മുട്ടയുടെ മഞ്ഞക്കരുവിനോട് സാമ്യമുള്ള ഒരു പഴമാണ് മുട്ടപ്പഴം. മലേഷ്യയിലാണ് ഈ പഴം വളരെയധികം ഉണ്ടാകുന്നത്. ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് കൂടുതലും ഇവ കണ്ടുവരുന്നത്. 30 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു മരമാണ് മുട്ടപ്പഴത്തിൻറെത്.
രണ്ടു തരത്തിലുള്ള മുട്ടപ്പഴം കാണാറുണ്ട്. വൃത്താകൃതിയിൽ മൂന്നു വിത്ത് ഉള്ളതും ഒറ്റ വിത്തുള്ള നീളത്തിൽ ഉള്ളതും. കൃഷി ചെയ്യുകയാണെങ്കിൽ നാലുവർഷത്തിനുള്ളിൽ വിളവ് ലഭിച്ചു തുടങ്ങും. 400 കായ്കൾ വരെ ഒരു മരത്തിൽ നിന്നും ലഭിക്കാറുണ്ട്. ജൂലൈ മാസത്തിലാണ് പശ്ചിമഘട്ടത്തിൽ നിന്നും ഈ പഴങ്ങൾ വരാറുള്ളത്.
ഒരു വരുമാനമാർഗ്ഗമായി മുട്ടപ്പഴ കൃഷി ഇന്ത്യയിൽ കാണാറില്ല. മഴ കൂടുതൽ ഇല്ലാത്ത എന്നാൽ നല്ല നീർവാർച്ചയുള്ള മണൽ പ്രദേശങ്ങളാണ് മുട്ടപ്പഴ കൃഷിക്ക് അനുയോജ്യം. ഫലപുഷ്ടിയില്ലാത്ത മണ്ണ് ആണെങ്കിലും ഈ മരം വളരും എന്നുള്ളത് കർഷകർക്ക് വലിയ അനുഗ്രഹമാണ്
മുട്ട പഴത്തിൽ നിന്നും ലഭിക്കുന്ന വിത്തുകൾ കഴുകിയുണക്കി നീർവാർച്ചയുള്ള മണ്ണിൽ ജൈവവളം ചേർത്ത് കുഴിച്ചിടുകയാണെങ്കിൽ നല്ല വിളവ് ഉറപ്പാണ്. വിത്തു മുളച്ച് കഴിഞ്ഞാൽ മൂന്നില പ്രായത്തിൽ പോളിത്തീൻ കവറിലേക്ക് മാറ്റാം. ആറുമാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ കൃഷി സ്ഥലത്ത് തൈകൾ മാറ്റി നടാവൂ. നടീലിന് മുമ്പ് തന്നെ മണ്ണ് നല്ലവണ്ണം വളം ചേർത്ത് ഇളക്കണം.
ഒരു ഹെക്ടറിന് 160 എന്ന കണക്കിനാണ് കൃഷിഭൂമിയിൽ നടേണ്ടത്. തുടക്കത്തിൽ നല്ലവണ്ണം വെള്ളം ഒഴിച്ചു കൊടുക്കണം. 25 കിലോഗ്രാം ചാണകവും കമ്പോസ്റ്റും ചെടികൾക്ക് നൽകാവുന്നതാണ്. ഇടയ്ക്ക്
അനാവശ്യമായ കൊമ്പുകളും ചില്ലകളും വെട്ടി കൊടുക്കുന്നത് ചെടികൾ നന്നായി വളരാനും കായ്ക്കാനും നല്ലതാണ്.7.5 പിഎച്ച് മൂല്യം ഉള്ള മണ്ണാണ് മുട്ടപ്പഴ കൃഷി ചെയ്യാൻ നല്ലത്.
നിയാസിൻ നാരുകൾ കരോട്ടിൻ അസ്കോർബിക് ആസിഡ് അയേൺ എന്നിവയെല്ലാം മുട്ട പഴത്തിൽ അടങ്ങിയിട്ടുണ്ട്. പുത്തൻ പ്രവണതയായ ഷേക്കിൽ ഇതിൻറെ പൾപ്പ് ചേർക്കാറുണ്ട്. വിളർച്ച തടയാൻ കഴിവുള്ള ഈ ഫലം ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണെന്ന് തന്നെ പറയാം
Share your comments