്കയ്ക് നിർണായക പങ്ക് വഹിക്കുന്നു. അതായത്, പേരക്കയിലുള്ള വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഈ ആന്റിഓക്‌സിഡന്റുകൾ ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ, ചുളിവുകൾ മാറ്റി ആരോഗ്യമുള്ള ചർമം ലഭിക്കാനും പേരയ്ക്ക സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക (To Reduce Body Weight)
ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക ഉത്തമമാണ്. കാരണം ദഹനസംബന്ധമായ പ്രശ്നങ്ങളെ ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട് എന്നത് തന്നെ. പേരയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ മലബന്ധം പോലുള്ള പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഇക്കാരണത്താൽ മലബന്ധം ഉള്ളപ്പോൾ പേരക്ക കഴിക്കാൻ ഡോക്ടർമാരും നിർദേശിക്കാറുണ്ട്. ഗ്യാസും അസിഡിറ്റിയും ഒരു സ്ഥിര ആരോഗ്യ പ്രശ്നമാണെങ്കിൽ അതിനും പേരക്ക അത്യുത്തമമായ പ്രതിവിധിയാണെന്ന് പറയാം.
കൂടാതെ, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി കൂട്ടാനും പേരയ്ക്കയ്ക്ക് സാധിക്കും. ഫ്രീ റാഡിക്കലുകളിൽ നിന്ന് ഹൃദയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രോഗ പ്രതിരോധശേഷി ത്വരിതപ്പെടുത്തുന്നതിനും പേരയ്ക്കയിലുള്ള പോഷകങ്ങൾക്ക് സാധിക്കും.
മലബന്ധത്തെ നിയന്ത്രിക്കുന്നതിനാൽ തന്നെ പൈൽസിൽ നിന്നും മുക്തി നേടാനും പേരയ്ക്ക കഴിക്കുന്നത് ഫലപ്രദമാണ്. പൊട്ടാസ്യത്തിന്‍റെ മികച്ച സ്രോതസ്സാണ് പേരക്ക എന്നതിനാൽ ഇവ പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണെന്നും പറയാം.
ഓറഞ്ചിനേക്കാൾ കേമൻ (More Nutrients Than Orange)
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാൾ അധികം വിറ്റാമിൻ സിയുള്ളത് പേരക്കയിലാണ്. വിറ്റാമിൻ എ, ബി, സി തുടങ്ങിയവയും കാൽസ്യം, പൊട്ടാസ്യം ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും പേരയ്ക്കയിൽ സമ്പന്നമാണ്. പഴുത്ത പേരയ്ക്കയിൽ മാത്രമല്ല, നാം വെള്ളവും മറ്റും തിളപ്പിച്ച് കുടിയ്ക്കാൻ പേരയില ഉപയോഗിക്കുകയാണെങ്കിൽ അങ്ങനെയും ഈ പോഷകങ്ങൾ നമ്മുടെ ശരീരത്തിലെത്തും. പഴുക്കാത്ത പേരയ്ക്കയിലും ഈ ഔഷധഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ രാത്രി സമയങ്ങളിൽ പേരക്ക കഴിയ്ക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. പകരം രാവിലെ വെറും വയറ്റിലോ ഉച്ചഭക്ഷണത്തിന് ശേഷമോ ഇത് കഴിയ്ക്കുന്നതിലൂടെ ശാരീരിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രയപ്പെടുന്നത്.
Share your comments